•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

സ്വര്‍ഗമഹത്ത്വത്തില്‍ പ്രവേശിക്കുന്നവര്‍

ഫെബ്രുവരി 26  നോമ്പുകാലം  രണ്ടാം ഞായര്‍
ഉത്പ 5:19-31  ജോഷ്വ 4:15-24
റോമ 6:15-23  മത്താ 7:21-27

വ്യക്തിപരമായ ആത്മശോധനയ്ക്കും അതിന്റെ ഫലമായുള്ള മാനസാന്തരത്തിനും ശ്രദ്ധ നല്‍കേണ്ട കാലമാണ് നോമ്പുകാലം. കര്‍ത്താവിനോടുകൂടെയുള്ള വാസത്തിന്റെ (ഉപവാസത്തിന്റെ) ഈ കാലമാണ് ഒരു കണ്ണാടിയിലെന്നപോലെ നമ്മുടെ ജീവിതത്തെ നോക്കാനും വിലയിരുത്താനും നമ്മെ സഹായിക്കുന്നത്. നോമ്പുകാലത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ നന്നായി ഉപയോഗിക്കുന്നവര്‍ ദൈവപിതാവിന്റെ ഇഷ്ടക്കാരനാകുമെന്നും അവന്‍ പാറമേല്‍ ഭവനം പണിയുന്ന വിവേകമതിയായ മനുഷ്യനു തുല്യനാണെന്നും നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ച നമ്മെ ഓര്‍മിപ്പിക്കുന്നു. 
ദൈവത്തില്‍നിന്നകലുന്ന മനുഷ്യന്റെ അവസ്ഥ മരുഭൂമി യനുഭവത്തിനു തുല്യമാണെന്ന് പഴയനിയമവായനകള്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് ആയുസ്സു കൂടുതലുള്ള അവസ്ഥ ഉണ്ടായിരുന്നെങ്കിലും (ഉത്പ. 5: 19-31) ഭൂമിയിലെ അവന്റെ ക്ലേശകരമായ അധ്വാനവും (5:29) മരണവും (5:20) ഒഴിവാക്കാന്‍ അവനു കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ഒന്നാം വായനയുടെ 22 വാക്യങ്ങളില്‍ നാലു പ്രാവശ്യമാണ് 'അവനും മരിച്ചു' എന്ന പ്രയോഗം നാം കാണുന്നത്. ആയുസ്സ് കൂടുതലുണ്ടെങ്കിലും മരണം അനിവാര്യമായിത്തീരുന്ന മനുഷ്യന്റെ ദൈന്യം ഈ വാക്കുകളില്‍ പ്രകടമാണ്. 
ഇസ്രായേല്‍ജനം കടന്നുപോകേണ്ടിവന്ന മരുഭൂമിയനുഭവത്തിന്റെ കാമ്പും കാതലും രണ്ടാം വായന (ജോഷ്വാ 4:15-24)  ചൂണ്ടിക്കാണിക്കുന്നു. കടന്നുപോകലിന്റെ അനുഭവമാണത്. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് കാനാന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുപോകല്‍. ഇല്ലായ്മയില്‍നിന്ന് ധാരാളിത്തത്തിലേക്കുള്ള കടന്നുപോകല്‍. ''ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദാന്‍ കടന്നു'' (4:22). ഈ കടന്നുപോകലിന് ഇസ്രായേല്‍ജനം കൊടുക്കേണ്ടിവന്ന നീണ്ട വര്‍ഷങ്ങളിലെ അലച്ചിലിന്റെ വിലയുണ്ട്. അതൊരു നോമ്പിന്റെ അനുഭവമാണ്. ഇല്ലായ്മകളിലൂടെയും വല്ലായ്മകളിലൂടെയും കടന്നുപോകേണ്ടിവന്ന നൊമ്പരങ്ങളുടെ നോമ്പായിരുന്നു അത്. 
പക്ഷേ, ദൈവം, നോമ്പിന്റെ, സഹനങ്ങളുടെ കാലത്തും ഇസ്രായേല്‍ജനത്തിന്റെകൂടെയുണ്ടായിരുന്നു, ഗത്‌സെമനിയില്‍ തിരസ്‌കരണത്തിന്റെ അവസരമാണെന്നു കരുതുമ്പോളും പിതാവ് പുത്രനൊപ്പമുണ്ടായിരുന്നു. ഉപവാസകാലത്ത് ഈശോയും പിതാവിനൊപ്പമായിരുന്നു. അതുകൊണ്ടാണ് ഉപവാസകാലം കഴിഞ്ഞപ്പോള്‍ മാത്രം പിശാചിന് ഈശോയെ  പരീക്ഷിക്കാന്‍ കഴിഞ്ഞത്. പിതാവ് കൂടെയുള്ളപ്പോള്‍ പിശാചിന് അവനെ പ്രലോഭിപ്പിക്കാന്‍ കഴിയില്ല. നോമ്പിന്റെ കാലത്തും നാം ദൈവത്തോടൊപ്പമാണ് എന്നു സാരം. 
ഉപവാസത്തിന്റെ ഉണങ്ങിയ നിലം കടന്നു നാം കയറുന്നത് അനുഗ്രഹത്തിന്റെ കാനാനിലേക്കാണ്. അത് അത്ര എളുപ്പമാണ് എന്നു വിചാരിക്കരുത്. ഈശോയുടെ വചനങ്ങള്‍ ശ്രവിച്ച്, അവ അനുസരിക്കുന്നവര്‍ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ്. അവര്‍ മാത്രം മഹത്ത്വത്തിന്റെ ദൈവസാന്നിധ്യത്തിലേക്കു പ്രവേശിക്കും എന്ന് സുവിശേഷം (മത്താ. 7:21-27) ഓര്‍മിപ്പിക്കുന്നു. 
ആരാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയെന്ന ചോദ്യത്തിന് രണ്ടു രീതിയില്‍ നല്‍കപ്പെടുന്ന ഉത്തരമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും (7:21) എന്നതാണ് ഈശോയുടെ ആദ്യത്തെ പരാമര്‍ശം. തന്റെ നാമത്തില്‍ ചെയ്ത കാര്യങ്ങളുടെ എണ്ണം ചൂണ്ടിക്കാണിച്ച് (7:22) എളുപ്പത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്നു വിശ്വസിച്ചിരിക്കുന്ന ചിലരെ തള്ളിപ്പറയുന്ന (7:23) കര്‍ത്താവിനെയും ഇവിടെ കാണാം. ഇപ്രകാരം അവകാശപ്പെടുന്നവര്‍ കര്‍ത്താവിന്റെ നാമത്തില്‍ മറ്റു പലര്‍ക്കും പലതും ചെയ്തുകൊടുത്തു എന്നത് ശ്രദ്ധാര്‍ഹമാണെങ്കിലും, സ്വന്തം ആത്മരക്ഷയ്ക്കായി അവരെന്തു ചെയ്തു, കര്‍ത്താവ് അറിയുന്ന വിധത്തില്‍ തങ്ങളുടെതന്നെ ജീവിതത്തില്‍ അവര്‍ എന്തു ചെയ്തുവെന്നാണ് അവിടുന്ന് ചോദിക്കുന്നത്. 
പാറമേല്‍ ഭവനം പണിയുന്ന വിവേകമതിയായ മനുഷ്യനും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും ((7:24). പാറമേല്‍ ഭവനം പണിയുക എന്നു വച്ചാല്‍ ജീവിതത്തെ ദൈവവചനമാകുന്ന അടിസ്ഥാനത്തിന്മേല്‍ ഉറപ്പിക്കുകയും അവ യനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. തൊട്ടുമുമ്പ് നാം കണ്ട സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതുതന്നെ മറ്റൊരുരീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നുമാത്രം. ദൈവവചനത്തെ ജീവിതത്തില്‍ സ്വീകരിക്കുകയും അതനുസരിച്ചു ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നവര്‍ ദൈവത്തോടൊത്തുള്ള സ്വര്‍ഗമഹത്ത്വത്തില്‍ പ്രവേശിക്കാന്‍ യോഗ്യരാണ്. 
ദൈവവചനത്തെ സ്വീകരിക്കുക എന്നു പറഞ്ഞാല്‍ വചനമായ ഈശോയെ സ്വീകരിക്കുക എന്നതാണല്ലോ അര്‍ഥം.  വചനമായിരുന്നവന്‍ മാംസമായി മനുഷ്യന് ഉള്‍ക്കൊള്ളാന്‍ തക്കവിധത്തില്‍ അവതരിച്ചു. 'എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍' (ലൂക്കാ 22:19), കര്‍ത്താവിന്റെ ഇഷ്ടത്തിന്റെ ഒന്നാമത്തെ ഭാഗം ഇതാണ്. ഈശോയെ കര്‍ത്താവായി സ്വീകരിച്ചുകൊണ്ട് അവന്‍ നമുക്കുവേണ്ടി ഒരുക്കിയ അവന്റെ ശരീരവും രക്തവുമായ വിരുന്നിനെ സ്വീകരിച്ചു സമ്പുഷ്ടരാകുക. 
ഈശോയുടെ ശരീരരക്തത്താല്‍ ഊര്‍ജം സ്വീകരിക്കുന്നവര്‍ മാത്രമാകാതെ അതനുസരിച്ചു സമൂഹത്തില്‍  ജീവിക്കുന്നവര്‍കൂടിയാകണം. 'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല' (മത്താ. 7:23) എന്ന ഈശോയുടെ വചനം അവനായി വിട്ടുകൊടുക്കാത്ത നമ്മുടെ നിലപാടുകളോടുള്ള വിമര്‍ശനമാണ്. അത് ദൈവത്തിന്റെ കാഴ്ചപ്പാടില്‍ അനീതിയാണ്. ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും തിരിച്ച് അവിടുത്തേക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നതു ശരിയല്ലല്ലോ. നമ്മെത്തന്നെ ദൈവത്തിന്റെ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കുമ്പോള്‍ മാത്രമാണ് ദൈവത്തിനു നമ്മെ അറിയാനാകുക. ആ അറിവിന്റെ നിറവാണ് സ്വര്‍ഗരാജ്യം. 
'ദൈവികനീതിയുടെ അടിമകളാണ് ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍' എന്ന ആശയത്തില്‍, ഇക്കാര്യം കുറച്ചുകൂടി വ്യക്തമായി  റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ (റോമാ 6:15-23) പൗലോസ്ശ്ലീഹാ സൂചിപ്പിക്കുന്നു. ഈശോമിശിഹായുടെ കൃപയിലേക്കു നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ 'നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകളായി' (6:16) നാം മാറുന്നു. അശുദ്ധിയും അനീതിയുമടങ്ങുന്ന പാപങ്ങളുടെ അടിമകളായിരിക്കുന്നതിലും നല്ലത് ദൈവികനീതിയുടെ അടിമകളായിരിക്കുന്നതല്ലേ എന്ന ചോദ്യം പൗലോസ് മുന്നോട്ടുവയ്ക്കുന്നു. പാപത്തിന് അടിമകളായിരിക്കുമ്പോള്‍ ലഭിക്കുന്നത് നാശവും മരണവുമാണ് (6:21). എന്നാല്‍, ''ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നത് വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്'' (6:21). 
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതും ദൈവത്തിന് അടിമകളായിരിക്കുക എന്നു പറയുന്നതും ഒരേ കാര്യം തന്നെയാണ്. ആരും മറ്റൊരാള്‍ക്ക് അടിമയല്ല, ഓരോരുത്തരും സ്വതന്ത്രരാണ് എന്ന അമിതസ്വാതന്ത്ര്യബോധത്തില്‍ ക്രമേണ പിശാചിന്റെ അടിമത്തത്തിലേക്കുപോകുന്ന മനുഷ്യന്‍ നാശത്തിലേക്കുതന്നെയല്ലേ നീങ്ങുന്നത്? നന്മയും സ്‌നേഹവും കരുണയുമൊക്കെയടങ്ങുന്ന നല്ല പുണ്യങ്ങള്‍ പഠിപ്പിക്കുകയും നല്‍കുകയും ചെയ്യുന്ന ദൈവത്തിന്റെ അടിമയെന്നു പറയാനും അങ്ങനെ ജീവിക്കാനും നാം മടിക്കുന്നതെന്തിന്? ദൈവികനന്മകളെയും ദൈവികനീതിയില്‍ അടിസ്ഥാനമിട്ട പുണ്യങ്ങളെയും പ്രാവര്‍ത്തികമാക്കി, ദൈവപിതാവിന്റെ  അടിമകളാണ് എന്ന് പൂര്‍ണബോധ്യത്തോടെ നമുക്ക് ഈ നോമ്പുകാലത്തു പ്രഖ്യാപിക്കാം.

Login log record inserted successfully!