•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

മനുഷ്യനുവേണ്ടി മരിക്കുന്ന ദൈവം

മാര്‍ച്ച് 5  നോമ്പുകാലം
മൂന്നാം ഞായര്‍
ഉത്പ 7:6-24  ജോഷ്വ 5:13-6:5
റോമ 7:14-25  മത്താ 20:17-28

ക്രമമായ ആത്മശോധനയും അതില്‍നിന്നുളവാകുന്ന അനുതാപവും അനുതാപം നല്‍കുന്ന മാനസാന്തരവും നോമ്പുകാലത്തെ ഫലദായകമാക്കുന്നു. യഥാര്‍ഥത്തില്‍, ഈശോയുടെ കുരിശുമരണമാണ് മനുഷ്യന്‍ ചെയ്ത പാപങ്ങള്‍ മായ്ച്ചുകളയുന്നത്. തങ്ങളുടെ പാപങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള കഴിവ് മനുഷ്യര്‍ക്കില്ലാത്തതിനാല്‍, ദൈവം തന്റെ പുത്രനിലൂടെ ഇക്കാര്യം ചെയ്യുന്നു. തന്റെ ഈ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഈശോ, പീഡാനുഭവപ്രവചനങ്ങളിലൂടെ ശിഷ്യന്മാര്‍ക്കു തന്റെ ഭാവിയെക്കുറിച്ച് സൂചന നല്‍കുന്നു.
മത്തായിയുടെ സുവിശേഷത്തിലെ മൂന്നു പീഡാനുഭവപ്രവചനങ്ങളിലെ അവസാനത്തേതും അതിനു ശിഷ്യന്മാര്‍ കൊടുക്കുന്ന പ്രത്യുത്തരവുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ (മത്താ. 20: 17-28) ഉള്ളടക്കം. ഈശോയുടെ യാത്ര ജെറുസലേമിലേക്കാണ് (20:17). ജെറുസലേം ദൈവത്തിന്റെ ആലയം നിലകൊള്ളുന്ന സ്ഥലമാണ്. ദൈവാലയത്തിനുള്ളില്‍ അതിവിശുദ്ധസ്ഥലത്തു ദൈവത്തിന്റെ സാന്നിധ്യമുണ്ട്. യഹൂദന്മാര്‍ എല്ലാവര്‍ഷവും പെസഹാത്തിരുനാളിനോടനുബന്ധിച്ച്  ജെറുസലേം തീര്‍ഥയാത്ര നടത്താറുണ്ട്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജെറുസലത്തേക്കു വരുന്നത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയായിരിക്കും. പാപപരിഹാരം ചെയ്ത്, ദൈവത്തിന്റെ ആലയത്തില്‍ പ്രവേശിച്ച്, അവിടുത്തെ മഹത്ത്വവും അനുഭവിച്ച് തിരിച്ചുപോകാന്‍ ഇസ്രായേല്‍മക്കള്‍ കൊടുക്കേണ്ട ഒരു വിലയുണ്ട്, അത് അവിടെയെത്തിച്ചേരാനുള്ള കഷ്ടപ്പാടിന്റെ വിലയാണ്. ദീര്‍ഘവും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായ ആ യാത്രതന്നെ മാനസാന്തരത്തിന്റെ ഉത്തമലക്ഷണമാണ്. 
ഈശോയാകട്ടെ, യഥാര്‍ഥ ദൈവമഹത്ത്വത്തിന്റെ ഉടമയാണ്, പാപമില്ലാത്തവനാണ്. പക്ഷേ, മനുഷ്യനുവേണ്ടി അവന്‍ പാപപരിഹാരം ചെയ്യുന്നു (20:19). ജെറുസലേമിലേക്കു നടക്കുകയാണവന്‍. വഴിയിലെ കഷ്ടപ്പാടുകളും സഹനങ്ങളും മാത്രമല്ല, ജറുസലേമില്‍ തന്നെ കാത്തിരിക്കുന്നത് മരണമാണെന്ന് അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. പാപം മോചിക്കപ്പെട്ടതിന്റെയും ദൈവമഹത്ത്വത്തില്‍ ആയിരുന്നതിന്റെയും സന്തോഷത്തില്‍ തിരിച്ചുപോരാമെന്ന പ്രതീക്ഷയോടെ സാധാരണജനങ്ങള്‍ ജെറുസലേമിലേക്കു പോകുമ്പോള്‍ അവര്‍ക്കുവേണ്ടി യഥാര്‍ഥത്തില്‍ ആ കര്‍മം നിര്‍വഹിക്കേണ്ടത് താനാണെന്ന ബോധ്യത്തോടെ ഈശോയും ജെറുസലേമിലേക്കു പോകുന്നു. 
ജനത്തെ നയിക്കുന്നത് പെട്ടെന്നു ലഭിക്കാവുന്ന പാപമോചനത്തിന്റെ ആശ്വാസമാണ്. എന്നാല്‍, ഈശോ നല്കുന്നതാകട്ടെ ഒരിക്കലും എടുത്തു മാറ്റപ്പെടാനാവാത്ത ദൈവാനുഭവത്തിന്റെ സ്വാതന്ത്ര്യവും. അതിനു സഹനത്തിന്റെ ജെറുസലേംവഴികളിലൂടെ അവന്‍ നമുക്കുവേണ്ടി നടന്നേ മതിയാവൂ. അവനു മാത്രം നടക്കാന്‍ കഴിയുന്ന വഴിയാണത്. 
ഇക്കാര്യമാണ് സെബദീ പുത്രന്മാര്‍ക്കു മനസ്സിലാകാത്തതും. ഈശോയുടെ മാനവരക്ഷാ ദൗത്യത്തെ ഭൂമിയിലെ ഏതെങ്കിലും രാജ്യം പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട രാജകീയ ജീവിതശൈലിയായി അവര്‍ തെറ്റിദ്ധരിച്ചു. അത്തരമൊരു പരിശ്രമത്തിനു കുറച്ചൊക്കെ കഷ്ടപ്പാടു സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവര്‍ ഈശോയെ അറിയിക്കുന്നുണ്ട് (20:22). ഐഹികമായ ഒരു രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമല്ല ഇതെന്നും, പ്രസ്തുത, രാജ്യത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പിതാവാണ് എന്നും ഈശോ വ്യക്തമായ മറുപടി നല്‍കുന്നു (20:23).  
ദൈവരാജ്യമെന്നാല്‍  തികച്ചും ഭൗമികമായി നേടിയെടുക്കാവുന്ന ഒന്നാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സെബദിയുടെ കുടുംബത്തെയും ഇന്നും അത്തരം നിലപാടുകള്‍ ആവര്‍ത്തിക്കുന്ന നമ്മളില്‍ ചിലരെയും ദൈവരാജ്യത്തിന്റെ ഘടന എത്ര വ്യത്യസ്തമാണെന്ന് ഈശോ പഠിപ്പിക്കുന്നു (20:25). അവിടെ ലോകത്തിന്റെ ക്രമമല്ല പിന്തുടരുന്നത്; ശുശ്രൂഷയും ദാസന്റെ മനോഭാവവുമാണ് അംഗീകരിക്കപ്പെടുന്നത് (20:27). ആ മാതൃക മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള ഈശോയുടെ ശുശ്രൂഷയിലാണ് ദൈവം നടപ്പാക്കിക്കാണിക്കുന്നത് (20:28). ലോകത്തിന്റെ അഹങ്കാരമനഃസ്ഥിതിയും ഭൗതികനേട്ടങ്ങളോടുള്ള ആസക്തിയും നമ്മിലുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കി, ദൈവികമായ ശുശ്രൂഷാമനഃസ്ഥിതിയും ദൈവമഹത്ത്വത്തില്‍ എത്തിച്ചേരുക എന്ന ലക്ഷ്യവും മനസ്സിലുറപ്പിക്കാനുള്ള സുവര്‍ണാവസരമാണു നോമ്പുകാലം. 
മനുഷ്യനിലെ തിന്മയുടെ സ്വാധീനത്തെ ക്രൈസ്തവികമായ എളിമയോടെ സ്വയം ഉദാഹരണമായി നല്‍കിക്കൊണ്ട്  പൗലോസ് സൂചിപ്പിക്കുന്നുണ്ട് (റോമാ 7:14-25). നന്മ ഇച്ഛിക്കുന്ന മനുഷ്യന് അതു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. അത്രയധികം തിന്മയുടെ സ്വാധീനം മനുഷ്യനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു (7:19). എന്നാല്‍, ഈശോമിശിഹായുടെ അനുസരണവും സ്വയംശൂന്യമാക്കലുംവഴി തിന്മയുടെ ഈ സ്വാധീനത്തില്‍നിന്നു നാം മോചിക്കപ്പെട്ടിരിക്കുന്നു എന്ന ബോധ്യം നമുക്കുണ്ടാകണം (7:24,25). 
ദൈവം തന്റെ യഥാര്‍ഥശക്തി കാണിക്കുന്നത്  മനുഷ്യരക്ഷയുടെ കേന്ദ്രഭാഗമായ ഈശോയുടെ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലുമാണ്. കാരണം, അവിടെയാണ് പിതാവിനു പുത്രനെ ബലിയര്‍പ്പിക്കേണ്ടിവരുന്നത്. തന്റെ ഏകജാതനെ ബലിയര്‍പ്പിക്കാനുള്ള കല്പനയാല്‍  അബ്രാഹം പരീക്ഷിക്കപ്പെട്ടതേയുള്ളൂ. ഇവിടെ പിതാവ്  പുത്രനെ മനുഷ്യനായി, മനുഷ്യനുവേണ്ടി വിട്ടുകൊടുക്കുന്നു.  അതിനുമപ്പുറം മരണത്തെ പരാജയപ്പെടുത്തി അവനെ ഉയിര്‍പ്പിക്കേണ്ടിവരുന്നു; മരണത്തെ മറികടക്കുന്ന പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടി തന്റെ പുത്രനെ ഉപയോഗിക്കുന്ന ദൈവത്തിന്റെ കൂടെയിരിക്കലാണ് നോമ്പുകാലം. ദൈവശക്തിയുടെ യഥാര്‍ഥ ഫലം നാം അനുഭവിക്കുന്ന  ഈ സമയം നമുക്കു നന്നായി വിനിയോഗിക്കാം.

Login log record inserted successfully!