•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഈശോതന്നെയാണ് മിശിഹാ

ഫെബ്രുവരി 12  ദനഹാക്കാലം  ആറാം ഞായര്‍
നിയ 24:14-22  ഏശ 63:7-16
ഹെബ്രാ 8:1-6  യോഹ 3:22-31

പൂര്‍ണദൈവവും പൂര്‍ണമനുഷ്യനുമായ ഈശോമിശിഹാ ഭൂമിയില്‍ അവതരിച്ചതിന്റെ ലക്ഷ്യത്തെയും ദൈവവുമായുള്ള അവന്റെ  ബന്ധത്തെയും ധ്യാനിക്കുന്ന ദനഹാക്കാലം സമാപിക്കുകയാണ്. അടുത്ത ഞായറാഴ്ച ഈശോയുടെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യപ്രാപ്തിയെ  ധ്യാനിക്കുന്ന നോമ്പുകാലം ആരംഭിക്കുകയാണ്. അതിനാല്‍ത്തന്നെ ദനഹാക്കാലത്തിന്റെ ഈ അവസാനഞായറാഴ്ച ഈശോയെ ചൂണ്ടി അവന്‍തന്നെയാണ് മിശിഹാ എന്നുറപ്പിക്കുന്ന സ്‌നാപകന്റെ വാക്കുകളും അതിനു പിന്തുണ നല്‍കുന്ന വചനഭാഗങ്ങളുമാണ് സഭ ധ്യാനിക്കുന്നത്. ഈശോ, ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായാണെന്നും അവന്‍ പൂര്‍ണദൈവവും പൂര്‍ണ മനുഷ്യനുമാണെന്നും അവന്‍ ഈ ഭൂമിയിലേക്കു വന്നത് മനുഷ്യനു സ്വയമേവ സാധിക്കാന്‍ കഴിയാതിരുന്ന രക്ഷ (ദൈവമഹത്ത്വത്തിലേക്കുള്ള പ്രവേശനം, നിത്യജീവന്‍) അവനു നേടിക്കൊടുക്കുന്നതിനുമാണെന്നുള്ള അടിസ്ഥാനവിശ്വാസത്തോടെയേ നോമ്പുകാലത്തേക്കു നമുക്കു പ്രവേശിക്കാനാകൂ. അതിനായുള്ള തെളിവുകളും സാക്ഷ്യങ്ങളും നല്‍കി നമ്മെ ഈശോയിലുള്ള വിശ്വാസത്തില്‍ ഉറപ്പിക്കുകയാണ് ഇന്നത്തെ വായനകള്‍. 
കാരുണ്യവും പങ്കുവയ്ക്കലും തന്റെ ജനത്തിന്റെ കടമകളാക്കി ദൈവം പ്രഖ്യാപിക്കുമ്പോള്‍  (നിയമാ. 24:14-22) തന്റെ ജനത്തെ അവിടുന്ന് ഓര്‍മിപ്പിക്കുന്ന രണ്ടു വസ്തുതകളുണ്ട്. ഒന്ന്, ഇസ്രായേല്‍ജനം തങ്ങളുടെ ഇടയിലുള്ള വിദേശികളോടും പാവപ്പെട്ടവരോടും എന്തുകൊണ്ടു കരുണ കാണിക്കണമെന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്നു. ''നീ ഈജിപ്തില്‍ അടിമയായിരുന്നെന്നും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അവിടെനിന്നു മോചിപ്പിച്ചുവെന്നും ഓര്‍ക്കണം'' (24:18). ഈശോയില്‍ പൂര്‍ത്തിയായ രക്ഷയുടെ കാരണവും ഇതുതന്നെയാണ്. പാപത്തിനടിമയായി ദൈവവുമായുള്ള ബന്ധം തിരസ്‌കരിക്കുന്ന മനുഷ്യാ, നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ പാപത്തിന്റെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുന്നു എന്നു നീ ഓര്‍ക്കണം!
രണ്ട്, ''മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം'' (24:16). മനുഷ്യനുവേണ്ടി ദൈവം നല്‍കുന്ന നിയമം ദൈവം തനിക്കുതന്നെ ബാധകമാക്കുന്നില്ല എന്നു നാമോര്‍ക്കണം. അപ്രകാരമായിരുന്നെങ്കില്‍ മനുഷ്യന്‍ തന്റെ പാപങ്ങള്‍ക്കുവേണ്ടി വധിക്കപ്പെടേണ്ടിവരുമായിരുന്നു. എന്നാല്‍, മനുഷ്യനുവേണ്ടി ദൈവം നല്‍കിയ നിയമം, തനിക്കു ബാധകമാക്കാതെ ദൈവം മനുഷ്യന്റെ പാപങ്ങള്‍ക്കുവേണ്ടി തന്റെ പുത്രനെ മരണത്തിനു വിട്ടുകൊടുത്ത്, എല്ലാ മനുഷ്യര്‍ക്കുമായി ഒരിക്കല്‍ മാത്രം, എന്നേക്കുമായി പാപപരിഹാരം ചെയ്യുന്നു. അങ്ങനെ, പാപത്തിന്റെ ഫലമായ മരണത്തില്‍നിന്നും രക്ഷയുടെ അടയാളമായ നിത്യജീവനിലേക്ക് അവനെ നയിക്കുന്നു. 
ദൈവം തന്റെ ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുന്നതിനെ ഏശയ്യായും സൂചിപ്പിക്കുന്നുണ്ട് (ഏശ. 63:7-16). ''അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്'' (63:9). കാലാകാലങ്ങളായി ഇസ്രായേല്‍ ജനത്തോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ദൈവത്തെ ജനം എതിര്‍ക്കുന്നതായും ഏശയ്യാ സൂചിപ്പിക്കുന്നു: ''എന്നിട്ടും അവര്‍ എതിര്‍ത്തു'' (63:10). ഇസ്രായേല്‍ ജനത്തില്‍നിന്ന് ദൈവം പിന്‍വലിക്കുന്ന സ്‌നേഹത്തെയും കൃപയെയുംകുറിച്ച് ഇസ്രായേല്‍ ജനം ബോധവാന്മാരാണെങ്കിലും (63:15) ദൈവത്തെ എതിര്‍ത്ത് അനുസരണക്കേടിലേക്കു പോകുന്ന അവരുടെ സ്വഭാവം മാറുന്നില്ല.
ഈശോയാണ് മിശിഹാ എന്നുള്ള പൊതുബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പ്രവാചകനാണ് സ്‌നാപകയോഹന്നാന്‍. അദ്ദേഹത്തിന്റെ ജനനലക്ഷ്യവും അതുതന്നെയാണല്ലോ. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് ഈശോ (യോഹ. 1:29) എന്നുള്ള പ്രസ്താവനയോടെ ഈശോയുടെ ദൗത്യത്തെ വ്യക്തമായി സ്‌നാപകന്‍ പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തിനു പൂര്‍ണത നല്‍കുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത് (യോഹ. 3:22-31). 
യോഹന്നാന്റെ കാഴ്ചപ്പാടില്‍ ഭൂമിയും സ്വര്‍ഗവും തമ്മില്‍ വലിയ  വ്യത്യാസമുണ്ട്. അത് ഇവിടെ ഈശോയും സ്‌നാപകനും തമ്മിലുള്ള താരതമ്യപ്പെടുത്തലില്‍ പ്രകടമാണ്. അദ്ദേഹം ഈശോയെ ഉന്നതത്തില്‍നിന്നുള്ളവനായും തന്നെത്തന്നെ ഭൂമിയില്‍നിന്നുള്ളവനായും ചൂണ്ടിക്കാണിക്കുന്നു (3:27.31). ഉന്നതത്തില്‍നിന്നു വരുന്നവര്‍ക്കു വഴിമാറിക്കൊടുക്കുകയെന്നത് സൃഷ്ടികളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം  കരണീയമാണ്.  അതുകൊണ്ട് യോഹന്നാന്‍ കളമൊഴിയുകയാണ്: നിരാശയോടെയല്ല, പൂര്‍ണമായ സന്തോഷത്തോടെ (3:29). കാരണം, തന്റെ ജനനത്തിന്റെ ലക്ഷ്യം പൂര്‍ണമായും സാക്ഷാത്കരിക്കപ്പെടുന്നതിന് അവന്‍ സാക്ഷിയാകുന്നു.
താന്‍ മിശിഹായല്ല, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധം എളിമയോടെ ജീവിക്കാന്‍ സ്‌നാപകനെ സഹായിക്കുന്നു. ഇക്കാര്യം സ്‌നാപകന്‍ നേരത്തേതന്നെ തന്റെ ശിഷ്യരോടു സൂചിപ്പിച്ചിരുന്നു എന്ന കാര്യം അദ്ദേഹം അവരെ ഓര്‍മിപ്പിക്കുന്നുണ്ട് (3:28). അതിനാല്‍, മിശിഹായെ കാണുമ്പോള്‍ താന്‍ ആര്‍ക്കുമുമ്പേ അയയ്ക്കപ്പെട്ടുവോ അവന്‍ ആഗതനായിരിക്കുന്നുവെന്നും, ഇനി തന്റെ ആവശ്യമില്ല എന്നും യോഹന്നാന്‍ തിരിച്ചറിയുന്നു. യോഹന്നാന്‍ ജലം കൊണ്ടാണ് മാമ്മോദീസ നല്‍കുന്നതെങ്കില്‍, ആത്മാവിനെക്കൊണ്ടു സ്‌നാനം നല്‍കുന്നവന്‍ ഇതാ ഇവിടെ നില്‍ക്കുന്നു. അതിനാല്‍, താന്‍ മാറിക്കൊടുക്കേണ്ടവനാണെന്ന് യോഹന്നാന്‍  തിരിച്ചറിയുന്നു. 
പാപപരിഹാരത്തിനുള്ള യഥാര്‍ഥ കുഞ്ഞാടായി മാറേണ്ടവന്‍ ഈശോയാണെന്ന തിരിച്ചറിവ് നല്‍കിക്കൊണ്ട് പാപപരിഹാരത്തിന്റെ നോമ്പുകാലത്തേക്ക് ഹെബ്രായലേഖനം നമ്മെ നയിക്കുന്നു (ഹെബ്രാ. 8:1-6). ഭൂമിയിലുള്ള പുരോഹിതരില്‍നിന്നും പ്രവാചകന്മാരില്‍നിന്നും വ്യത്യസ്തമായി ദൈവംതന്നെ, തന്റെ പുത്രനിലൂടെ രക്ഷയ്ക്കുവേണ്ടിയുള്ള പാപപരിഹാരം  നിര്‍വഹിക്കുന്നു. മറ്റെന്തു സമര്‍പ്പിച്ചാലും പാപപരിഹാരത്തിനു മതിയാകില്ല എന്നു വരുന്ന സമയത്ത് ഈശോമിശിഹാ ബലിയര്‍പ്പകനും ബലിവസ്തുവുമാകുന്നു. ഈശോമിശിഹായാകുന്ന ദൈവംതന്നെയാണ് നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നവനും ബലിവസ്തുവുമെന്നു തിരിച്ചറിയുന്ന നമുക്ക് പാപപരിഹാരം അവനില്‍ നേടാമെന്നു ഉറച്ചബോധ്യത്തോടെ നോമ്പിലേക്കു പ്രവേശിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)