•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

സ്വര്‍ണക്കുരിശ്

പുതിയ ബാലനോവല്‍  ആരംഭിക്കുന്നു            
                                   
ഴ പെയ്യുന്ന ഒരു പകല്‍.
ആകാശം ഇരുണ്ടുമൂടിക്കിടന്നു. കറുത്ത മഴമേഘങ്ങള്‍ ആകാശത്തു കൂട്ടംകൂടുന്നു.
തണുത്ത കാറ്റുവീശുന്നു. മഴ കോരിച്ചൊരിഞ്ഞു പെയ്യുകയാണ്.
മുറിക്കകത്തിരുന്ന് ഷിബിന്‍ ജാലകത്തിലൂടെ പുറത്തേക്കു നോക്കി. ഭാഗ്യം, ഇടിമിന്നലില്ല. എന്നാല്‍, നല്ല കാറ്റുണ്ട്. മരച്ചില്ലകള്‍ ഉലഞ്ഞാടുന്നു. ഒന്നും ഒടിഞ്ഞുവീഴാതിരുന്നാല്‍ മതിയായിരുന്നു ഈ കൊച്ചുവീടിന്റെ പുറത്തേക്കെങ്ങാനും വലിയ ശിഖരങ്ങള്‍ ഒടിഞ്ഞുവീണാല്‍ ആകെ പണിയാകും. കര്‍ത്താവേ, കാത്തോളണേ... അവന്‍ മനസ്സില്‍ പ്രാര്‍ഥിച്ചു. അയല്‍ക്കാരുടെ മരങ്ങളുടെ ശിഖരങ്ങള്‍ പലതും തങ്ങളുടെ പുരപ്പുറത്തേക്കാണു ചാഞ്ഞുകിടക്കുന്നത്. അപ്പച്ചനെ ഇതുവരെ കണ്ടില്ലല്ലോ. എന്താവും വൈകുന്നത്? അഞ്ചുമണിക്കു പറമ്പിലെ പണി നിര്‍ത്തും. പിന്നെ ടൗണില്‍പ്പോയി ഒരു ചായകുടിയൊക്കെക്കഴിഞ്ഞ് അപ്പച്ചന്‍ ഇങ്ങെത്തും. മിക്കവാറും കൈയിലൊരു പൊതികാണും. രണ്ടുമൂന്നു പഴംപൊരിയോ ബോണ്ടയോ സുഖിയനോ എന്തെങ്കിലും. ഒരെണ്ണം തനിക്കു കിട്ടും. ഒരെണ്ണം അമ്മച്ചിക്ക്. ബാക്കി ഒന്ന് അപ്പച്ചന്‍തന്നെ തിന്നും. നാടന്‍പലഹാരങ്ങള്‍ വലിയ ഇഷ്ടമാണപ്പച്ചന്.
കൂലിപ്പണിക്കാരനാണെങ്കിലും അപ്പച്ചന്‍ മദ്യപിക്കുമോ എന്നു ചോദിച്ചാല്‍ തീരെ ഇല്ലെന്നു പറയാന്‍ വയ്യ. ചില ദിവസങ്ങളില്‍മാത്രം മദ്യപിക്കും. അന്നു കൈയില്‍ കിട്ടുന്ന കൂലിക്കാശു മുഴുവന്‍ തീരും. ബാക്കി എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മച്ചിയുടെ കൈയില്‍ കൊണ്ടുവന്നുകൊടുക്കും. അമ്മ മുഖം കറുപ്പിച്ചാണെങ്കിലും ഉള്ളതു വാങ്ങും.
''പത്തറുനൂറു രൂപാ കൈയില്‍ കിട്ടുന്നതാ. ബാക്കി വന്നതു മുന്നൂറ് ഉലുവ...'' അമ്മ  അപ്പച്ചനെ കളിയാക്കും. പക്ഷേ, അപ്പച്ചനൊന്നും പറയില്ല.
''ഈ മദ്യപാനം നിങ്ങള്‍ക്കു നിര്‍ത്തിക്കൂടേ ചേട്ടാ.'' അമ്മച്ചി ചിലപ്പോള്‍ ചോദിക്കാറുണ്ട്.
''ഗ്രേസീ, ഞാനൊരു സ്ഥിരം കുടിയനൊന്നുമല്ല. കുടുംബത്തെ മറന്നു ഞാനൊന്നും ചെയ്യുന്നുമില്ല. ഒരു ഞായറാഴ്ചയോ ശനിയാഴ്ചയോ കുറച്ചു മദ്യപിക്കും. എന്റെ ചില കൂട്ടുകാരും കൂടെക്കാണും. അവരൊന്നും ചീത്തയാള്‍ക്കാരല്ല. നല്ല മനുഷ്യരാ. സുകുമാരന്‍, സോമന്‍, മത്തായിച്ചന്‍, ഭാര്‍ഗവന്‍. എല്ലാവരും ഒരേ മനസ്സുള്ളവര്‍. എന്തെങ്കിലും പണി ചെയ്തു ജീവിക്കുന്നവര്‍.'' ജോസഫ്‌ചേട്ടന്റെ സംസാരം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഗ്രേസിക്കു കഷ്ടം തോന്നും.
ഒരു പാവം മനുഷ്യന്‍.
ജോലി ചെയ്യാന്‍ മടിയില്ലാത്തയാള്‍. ഭാര്യയെയും മകനെയും ജീവനായി സ്‌നേഹിക്കുന്നവന്‍. താനെന്തു വഴക്കു പറഞ്ഞാലും എതിരു പറയാറില്ല.
ഓര്‍ത്തുനോക്കിയാല്‍ വളരെ രസകരമാണ് മദ്യപിച്ചുവരുന്ന ദിവസങ്ങളിലെ അപ്പച്ചന്റെയും അമ്മയുടെയും സംസാരം. സംസാരത്തിനിടയ്ക്ക് അമ്മയുടെ ചുണ്ടുകളില്‍ ചിലപ്പോള്‍ പുഞ്ചിരി മിന്നിമറയുന്നതു കാണാം. സത്യത്തില്‍ എതിരുപറയണമെന്നു വിചാരിച്ചല്ല അമ്മച്ചി സംസാരിക്കുന്നത്. ഭര്‍ത്താവിനെ ഒന്നു വിരട്ടാന്‍വേണ്ടിയാണ്. സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മച്ചിയുടെ ഭര്‍ത്താവ് ജോസഫ്. അതായത്, തന്റെ അപ്പച്ചന്‍.
''നിങ്ങളു വല്ലതും കഴിച്ചോ. ഈ ഒരു പഴംപൊരി തിന്നതേ ഉള്ളോ...'' അമ്മച്ചി ലോഹ്യം ചോദിച്ചുതുടങ്ങും.
''പൗലോസിന്റെ ചായക്കടേന്നൊരു ചായ കുടിച്ചു. ഒരു പരിപ്പുവട തിന്നു...''
''വിശപ്പുമാറിയോ?''
''ചങ്കില്‍ക്കുത്തുന്ന വര്‍ത്തമാനം പറയാതെന്റെ ഗ്രേസീ... ഒരു പരിപ്പുവടേം ചായേം എന്നാ ഒണ്ടെടീ...'' 
''പിന്നീ വയറ്റീക്കെടക്കുന്ന മറ്റേ സാധനമോ?''
''വെറും വെള്ളമല്യോ. രണ്ടുപ്രാവശ്യം മൂത്രമൊഴിക്കുമ്പം ശൂ... വയറിപ്പം കാലിയാ.''
''നല്ല പച്ചക്കപ്പ പുഴുങ്ങിയതുണ്ടു തിന്നോ, വെശപ്പുമാറട്ടെ, മോനും വാ.''
ഗ്രേസി പുഴുക്കു വിളമ്പി.
''എന്നാടീ ഇതിനു കൂട്ടാന്‍.''
''മീങ്കറി. അയല മാങ്ങയിട്ടു വെച്ചത്.''
''ഓ, പഷ് ക്ലാസ് കോമ്പിനേഷന്‍. കട്ടന്‍കാപ്പിയൊണ്ടോ ഗ്രേസീ.''
''പിന്നില്ലാണ്ട്.''
കപ്പപ്പുഴുക്ക്. അയല മാങ്ങയിട്ടു വെച്ച മീങ്കറി. കട്ടന്‍കാപ്പി.
ഷിബിനും അപ്പച്ചനും ഇരുന്നു കാപ്പികുടിക്കാന്‍ തുടങ്ങി.
''നീകൂടെ ഇരിക്കെടീ ഗ്രേസീ.''
ഗ്രേസിയും അവരുടെ കൂടെയിരുന്നു കാപ്പി കുടിക്കും. ഇതാണു ഷിബിന്റെ വീട്ടിലെ ചിത്രം.
വീടൊരു സ്വര്‍ഗമാകുന്നത് അവിടെ താമസിക്കുന്നവര്‍ ഇതുപോലെ സ്‌നേഹത്തോടെ ഒത്തുചേരുമ്പോഴാണ്. 
ആ ഇളംതണുപ്പിലിരുന്ന് ഷിബിന്‍ എല്ലാം ഓര്‍ക്കുകയായിരുന്നു.
മഴ തത്കാലം ഒന്നു തുള്ളിയെടുത്തു.
ഇലച്ചാര്‍ത്തുകളില്‍ കാറ്റടിക്കുമ്പോള്‍ മഴവെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു.
(തുടരും)
 
Login log record inserted successfully!