•  25 Apr 2024
  •  ദീപം 57
  •  നാളം 7
ബാലനോവല്‍

സ്വര്‍ണക്കുരിശ്

മാസങ്ങള്‍ അങ്ങനെ കടന്നുപോയി. മഴയ്ക്ക് അല്പം ശമനമുണ്ട്. എങ്കിലും മഴമേഘങ്ങള്‍ ആകാശത്തുണ്ട്. വെയിലിനു നല്ല തെളിച്ചമില്ല. 
ഗ്രേസിക്കീയിടെ നല്ല സുഖമില്ല. എങ്കിലും കുന്നത്തുവീട്ടിലെ പണിയവള്‍ മുടക്കിയില്ല. എന്നും രാവിലെ പോകും വൈകിട്ടു തിരിച്ചുവരും. കൂടുതല്‍ ക്ഷീണമുള്ള ദിവസങ്ങളില്‍ ശുഭ പറയും:
''ഗ്രേസിയാന്റി നടന്നുപോകണ്ട. ഞാന്‍ കാറില്‍ കൊണ്ടു ചെന്നുവിടാം.''
''ഓ അതൊന്നുംവേണ്ട മോളേ, കുറച്ചു നടന്നാല്‍പ്പോരെ.''
''വേണം. ക്ഷീണമുള്ളപ്പോള്‍ നടന്നുപോകണ്ട വാ.'' ശുഭ ഗ്രേസിയെ മെല്ലെപ്പിടിച്ചെണീല്‍പ്പിച്ച് കാറില്‍ക്കയറ്റും.
ഗ്രേസി ദയനീയമായി സുഭദ്രയെ നോക്കും.
''നോക്കണ്ട. പിള്ളേരെ അനുസരിച്ചേക്ക്.'' ഒരു പുഞ്ചിരി അപ്പോള്‍ സുഭദ്രയുടെ ചുണ്ടില്‍ വിടരും.
അതു കണ്ടു ലക്ഷ്മിമുത്തശ്ശി ഉള്ളം കുളിര്‍ത്തു പറയും: 
''എന്റെ കുട്ടികളുടെ സൗഹൃദവും സ്‌നേഹവും. ഇതെന്നും ഉണ്ടാവണേ ഭഗവാനേ.''
''ഉണ്ടാവും മുത്തശ്ശീ. നമ്മള്‍ അവരെ അങ്ങനെയല്ലേ വളര്‍ത്തിയത്.'' സുഭദ്ര സന്തോഷത്തോടെ അകത്തേക്കു പോകും. മുത്തശ്ശി വരാന്തയില്‍ച്ചെന്ന് കാലും നീട്ടിയിരിക്കും. എന്നിട്ട് ആകാശത്തേക്കു നോക്കും. മഴ പെയ്യേണ്ട മട്ടുണ്ടല്ലോ... കൈപ്പടം കണ്ണിനു മുകളില്‍വച്ചാണ് ആകാശത്തേക്കു നോക്കുക. കാഴ്ച അല്പം കുറവ്. വയസ്സിത്രേമായില്ലേ... ലക്ഷ്മി മുത്തശ്ശിക്ക്.
''ശേഖരന്‍ വന്നില്ലേ സുഭദ്രേ.''
''ഇന്നു ടൗണ്‍വരെ പോയിട്ടേ വരൂ.''
''കൂടെയാരാ?''
''ജോസഫുണ്ട്. എന്തൊക്കെയോ വാങ്ങാനുണ്ടത്രേ... ജീപ്പുംകൊണ്ടാ പോയിരിക്കുന്നത്.''
''ഓ...''
സന്ധ്യയാകാറായിരിക്കുന്നു. ചേക്കേറാന്‍ പോകുന്ന പക്ഷിക്കൂട്ടങ്ങളുടെ കലപിലശബ്ദം. കാക്കകള്‍ കൂട്ടമായി പറക്കുന്നു. രാവിലെ ഇരതേടി പോകുന്നതാണ്.
വൈകിട്ടു വന്നു കൂടണയും. ഏതെങ്കിലും മരത്തിന്റെ മണ്ടയില്‍ ഒരു കൂടുകാണും. തെങ്ങിലോ പ്ലാവിലോ ആനിയിലോ മാവിലോ ആയിരിക്കും കൂട്. 
ലക്ഷ്മിമുത്തശ്ശി ഓരോ കാഴ്ചകള്‍ കണ്ടിങ്ങനെ ഓരോന്നാലോചിച്ചിരിക്കുകയാണ്. സന്ധ്യയാകാറായപ്പോഴാണ് ഷിബിന്‍ സ്വന്തം വീട്ടിലേക്കു പോയത്. അമ്മച്ചി തനിയെയാണല്ലോ അവിടെ. അപ്പച്ചന്‍ ശേഖരനങ്കിളിന്റെകൂടെ ടൗണില്‍പ്പോയിരിക്കുകയാണെന്നു ശുഭച്ചേച്ചി പറഞ്ഞു. രതീഷിനോടു സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. അവന്‍ നല്ലൊരു വായനക്കാരനാണ്. നല്ല നല്ല പുസ്തകങ്ങള്‍ അവന്റെ കൈയിലുണ്ട്. കുറച്ചുവായിക്കണം. വായന ഒരു ശീലമാക്കണം. വായിച്ചു വളരണം. ഷിബിന്‍ വേഗം നടന്നു. അവന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ വരാന്തയില്‍ കണ്ടില്ല. അവന്‍ പേടിച്ചുപോയി. വേഗം ഉള്ളില്‍ക്കയറി നോക്കിയപ്പോള്‍ അമ്മച്ചി കിടക്കുന്നതു കണ്ടു. 
''അമ്മച്ചീ എന്താ കിടക്കുന്നത്?''
''വെറുതെ.''
''ക്ഷീണം വല്ലതുമുണ്ടോ?''
''ഇല്ല മോനെ. അപ്പച്ചന്‍ വന്നില്ലല്ലോ അല്ലേ.''
''വന്നില്ല. ഉടനെ വരും. അപ്പച്ചനെ ഇവിടെ ഇറക്കീട്ടേ അങ്കിളു പോകൂ.'' ഷിബിന്‍ പറഞ്ഞു.
''ശരിയാ ഞാന്‍ സുഖമില്ലാതിരിക്കുകയാണെന്നവര്‍ക്കറിയാമല്ലോ.''
അപ്പോള്‍ ജീപ്പു പുറത്തു വന്നുനിന്നു. അതില്‍നിന്നു ജോസഫിറങ്ങി.
''ശേഖരേട്ടന്‍ കയറുന്നില്ലേ?''
''ഇല്ല.''
''ശരി എന്നാല്‍ ഓക്കെ.''
ജീപ്പു മുന്നോട്ടു പാഞ്ഞു.
''ഗ്രേസീ എന്നാടീ നിനക്കൊരു ക്ഷീണംപോലെ.'' ജോസഫ് ചോദിച്ചു.
''കാര്യമായിട്ടൊന്നുമില്ല. എന്നാല്‍, ചെറിയൊരു ക്ഷീണം ഇല്ലാതില്ല.''
''നീ വിശ്രമിക്ക്. ഞാനൊന്നു കുളിക്കട്ടെ.'' ജോസഫ് കുളിമുറിയിലേക്കു പോയി.
''അമ്മേ, ഇതാ അപ്പച്ചന്‍ പഴങ്ങളും മറ്റും കൊണ്ടുവന്നിരിക്കുന്നു. ഏത്തപ്പഴം, ആപ്പിള്‍, മുന്തിരി.''
''ഇഷ്ടമുള്ളതു മോനെടുത്തു തിന്നോ.''
''അപ്പച്ചന്‍ വരട്ടെ തിന്നോളാം.''
ജോസഫ് താമസിയാതെ കുളികഴിഞ്ഞു വന്നു.
അപ്പോള്‍ പ്രാര്‍ഥനയ്ക്കുള്ള സമയമായിരുന്നു.
യേശുദേവന്റെ രൂപത്തിനുമുമ്പില്‍ മെഴുകുതിരി കത്തിച്ചുവച്ച് അവര്‍ മൂവരും സന്ധ്യാപ്രാര്‍ഥന ചൊല്ലി.
''മോനേ രണ്ടുമൂന്ന് ആപ്പിളെടുത്തു ചെത്തെടാ, നമുക്കു തിന്നാം.''
ഷിബിന്‍ ആപ്പിളെടുത്തു തൊലി ചെത്തി കഷണങ്ങളാക്കി അപ്പച്ചനും അമ്മച്ചിക്കും കൊടുത്തു. 
''നീ തിന്നോ.''
''നിങ്ങളു കഴിക്ക്, ഞാന്‍ തിന്നോളാം.''
ഗ്രേസി ഒരാപ്പിള്‍ മുഴുവന്‍ തിന്നു. ജോസഫും കഴിച്ചു. ബാക്കിയുള്ളതു ഷിബിന്‍ തിന്നു.
''ശേഖരന്‍ചേട്ടന്‍ വാങ്ങിത്തന്നതാ പഴങ്ങള്.'' ജോസഫ് പറഞ്ഞു.
ഈ നാട്ടില്‍ തങ്ങള്‍ക്കു താങ്ങും തണലുമായിട്ടുള്ള സ്‌നേഹമുള്ള മുതലാളി.

(തുടരും)

Login log record inserted successfully!