•  9 May 2024
  •  ദീപം 57
  •  നാളം 9
ശ്രേഷ്ഠമലയാളം

ശൗചാലയം

ദുഃഖം, വിലാപം, കരച്ചില്‍ എന്നെല്ലാം അര്‍ഥമുള്ള ഒരു സംസ്‌കൃതവാക്കാണ് ശോചനം. ശോചനശബ്ദത്തോട് ആലയം ചേര്‍ത്ത് ശോചനാലയം (ശോചന+ആലയം =  ശോചനാലയം) എന്ന സമസ്തപദം സൃഷ്ടിക്കാം. ആലയത്തിന് വീട്, വാസസ്ഥാനം എന്നൊക്കെ പ്രസിദ്ധാര്‍ഥമിരിക്കേ, ശോചനാലയത്തിന് ദുഃഖിക്കുന്ന സ്ഥലം എന്നേ അര്‍ഥം വരൂ. എന്നാല്‍ ശൗചം ചെയ്ത് ശുചിയാക്കുന്ന ഇടം എന്ന വിവക്ഷയില്‍ ശോചനാലയം എന്നു ചിലര്‍ പ്രയോഗിച്ചുകാണുന്നു. ശോചനാലയവും ശൗചാലയവും ഒന്നാണെന്ന ധാരണയുടെ ഫലമാണത്. 

ശുദ്ധിവരുത്തലാണ് ശൗചം. അതിനു ശോചനവുമായി യാതൊരു ബന്ധവും ഇല്ല. ശൗചം ചെയ്യുക എന്നതിനു ശൗചിക്കുക എന്നു പറയാറുണ്ട്. മലവിസര്‍ജനം ചെയ്തശേഷമുള്ള ശുദ്ധിയാക്കലാണത്. ചൗതിക്കുക, ചമിതിക്കുക, ചവരിക്കുക, ചൗരിക്കുക എന്നൊക്കെ വാമൊഴിയില്‍ കേള്‍ക്കാറുണ്ടല്ലോ. ശൗചം ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലമാണ് ശൗചാലയം. പൊതുസ്ഥാപനപരിസരത്തും പട്ടണപ്പാതയോരത്തുമാണ് ശൗചാലയങ്ങള്‍ കാണപ്പെടുന്നത്. *സര്‍ക്കാരിന്റെ ദേശീയപദ്ധതി പരാമര്‍ശത്തിലും ശുദ്ധിവരുത്തുന്ന സ്ഥലം ശൗചാലയമാണ്; ശോചനാലയമല്ല. വല്ല ഹിന്ദിക്കാരോ മറ്റോ ശൗചാലയത്തെ ''ശോചനാലയം'' എന്നു വിളിച്ചിട്ടുണ്ടാവണം. അതു കേള്‍ക്കേണ്ട താമസം മാധ്യമങ്ങള്‍ ശൗചാലയത്തെ വിട്ട് ശോചനാലയം പ്രചരിപ്പിക്കുകയായി! മലയാളഭാഷയുടെ ശുദ്ധി കാംക്ഷിക്കാത്തവര്‍ക്ക് ശൗചാലയം ആയാലെന്താണ്, ശോചനാലയം ആയാലെന്താണ്? മൂത്രമോ മലമോ വിസര്‍ജിച്ചശേഷം കഴുകാനൊരിടം അത്രതന്നെ! പേരുതെറ്റിയെന്നു കരുതി ആരും സ്ഥലം മാറി കയറുകയില്ല എന്ന കുയുക്തിയും ആകാം. 
പണ്ടത്തെ കക്കൂസൂം കുളിമുറിയുമൊക്കെയാണ് പിന്നീട് കംഫര്‍ട്ട് സ്റ്റേഷന്‍ ആയി മാറിയത്. അതിനെ വീണ്ടും പരിഷ്‌കരിച്ച്, ശുചിമുറി എന്ന വാക്കും പ്രചാരത്തില്‍ വന്നിട്ടുണ്ട്. വസ്തുത എന്തായാലും, ശുദ്ധിവരുത്താന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തിനു ശൗചാലയം എന്നുതന്നെ വ്യവഹരിക്കണം. ശൗചാഗാരവും ശരിയായ പ്രയോഗമാണ്. ആഗാരം എന്നാല്‍ വീട് എന്നര്‍ഥം. ശൗചം ചെയ്യുന്നതിനുള്ള പ്രത്യേക കൂരയാണ് ശൗചാഗാരം. ടെലിവിഷന്‍ ചാനലുകളിലും ആകാശവാണിയിലും കേള്‍ക്കാറുള്ള ഒരു പദമാണ് 'ശോചനാലയം.' ദുഃഖിക്കുന്ന ഒരു സ്ഥലം എന്നാണ് അര്‍ഥമാക്കുന്നതെങ്കില്‍ ശോചനാലയം ശരിയാണ്. എന്നാല്‍, ശൗചം ചെയ്ത് ശുചിയാക്കുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ശോചനാലയം ഉപയോഗിക്കുന്നതെങ്കിലോ? അതു ശരിയല്ല. ഉദ്ദേശിച്ച അര്‍ഥം കിട്ടണമെങ്കില്‍ ശൗചാലയം എന്നുതന്നെ വേണം** എന്ന് മണമ്പൂര്‍ രാജന്‍ ബാബു രേഖപ്പെടുത്തിയിട്ടുണ്ട്.
* നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 112, 113.
** രാജന്‍ ബാബു മണമ്പൂര്‍, നമ്മുടെ നല്ല ഭാഷ, എച്ച് & സി, ബുക്‌സ്, തൃശൂര്‍, 2018, പുറം - 48. 

 

Login log record inserted successfully!