മാര്‍ച്ച് 26
നോമ്പുകാലം ആറാം ഞായര്‍
ഉത്പ 19:15-26 ജോഷ്വ 21:43-22:5
റോമ 14:13-23 യോഹ 10:11-18
ദൈവരാജ്യ ത്തിന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കാ നുള്ള ഒരുക്ക കാലമാണ് നോമ്പുകാലം. ദൈവത്തെ മുഖാഭിമുഖം കാണുന്നതില്‍നിന്നും അവന്റെ മഹത്ത്വം അനുഭവിക്കുന്നതില്‍നിന്നും നമ്മെ തടയുന്ന, പാപത്തിന്റെ കെണിയില്‍നിന്നു നമ്മെ രക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവും.
മനുഷ്യനെ അവന്റെ വിവിധ സാഹചര്യങ്ങളില്‍, രക്ഷയുടെ വിവിധ തലങ്ങളിലേക്കു കൈപിടിച്ചുനടത്തുന്ന ദൈവത്തെയാണ് വി. ഗ്രന്ഥത്താളുകളില്‍ നാം കണ്ടുമുട്ടുന്നത്. സോദോമില്‍ നിന്നു ലോത്തിനെ രക്ഷിക്കുന്ന ദൈവത്തെയാണ് ഒന്നാം വായന കാണിച്ചുതരുന്നത് (ഉത്പ. 19: 15-26). പാപത്തിന്റെ നഗരമാണ് സോദോം എങ്കിലും ലോത്തിന്റെ ധാര്‍മികബോധവും നന്മയും നാശത്തില്‍നിന്ന് അവനെ രക്ഷിക്കാനുള്ള കാരണങ്ങളായി ദൈവം കാണുന്നു (19:7). താന്‍ താമസിച്ചുവന്ന നഗരത്തോടുള്ള സ്‌നേഹം ലോത്തിനെ അവിടെത്തന്നെ തങ്ങാന്‍ പ്രേരിപ്പിക്കുന്നു (19:16). എന്നാല്‍, വരാനിരിക്കുന്ന നാശത്തിന്റെ ഭീകരത കൃത്യമായി മനസ്സിലാക്കുന്ന ദൈവത്തിന് ലോത്തിന്റെ അജ്ഞതയില്‍ കരുണതോന്നുകയും അവനെ കൈയ്ക്കുപിടിച്ച് നഗരത്തിനു പുറത്തുകൊണ്ടുപോയി വിടുകയും ചെയ്തു (19:16). നന്മയില്‍ ജീവിക്കുന്ന മനുഷ്യനെ തിന്മയുടെ ഫലമായ നാശത്തില്‍നിന്നു രക്ഷിക്കാന്‍ ദൈവം കൈപിടിച്ചു നടത്തുന്നു.
അടിമത്തത്തിന്റെ ഈജിപ്തില്‍നിന്ന്, കാനാന്‍ദേശത്തിന്റെ രക്ഷയിലേക്ക് ഇസ്രായേല്‍ ജനത്തെ എത്തിക്കുന്ന ദൈവത്തിന്റെ കരുതലാണ് രണ്ടാം വായന സൂചിപ്പിക്കുന്നത് (ജോഷ്വാ 21:43-22:5). പിതാക്കന്മാരോടു ദൈവം വാഗ്ദാനം ചെയ്ത ദേശമാണ് അവിടുന്ന് ഇസ്രായേല്‍ജനത്തിനു നല്‍കിയത് (21:43). ജോഷ്വാ ജനത്തോടു പറയുന്നു; ''കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്മാര്‍ക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു'' (22:4). പക്ഷേ, ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും, അവിടുത്തെ ആരാധിക്കുകയും ചെയ്യണം (22:5) എന്ന ഒരു കാര്യം, ഒരു കാര്യം മാത്രം ജോഷ്വാ ജനത്തോട് വളരെ കര്‍ക്കശമായി ആവശ്യപ്പെടുന്നുണ്ട്.
ലോത്തിന്റെയും ഇസ്രായേല്‍ ജനത്തിന്റെയും അനുഭവം സൂചിപ്പിക്കുന്നത് അവര്‍ ഇപ്പോള്‍ ആയിരിക്കുന്നതല്ലാത്ത മറ്റൊരനുഭവം അവരെ കാത്തിരിക്കുന്നുണ്ട് എന്നുതന്നെയാണ്. ഒരു സ്ഥലത്ത് സുരക്ഷ അനുഭവിക്കുന്നവര്‍ മറ്റൊരു സ്ഥലത്തെത്തുമ്പോള്‍, ഒരുപക്ഷേ, കൂടുതല്‍ സുരക്ഷയുള്ളതായി തോന്നിയേക്കാം. ഇനിയും മറ്റൊരു സ്ഥലം കൂടുതല്‍ സുരക്ഷയുള്ളത് നമുക്ക് ഈ ഭൂമിയില്‍ പ്രാപ്യവുമായേക്കാം. എന്നിരുന്നാലും, ഈ ഭൂമിയിലെ എല്ലാ സ്ഥലങ്ങളും വ്യക്തികളും സാഹചര്യങ്ങളും പൂര്‍ണമായ സുരക്ഷയോ രക്ഷയോ നല്‍കുന്നില്ല. അതുകൊണ്ടാണ് വാഗ്ദാനദേശമായ കാനാനിലും ദൈവത്തെ മറക്കരുതെന്ന് ജോഷ്വാ ഓര്‍മിപ്പിക്കുന്നത്.
ഈശോ നല്‍കുന്ന രക്ഷയാകട്ടെ പൂര്‍ണമാണ്. ദൈവമായ അവിടുത്തേക്കു മാത്രമേ അതു നല്‍കാനാവൂ. ഈശോ തന്റെ ജനമായ ആടുകളെ നയിക്കുന്ന നല്ല ഇടയനാണ് (യോഹ. 10:11-18). ഈ ഇടയന്‍ ആടുകളെ നയിക്കുന്നത് പച്ചയായ പുല്‍ത്തകിടിയിലേക്കാണ് (സങ്കീ. 23:2). അത് കര്‍ത്താവിന്റെ ആലയമാണ് (സങ്കീ. 23:6). അതേ, ഈശോയാകുന്ന ഇടയന്‍ നമ്മെ ദൈവത്തിന്റെ മഹത്ത്വം നിറഞ്ഞുനില്‍ക്കുന്ന കര്‍ത്താവിന്റെ ആലയത്തിലേക്കു (എസെക്കി. 43:5) നടത്തുന്നു. കര്‍ത്താവിന്റെ ആലയം, ദൈവത്തിന്റെ മഹത്ത്വം നിറഞ്ഞുനില്‍ക്കുന്ന സ്ഥലം-അത് ഈശോതന്നെയാണ് (യോഹ. 2:19-21; മര്‍ക്കോ. 14:58). നാം ഈശോയിലേക്കു നയിക്കപ്പെടുകയാണ്. നമ്മെ നയിക്കുന്നതും അവന്‍ തന്നെ.
നല്ല ഇടയന്റെ രണ്ടു ഗുണങ്ങളാണ് ഈശോ എടുത്തു പറയുന്നത്. ഒന്ന്, നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു (10:11). സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവരെ രക്ഷിക്കാനുള്ള ആര്‍ജവം നല്ല ഇടയന്‍ മാത്രമേ കാണിക്കൂ. തങ്ങളുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളോടുചേര്‍ന്നു നില്‍ക്കുന്നവരെ ഉപയോഗിക്കുന്നവര്‍ ഒരിക്കലും നല്ല ഇടയന്മാരല്ല.
നല്ല ഇടയന്റെ രണ്ടാമത്തെ ലക്ഷണം അടിസ്ഥാന അറിവുകള്‍ ഉണ്ടായിരിക്കുക എന്നതാണ് (10:14,15). തന്റെ ആടുകള്‍ക്ക് മറ്റു മൃഗങ്ങളുടെ അക്രമണമില്ലാതെ മേയാന്‍ പറ്റിയ സ്ഥലംമുതല്‍ രോഗമുള്ള ആടുകളുടെ ചികിത്സവരെ ഇടയന് അറിവുണ്ടായിരിക്കണം. അതിനാല്‍, ആടുകള്‍ക്ക് ഇടയനുമായി ജീവബന്ധം തന്നെയുണ്ട്. കാരണം, ആടുകളുടെ ജീവന്‍തന്നെ ഇടയന്റെ അറിവുകളെ ആശ്രയിച്ചിരിക്കുന്നു. പിതാവും ഈശോയും പരസ്പരം അറിയുന്നതുപോലെ ഈശോയും അവിടുത്തേക്കുള്ളവരും പരസ്പരം അറിയുന്നു. അതിനാല്‍ത്തന്നെ, അവിടത്തേക്കുള്ളവര്‍ ഈശോയിലൂടെ പിതാവിനെയുമറിയുന്നു. ''എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു'' (യോഹ. 14:9).
ഈശോയും പിതാവുമായുള്ള അടുപ്പം പൂര്‍ണമായ അറിവിന്റേതാണ് (10:14,15). അതുകൊണ്ടുതന്നെ, രക്ഷാപദ്ധതിയില്‍ തന്റെ ഭാഗമെന്താണെന്ന് ഈശോയ്ക്കു കൃത്യമായി അറിയാം. ജനത്തിന്റെ രക്ഷയ്ക്കായി ജീവന്‍ അര്‍പ്പിക്കുക എന്നതാണത്. ആ ജീവന്‍ അര്‍പ്പിക്കുന്നതുകൊണ്ടു രണ്ടു നേട്ടങ്ങളുണ്ട്. ആടുകളുടെ രക്ഷ ഉറപ്പാക്കുകയും മരണത്തെ കീഴടക്കി ഈശോ പുതിയ സൃഷ്ടിയായി ഉത്ഥാനം ചെയ്യുകയും ചെയ്യുന്നു. പാപമില്ലാത്തവന്‍ പാപികള്‍ക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുമ്പോള്‍, പാപികള്‍ അവന്റെ മരണത്താല്‍ നീതിമത്കരിക്കപ്പെടുകയും, അവന്‍ പാപത്തിന്റെ ഫലമായ മരണത്തെ കീഴടക്കി പുതിയ സൃഷ്ടിയായി മാറുകയും ചെയ്യുന്നു. പിതാവും പുത്രനുമായുള്ള നിരന്തരദൈവികസ്‌നേഹബന്ധത്തിന്റെ ഫലമാണത് (10:17,18).
രക്ഷയിലേക്കുള്ള വഴിയില്‍ സഹോദരനു മാര്‍ഗതടസ്സം സൃഷ്ടിക്കരുത് എന്ന ആനുകാലികപ്രസക്തമായ ഉപദേശമാണ് പൗലോസ്ശ്ലീഹാ ലേഖനത്തിലൂടെ നല്‍കുന്നത് (റോമാ. 14:13-23). അപ്രസക്തവും നിസ്സാരങ്ങളുമായ തര്‍ക്കങ്ങള്‍ പലപ്പോഴും മറ്റുള്ളവര്‍ക്കു മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത് ദൈവരാജ്യപ്രവേശനവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കു തടസ്സമായി നില്ക്കും. ദൈവാരാജ്യപ്രവേശനവുമായി ബന്ധപ്പെട്ട് തികച്ചും ഭൗമികയാഥാര്‍ഥ്യമായ ഭക്ഷണത്തെക്കുറിച്ചു തര്‍ക്കിക്കുന്നത് രക്ഷയ്ക്കുതകില്ല എന്ന് പൗലോസ് ഓര്‍മിപ്പിക്കുന്നു (14,15). മറിച്ച്, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ദൈവരാജ്യം (14,17) എന്ന ബോധ്യം എല്ലാ ഭൗമിക തര്‍ക്കവിതര്‍ക്കങ്ങളും അവസാനിപ്പിച്ച് നീതിയുടെയും സമാധാനത്തിന്റെയും യഥാര്‍ഥ മധ്യസ്ഥനായ ഈശോമിശിഹായില്‍ അഭയം തേടാന്‍ നമ്മെ പ്രാപ്തരാക്കണം.