•  28 Mar 2024
  •  ദീപം 57
  •  നാളം 4
വചനനാളം

സമയത്തിന്റെ പൂര്‍ത്തീകരണം

ഏപ്രില്‍  2    നോമ്പുകാലം ഏഴാം ഞായര്‍
ഉത്പ 49:8-12, 22-26 സഖ 9:9-12
റോമ 11:13-24   മത്താ 21:1-17

ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന നോമ്പുകാലത്തിന്റെ ഏറ്റവും പ്രധാന ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. ''ഓശാന'' വിളിയില്‍ (ഓശാനഞായര്‍) തുടങ്ങി ''ഹല്ലേലൂയാ'' വിളിയില്‍ (ഉയിര്‍പ്പുതിരുനാള്‍) പൂര്‍ത്തിയാകുന്ന ദിവസങ്ങളാണിത്. അതിനിടയ്ക്ക് ''ഇതെന്റെ ശരീരമാകുന്നു'' എന്ന ഈശോയുടെ പ്രഖ്യാപനവും (പെസഹാവ്യാഴം) ''അവനെ ക്രൂശിക്കുക'' എന്ന ജനത്തിന്റെ ആക്രോശവും ''ഇവന്‍ സത്യമായും ദൈവപുത്രനാകുന്നു'' എന്ന ശതാധിപന്റെ വിശ്വാസപ്രഖ്യാപനവുമുണ്ട് (ദുഃഖവെള്ളി). ഈശോയുടെയും അവനോടൊത്തു അന്നു ജീവിച്ചവരുടെയും അവസ്ഥകളോട് നമ്മുടെ ജീവിതത്തെ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉത്ഥാനത്തിരുനാളിന്റെ ആഘോഷത്തിലേക്കു നമ്മളും പ്രവേശിക്കുകയായി.
കൂടാരത്തിരുനാളുമായി ബന്ധപ്പെട്ടാണ് 'ഓശാന' എന്ന വാക്ക് ഉദ്ഭവിച്ചത്. 'ഞങ്ങളുടെ സഹായത്തിനു വരിക' എന്ന യാചനയാണ് ഈ വാക്കിന്റെ മൗലികമായ അര്‍ഥം. കൂടാരത്തിരുനാളിന്റെ ഏഴാം ദിവസം ബലിയര്‍പ്പണത്തിന്റെ അള്‍ത്താരയെ ഏഴുപ്രാവശ്യം വലംവയ്ക്കുമ്പോള്‍ പുരോഹിതര്‍ ആവര്‍ത്തിച്ചിരുന്ന പ്രാര്‍ഥനയാണിത്. യാചനാപ്രാര്‍ഥനകള്‍ അര്‍പ്പിച്ചിരുന്ന പഴയ രീതിയില്‍നിന്ന്, സ്തുതികളുടെ കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുന്ന പുതിയ  രീതിയിലേക്കു കൂടാരത്തിരുനാള്‍  മാറിയപ്പോള്‍ 'ഓശാന' എന്ന പദത്തിന്റെ അര്‍ഥവും യാചനയില്‍നിന്ന് കീര്‍ത്തനങ്ങളുടേതായി മാറി (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, ജീസസ് ഓഫ് നസ്രത്ത്: ഹോളി വീക്ക്).
രാജാക്കന്മാരുടെ വാഹനം കുതിരയാണ്. ശക്തിയുടെയും വേഗത്തിന്റെയും അടയാളംകൂടിയാണ് കുതിര. എന്നാല്‍, വി. ഗ്രന്ഥത്തില്‍ സഖറിയയുടെ പ്രവചനത്തിലും (രണ്ടാം വായന: സഖ. 9:9-12)  അതിന്റെ പൂര്‍ത്തീകരണമായ ഈശോയുടെ രാജകീയ ജറുസലേംപ്രവേശനത്തിലും (മത്താ. 21:1-17) നാം കാണുന്നത് കഴുതയുടെ പുറത്തുകയറി സഞ്ചരിക്കുന്ന ഈശോമിശിഹായെന്ന രാജാവിനെയാണ്. ദൈവമാകുന്ന ഈശോയുടെ രാജത്വത്തിന്റെ സ്വഭാവം തികച്ചും വ്യത്യസ്തമാണെന്ന വ്യക്തമായ സൂചന ഇവിടെ നല്‍കപ്പെടുന്നു. 
'വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറി വരുന്നവനാണ്' (സഖ. 9:9) ഇസ്രായേലിന്റെ രാജാവെന്ന് സഖറിയാ പ്രവചിച്ചിട്ടുണ്ട്. ഈ രാജാവ് ദൈവമാണെന്നും അത് ഈശോമിശിഹായാണെന്നും ജനം അറിയേണ്ടിയിരിക്കുന്നു. എന്നാല്‍, തന്റെ സമയം ഇനിയും ആയിട്ടില്ല (യോഹ. 2:4; 7:6) എന്നു പറയുന്ന ഈശോയെയാണ് നാം സുവിശേഷത്തിന്റെ ആദ്യഭാഗത്തു കാണുന്നത്. എന്നാല്‍, ഇവിടെയാകട്ടെ ഈശോതന്നെ തന്റെ ശിഷ്യന്മാരോടു കഴുതയെയും കുട്ടിയെയും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയാണ് (മത്താ. 21:2). അതായത്, പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം അടുത്തെത്തിയെന്ന് ഈശോതന്നെ മനസ്സിലാക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.  
ദാവീദിന്റെ രാജത്വത്തില്‍നിന്ന് ദൈവത്തിന്റെ രാജത്വത്തിലേക്കു ലോകം മാറ്റപ്പെടുന്ന സമയം എത്തിക്കഴിഞ്ഞുവെന്നുള്ള പ്രഖ്യാപനമാണ് ഈശോയുടെ ജെറുസലേം പ്രവേശനം. ദാവീദിന്റെ രാജത്വം ഉണ്ടായത് ഇസ്രായേല്‍ജനത്തിന്റെ/ലോകത്തിന്റെ ആവശ്യപ്രകാരമാണ്. അത് ശക്തിയുടെയും യുദ്ധത്തിന്റെയും അടിമത്തത്തിെന്റയും ലോകക്രമമായിരുന്നു. എന്നാല്‍, പുതിയ ലോകത്തിന്റെ ക്രമം, ദൈവത്തിന്റെ ഭരണം ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്നതിന്റെ മുഹൂര്‍ത്തമാണ് വലിയ ആഴ്ചയിലെ സംഭവങ്ങള്‍. 
മനുഷ്യരൂപം പ്രാപിച്ച ദൈവം, ഈശോമിശിഹാ എല്ലാവരുടെയും ദാസനാണ്. പിശാചിന്റെ രാജത്വത്തിന് അടിമകളായ മനുഷ്യനെ വീണ്ടെടുത്ത് ദൈവത്തിന്റെ രാജത്വം ഭൂമിയില്‍ സ്ഥാപിക്കുന്നതിന്റെ സമയപൂര്‍ത്തീകരണത്തിന് ഇനി അധികസമയമില്ല എന്നതാണ് ഈശോയുടെ രാജകീയ ജെറുസലേംപ്രവേശനത്തിന്റെ സന്ദേശം. അതിനായി ഈശോ തിരഞ്ഞെടുക്കുന്ന സമയം, രീതി എന്നിവയെല്ലാം പുതിയ ലോകക്രമത്തിന്റെ, ദൈവം രാജാവായി മാറുന്ന, പിശാചിനെയും മരണത്തെയും പരാജയപ്പെടുത്തുന്ന ലോകക്രമത്തിന്റെ പരിചയപ്പെടുത്തലാണ്. 
ഈ മാറ്റം കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ നടക്കുമെന്ന സഖറിയയുടെ പ്രവചനം ഓര്‍മയുള്ളവരാണ് ജനം. അതിനാല്‍ത്തന്നെ കഴുതയുടെ പുറത്തു കയറിവരുന്ന ഈശോയെ പുതിയ ലോകക്രമത്തിന്റെ രാജാവായി ജനം തിരിച്ചറിയുന്നു. ദൈവം രാജാവായി ലോകത്തിന്റെ ഉത്തരവാദിത്വം വീണ്ടുമേല്‍ക്കുന്നതിന്റെ ആഹ്ലാദം ജനം പങ്കുവയ്ക്കുന്നു. 
ആദിമസഭയ്ക്ക് ഓശാനഞായര്‍ കഴിഞ്ഞുപോയ ഒരു സംഭവത്തിന്റെ വെറുമൊരു ഓര്‍മ മാത്രമായിരുന്നില്ല. കര്‍ത്താവ് ഒരു കഴുതയുടെ പുറത്തിരുന്ന് അന്നേദിവസം ജറുസലേമില്‍ പ്രവേശിച്ചതുപോലെ, സഭ അനുദിനം അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിലുള്ള അവിടുത്തെ വരവിനെ നോക്കിപ്പാര്‍ത്തിരുന്നു (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, ജീസസ് ഓഫ് നസ്രത്ത്: ഹോളി വീക്ക്). 
വിനയാന്വിതനായി കഴുതപ്പുറത്തു വരുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാജാവ് ഇതാ എല്ലാ ദിവസവും സ്‌നേഹവും സമാധാനവും പങ്കുവച്ചുകൊണ്ട് നമ്മുടെ ഇടയിലേക്കു വരുന്നു. അതേ, അന്നത്തെ ഓശാനഞായര്‍ ഇന്ന് വി. കുര്‍ബാനയില്‍ അനുദിനം സംഭവിക്കുന്നു. രാജത്വത്തിന്റെ സകല ലക്ഷണങ്ങളും അധികാരങ്ങളും സഹിതമാണ് ഈശോ വി. കുര്‍ബാനയില്‍ വരുന്നതെങ്കിലും അവിടത്തെ ആഗമനം എളിമ നിറഞ്ഞതാണ്. മനുഷ്യന്റെ പാപത്തിനു പരിഹാരം ചെയ്യാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് അനുസരണവും എളിമയുമാണ്. ഈ രണ്ടു പുണ്യങ്ങളും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഈശോമിശിഹായില്‍ നിറഞ്ഞുനില്‍ക്കുന്നു. 
ജനം ഈശോയെ സ്വീകരിക്കുകയാണ്. അവരില്‍ ചിലര്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിക്കുന്നു. ചിലര്‍ വൃക്ഷങ്ങളില്‍നിന്ന് ചില്ലകള്‍ മുറിച്ച് വഴി അലങ്കരിക്കുന്നു (മത്താ. 21: 8). വിനയാന്വിതനായി കഴുതപ്പുറത്ത് ജറുസലേമില്‍ പ്രവേശിക്കുന്നവനാണ് യഥാര്‍ഥ രാജാവെന്നു തിരിച്ചറിയുന്ന ജനം, ലോകത്തിലെ സകല രാജാക്കന്മാരെയും നിഷ്പ്രഭരാക്കുന്ന ദൈവത്തെ ആനന്ദത്തോടെ സ്വീകരിക്കുന്നു. നമുക്കും അവനെ സ്വീകരിക്കാം. അതിനു ജെറുസലേംവരെ പോകേണ്ട കാര്യമില്ല. നമ്മുടെ ഇടവകപ്പള്ളിയുടെ ബലിപീഠത്തില്‍ അവന്‍ എളിമയോടെ കാത്തിരിക്കുന്നു, അപ്പത്തിന്റെ രൂപത്തില്‍, സ്വീകരിക്കാന്‍ വരുന്ന നമ്മെയും കാത്ത്.

Login log record inserted successfully!