രാവിലെതന്നെ അമ്മച്ചി കുന്നത്തുവീട്ടിലേക്കു പോയി. അല്പം കഴിഞ്ഞേ അപ്പച്ചന്‍ പോകൂ. രാവിലത്തെ കാപ്പിക്ക് അമ്മ ദോശയുണ്ടാക്കിവച്ചിട്ടുണ്ട്. നല്ല തേങ്ങാ ചട്ട്ണിയുമുണ്ട്. കുടിക്കാന്‍ ചായയും. അപ്പച്ചനെണീറ്റു പല്ലുതേപ്പും മറ്റും കഴിഞ്ഞുവന്നാല്‍ ഒരുമിച്ചിരുന്നു കാപ്പികഴിക്കും. ഷിബിന്‍ നേരത്തേ ദിനചര്യകള്‍ കഴിഞ്ഞു കുളിച്ചു. അപ്പോഴേക്കും അപ്പച്ചന്‍ വന്നു.
മേശപ്പുറത്ത് എല്ലാം എടുത്തുവച്ചിരുന്നു.
''നമുക്കു കഴിക്കാം മോനെ.''
''ശരിയപ്പച്ചാ.''
അവര്‍ അച്ഛനും മകനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
''അമ്മച്ചിക്ക് അസുഖമൊന്നുമില്ലല്ലോ അല്ലേ അപ്പച്ചാ.''
''ഒന്നും പറഞ്ഞില്ലവള്‍. വയ്യായ്കയൊന്നും കാര്യമായിട്ടില്ലെന്നു തോന്നുന്നു. ഇത് അഞ്ചാംമാസമായിട്ടല്ലേയുള്ളൂ. എന്തെങ്കിലും വയ്യെന്നു പറഞ്ഞാല്‍ കുന്നത്തുവീട്ടുകാര്‍ ശ്രദ്ധിച്ചുകൊള്ളും. ഉടനെ നമ്മളെ വിവരമറിയിക്കുകയും ചെയ്യും.''
ഗ്രേസി ഗര്‍ഭിണിയാണ്. അതിന്റേതായ ക്ഷീണമൊന്നും ഇപ്പോഴില്ല. എന്നും കുന്നത്തുവീട്ടില്‍ ജോലിക്കുപോകും. കുന്നത്തുവീട് അധികം അകലെയല്ല. നടന്നുപോയി വരാനുള്ള ദൂരമേയുള്ളൂ. ക്ഷീണം വല്ലതുമുണ്ടെങ്കില്‍ അവര്‍ വണ്ടിയില്‍ക്കൊണ്ടുവന്നുവിടും. ഗ്രേസിയുടെ കാര്യമോര്‍ത്ത് ഒട്ടും ടെന്‍ഷനടിക്കേണ്ടതില്ല. എങ്കിലും, ഷിബിനു പേടിയാണ്. അമ്മച്ചിക്കു വല്ല വയ്യായ്കയും വരുമോ? കുഞ്ഞുവാവ അമ്മച്ചിയുടെ വയറ്റില്‍ക്കിടന്നു കുഴപ്പം വല്ലതുമുണ്ടാക്കുമോ? തന്റെ അമ്മച്ചിയുടെ വയറ്റിലെ കുഞ്ഞുവാവ ആണായിരിക്കുമോ അതോ പെണ്ണായിരിക്കുമോ? ഒരിക്കല്‍ ഷിബിന്‍ അമ്മച്ചിയോടുതന്നെ ചോദിച്ചു. ''അമ്മച്ചീടെ വയറ്റിലെ കുഞ്ഞുവാവ ആണോ പെണ്ണോ?''
''എന്തായിരിക്കണമെന്നാണു മോന്റെ ഇഷ്ടം?''
''ഒരു പെണ്‍കുഞ്ഞ്.''
''അതുതന്നെയാണു ഞങ്ങടെയും ആഗ്രഹം. നിനക്കൊരനിയത്തി.''
''കര്‍ത്താവു നമ്മുടെ ആഗ്രഹം സാധിച്ചുതരും. ഞാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുണ്ട്.''
''നമ്മള്‍ പ്രാര്‍ഥിക്കുക. എല്ലാം തീരുമാനിക്കുന്നതവിടുന്നല്ലേ...''
ഗ്രേസി നല്ലൊരു വിശ്വാസിയാണ്. മുടങ്ങാതെ പ്രാര്‍ഥിക്കും. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍പോകും. കുര്‍ബാന കൂടും. പരിശുദ്ധ പിതാവിനെ തൊഴുതു വണങ്ങും. മനസ്സിനപ്പോള്‍ എന്തൊരാശ്വാസമാണ്...
* * * *
അന്ന് പതിനൊന്നു മണിയായപ്പോള്‍ ഷിബിന്‍ വെറുതെ കുന്നത്തു വീട്ടിലേക്കു പോയി. ചിലപ്പോളവന്‍ വെറുതെയിരിക്കുമ്പോള്‍ കൂട്ടുകാരന്‍ രതീഷിനെകാണാന്‍ പോകുന്നതാണ്. രതീഷ് ചിലപ്പോള്‍ ഷിബിന്റെ വീട്ടിലും വരാറുണ്ട്. വലിയ പണക്കാരന്റെ മകനാണെന്ന ഭാവമൊന്നും രതീഷിനില്ല. ഷിബിനുമായി മകന്‍ കൂട്ടുകൂടുന്നതില്‍ കുന്നത്തുവീട്ടുകാര്‍ക്കു യാതൊരു വിരോധവുമില്ലായിരുന്നു.
''ആ നല്ല കുട്ടിയുടെ കൂടെ നടന്നാല്‍ അവന്‍ കൂടുതല്‍ നന്നാവും...'' സുഭദ്ര മകനെക്കുറിച്ചു പറയാറുണ്ട്.
''ഇപ്പോഴെന്താ രതീഷ് ചീത്തയാണോ അമ്മേ...?''
ശുഭ ചോദിച്ചു.
''അതുകൊണ്ടല്ല മോളേ. നല്ല കൂട്ടുകെട്ടുകള്‍ എപ്പോഴും നമുക്കു ഗുണം ചെയ്യും. നല്ല സൗഹൃദങ്ങള്‍ എത്ര സന്തോഷകരമാണ്.''
''ശരിയാണമ്മേ.'' ശുഭ സമ്മതിച്ചു.
''അതാ ഷിബിന്‍ വരുന്നുണ്ട്.'' ശുഭ വിളിച്ചു പറഞ്ഞു.
''നിനക്കു നൂറായുസ്സാണു മോനേ. നിന്റെ കാര്യം ഞാനും ശുഭയുംകൂടി ഇപ്പോള്‍ പറഞ്ഞതേയുള്ളൂ.''
അതുകേട്ടു ഷിബിന്‍ പുഞ്ചിരിച്ചു.
''രതീഷ് എവിടെ?'' ഷിബിന്‍ ചോദിച്ചു.
''അവന്‍ മുറിക്കകത്തിരുന്ന് എന്തോ പുസ്തകം വായിക്കുന്നു.'' ശുഭയാണു പറഞ്ഞത്.
''വാടാ ഷിബിനെ.'' രതീഷ് വിളിച്ചു.
ഷിബിന്‍ അകത്തേക്കു കയറിപ്പോയി.
''ഗ്രേസീ മോന്‍ വന്നിട്ടുണ്ട്.'' സുഭദ്ര പറഞ്ഞു.
ഗ്രേസി ചായ എടുത്തുകൊണ്ടിരിക്കുകയായിരുന്നു.
''ഇനി മോനൂടെ ചായ കൊടുക്ക്.''
''ശരി സുഭദ്രേച്ചീ.''
ഗ്രേസി ചായയുമായിപ്പോയി.
മുത്തശ്ശിക്ക്, സുഭദ്രേച്ചിക്ക്, ശുഭയ്ക്ക്, രതീഷിന് പിന്നെ ഷിബിന്. എല്ലാവര്‍ക്കും ഓരോ കപ്പു ചൂടുചായ.
''താങ്ക് യൂ അമ്മച്ചീ.'' ഷിബിന്‍ പറഞ്ഞു.
''എന്തിനാടാ ഷിബിനെ.''
''അമ്മച്ചി എനിക്കു ചായ തന്നതിന്.''
''ഈ ചെറുക്കന്റെയൊരു കാര്യം...'' ഗ്രേസി ചിരിച്ചുകൊണ്ടു മുറിവിട്ടുപോയി.
''നീ എന്തു പുസ്തകമാ വായിച്ചുകൊണ്ടിരുന്നതു രതീഷേ.''
''പൂച്ചയണ്ണനും കോഴിച്ചേച്ചിയും. ഒരു നല്ല ബാലനോവലാ.''
''എന്നാ എനിക്കും ഒന്നു വായിക്കാന്‍ തരണം.''
''ഇതാ ഞാനിപ്പോള്‍ വായിച്ചു തീര്‍ന്നതേയുള്ളൂ.''
ഷിബിന്‍ പുസ്തകം വാങ്ങി നോക്കി. നല്ല കവര്‍. പടര്‍ന്നു പന്തലിച്ച ഒരു മരത്തിനു ചുവട്ടില്‍ ഒരു പൂച്ചയും കോഴിയും. കവര്‍ച്ചിത്രം കാണാന്‍ നല്ല ഭംഗി. എഴുത്തുകാരന്റെ പേര് രാമപുരം മണി. ഇദ്ദേഹം ഒരുപാടു ബാലനോവലുകള്‍ എഴുതീട്ടുള്ളയാളാണ്. മങ്കി വാസു, നീര്‍ക്കോലി രാമന്‍. ജോബിയുടെ പേന. അങ്ങനെ...
(തുടരും)