ലക്ഷ്മിമുത്തശ്ശി. പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒരൈശ്വര്യം തോന്നുന്നു, അല്ലേ?
പേരുപോലെതന്നെ ലക്ഷ്മിയാണവര്‍. ദേഷ്യം വന്നാല്‍ വമ്പത്തിയാണ്. അങ്ങനെ ദേഷ്യം വരാറില്ല മുത്തശ്ശിക്ക്. വന്നാല്‍ വന്നതു തന്നെ. കുന്നത്തു ശേഖരന്‍തമ്പി കയറിച്ചെന്നപ്പോള്‍ മുത്തശ്ശി വരാന്തയില്‍ കാലും നീട്ടി ഇരിക്കുന്നുണ്ടായിരുന്നു.
നല്ല വെയില്‍ തെളിഞ്ഞിരിക്കുന്നു. മുറ്റത്തും തൊടിയിലുമൊക്കെ വെയിലും നിഴലും കെട്ടുപിണഞ്ഞു കിടക്കുന്നു.
കുടമടക്കി തിണ്ണയില്‍വച്ച് ശേഖരന്‍തമ്പി വരാന്തയില്‍ക്കയറി.
''ശ്ശി നന്നായി വിയര്‍ത്തൂലോ ശേഖരാ നീയ്. വെയിലുകൊണ്ടോ?'' ലക്ഷ്മിമുത്തശ്ശി മകനെ സൂക്ഷിച്ചുനോക്കി പറഞ്ഞു.
''ഇല്ലമ്മേ കുടയുണ്ടായിരുന്നല്ലോ എന്റെ കൈയില്.''
''കുടയുണ്ടായിരുന്നു ശരീന്നെ. പക്ഷേ, അതു നിവര്‍ത്തിപ്പിടിച്ചിരുന്നോ നീയ്...''
''ഉവ്വമ്മേ.''
''ന്നട്ടും നീ വിയര്‍ത്തു.''
''തീപോലുള്ള വെയിലല്ലേ അമ്മേ. കുട ചൂടിയാലും അല്പം വെയര്‍ക്കും.'' ശേഖരന്‍ തമ്പി പറഞ്ഞു.
''ങൂം... ന്നാ നീ കാലും മുഖോക്കെ കഴുകി കുറച്ചു തണുത്ത സംഭാരം കുടിക്ക്. അകത്തെ ചൂട് അല്പം കുറയും.''
''ഓ...'' അയാള്‍ അകത്തേക്കുപോയി.
''സുഭദ്രേ സംഭാരം എടുത്തോ നീയ്.''
''ഇതാ ചേട്ടാ കുടിക്ക്യേ വേണ്ടു.''
''അല്ലേലും എന്റിഷ്ടങ്ങളും നോക്കിക്കണ്ടു ചെയ്യണവളല്ലേ നീ. വമ്പത്തി...'' ശേഖരന്‍തമ്പി സംഭാരം കുടിച്ച് സ്‌നേഹത്തോടെ സുഭദ്രയുടെ മൂക്കിന്മേലൊന്നു നുള്ളി.
''ചേട്ടാ...''
''ഹായ് വേദനിച്ചോ നെനക്ക്.''
''ങൂഹും...''
''ഇന്ന് ഊണിന് എന്താ വട്ടങ്ങള്?''
''അവയില്‍, സാമ്പാര്‍, പുളിശേരി, മെഴുക്കുപുരട്ടി, പപ്പടം കാച്ചിയത്, അച്ചാര്‍... പോരെ.'' കറികളുടെ പേരു പറഞ്ഞ് സുഭദ്ര ചിരിച്ചു. അവളുടെ ദന്തനിരകള്‍ തിളങ്ങി.
''സുഭദ്രേച്ചീ, ഊണു വിളമ്പാറായോ?'' ഗ്രേസി വിളിച്ചു ചോദിച്ചു.
''അല്പനേരം കഴിഞ്ഞു മതി ഗ്രേസീ.''
ശേഖരന്‍ പുറത്തിറങ്ങി അമ്മയുടെ സമീപം ചെന്നിരുന്നു.
''ശേഖരാ, ന്തായി തോട്ടത്തിലെ പണിയൊക്കെ...?''
''തീരാറായമ്മേ. രണ്ടീസം കൂടി കാണും. പണിക്കാരിത്തിരി കൊറവല്ലേ...''
''സാരംല്യ. ഉള്ള പണിക്കാര്‍ക്ക് എന്നും ജോലീണ്ടാവണം.''
''ഞാനും അതു വിചാരിച്ചിട്ടാ അമ്മേ അധികം പേരെ നിര്‍ത്താത്തത്. നമ്മടെ ജോസഫിനും കൊച്ചുരാമനും കുഞ്ഞുചെറുക്കനും എന്നും ബടെ എന്തേലും പണീണ്ടാവണം.'' ശേഖരന്‍ പറഞ്ഞു.
''അതേ, മോനേ. അവരടെയൊക്കെ കാര്‍ന്നോന്മാര് നമ്മടെ പണിക്കാരായിരുന്നു. ആ ഗ്രേസി പാവം പെണ്ണ്. ജോസഫിന്റെ ഭാര്യയേ...''
''സാധു. ഒരു പാവം... ജോലിക്കാണെങ്കിലോ മിടുക്കത്തി.''
രാവിലെതന്നെ ഗ്രേസി കുന്നത്തുവീട്ടിലെത്തും. തോട്ടത്തിലെ പണിക്കാര്‍ക്കു കപ്പപ്പുഴുക്കും മീന്‍കറിയും ഉണ്ടാക്കും. പിന്നെ രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലിയോ ദോശയോ പുട്ടോ മാറിമാറി ഉണ്ടാക്കും. പിന്നെ അതിന്റെ ചട്ട്ണി. മുട്ടക്കറി. വെജിറ്റബിള്‍ക്കറി അങ്ങനെ പലതരം കറികള്‍ മാറിമാറി ഓരോ ദിവസവും ഉണ്ടാക്കണം.
ശേഖരന്‍ തമ്പിക്കു മക്കള്‍ മൂന്നാണ്. മൂത്തമോന്‍ ഹരീഷ് വിദേശത്താണ്. ഒരു ഐ.റ്റി. കമ്പനിയുടെ മാനേജരായി വര്‍ക്കു ചെയ്യുന്നു. രണ്ടാമത്തേതു മോളാണ്. ശുഭ പ്ലസ്ടൂവിനു പഠിക്കുന്നു. ഇളയതൊരു മോനാണ് രതീഷ്. ജോസഫിന്റെ മകന്‍ ഷിബിന്റെ പ്രായക്കാരനാണ്. അവരൊന്നിച്ചാണു പഠിക്കുന്നത്.
ശുഭ മിടുക്കിക്കുട്ടിയാണ്. സുഭദ്ര നല്ല അച്ചടക്കത്തോടെയാണ് മോളെ വളര്‍ത്തുന്നത്. രതീഷ് അല്പം വികൃതിയൊക്കെയാണെങ്കിലും മര്യാദക്കാരനാണ്. ഷിബിനാണ് അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. സ്‌കൂളിലെ റ്റീച്ചര്‍മാരൊക്കെ ഷിബിനെയും രതീഷിനെയുംപറ്റി നല്ല അഭിപ്രായമാണ്. നല്ല കുട്ടികള്‍ എന്നേ എല്ലാവരും അവരെക്കുറിച്ചു പറയാറുള്ളൂ.
''സുഭദ്രേച്ചീ, ഊണു റെഡി.''
ഡൈനിങ് ടേബിളില്‍ ചോറും കറികളും വിളമ്പി ഗ്രേസി പറഞ്ഞു.
ശേഖരന്‍തമ്പി കൈകഴുകി വന്നിരുന്നു.
''അമ്മ ഇപ്പോ ഉണ്ണുന്നില്ലേ?'' സുഭദ്ര ചോദിച്ചു.
''ഇല്ലായിരിക്കും. ബാത്ത് റൂമിലൊക്കെപ്പോയി കുറച്ചു കഴിഞ്ഞേ മുത്തശ്ശി ഉണ്ണൂ...'' മറുപടി പറഞ്ഞതു ഗ്രേസിയാണ്.
(തുടരും)