•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

ദൈവത്തെ മാത്രമേ പൂജിക്കാവൂ

ഫെബ്രുവരി 19 നോമ്പുകാലം ഒന്നാം ഞായര്‍
പുറ 34:27-35  ഏശ 58:1-10
എഫേ 4:17-24  മത്താ 4:1-11

ബെത്‌ലെഹെമില്‍ ജനിച്ച് നസ്രത്തില്‍ വളര്‍ന്ന ഈശോ, മിശിഹാതന്നെയാണെന്ന് ഉറപ്പുതരുന്ന ദനഹാക്കാലം കടന്നുപോയി. ഈശോയാണ് മിശിഹാ, രക്ഷകന്‍ എന്ന  വിശ്വാസത്തിന്റെ ഉറപ്പിന്മേല്‍ മനുഷ്യരക്ഷയുടെ പ്രധാനപ്പെട്ട മുഹൂര്‍ത്തത്തിലേക്കു നാം കടക്കുകയാണ്. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ കേന്ദ്രഭാഗമാണ് നോമ്പുകാലം. ഈശോയുടെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും ധ്യാനിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെയും ശുദ്ധീകരണത്തിന്റെ വഴികളിലൂടെ നയിക്കുന്നു. ദൈവം മനുഷ്യനുവേണ്ടി പാപപരിഹാരം ചെയ്ത് അവനെ തന്റെ മഹത്ത്വത്തിലേക്കു തിരികെക്കൊണ്ടുവരുന്ന അനുഭവമാണ് നോമ്പുകാലം സൃഷ്ടിക്കുന്നത്.
നോമ്പുകാലത്തിന്റെ ആദ്യഞായറാഴ്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷണമാണ് നാം ധ്യാനിക്കുന്നത്. ദൈവത്തിന്റെ പ്രകാശത്തില്‍ ആയിരിക്കാനും ആ പ്രകാശത്തെ ഉപയോഗിച്ച് പിശാചിന്റെ അന്ധകാരത്തെ ഇല്ലാതാക്കാനും ഈശോയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു. 
പുറപ്പാടിന്റെ പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായന (പുറ. 34:27-35) കര്‍ത്താവിനോടുകൂടെ നാല്പതു രാവും നാല്പതു പകലും ചെലവഴിച്ച മോശയുടെ (34:28) ജീവിതമാണു വരച്ചുകാണിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ ഫലമായി മോശയ്ക്ക് രണ്ടനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ഒന്ന്, പത്തു പ്രമാണങ്ങള്‍ അടങ്ങിയ കല്പലകകള്‍ (34:29മ). രണ്ട്, ദൈവവുമായി സംസാരിക്കുമ്പോള്‍ മോശയ്ക്കു ലഭിക്കുന്ന തേജോമയമായ മുഖം (34, 29യ). പത്തുപ്രമാണങ്ങള്‍ മനുഷ്യരെ പ്രകാശിപ്പിക്കുന്ന ദൈവത്തിന്റെ വചനത്തിന്റെ ചുരുക്കമാണ്. തേജോമയമായ മുഖമാകട്ടെ, ദൈവത്താല്‍ ആഗിരണം ചെയ്യപ്പെട്ട മോശയെന്ന മനുഷ്യന്റെ രൂപാന്തരീകരണ അടയാളവും. 
രണ്ടായാലും മനുഷ്യര്‍ ഭയപ്പെടും (34:30). മനുഷ്യന്റെ ജീവിതത്തെ ഒരു കണ്ണാടിയില്‍ എന്നപോലെ പ്രതിഫലിപ്പിക്കുന്ന പ്രകാശമാണ് പത്തുകല്പനകള്‍. ദൈവത്തിന്റെയടുത്ത് കല്പനകളുടെ പലകയില്‍ പിടിച്ചു നില്‍ക്കുന്നവനും പ്രകാശിക്കും. അതിന്റെ ഉദാഹരണമാണ് രണ്ടാം വായനയില്‍ (ഏശ. 58:1-10) നാം കാണുന്നത്. കല്പനയുടെ പ്രകാശത്തില്‍ നടക്കുന്നവന്റെ ''വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും'' (ഏശ. 58:8). അവന്റെ പ്രവൃത്തികള്‍ നന്മയുടെ പ്രവൃത്തികളാണ്. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുക, ബന്ധനത്തിന്റെ കയറുകള്‍ അഴിക്കുക, അടിമകളെ സ്വതന്ത്രരാക്കുക, ഇവയൊക്കെ ദൈവം ആഗ്രഹിക്കുന്ന  ഉപവാസത്തിന്റെ പ്രവൃത്തികളാണെന്ന് ഏശയ്യാ പറയുന്നു (ഏശ. 58:6). വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുക, ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുക, നഗ്‌നനെ ഉടുപ്പിക്കുക, സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക ഇവയൊക്കെ വെളിച്ചമുള്ളവന്റെ ലക്ഷണങ്ങളുമാണ് (ഏശ. 58:7,8). ഉപവാസത്തിന്റെ പ്രവൃത്തികളും പ്രകാശത്തിന്റെ പ്രവൃത്തികളും ഒന്നു തന്നെ. യഥാര്‍ഥത്തില്‍ കര്‍ത്താവിനോടുകൂടെ ആയിരിക്കുന്നവന്‍ (ഉപവസിക്കുന്നവന്‍) പ്രകാശത്തിലാണ്. 
പ്രകാശമായ ഈശോയുടെ ഉപവാസമാണ് സുവിശേഷത്തിന്റെ കാതല്‍ (മത്താ. 4:1-11). നോമ്പു നോക്കുക എന്നത് ഉപവസിക്കലാണ്, പ്രകാശമായ ദൈവത്തിന്റെകൂടെ ആയിരിക്കലാണ്. ''ഈശോ നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു'' (4:2). എന്നുവച്ചാല്‍, ഈശോ ദീര്‍ഘനാളുകള്‍ പിതാവിന്റെ ഒപ്പം ആയിരുന്നു. പിതാവും പുത്രനും ഒന്നാണെന്ന ധ്യാനത്തിന്റെ പ്രകടമായ ഉദാഹരണം. പ്രകാശത്തിന്റെയും നന്മയുടെയും തെളിച്ചം എവിടെയുണ്ടോ അവിടെ അവന്‍ വരും, പ്രലോഭകന്‍! (4:3). അതിനൊരു കാരണവുമുണ്ട്. ഈശോയ്ക്കു വിശന്നത്രേ! (4:2യ). എന്തിനാണ് ഈശോയ്ക്കു വിശന്നത്? മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയുള്ള വിശപ്പായിരിക്കണം അത്. പ്രലോഭകന്, പിശാചിന് അതിഷ്ടപ്പെടാന്‍ യാതൊരു സാധ്യതയുമില്ല. കാരണം, അനുസരണക്കേടിന്റെ, പാപത്തിന്റെ അടിമത്തത്തില്‍ മനുഷ്യന്‍ തുടര്‍ന്നാലേ പിശാചിന്റെ വിശപ്പ് മാറുകയുള്ളൂ. നേരേ തിരിച്ചാണ് ദൈവത്തിന്റെ കാര്യം. മനുഷ്യന്‍ പ്രകാശത്തിന്റെ പാതയിലൂടെ നടക്കുമ്പോള്‍, നന്മ ചെയ്യുമ്പോള്‍ ദൈവത്തിന്റെ വിശപ്പ് മാറും. 
മനുഷ്യനായ ഈശോയുടെ മുന്നില്‍ പിശാച് നല്‍കുന്ന മൂന്നു പ്രലോഭനങ്ങള്‍; ജീവിക്കാനുള്ള ആഗ്രഹം, ദൈവമാകാനുള്ള ആഗ്രഹം, അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള ആഗ്രഹം എന്നിവയാണ്. മനുഷ്യന്റെ അദമ്യമായ ആഗ്രഹം നിരന്തരം ജീവിക്കണമെന്നതാണ്. നൂറുകണക്കിനു മരണവാര്‍ത്തകള്‍ കേള്‍ക്കാറുണ്ടെങ്കിലും,  മരണത്തിലേക്കു പ്രവേശിക്കുന്ന നിമിഷംവരെ അത് നമുക്കുംകൂടിയുള്ളതാണെന്നു നാം ചിന്തിക്കാറില്ല. അധ്വാനിച്ചു വിശപ്പകറ്റാനുള്ള ഏകകാരണം പട്ടിണികിടന്നാല്‍ മരിച്ചുപോകും എന്നതുകൊണ്ടുമാത്രമാണ്. ഒരു ചാണ്‍ വയറുണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മറ്റെന്തു ജോലി? എന്നാല്‍ ഈശോ പറയുന്നു, ദൈവത്തിന്റെ വചനം നല്‍കുന്ന ജീവനാണ് പ്രധാനം. ''ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍'' (മത്താ. 10:28). അവനാണ് ഈശോയുടെ മുന്നില്‍ ജീവിതമെന്ന പ്രലോഭനവുമായി നില്‍ക്കുന്നത്. 
മനുഷ്യനു നേരിടേണ്ടിവരുന്ന രണ്ടാമത്തെ പ്രലോഭനം ദൈവമാകാനുള്ള ആഗ്രഹമാണ്. ആദിമാതാപിതാക്കള്‍ക്ക് ഉണ്ടായ പ്രലോഭനവും അതത്രേ! ദൈവമാകുക നടപ്പില്ലാത്ത കാര്യമാണ്. എന്നാല്‍, ദൈവത്തെപ്പോലെയാകാന്‍ ശ്രമിക്കേണ്ടതുമുണ്ട്. ഈ പ്രലോഭനത്തില്‍ എല്ലാത്തിന്റെയും അധികാരിയും നിയന്താവും താന്‍തന്നെയാണെന്ന് മനുഷ്യന്‍ സ്വയം പുകഴ്ത്തുകയാണ്. അങ്ങനെ ദൈവത്തെത്തന്നെ അവന്‍ പരീക്ഷിക്കുന്നു. അത് എത്രമാത്രം അബദ്ധജടിലമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍, അങ്ങനെ ആഗ്രഹിക്കുന്നവരും അതിനുവേണ്ടി മനക്കോട്ട കെട്ടുന്നവരുമുണ്ട് എന്നതും വസ്തുതയാണ്. 
മനുഷ്യനുണ്ടാകാവുന്ന മൂന്നാമത്തെ പ്രലോഭനം സമ്പത്തിനും അധികാരത്തിനുംവേണ്ടിയുള്ളതാണ്. നിരന്തരം ജീവിക്കണമെന്ന ആഗ്രഹത്തോടെ ഓട്ടം ആരംഭിക്കുന്ന മനുഷ്യന്‍, പക്ഷേ, ഇടയില്‍ വീണുപോകുന്നു. അപ്പോള്‍ മനുഷ്യന്റെ സമ്പത്തും അധികാരവുമൊന്നും ശാശ്വതമല്ല. ശാശ്വതമായതു ദൈവത്തിന്റെ സമ്പത്തും അധികാരവുംമാത്രം. 
ഈ മൂന്നു പ്രലോഭനങ്ങളെയും ഈശോമിശിഹാ നേരിടുന്നത് പിശാചിന്റെ സ്ഥാനത്തേക്ക് ദൈവത്തിന്റെ പ്രകാശം നിറച്ചുകൊണ്ടാണ് (മത്താ. 4: 3,7,10). ദൈവത്തിന്റെ വചനമാണ് യഥാര്‍ഥ ജീവന്‍ നല്‍കുന്നത് (മത്താ. 4:4). മനുഷ്യന്റെ ശക്തിയോ ബുദ്ധിയോ അല്ല, ദൈവത്തിന്റെ കാരുണ്യമെന്ന വലിയ സമ്പത്താണ് ഈശോ മിശിഹായിലൂടെ ലഭിക്കുന്നത് (മത്താ. 4:7), അതിനാല്‍, ദൈവത്തെ മാത്രമേ പൂജിക്കാവൂ (മത്താ. 4:10). 
പിശാചിന്റെ അന്ധകാരത്തെ ദൈവത്തിന്റെ ശക്തിയാല്‍ മറികടക്കുകയും പ്രലോഭകനെ ഇല്ലാതാക്കുകയും ചെയ്യുക എന്നത് ഈശോയില്‍നിന്നു നാം പഠിക്കേണ്ട പാഠമാണെന്ന് പൗലോസ് അപ്പോസ്‌തോലന്‍ തന്റെ ലേഖനത്തില്‍ (എഫേ. 4: 17-24) സൂചിപ്പിക്കുന്നു. ഒരു കാലത്ത് ദൈവത്തെ അറിയാതെ അന്ധകാരത്തില്‍ നടന്നവര്‍ക്ക് ഇനി ഈശോ പഠിപ്പിച്ച സത്യത്തിന്റെ വഴിയുണ്ട്. 
നോമ്പുകാലം അന്ധകാരത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് പ്രകാശത്തിന്റെ ദൈവത്തെ ജീവിതത്തില്‍ സ്വീകരിക്കാനുള്ള സമയമാണ്. സത്യത്തിന്റെ പാഠങ്ങള്‍ ഈശോയില്‍നിന്നു പഠിച്ച് ജീവിതത്തെ നവീകരിച്ച് നമ്മുടെ രക്ഷയ്ക്കുവേണ്ടി ഒരുങ്ങാം. നോമ്പുകാലത്തിന്റെ ചൈതന്യം സ്വീകരിച്ച് മുന്നോട്ടുപോകാം. ദൈവം അനുഗ്രഹിക്കട്ടെ.

Login log record inserted successfully!