•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

ചളി, ചെളി

ളി എന്ന വാക്കിന്റെ രൂപഭേദം മാത്രമാണ് ചെളി എന്നു നിഘണ്ടുകര്‍ത്താക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.* ചേറ്, അഴുക്ക് എന്നീ അര്‍ഥങ്ങള്‍ ഉള്ള ചളി, ചള് ധാതുവില്‍നിന്നത്രേ നിഷ്പന്നമായത്. ചളി വര്‍ണവികാരത്താല്‍ ചെളി എന്നാകുമെങ്കിലും ഇവയ്ക്ക് സമാനപദങ്ങള്‍ എന്ന നില്പ് ഇല്ലാതായിട്ടുണ്ട്. തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍ ഇവയുടെ പ്രയോഗതലം. ചളി - ചെളി എന്നീ പദജോടികളെ സമാനാര്‍ഥപദങ്ങള്‍ എന്ന നിലയില്‍ പ്രമുഖരായ എഴുത്തുകാര്‍ പരിഗണിച്ചിട്ടുണ്ട്. 'ഞാറ്റിന്റെയും ചളിയുടെയും മണം എന്ന് ഒ.വി. വിജയനും 'നല്ല ചെളിനിലങ്ങള്‍' എന്നു കുമാരനാശാനും പ്രയോഗിച്ചിട്ടുണ്ട്. ഇത്തരം സമാനതകള്‍ കണ്ടിട്ടാവണം നിഘണ്ടുനിര്‍മാതാക്കള്‍ ചളിയെയും ചെളിയെയും പര്യായങ്ങളായി കണ്ടത്.
ചളിക്ക് കഫം എന്നും ചെളിക്ക് ചേറ് എന്നും അര്‍ഥവ്യവച്ഛേദം കല്പിക്കാം. രോഗാവസ്ഥയില്‍, ചുമയ്ക്കുകയോ കാറിത്തുപ്പുകയോ ചെയ്യുമ്പോള്‍ വെളിയില്‍ വരുന്ന ശ്ലേഷ്മമാണ് കഫം (ആയുര്‍വേദവിധിപ്രകാരം ത്രിദോഷങ്ങളില്‍ ഒന്ന് - വാതം, പിത്തം, കഫം). ഇംഗ്ലീഷില്‍ ഇതിന് മ്യൂക്കസ് (ാൗരൗ)െ എന്നു പറയുന്നു. നേര്‍ത്ത മണ്ണും വെള്ളവും കൂടിക്കുഴഞ്ഞ ചേറ് (ാൗറ) ആണ് ചെളി. ചെളിക്കുളി (ാൗറ യമവേ) എന്നൊരു ചികിത്സാസമ്പ്രദായംതന്നെ ആയുര്‍വേദത്തിലുണ്ടല്ലോ. വിധിപ്രകാരം ഔഷധങ്ങള്‍ അരച്ചുകുഴച്ച് ചെളിപ്പരുവമാക്കി രോഗിയുടെ ദേഹത്തുപുരട്ടുന്ന ചികിത്സാരീതിയാണത്. മഡ്ബാത്ത് എന്നൊരേര്‍പ്പാട് ഇംഗ്ലീഷികാര്‍ക്കിടയിലും ഉള്ളതായി കേട്ടിട്ടുണ്ട്. ''രോഗിയുടെ വയറ്റില്‍നിന്നു പോകുന്നതില്‍ ചളിയുണ്ട്'' എന്ന് വൈദ്യന്‍ മനസ്സിലാക്കുന്നു. അത്, ശരീരത്തിലോ വസ്ത്രത്തിലോ പറ്റിപ്പിടിച്ച ചെളി അല്ലല്ലോ. ഏതായാലും, നമ്മുടെ ആധുനികപരിഷ്‌കാരങ്ങളില്‍ ചിലരുടെ വ്യവഹാരം ചളിയും ചെളിയും തിരിച്ചറിയാെനയാണ്''* എന്ന നിരീക്ഷണത്തില്‍നിന്ന് ചളി - ചെളിയായപ്പോള്‍ രൂപമാറ്റം മാത്രമല്ല അര്‍ഥവ്യത്യാസവും സംഭവിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. രൂപത്തിനും അര്‍ഥത്തിനും പരിവര്‍ത്തനം സംഭവിക്കുന്നതിന്റെ പിന്നില്‍ പലവിധത്തിലുള്ള സാമൂഹികകാരണങ്ങള്‍ ഉണ്ടാകാം. അവയെല്ലാം കണ്ടെത്തുക എളുപ്പപ്പണിയല്ല.
* ബാലകൃഷ്ണന്‍, ബി.സി., മലയാളമഹാനിഘണ്ടു, എഡിറ്റര്‍, വാല്യം ഢ., കേരള സര്‍വകലാശാലാ പ്രസിദ്ധീകരണം, തിരുവനന്തപുരം, 1985, പുറം - 636
* നാരായണന്‍ വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 43. 

 

Login log record inserted successfully!