•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

സ്വര്‍ണക്കുരിശ്

കുന്നത്തുവീട്ടുകാരുടെ ഭൂമിയില്‍ കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുകയാണു ജോസഫ്. കുന്നത്തു ശേഖരന്‍തമ്പിയുടെ വക തെങ്ങിന്‍തോപ്പാണ്. നൂറുകണക്കിനു തെങ്ങുകള്‍. എല്ലാറ്റിനും നന്നായി തടമെടുത്ത് വളമിട്ടു കൊടുക്കണം. എന്നാലേ കാലാകാലങ്ങളില്‍ നല്ല കായ്ഫലമുണ്ടാകൂ. ശേഖരന്‍തമ്പി കുടയും ചൂടി പണിക്കാര്‍ ജോലി ചെയ്യുന്നതു നോക്കി നില്‍ക്കുന്നണ്ട്. ജോസഫിനെക്കൂടാതെ വേറെയും ഏതാനും പണിക്കാരുണ്ട് തെങ്ങിന്‍തോപ്പില്‍.
''ജോസഫേ, നന്നായി തടമെടുത്തോളൂട്ടോ.''
''ഓ... അങ്ങനെയാവട്ടെ.''
''കൊച്ചുരാമാ, നിന്നോടുംകൂടിയാ പറഞ്ഞത്.''
''ഞാനും കേട്ടേ നല്ല ഒന്നാന്തരം തടമെടുത്തോളാമേ...''
''ശരി ശരി. എല്ലാം നിങ്ങള്‍ നന്നായിച്ചെയ്യുമെന്നെനിക്കറിയാം. ന്നാലും ഞാന്‍ വെറുതെ ഒന്നോര്‍മിപ്പിച്ചൂന്നുമാത്രം. വെറുതെ ഈ പറമ്പില്‍ക്കൂടി കൊടയും ചൂടി നടക്കുവല്ലേ ഞാന്‍. ജന്മി... മുതലാളി എന്നൊക്കെയുള്ള വിളി പണ്ടുണ്ടായിരുന്നു. ഞാനതൊക്കെ നിര്‍ത്തിച്ചു. പണിക്കാരെല്ലാം എന്നെ ചേട്ടാന്നോ അമ്മാവാന്നോ ഒക്കെ വിളിച്ചാ മതി. ചിലരെന്നെ 'തമ്പിയദ്യം' എന്നു വിളിക്കുന്നുണ്ട്. ഈ വിളിയെനിക്കിഷ്ടമാടോ.'' കുന്നത്തു ശേഖരന്‍തമ്പി പണിക്കാര്‍ക്കു സമീപം ഒരു നിമിഷം നിന്നു. കൈയിലിരുന്ന കുട താഴെവച്ചു. മുണ്ട് ഒന്നു മുറുക്കിയുടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഒരെണ്ണം തുറന്നിട്ടു. നെഞ്ചിലേക്കൊന്നൂതി. 
''നല്ല ചൂട് അല്ലേ ശേഖരേട്ടാ?'' കൊച്ചുരാമന്‍ ചോദിച്ചു.
''അതേടാ ഭയങ്കരചൂട്. നിങ്ങക്കൊന്നും ചൂടേക്കുന്നില്ലേ...''
''പണിക്കാര്‍ക്കെന്തു ചൂട് തമ്പിയദ്യം. പണി ചെയ്യുമ്പം ഞങ്ങളു ചൂടറിയാറില്ല. അല്ലേ കൊച്ചുരാമാ.''
''ശരിയാ... ജോസഫേട്ടാ.'' 
''കാപ്പി കുടിക്കാറായോ ജോസഫേ.''
''എത്ര മണിയായിക്കാണും?''
''പത്തര.''
''എന്നാ നമ്മക്കു കഴിച്ചാലോ കൊച്ചുരാമാ.'
''ആവാം.''
''വന്നോളൂ.'' ശേഖരന്‍തമ്പി മുമ്പേ നടന്നു. ജോസഫും കൊച്ചുരാമനും കുഞ്ഞുചെറുക്കനും പിന്നാലെ ചെന്ന് പൈപ്പുവെള്ളത്തില്‍ കൈകള്‍ കഴുകി വൃത്തിയുള്ള ഒരു സ്ഥലത്തിരുന്നു.
ഒരു പാത്രത്തില്‍ മരച്ചീനിപ്പുഴുക്കും ഉണക്കമീന്‍കറിയുമുണ്ടായിരുന്നു. മറ്റൊരു പാത്രത്തില്‍ തേങ്ങാച്ചമ്മന്തി. അതു ശേഖരന്‍തമ്പിക്കുവേണ്ടിയാണ്. അദ്ദേഹം രാവിലെ മീന്‍കറി കൂട്ടുകയില്ല. ഉച്ചയ്ക്കും വൈകിട്ടുമൊക്കെക്കഴിക്കും.
''ജോസഫേ, വിളമ്പിക്കോ.'' ശേഖരന്‍തമ്പി പണിക്കാര്‍ക്കു സമീപം തന്നെയിരുന്നു. 
''ശേഖരേട്ടനു വല്ല ദോശയോ ഇഡ്ഡലിയോ രാവിലെ കഴിക്കരുതായിരുന്നോ?'' കൊച്ചുരാമനാണു ചോദിച്ചത്.
''ഓ എന്നും തിന്നുന്നതല്ലേ അതൊക്കെ. വല്ലപ്പഴും നിങ്ങളോടൊപ്പമിരുന്ന് കുറച്ചു പുഴുക്കു തിന്നുന്നതൊരു സുഖമാടോ.''
ജോസഫ് പുഴുക്കും മീന്‍കറിയും വിളമ്പി. ശേഖരന്‍തമ്പിക്കു മാത്രം ചമ്മന്തി വിളമ്പി.
''ചമ്മന്തി നിങ്ങക്കും എടുക്കാം.''
''തമ്പിയദ്യം മീങ്കറി കൂട്ടത്തില്യോ.'' കൊച്ചുചെറുക്കനാണു ചോദിച്ചത്.
''രാവിലെ മാത്രം കൂട്ടത്തില്ല കൊച്ചുചെറുക്കാ. ഉച്ചയ്ക്കും വൈകിട്ടുമൊക്കെ ഇഷ്ടം പോലെ മീങ്കറികൂട്ടും.''
''ഇതാ ശേഖരേട്ടാ കട്ടന്‍കാപ്പി.''
ജോസഫു കൊടുത്ത കാപ്പി വാങ്ങി ശേഖരന്‍തമ്പി കുടിച്ചു. 
''ഞാന്‍ പറയാന്‍ മറന്നു. കുഞ്ഞുചെറുക്കാ, നീയൊരു ചെറുമനാണെന്നു കരുതി എന്നോടു സംസാരിക്കാതിരിക്കരുത്. എടോ വല്ലപ്പഴുമൊക്കെ എന്തെങ്കിലും സംസാരിച്ചില്ലെങ്കിപ്പിന്നെ മനുഷ്യനെ എന്തിനു കൊള്ളാം. ഞാന്‍ നിന്റെ മുതലാളിയും ജന്മിയുമാണെന്നൊന്നും വിചാരിക്കണ്ട ട്ടോ...''
''ഓ സംസാരിച്ചോളാമേ...'' കൊച്ചുചെറുക്കന്‍ വിനീതനായിപ്പറഞ്ഞു.
അവന്റെ വിനയംകണ്ട് ശേഖരന്‍തമ്പി പുഞ്ചിരിച്ചു. തന്റെ അപ്പനപ്പൂപ്പന്മാരൊക്കെയാണെങ്കില്‍ ജന്മിത്തം ഒട്ടും വിട്ടുകൊടുക്കില്ല. തന്റെയച്ഛന്‍ മാധവന്‍തമ്പി ഗജഗംഭീരനായിരുന്നു. അസ്സല്‍ ജന്മി. അടിയാളന്മാരൊക്കെ അടുത്തുചെല്ലാന്‍ പേടിക്കുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. തനിക്കീ മുതലാളിത്തത്തിലും ജന്മിത്തത്തിലുമൊന്നും വലിയ വിശ്വാസം തോന്നീട്ടില്ല. ഒട്ടും ഇല്ലെന്നല്ല. ജന്മിത്തത്തിന്റെ പേരില്‍ ആരെയും ചെറുതായി കാണാന്‍ വയ്യ.
ചെറുമന്മാരൊക്കെ ജന്മികളെ വല്ലാതെ ഭയപ്പെട്ടിരുന്ന ഒരു കാലം...
എല്ലാവരും മനുഷ്യരാണ്. ചിലര്‍ക്കു സ്വത്തും പണവും കുറെ കൂടുതലുണ്ട്. ചിലര്‍ക്ക് ഒട്ടുമില്ല...
എന്താണങ്ങനെ?
 
(തുടരും)
Login log record inserted successfully!