മാര്‍ച്ച് 19 നോമ്പുകാലം അഞ്ചാം ഞായര്‍
ഉത്പ 16:6-16 ജോഷ്വ 9:16-27
റോമ 12:1-11 യോഹ 7:37-39,8:12-20
ദൈവമായ ഈശോയുടെ മനുഷ്യരക്ഷാപദ്ധതിയെ ധ്യാനിച്ച് അവന്റെ തിരുവിലാവില്‍നിന്നുള്ള ജലത്താലും അവന്‍ നല്‍കുന്ന ആത്മാവിനാലും നവീകരിക്കപ്പെടാനുള്ള അവസരമാണ് നോമ്പുകാലം. ഈശോയില്‍നിന്നു മാത്രമല്ല ഈശോയില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്നും ജീവജലത്തിന്റെ അരുവികള്‍ ഒഴുകുമെന്ന് ഈശോ ഉറപ്പിച്ചു പറയുന്നു.
ഷൂറിലേക്കുള്ള വഴിയില്‍, മരുഭൂമിയില്‍, കണ്ണുനീരോടെ അലഞ്ഞുനടക്കുന്ന ഹാഗാറിനെ, ഒരു നീരുറവയുടെ അടുത്തുവച്ചു കര്‍ത്താവിന്റെ ദൂതന്‍ കണ്ടെത്തുന്ന സംഭവമാണ് ഒന്നാം വായനയുടെ (ഉത്പ. 16: 6-16) ഇതിവൃത്തം. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമല്ല, എല്ലാ മനുഷ്യരിലേക്കും തുറക്കുന്ന രക്ഷയുടെ നീരുറവ ദൈവംതന്നെയാണ്. ദൈവത്തിന്റെ സമാശ്വാസത്തില്‍നിന്ന് ഒരാളെയും തള്ളിക്കളയാന്‍ ആര്‍ക്കും അവകാശമില്ല.
എല്ലാവരിലേക്കും തുറക്കുന്ന രക്ഷയുടെ അടയാളമാണ് രണ്ടാം വായനയില്‍ (ജോഷ്വാ 9:16-27) കാണുന്ന ഗിബെയോന്‍കാരുടെ ജീവിതം. തങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ ഗിബെയോന്‍കാര്‍ ഇസ്രായേല്‍ ജനത്തെ വിദഗ്ധമായി കബളിപ്പിച്ചുവെങ്കിലും അവര്‍ക്കും ഇസ്രായേല്‍ജനത്തിന്റെ ഒപ്പം രക്ഷ അനുഭവിക്കാന്‍ അവസരം തുറക്കുന്നു. ഹാഗാര്‍ സാറായുടെ അടുത്തേക്കു തിരികെപ്പോയി അവളോടുകൂടി ജീവിക്കുന്നു (ഉത്പ. 16:9). ഗിബെയോന്‍കാരാകട്ടെ കര്‍ത്താവിന്റെ സന്നിധിയിലേക്കു ബലിയര്‍പ്പണത്തിനാവശ്യമുള്ള വിറകുവെട്ടിയും വെള്ളം കോരിയും ജീവിച്ചു (ജോഷ്വാ 9:27). കര്‍ത്താവാകുന്ന നീരുറവ സങ്കടകാലത്തു കണ്ടെത്തിയ ഹാഗാറും കര്‍ത്താവിന് ആരാധനാബലിയര്‍പ്പിക്കാനായി ജലമെത്തിക്കുന്ന ഗിബയോന്‍കാരും സകല മനുഷ്യരിലേക്കും എത്തുന്ന രക്ഷയുടെ മുന്നാസ്വാദകരാണ്.
വിജാതീയര്‍പോലും ആസ്വദിക്കുന്ന, ദൈവം എന്ന രക്ഷയുടെ നീരുറവയില്‍നിന്നു കുടിക്കാന്‍ അവിടുത്തെ സ്വന്തജനമായ നമ്മെ ദൈവം ക്ഷണിക്കുന്നു (യോഹ. 7:37-39 + 8, 12-20). അവിടുത്തെ പക്കല്‍ നിന്നു ജീവന്റെ ജലം ലഭിക്കും എന്നു മാത്രമല്ല, സ്വഹൃദയത്തില്‍നിന്നു മറ്റുള്ളവര്‍ക്കായി ആ ജീവജലം പകര്‍ന്നുനല്കാന്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയുമെന്നുകൂടി ഈശോ പറയുന്നു (7:37). അതുപോലെ, പ്രകാശമായ ഈശോയെ അനുഗമിക്കുന്നവരും മറ്റുള്ളവരെ പ്രകാശിതരാക്കുമെന്ന ഉറപ്പും ഈശോ നല്‍കുന്നുണ്ട് (8:12).
ജലവും പ്രകാശവും ഭൂമിയുടെ നിലനില്പിന്റെ അടിസ്ഥാനഘടകങ്ങളാണ്. ജലം ജീവസന്ധാരണത്തിനു മാത്രമല്ല ശുദ്ധീകരണത്തിനും ഉപയോഗിക്കുന്നു. പ്രകാശം ഉള്ളതുകൊണ്ടാണ് സസ്യങ്ങള്‍ക്ക് ആഹാരം ഉത്പാദിപ്പിക്കാന്‍ കഴിയുന്നതും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതും. എന്നാല്‍, ദൈവത്തില്‍നിന്നുള്ള പ്രകാശവും ജലവും നിരന്തരം സ്വീകരിച്ചാല്‍ മാത്രമേ ജീവന്റെ വഴിയിലൂടെ മനുഷ്യനു സഞ്ചരിക്കാനാവൂ എന്ന് ഈശോ ഓര്‍മിപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ ആരാധനയുടെ കാതല്‍ ത്രിത്വ സ്തുതിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തെ നമുക്കു വെളിപ്പെടുത്തിയത് ഈശോമിശിഹായാണ്. ത്രിയേകമായ ദൈവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കുന്ന വചനഭാഗംകൂടിയാണ് ഇന്നത്തെ സുവിശേഷം (യോഹ. 8:13-20). തന്റെ ആത്മാവിനെ വാഗ്ദാനം ചെയ്യുന്നതിനൊപ്പം (7:39), ''ഞാന്‍ തനിച്ചല്ല, എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്'' (8:16) എന്ന് ഈശോ സത്യസന്ധമായി ഫരിസേയരോടു പറയുന്നു. ഈശോയെ ദൈവമായി ആരാധിക്കുന്ന നമുക്കുപോലും, ഇന്നും ഈ വാചകത്തിന്റെ അര്‍ഥം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്തതുപോലെ, യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ വെല്ലുവിളിക്കുന്ന വിപ്ലവകാരിയായി അവനെ കരുതിയിരുന്ന അക്കാലത്ത്, ഈ വചനത്തിന്റെ പൂര്‍ണാര്‍ഥം മനസ്സിലാക്കാന്‍ ഫരിസേയര്‍ക്കു കഴിഞ്ഞില്ല എന്നതില്‍ അദ്ഭുതമൊന്നുമില്ല.
ഇതു സംബന്ധിച്ച് രണ്ടു ചിന്തകളാണ് ഈശോ പങ്കുവയ്ക്കുന്നത്. ഒന്നാമത്തേത്, ഈശോയെ അയച്ച പിതാവ് അവിടുത്തോടുകൂടെയുണ്ട് (8:16) എന്നതാണ്. അയച്ച ആള്‍ അയയ്ക്കപ്പെട്ട ആളുടെകൂടെ എങ്ങനെ കാണും എന്ന സംശയം സ്വാഭാവികം. ദൈവത്തിന്റെ അവസ്ഥയെക്കുറിച്ച് ഇത്തരത്തിലുള്ള ഈശോയുടെ പ്രസ്താവനകള്‍തന്നെയാണ് ദൈവത്തില്‍ ഒരേസമയം നടക്കുന്ന ഒന്നിലധികം വ്യക്തിഗത പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചിന്ത വിശ്വാസികളില്‍, പ്രത്യേകിച്ചു ദൈവശാസ്ത്രജ്ഞന്മാരില്‍ അങ്കുരിപ്പിച്ചത്. അയച്ച ഒരാള്‍ അയയ്ക്കപ്പെട്ട ഒരാളുടെകൂടെ കാണണമെങ്കില്‍ അയച്ച ആളുടെയും അയയ്ക്കപ്പെട്ട ആളുടെയും സ്ഥലവും കാലവും (ുെമരല മിറ ശോല) ഒന്നാകണം. നിത്യനായ (ലലേൃിമഹ) ദൈവത്തിനു മാത്രമേ അത്തരമൊരു അവസ്ഥയില്‍ ആയിരിക്കാന്‍ കഴിയൂ എന്നത് നിസ്തര്‍ക്കമാണ്. തന്റെകൂടെ പിതാവുണ്ട് എന്ന് ഈശോ പറഞ്ഞത് 'ഞാനും പിതാവും ഒന്നാണ്' (യോഹ. 10:30) എന്നു പറഞ്ഞതിന്റെ മറ്റൊരു രൂപംതന്നെയാണ്.
ത്രിത്വവുമായി ബന്ധപ്പെട്ട ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ ചിന്ത 'എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു' (8:19) എന്ന ഈശോയുടെ വചനമാണ്. 'എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു' (യോഹ. 10:30) എന്ന് ഈശോതന്നെ ഉറപ്പുതരുന്നുണ്ട്. ഏകദൈവം തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി മനുഷ്യരക്ഷയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈശോയുടെ വാക്കുകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'ഏകദൈവം ത്രിത്വമാണ്' എന്ന ദൈവശാസ്ത്രനിര്‍വചനം, അല്ലെങ്കില്‍ നാം സാധാരണ പറയാറുള്ളതുപോലെ 'ദൈവത്തില്‍ മൂന്നാളുകളുണ്ട്' എന്ന അടിസ്ഥാന കത്തോലിക്കാവിശ്വാസസത്യം ഇടക്കാലത്തു സഭയില്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്ന ആരോപണത്തെ തള്ളിക്കളയുന്നതാണ് ഈശോയുടെ വാക്കുകള്‍. താന്‍ ദൈവമാണെന്ന് ഈശോ സുവിശേഷത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്ന ചില മതതീവ്രവാദികളുടെയും നിരീശ്വര-യുക്തിവാദികളുടെയും ആരോപണത്തെയും ഈശോയുടെ ഈ വചനങ്ങള്‍ തള്ളിക്കളയുന്നു. വളരെ കൃത്യവും വ്യക്തവുമായിത്തന്നെ പിതാവായ ദൈവത്തോടുള്ള തന്റെ ബന്ധം, ദൈവത്തിലുള്ള തന്റെ സ്ഥാനം ഈശോ വിശദീകരിച്ചിരിക്കുന്നു.