•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചു പെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. ദൂരെ സ്‌കൂളില്‍ ജോലികിട്ടിയ ഇന്ദു സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി  സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്നു തെറ്റിധരിച്ചു മാനേജര്‍ അവളെ പിരിച്ചുവിട്ടു. ഇതറിഞ്ഞ് ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഹൃദയാഘാതം വന്നു മരിച്ചു. പിന്നീട് ആനന്ദന്‍ ഇന്ദുവിനെ ചതിയില്‍പ്പെടുത്തി ഹോട്ടല്‍മുറിയിലെത്തിച്ച്, പോലീസിനെ വിളിച്ചു വരുത്തി അപമാനിച്ചു. അപമാനിതയായ  ഇന്ദു മരണത്തെപ്പറ്റി ചിന്തിച്ചു. സന്ദര്‍ശക വിസയില്‍ അമേരിക്കയില്‍ പോയ അഭിഷേക് തിരിച്ചെത്തി. കാര്യങ്ങള്‍ അറിഞ്ഞ അഭിഷേക് ഇന്ദുവിനെ തേടി അവളുടെ വീട്ടിലെത്തി. ഇന്ദു എവിടാണെന്ന് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ഇന്ദുവിന്റെ അമ്മ മരിച്ചു. ശവസംസ്‌കാരത്തിന്  ഇന്ദു എത്തിയില്ല. ഇന്ദുവിനെ കണ്ടുപിടിച്ച് ആ കുടുംബത്തെ ഇനി സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്ന് അഭിഷേക് ചിന്തിച്ചു. ഇന്ദു മുമ്പ് ജോലിക്കു നിന്ന ചാണ്ടിക്കുഞ്ഞിന്റെ വീട്ടില്‍ അഭിഷേക് എത്തി. (തുടര്‍ന്നു വായിക്കുക)
''അച്ചായന് എന്നെ പൂര്‍ണമായി വിശ്വസിക്കാം. ഇന്ദുവിനെ കണ്ടെത്തിയാല്‍ ആ കുടുംബത്തെ മുഴുവന്‍ ഞാനിനി സംരക്ഷിച്ചുകൊള്ളാം.'' അഭിഷേക് ഉറപ്പുകൊടുത്തു.
''അച്ഛനെ ധിക്കരിച്ച് നിനക്കതു ചെയ്യാനുള്ള തന്റേടമുണ്ടോ?'' ചാണ്ടിക്കുഞ്ഞ് ചോദിച്ചു.
''ഇല്ലെങ്കില്‍ ഞാനിപ്പം അന്വേഷിച്ചു വരില്ലായിരുന്നല്ലോ. പറയൂ, ഇന്ദു എവിടുണ്ട്?''
''അവള് ഇവിടടുത്ത് ഒരുഅനാഥമന്ദിരത്തില്‍ ജോലി ചെയ്യുന്നുണ്ട്.'' അതു കേട്ടതും അഭിഷേകിന്റെ കണ്ണുകള്‍ വിടര്‍ന്നു.
''ഏത് അനാഥമന്ദിരത്തില്‍?''
''സെന്റ് മേരീസ് പള്ളിയുടെ കീഴിലുള്ള, കുട്ടികളുടെ ഒരനാഥാലയത്തിലാ. അവളിപ്പം അവിടെ സമാധാനത്തോടെ ജീവിക്ക്വാ. കുട്ടികളുടെ പ്രിയപ്പെട്ട ഇന്ദുച്ചേച്ചിയായിട്ട്. നിങ്ങളിനി അവിടെ പോയി കണ്ട് അവളുടെ സ്വസ്ഥത തകര്‍ക്കണ്ട. അവള്‍ക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ആഗ്രഹവുമില്ല ഇപ്പം.''
''എങ്ങനെയാണ് അനാഥമന്ദിരത്തില്‍ അവളെത്തിയത്?''
''നിങ്ങളുടെ അച്ഛന്‍ അപമാനിച്ച് ഇറക്കിവിട്ടപ്പം ആത്മഹത്യയെക്കുറിച്ചാ അവളാദ്യം ചിന്തിച്ചത്. പിന്നെന്തോ തോന്നി എന്നെ ഫോണില്‍ വിളിച്ചു; ഒരു ജോലി തരാമോന്നു ചോദിച്ച്. ആദ്യം ഞാന്‍ കൈയൊഴിഞ്ഞതാ. ജോലി കിട്ടിയില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നു കേട്ടപ്പോള്‍ എനിക്കാ കുട്ടിയെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. കുറച്ചുകാലം അവളിവിടെ ജോലി ചെയ്തതാണല്ലോ. ഒരു മകളെപ്പോലെയായിരുന്നു അന്നു ഞാനവളെ കണ്ടത്. പക്ഷേ, എന്റെ ഭാര്യ ത്രേസ്യാ അവളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ താത്പര്യപ്പെട്ടില്ല.''
''പിന്നെങ്ങനെ അനാഥമന്ദിരത്തില്‍ എത്തി?''
''ഇവിടടുത്ത് ഒരു ഓര്‍ഫനേജുണ്ട്. കത്തോലിക്കാ വൈദികര്‍ നടത്തുന്നതാ. സെന്റ് മേരീസ് ഓര്‍ഫനേജ്. എന്റെ മക്കള്‍ അവര്‍ക്കു ധനസഹായം കൊടുക്കുന്നുണ്ട്. ഞാന്‍ അച്ചനെ വിളിച്ചു കാര്യം പറഞ്ഞു. ആദ്യം അച്ചന്‍ എതിര്‍ത്തു. വീട്ടിലറിയിക്കാതെ വരുന്ന ഒരു പെണ്ണിന് അഭയം കൊടുക്കുക എന്നു പറഞ്ഞാല്‍ തെറ്റല്ലേ? അച്ചന്‍ അതിന്റെ ഭവിഷ്യത്ത് എന്നെ ബോധ്യപ്പെടുത്തിയെങ്കിലും ആ കുട്ടിയെ കൈയൊഴിയാന്‍ എനിക്കു മനസ്സുവന്നില്ല. എന്റെ നിര്‍ബന്ധം കാരണം കുറച്ചുദിവസം താമസിപ്പിക്കാമെന്ന് അച്ചന്‍ സമ്മതിച്ചു. ഒരു നിബന്ധനയേ അച്ചന്‍ വച്ചുള്ളൂ. ഫോണ്‍ ഉപയോഗിക്കരുതെന്ന്. അവള്‍ക്കതില്‍ എതിര്‍പ്പില്ലായിരുന്നു. വന്നപാടെ അവള്‍ ഫോണ്‍ അച്ചനെ ഏല്പിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അച്ചന്‍ എന്നെ വിളിച്ചു പറഞ്ഞു: ''വിചാരിച്ചപോലല്ല; നല്ല കുട്ടിയാണ്; എല്ലാ ജോലിയും ചെയ്യും; കുട്ടികള്‍ക്കൊക്കെ അവളെ വലിയ ഇഷ്ടമാണ് എന്നൊക്കെ. അതു കേട്ടപ്പം എനിക്കും സന്തോഷമായി. കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ നല്ലൊരാളെ കിട്ടിയല്ലോ എന്ന സന്തോഷമാണ് ഇപ്പം അച്ചന്. മാസാമാസം കുറച്ചുപണം അവളുടെ അക്കൗണ്ടില്‍ അച്ചന്‍ ഇടുന്നുണ്ട്. അവളും സന്തോഷവതിയാ. ഈ സാഹചര്യത്തില്‍ ഇപ്പം അവളെ പോയിക്കണ്ട് അമ്മയുടെ മരണവിവരമൊക്കെ പറഞ്ഞ് അവളുടെ സന്തോഷം കളയണോ?''
''ഞാന്‍ പറഞ്ഞല്ലോ, വെറുമൊരു കൂടിക്കാഴ്ചയ്ക്കു പോകുന്നതല്ല ഞാന്‍. ആ കുടുംബത്തെ മുഴുവന്‍ ഞാനിനി നോക്കിക്കോളാം.''
''വിശ്വസിക്കാമോ നിങ്ങളെ?''
''തീര്‍ച്ചയായും.''
''ഞാന്‍ അച്ചനോട് ഒന്നു വിളിച്ചു ചോദിക്കട്ടെ.'' ചാണ്ടിക്കുഞ്ഞ് എണീറ്റ് അടുത്ത മുറിയിലേക്കു പോയി. അഭിഷേക് ക്ഷമയോടെ സ്വീകരണമുറിയില്‍ കാത്തിരുന്നു. തെല്ലുനേരം കഴിഞ്ഞു മടങ്ങിവന്നിട്ട് ചാണ്ടിക്കുഞ്ഞ് പറഞ്ഞു:
''അച്ചന്‍ പറഞ്ഞത് അഭിഷേകിനോട് അങ്ങോട്ടു ചെല്ലാനാ. നേരിട്ടു സംസാരിക്കാമെന്ന്.''
''തീര്‍ച്ചയായും.''
അച്ചന്റെ മേല്‍വിലാസം വാങ്ങിയിട്ട് അഭിഷേക് എണീറ്റു. 
''അച്ചായന്റെ ഭാര്യയും മക്കളും?''
''മക്കളു മൂന്നുപേരും അമേരിക്കേലാ. ഞാനും ഭാര്യയും മാത്രമാ ഇപ്പം ഇവിടെ താമസം. അവള് അയല്‍പക്കത്തെ ഒരു വീട്ടില്‍ പോയിരിക്കുവാ. ഞാന്‍ സൂചിപ്പിച്ചല്ലോ. അവള്‍ക്ക് ഇന്ദുവിനെ ഒട്ടും ഇഷ്ടമല്ല. അതുകൊണ്ട് പലതും അവളെ അറിയിച്ചിട്ടില്ല.''
യാത്ര പറഞ്ഞിട്ട് അഭിഷേക് പുറത്തേക്കിറങ്ങി. കാറില്‍ കയറി നേരേ പോയത് സെന്റ് മേരീസ് പള്ളിയിലേക്കായിരുന്നു. പള്ളിമേടയുടെ മുമ്പില്‍ കാര്‍ നിറുത്തിയിട്ട് വരാന്തയിലേക്കു കയറി കോളിങ് ബല്ലില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത് വികാരി ഫാ. ജോസഫ് മണപ്പള്ളി.  
അഭിഷേക് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അച്ചന്‍ അകത്തേക്കു വിളിച്ചു സ്വീകരണമുറിയില്‍ ഇരുത്തി. 
''ഇന്ദുവിന്റെ ആരാ?''
കസേരയില്‍ ഇരുന്ന് സീറ്റിലേക്കു ചാരിക്കൊണ്ട് അച്ചന്‍ ചോദിച്ചു.
''ഇന്ദു ജോലി ചെയ്തിരുന്ന സ്‌കൂളിലെ മാനേജരുടെ മകനാ.''
''ആനന്ദന്റെ മകന്‍?''
''അതെ.''
''എന്താ ഇനിയും കൂട്ടിക്കൊണ്ടുപോയി അവളെ കൂടുതല്‍ ദ്രോഹിക്കാനാണോ?''
''അയ്യോ ഒരിക്കലുമല്ല. എന്റച്ഛന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാനാണ് ഞാന്‍ വന്നത്. ആ കുടുംബത്തെ ഇനി ഞാന്‍ സംരക്ഷിക്കും.''
''നിങ്ങളുടെ അച്ഛന്‍ ചെയ്ത ദ്രോഹം എണ്ണിയെണ്ണി പറഞ്ഞ് എന്റെ മുമ്പില്‍ നിന്നവള്‍ കരഞ്ഞു. ഒരു മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ പറ്റുമോന്ന് ഞാന്‍ അതിശയിച്ചുപോയി.''
''എല്ലാം എനിക്കറിയാം. അച്ഛന്‍ ചെയ്ത തെറ്റിന് മാപ്പുചോദിക്കാന്‍കൂടിയാണ് ഞാനിപ്പം വന്നത്.''
''വീട്ടുകാരറിയാതെ വന്ന ഒരു പെണ്ണിനെ ഞാനിവിടെ താമസിപ്പിച്ചത് റിസ്‌കാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാ. വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടു പോന്നതാണോന്ന് അറിയില്ലല്ലോ. പക്ഷേ, കുറച്ചുദിവസം കഴിഞ്ഞപ്പം മനസ്സിലായി അവളു കളങ്കമില്ലാത്ത ഒരു പെണ്ണാണെന്ന്. അതുകൊണ്ട് അവളെ അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ ചുമതല ഞാന്‍ ഏല്പിച്ചു. പന്ത്രണ്ടു കുട്ടികളുടെ കുഞ്ഞേച്ചിയായി അവളിവിടെ ഇപ്പം സന്തോഷത്തോടെ കഴിയുവാ.''
 ''ഞാന്‍ കുറച്ചുകാലം അമേരിക്കയിലായിരുന്നു അച്ചാ. ആ സമയത്താ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്റച്ഛന്‍ അവളെ അപമാനിച്ച് ഇറക്കിവിട്ടത്. തിരിച്ചുവന്നപ്പോഴാ കഥകളൊക്കെ അറിഞ്ഞത്.''
''സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചത്?''
'ട്രെയിനില്‍വച്ച് ഇന്ദുലേഖയെ കണ്ടുമുട്ടിയതുമുതല്‍ ഒടുവില്‍ പിരിച്ചുവിട്ടതുവരെയുള്ള കഥകള്‍ ഒന്നൊന്നായി അഭിഷേക് വിശദീകരിച്ചു. എന്നിട്ടു തുടര്‍ന്നു:
''കഴിഞ്ഞ ദിവസം ഇന്ദുവിന്റെ അമ്മ മരിച്ചു. ഇന്ദു എവിടാന്ന് അറിയില്ലാതിരുന്നതിനാല്‍ ആ വിവരം അറിയിക്കാന്‍ പറ്റിയില്ല. ഇപ്പം അവളുടെ നാല് അനിയത്തിമാര്‍ തനിച്ചാ താമസം. ആ സാഹചര്യത്തിലാണ് എങ്ങനെയും ഇന്ദുവിനെ കണ്ടുപിടിക്കണമെന്ന് എനിക്കു തോന്നിയത്.''
''അഭിഷേകും ഇന്ദുവും തമ്മില്‍ പ്രണയമായിരുന്നോ?''
''ഒരിക്കലുമല്ല. നല്ല സൗഹൃദത്തിലായിരുന്നു. അതു മറ്റുള്ളവര്‍ തെറ്റിധരിച്ചു. എന്റച്ഛന് അവളോടു പക തോന്നാനുള്ള പ്രധാന കാരണവും അതുതന്നെയാ.''
''ഇപ്പം അച്ഛന്റെ തെറ്റിധാരണ മാറിയോ?''
''മാറിക്കാണും. എന്റെ വിവാഹം നിശ്ചയിച്ചിരിക്ക്വാ.''
''ഓഹോ! അപ്പം അഭിഷേക് ആ കുടുംബത്തെ എങ്ങനെ സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്?''
''എന്റെ അനിയത്തിമാരായി കണ്ട് ഞാനവരെ സംരക്ഷിക്കും. അവരെ നല്ല നിലയില്‍ വിവാഹം കഴിച്ചയയ്ക്കും.''
''അച്ഛന്‍ എതിര്‍ത്താല്‍?''
''എതിര്‍ത്താലും ഒരു കുടുംബം നോക്കാനുള്ള സാമ്പത്തികമൊക്കെ എനിക്കുണ്ടച്ചോ. എന്റെ പേരിലുമുണ്ട് കുറെ ഭൂസ്വത്തും ബിസിനസ് സ്ഥാപനങ്ങളുമൊക്കെ.''
''ഞാനവളോട് കാര്യങ്ങളൊക്കെ ഒന്നു സംസാരിക്കട്ടെ. അഭിഷേക് കുറച്ചുനേരം വെളിയിലിരിക്കൂ.''
''ശരി ഫാദര്‍.''
അഭിഷേക് പുറത്തേക്കിറങ്ങി വരാന്തയിലെ കസേരയിലിരുന്നു. തെല്ലുനേരം കഴിഞ്ഞ് അച്ചന്‍ വെളിയിലേക്കിറങ്ങി വന്നിട്ട് പറഞ്ഞു.
''ഞാനവളോടു സംസാരിച്ചു. അവള്‍ക്ക് നിങ്ങളെ കാണണമെന്ന് ആഗ്രഹമില്ല. ഒരുപക്ഷേ, നിങ്ങളുടെ അച്ഛനോടുള്ള ദേഷ്യം കൊണ്ടാകാം. അവളെ ഇവിടെനിന്ന് വിടാന്‍ എനിക്കും ഇഷ്ടമില്ല. ഒരമ്മയെപ്പോലെയാണ് അവളിപ്പം ഇവിടുത്തെ കുഞ്ഞുങ്ങളെ നോക്കുന്നത്. അവളിവിടെനിന്നു പോയാല്‍ ആ കുഞ്ഞുങ്ങള്‍ക്കും ഒരുപാട് വിഷമമാകും.''
''ഒന്നു നേരിട്ടു സംസാരിക്കാന്‍ ഒരവസരം തന്നൂടെ അച്ചോ?'' അഭിഷേക് കെഞ്ചി.
''അവളുടെ മനസ്സമാധാനം കളയണോ അഭിഷേക്?''
''മനസ്സമാധാനം കളയുന്ന ഒരു വാക്കുപോലും എന്നില്‍നിന്നുണ്ടാവില്ല അച്ചോ. അവള്‍ക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിച്ചുകൊണ്ടുപോകുകയുമില്ല. എന്റച്ഛന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിച്ചിട്ട് പോകയെങ്കിലും ചെയ്യാല്ലോ.'' 
''ശരി. ഞാനവളെ ഇങ്ങോട്ടു വിളിച്ചുവരുത്താം.''
മണപ്പള്ളി അച്ചന്‍ അഭിഷേകിനെ മുറിയിലേക്കു വിളിച്ചിരുത്തിയിട്ട് മൊബൈല്‍ എടുത്തു നമ്പര്‍ ഞെക്കി. ഇന്ദുവിനോട് ഉടനെ പള്ളിമേടയിലേക്കു വരാന്‍ ആവശ്യപ്പെട്ടു.
പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഇന്ദു പള്ളിമേടയിലെത്തി. അഭിഷേക് സൂക്ഷിച്ചുനോക്കി.
ആകെ മാറിപ്പോയിരിക്കുന്നു ആ രൂപം. ശരീരം മെലിഞ്ഞ്, നിറംമങ്ങി കോലംകെട്ടു പോയിരിക്കുന്നു. മുഖത്തിന്റെ ശോഭയും കണ്ണുകളിലെ തിളക്കവുമൊക്കെ പമ്പ കടന്നിരിക്കുന്നു.
''ഇന്ദു അറിയുമോ ഇദ്ദേഹത്തെ?''  അച്ചന്‍ ചോദിച്ചു.
''അറിയാം അച്ചോ.'
''ഇന്ദുവിനെ കൂട്ടിക്കൊണ്ടു പോകാനാണ് അഭിഷേക് ഇപ്പ വന്നത്.''
''ഞാന്‍ പോകുന്നില്ലച്ചോ. എനിക്കീ അനാഥമന്ദിരവും ഇവിടുത്തെ കുട്ടികളും മതി. ഇവിടെ വന്നതിനുശേഷമാ ഞാന്‍ മനസമാധാനത്തോടെ ഒന്നുറങ്ങിയത്.'' 
''എന്റെ അച്ഛന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിക്കാനും കൂടിയാ ഞാനിപ്പ വന്നത്.'' അഭിഷേക് പറഞ്ഞു.
''ചെയ്തതു തെറ്റാണെന്ന് അച്ഛനു തോന്നിയോ?  അച്ഛന്‍ പറഞ്ഞുവിട്ടതാണോ അഭിഷേകിനെ?'' ഇന്ദു ചോദിച്ചു.
''അല്ല. അച്ഛനിപ്പഴും മനംമാറ്റം വന്നിട്ടില്ല. ഞാന്‍ അമേരിക്കേന്നു തിരിച്ചുവന്ന് ഇന്ദുവിനെപ്പറ്റി തിരക്കിയപ്പം അശ്വതിറ്റീച്ചറാ കാര്യങ്ങളൊക്കെ പറഞ്ഞത്. അന്വേഷിച്ചു ഞാന്‍ ഇന്ദുവിന്റെ വീട്ടില്‍ പോയിരുന്നു. കുറച്ചു പണവും കൊടുത്തിരുന്നു.''
''അഭിഷേക് ഒരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. നിഷ്‌കളങ്കമായ സ്‌നേഹമാണ് എന്നോടു കാണിക്കുന്നതെന്നും അറിയാം. ആ സ്‌നേഹത്തിന് ഒരുപാടു നന്ദിയുണ്ട്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കാരെയും കാണണ്ട.''
''ഇന്ദുവിന്റെ അമ്മ മരിച്ചു. അഭിഷേക് ശബ്ദം താഴ്ത്തിപ്പറഞ്ഞു.''
''മരിച്ചോ? എന്ന്?'' ഇന്ദു ഉത്കണ്ഠയോടെ നോക്കി.
''രണ്ടുദിവസംമുമ്പ്. ശവദാഹവും കഴിഞ്ഞു. അനിയത്തിമാര് ഇപ്പം തനിച്ചാ താമസം. അവര്‍ക്കൊരു തുണയായിട്ട് ഇന്ദുവിന് വീട്ടില്‍ വന്നു നിന്നൂടേ?''
ഇന്ദുവിന്റെ മിഴികളില്‍നിന്ന് കണ്ണീര്‍ ഒഴുകുന്നത് അഭിഷേക് കണ്ടു.
''എന്റച്ഛനും അമ്മയും എനിക്കു നഷ്ടപ്പെട്ടത് നിങ്ങളുടെ അച്ഛന്‍ കാരണമാ. ജോലി കിട്ടാന്‍ കൊടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചുതന്നുപോലുമില്ല ആ മനുഷ്യന്‍. എന്നിട്ടും പക അടങ്ങാതെ ഹോട്ടല്‍മുറിയിലെത്തിച്ചു അപമാനിച്ചു പടിയിറക്കി. ഒരു മനുഷ്യന് ഇത്രത്തോളം ക്രൂരനാകാന്‍ പറ്റുമോ?'' ഇന്ദു പൊട്ടിത്തെറിക്കുകയും പിന്നെ പൊട്ടിക്കരയുകയും ചെയ്തു. 
''മാപ്പ്. അച്ഛന്‍ ചെയ്ത എല്ലാ തെറ്റിനും ഞാന്‍ മാപ്പു ചോദിക്കുന്നു.'' അഭിഷേക് കൈകൂപ്പി.
''അച്ഛനു മാനസാന്തരം വരാത്തിടത്തോളംകാലം ഞാന്‍ അഭിഷേകിനോടൊപ്പം നാട്ടിലേക്കു വന്നാല്‍ അതു കൂടുതല്‍ പ്രശ്‌നമാകും. അഭിഷേകിന്റെ ജീവന്‍തന്നെ ചിലപ്പം അപകടത്തിലാവും. എന്നെ ഓര്‍ത്ത് അഭിഷേക് വിഷമിക്കണ്ട. ഞാനിവിടെ സന്തോഷത്തോടെയാ ജീവിക്കുന്നത്. എന്റെ അനിയത്തിമാരെ സംരക്ഷിച്ചാല്‍മാത്രം മതി. അഭിഷേക് പൊയ്‌ക്കൊള്ളൂ.''
''എപ്പഴെങ്കിലും പോരണമെന്നു തോന്നിയാല്‍ എന്നെ വിളിക്കണം. എന്റെ നമ്പര്‍ ഇതാ.'' അഭിഷേക് വിസിറ്റിങ് കാര്‍ഡെടുത്തു നീട്ടി. ഇന്ദു അതു വാങ്ങി.
''ഞാനിവിടെ ഉണ്ടെന്ന കാര്യം മറ്റാരോടും പറയരുത്. ആ ഒരുപകാരം ചെയ്യണം.'' ഇന്ദു പറഞ്ഞു.
''തീര്‍ച്ചയായും.''
മണപ്പള്ളി അച്ചന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിട്ടാണ് അഭിഷേക് യാത്ര പറഞ്ഞു പിരിഞ്ഞത്. 

(തുടരും)

Login log record inserted successfully!