•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ജോയിന്‍ ചെയ്യാന്‍ പോകവേ, ട്രെയിനില്‍ സ്‌കൂള്‍മാനേജര്‍ ആനന്ദന്റെ മകനെ അവള്‍ പരിചയപ്പെട്ടു. പിന്നീടവര്‍ നല്ല സുഹൃത്തുക്കളായി. അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ അവളെ പിരിച്ചുവിട്ടു. അത് വീട്ടിലറിയിക്കാതെ ഇന്ദു ഒരു വീട്ടില്‍ വീട്ടുജോലിക്കുനിന്നു. ഇന്ദുവന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ വിവരം പോലീസിലറിയിച്ചു. എസ്.ഐ. ഇന്ദുവിനെപ്പറ്റി സ്‌കൂള്‍ മാനേജരോടു തിരക്കിയപ്പോള്‍ അവള്‍ ദുര്‍ന്നടപ്പുകാരിയാണെന്ന മറുപടിയാണ് കിട്ടിയത്. വീട്ടില്‍നിന്ന് അനിയത്തിയെ വിളിച്ചുവരുത്തി എസ്.ഐ. കാര്യങ്ങള്‍ പറഞ്ഞിട്ട് ഇന്ദുവിനെ അവളോടൊപ്പം വീട്ടിലേക്കു വിട്ടു. പക്ഷാഘാതം വന്നു തളര്‍ന്നു  കിടക്കുകയായിരുന്ന ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍നമ്പൂതിരിക്ക് മകള്‍ ദുര്‍ന്നടപ്പുകാരിയാണെന്ന വാര്‍ത്ത വലിയ ഷോക്കായി. 
(തുടര്‍ന്നു വായിക്കുക)
നാരായണന്‍ നമ്പൂതിരിയുടെ മിഴികളില്‍നിന്ന് അശ്രുകണങ്ങള്‍ ഒഴുകിയിറങ്ങുന്നത് വാസുദേവന്‍ ശ്രദ്ധിച്ചു. പറഞ്ഞത് അബദ്ധമായോ എന്ന് അയാള്‍ക്കു തോന്നി.
''സീതേ...'' നമ്പൂതിരി നീട്ടി വിളിച്ചു. 
പിന്നാമ്പുറത്തായിരുന്ന സീതാലക്ഷ്മി വിളികേട്ട് ഓടിയെത്തി.
''എന്താ അച്ഛാ?''
''ഇന്ദുമോളുടെ ജോലി പോയോ?''
എന്തു പറയണമെന്നറിയാതെ സീതാലക്ഷ്മി വാസുദേവനെ നോക്കി. താന്‍ എല്ലാം പറഞ്ഞു മോളേ എന്ന ഭാവത്തിലായിരുന്നു വാസുദേവന്റെ ഇരിപ്പ്.
''ചോദിച്ചതു കേട്ടില്ലേ?''
''പോയി അച്ഛാ.''
''എന്താ ഉണ്ടായെ?''
സീത എല്ലാം വിശദീകരിച്ചു. സ്‌കൂളില്‍നിന്നു പിരിച്ചുവിട്ടതും തിരുവല്ലയില്‍ വീട്ടുജോലി ചെയ്തതും ഒടുവില്‍ പോലീസ്‌സ്റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോന്നതുമെല്ലാം.
''ഇന്ദുമോളെ വിളിച്ചേ.'' 
പതിഞ്ഞ സ്വരത്തില്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞു. സീത അടുത്തമുറിയിലേക്കു പോയപ്പോള്‍ നാരായണന്‍നമ്പൂതിരി വാസുദേവനെ നോക്കി പറഞ്ഞു:
''വാസു പൊയ്‌ക്കോ. പിന്നെ കാണാം.''
വാസുദേവ് എണീറ്റു പുറത്തേക്കിറങ്ങി.
കട്ടിലില്‍ കണ്ണീരൊഴുക്കി തളര്‍ന്നുകിടക്കുകയായിരുന്നു ഇന്ദുലേഖ. സീത ചെന്നു വിളിച്ചെങ്കിലും എണീല്‍ക്കാന്‍ കൂട്ടാക്കിയില്ല. അച്ഛനും സീതയും തമ്മിലുള്ള സംസാരം അവള്‍ കേട്ടിരുന്നു. അച്ഛനെ അഭിമുഖീകരിക്കാനുള്ള കരുത്തില്ലായിരുന്നു അവള്‍ക്ക്.
''ഇന്ദുമോളേ.''
അച്ഛന്റെ വിളി കാതില്‍ മുഴങ്ങിയപ്പോള്‍ എണീല്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സാവധാനം എണീറ്റ് അച്ഛന്റെ മുറിയിലേക്കു ചെന്നു. കസേരയില്‍ ഇരിക്കാന്‍ നമ്പൂതിരി ആംഗ്യം കാട്ടിയതും ഇന്ദു മെല്ലെ ഇരുന്നു. മകളുടെ കരംപിടിച്ചുകൊണ്ടു നമ്പൂതിരി ചോദിച്ചു:
''ജോലീന്നു പിരിച്ചുവിട്ടൂന്ന് കേട്ടത് നേരാണോ മോളേ?''
''അതെ അച്ഛാ. എന്റെ കുറ്റംകൊണ്ടല്ല പിരിച്ചുവിട്ടത്. സംഭവിച്ചതെന്താന്നു ഞാന്‍ പറയാം.''
ഇന്ദുലേഖ കഥ മുഴുവന്‍ അച്ഛന്റെ മുമ്പില്‍ വിളമ്പി.
''ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ അച്ഛാ. അച്ഛന്റെ മനസ്സു വിഷമിക്കാതിരിക്കാന്‍ എല്ലാം ഞാന്‍ അച്ഛനോട് ഒളിച്ചുവച്ചു.'' ഇന്ദു കരഞ്ഞുപോയി.
''സാരമില്ല മോളേ. പ്രായം ഒരുപാടൊന്നും ആയില്ലല്ലോ. ജോലി ഇനീം കിട്ടും. കൊടുത്ത അഞ്ചുലക്ഷം വേഗം തിരിച്ചുവാങ്ങിച്ചോണ്ടു പോരെ. കടം മേടിച്ചതെല്ലാം തിരിച്ചുകൊടുത്തേക്കാം.''
''അതു കിട്ടില്ലച്ഛാ. ഞാന്‍ ചോദിച്ചതാ. തരില്ല അയാള്. കൊടുത്തതിനു രേഖയൊന്നുമില്ലല്ലോ. പോയി കേസുകൊടുത്തോളാനാ പറഞ്ഞത്.''
''തരില്ലെന്നോ? എന്താ മോളെ കേക്കണേ? കടം മേടിച്ച കാശല്ലേ? തന്നില്ലെങ്കില്‍ അതെങ്ങനെ തിരിച്ചുകൊടുക്കും?''
''എനിക്കറിയില്ലച്ഛാ. അയാളു ചതിയനാ. വൃത്തികെട്ടവനാ. ഞാന്‍ അയാള്‍ക്കു വഴങ്ങാത്തതിന്റെ പക തീര്‍ത്തതാ എന്നോട്. തരില്ല അയാളിനി.''
നമ്പൂതിരി പിന്നെയൊന്നും മിണ്ടിയില്ല. ഒരു ജീവച്ഛവംപോലെ കിടന്നു. പൊയ്‌ക്കോ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഇന്ദു എണീറ്റു മുറിയിലേക്കു പോയി, വീണ്ടു കട്ടിലില്‍ തളര്‍ന്നു കിടന്നു.
ഉച്ചയായപ്പോള്‍ സീത അച്ഛന് കഞ്ഞിയുമായെത്തി. കണ്ണടച്ചു കിടക്കുകയായിരുന്നു നാരായണന്‍ നമ്പൂതിരി. പതിവില്ലാതെ ഈ സമയത്ത് എന്തേ ഒരുറക്കം എന്ന് സീത സംശയിച്ചു. അടുത്ത് കസേരയില്‍ ഇരുന്നിട്ട് മെല്ലെ വിളിച്ചു:
''അച്ഛാ എണീക്ക്. കഞ്ഞി കുടിക്കാം.''
പ്രതികരണമുണ്ടായില്ല. സീത അച്ഛന്റെ കൈയില്‍ പിടിച്ചുനോക്കി. തണുത്തിരിക്കുന്നു. അവളുടെ നെഞ്ചിടിപ്പുകൂടി.
''അച്ഛാ...'' കുലുക്കിവിളിച്ചു. അനക്കമില്ല. ആ ശരീരത്തില്‍നിന്ന് ആത്മാവ് പറന്നുപോയി എന്നു തിരിച്ചറിഞ്ഞതും സീത ഉറക്കെ ക്കരഞ്ഞു. കരച്ചില്‍കേട്ട് ദേവകിയമ്മയും ഇന്ദുലേഖയും ഓടി മുറിയിലേക്കു വന്നു. എല്ലാ വേദനകളും ഈ മണ്ണില്‍ ഉപേക്ഷിച്ച് മരണത്തിന്റെ ചിറകിലേറി അച്ഛന്‍ സ്വര്‍ഗലോകത്തേക്കു പോയി എന്നറിഞ്ഞതും ദേവകിയും ഇന്ദുവും വാവിട്ടു കരഞ്ഞു.
      *      *      *
വടക്കേപ്പാട്ട് ഇല്ലത്തെ നാരായണന്‍നമ്പൂതിരി മരിച്ചു എന്ന വാര്‍ത്ത നാടെങ്ങും പരന്നു. മൃതദേഹം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആളുകള്‍ വന്നുകൊണ്ടിരുന്നു.
ഇന്ദുലേഖയുടെ ജോലി പോയതിലും ദുര്‍ന്നടപ്പിലും ഉണ്ടായ മനോവേദന സഹിക്കവയ്യാതെ ഹൃദയംപൊട്ടിയാണ് നമ്പൂതിരി മരിച്ചതെന്ന വാര്‍ത്ത ചുറ്റുവട്ടത്തെങ്ങും പരന്നു.
നമ്പൂതിരിക്കു ബന്ധുക്കളെന്നു പറയാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നില്ല. അയല്‍ക്കാരും നാട്ടുകാരുമായിരുന്നു സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വൈകിട്ട് ആറുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്ന ബന്ധുക്കളൊക്കെ രാത്രിതന്നെ മടങ്ങി.
പൊട്ടിപ്പൊളിഞ്ഞ സിമന്റു തറയില്‍ തളര്‍ന്നുകിടന്നു കരയുകയാണ് മക്കളെല്ലാവരും. ദേവകി ഓരോന്നു പറഞ്ഞ് ഇന്ദുവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അനിയത്തിമാരും അമ്മയുടെ പക്ഷത്തായിരുന്നു.
''ഇത്തിരി വിഷം വാങ്ങി നമുക്കെല്ലാവര്‍ക്കുംകൂടി ചാകാം അമ്മേ. ചേച്ചി മാത്രം ഇവിടെ സന്തോഷത്തോടെ ജീവിച്ചോട്ടെ.'' നന്ദിനി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ശാപവാക്കുകള്‍ സഹിക്കവയ്യാതായപ്പോള്‍ ഇന്ദു എണീറ്റു തെക്കുവശത്തെ ചായ്പ്പില്‍ പോയി ഇരുന്നു. മനസ്സിന്റെ വേദന കണ്ണീരിലൂടെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
അന്നു രാത്രി ആരും ആ വീട്ടില്‍ ഉറങ്ങിയില്ല. നേരം പുലര്‍ന്നപ്പോള്‍ മനസ്സും ശരീരവും അങ്ങേയറ്റം തളര്‍ന്നിരുന്നു. അയല്‍വീട്ടുകാര്‍ ഭക്ഷണം കൊണ്ടുവന്നു കൊടുത്തു.
നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ നമ്പൂതിരിയുടെ മരണത്തിന് ഉത്തരവാദി ഇന്ദുലേഖ മാത്രമായിരുന്നു. നാലുവശത്തുനിന്നും കുറ്റപ്പെടുത്തലുകള്‍. 
സ്വഭാവദൂഷ്യം കാരണമാണ് ഇന്ദുവിനെ പിരിച്ചുവിട്ടതെന്നും തിരുവല്ലയിലെ ഹോട്ടല്‍മുറിയില്‍നിന്ന് അവളെ പോലീസ് റെയ്ഡ് ചെയ്തു പിടിച്ചെന്നുമൊക്കെയായിരുന്നു നാട്ടില്‍ പരന്നത്.
അമ്പലത്തില്‍ പോകുമ്പോഴും വരുമ്പോഴും വഴിവക്കിലിരുന്ന് ആളുകള്‍ തന്നെനോക്കി അടക്കം പറയുന്നതും കുറ്റപ്പെടുത്തുന്നതും ഇന്ദുവിനെ വല്ലാതെ വേദനിപ്പിച്ചു.
അയല്‍ക്കാരുടെ ഓരോരോ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാവാതെ ദേവകിയമ്മയും വിഷമിച്ചു. ഒരിക്കല്‍ അവര്‍ ഇന്ദുവിനെ നോക്കി പൊട്ടിത്തെറിച്ചു.
''നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കാന്‍ എന്തിനാ നീ ഈ വീട്ടില്‍ കഴിയണേ? എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകരുതോ?''
''ഓരോന്നു ചെയ്തു കൂട്ടീപ്പം ഞങ്ങടെ ഭാവിയെക്കുറിച്ചെങ്കിലും ചേച്ചി ഒന്നോര്‍ക്കരുതായിരുന്നോ?'' നന്ദിനിയാണതു പറഞ്ഞത്.
''തെറ്റായ വഴിയിലൂടെ ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല മോളേ.'' ഇന്ദുവിന്റെ മിഴികള്‍ പൊട്ടിയൊഴുകി.
''പിന്നെന്തിനാ പോലീസ് പിടിച്ച് ഇങ്ങോട്ടു വിട്ടത്?''
''നടന്നതെന്താന്നു ഞാന്‍ പലവട്ടം പറഞ്ഞതല്ലേ?''
''അതൊക്കെ ഞങ്ങളു വിശ്വസിക്കാമെന്നു വയ്ക്കാം. പക്ഷേ, നാട്ടുകാരെക്കൊണ്ടു വിശ്വസിപ്പിക്കാന്‍ പറ്റ്വോ?'' സീതാലക്ഷ്മിയാണതു ചോദിച്ചത്.
ഇന്ദു പിന്നൊന്നും മിണ്ടിയില്ല. അനിയത്തിമാരുടെ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നപ്പോള്‍ അവള്‍ക്കു തോന്നി താന്‍ ഈ വീട്ടില്‍ ഒരധികപ്പറ്റാണെന്ന്. ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ഈ വീട്ടില്‍നിന്നു മാറിത്താമസിക്കാമായിരുന്നു. ആരോടു ചോദിക്കും ഒരു ജോലി?
ഏറെ ആലോചിച്ചപ്പോള്‍ അശ്വതിറ്റീച്ചറിന്റെ മുഖം മനസ്സിലേക്കു വന്നു. റ്റീച്ചര്‍ക്ക് തന്നോട് അനുകമ്പയുണ്ടല്ലോ. റ്റീച്ചറിന്റെ ഭര്‍ത്താവ് ശ്രമിച്ചാല്‍ എന്തെങ്കിലുമൊരു ജോലി തരപ്പെടുത്താന്‍ പറ്റില്ലേ?
അന്നു രാത്രിയില്‍ അവള്‍ അശ്വതിക്കു ഫോണ്‍ ചെയ്തു. കഥകളൊക്കെ കേട്ടപ്പോള്‍ അശ്വതിക്കു സങ്കടവും സഹതാപവും തോന്നി.
''ഇന്ദു ഒരു കാര്യം ചെയ്യ്. ഇങ്ങോട്ടു വാ. കുറച്ചു ദിവസം എന്റെ വീട്ടില്‍ നില്‍ക്കാം. അതിനിടയില്‍ എന്തെങ്കിലുമൊരു ജോലി സംഘടിപ്പിക്കാം. ഞാന്‍ ഹസ്ബന്റിേനാടു പറയാം.''
''റ്റീച്ചറിനതു ബുദ്ധിമുട്ടാവില്ലേ?''
''എന്തു ബുദ്ധിമുട്ട്? ഞാനും ഒരു സ്ത്രീയല്ലേ. ഒന്നും വിചാരിക്കണ്ട. ഇങ്ങു പോരെ.''
അശ്വതിയുടെ നിര്‍ബന്ധത്തിന് അവള്‍ സമ്മതം മൂളി.
പിറ്റേന്ന് ബാഗില്‍ വസ്ത്രങ്ങള്‍ നിറയ്ക്കുന്നതു കണ്ടപ്പോള്‍ ദേവകി ചോദിച്ചു:
''നീ എങ്ങോട്ടാ?''
''ഇവിടെല്ലാവര്‍ക്കും ഞാനൊരു ശല്യമല്ലേ. പൊയ്‌ക്കോളാം.''
''ചാകാനാണോ?''
അവന്‍ അതിനു മറുപടി പറഞ്ഞില്ല.
''ഹോട്ടല്‍ മുറിയിലേക്കായിരിക്കും അമ്മേ. കാശുണ്ടാക്കാന്‍.'' നന്ദിനിയാണതു പറഞ്ഞത്.
പടിയിറങ്ങുമ്പോഴും എങ്ങോട്ടാണെന്നു ദേവകി പലവട്ടം ചോദിച്ചു. ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു:
''ഞാനെന്റെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ കുറച്ചുദിവസം താമസിക്കാന്‍ പോക്വാ.''
''അച്ഛനെ കൊന്നിട്ട് പോയി സുഖായിട്ട് ജീവിച്ചോ. ഞങ്ങളു വല്ല വിഷോം കഴിച്ചു ചത്തോളാം.''
''ഒരു ജോലി കിട്ടിയാല്‍ ഈ കുടുംബം ഞാന്‍ സംരക്ഷിക്കും അമ്മേ. ഞാന്‍ ആരെയും ഉപേക്ഷിക്കില്ല; നിങ്ങള്‍ എന്നെ ഉപേക്ഷിച്ചാലും.''
''വടക്കേപ്പാട്ട് ഇല്ലത്തിന് ഇനീം പേരുദോഷം ഉണ്ടാക്കുന്ന വല്ല ജോലീം ആണോ നോക്കുന്നത്?''
അതിനു മറുപടി പറയാതെ അവള്‍ പടിയിറങ്ങിനടന്നു. 
 
             (തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)