•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

ജീവന്‍ നല്‍കുന്ന ദൈവം

ഫെബ്രുവരി 5 ദനഹാക്കാലം അഞ്ചാം ഞായര്‍
നിയ 18:13-18 ഏശ 48:12-20
ഹെബ്രാ 6:9-15 യോഹ 3:14-21

''എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'' (യോഹ. 3:16). സൃഷ്ടിയുടെ രഹസ്യവും രക്ഷയുടെ ആവശ്യവും ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യവുമെല്ലാം കൃത്യമായി സൂചിപ്പിക്കുന്ന ദൈവവചനത്തിന്റെ ധ്യാനമാണ് ഇവിടത്തെ വായനകളുടെ കാതല്‍. 
സൃഷ്ടിയുടെ രഹസ്യം ദൈവത്തിന്റെ സ്‌നേഹമാണ്. ''ഞാന്‍, അതേ, ഞാന്‍തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗത്തില്‍ മുന്നേറും'' (ഏശ. 48:15. രണ്ടാം വായന  ഏശ. 48: 12-20). 'ഉണ്ടാകട്ടെ' എന്നരുള്‍ ചെയ്തപ്പോള്‍ ഓരോന്നോരോന്നായി സൃഷ്ടിക്കപ്പെട്ടു  (ഉത്പ 1:3-25). ദൈവത്തിന്റെ വിളി ശ്രവിച്ചപ്പോള്‍ ഇല്ലായ്മയില്‍നിന്ന് എല്ലാം ഉണ്ടായി. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാനുള്ള ഉള്‍വിളി ദൈവത്തിന്റേതുതന്നെ! ദൈവത്തിന്റെ ത്രിത്വത്തിന്റെ സ്‌നേഹക്കൂട്ടായ്മയുടെ വിളി മനുഷ്യനുള്‍പ്പെടെയുള്ള സകലത്തിന്റെയും സൃഷ്ടിയുടെ കാരണമായിത്തീര്‍ന്നു. 
സ്രഷ്ടാവായ ദൈവംതന്നെയാണ് സൃഷ്ടിയുടെ വഴികാട്ടിയും പരിപാലകനും. ''നിനക്കു നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്'' (ഏശ. 48:17). അപ്രകാരം ദൈവത്തെ നിരന്തരം അനുഭവിച്ചുകൊണ്ടു നിത്യജീവിതത്തില്‍, ഒരിക്കലും അവസാനിക്കാത്ത, സമാനതകളില്ലാത്ത ദൈവാനുഭവത്തില്‍ ആയിരിക്കേണ്ട മനുഷ്യന്‍ അനുസരണക്കേടുമൂലം പറുദീസാ അനുഭവം നഷ്ടമാക്കി. ''നീ എന്റെ കല്പനകള്‍ അനുസരിച്ചിരുന്നെങ്കില്‍ നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു'' (ഏശ. 48:18). പറുദീസാനുഭവം നഷ്ടമാക്കിയ മനുഷ്യന് അതു തിരിച്ചുനല്‍കേണ്ട കടമകൂടി ദൈവം ഏറ്റെടുക്കുന്നു. 
മനുഷ്യകുലത്തെ ദൈവത്തിലേക്കു തിരികെയടുപ്പിക്കാന്‍ ദൈവം മനുഷ്യരില്‍നിന്നു തിരഞ്ഞെടുത്തവരെ അവര്‍ സ്വീകരിച്ചില്ല. അതിനാല്‍, ദൈവം തന്നെത്തന്നെ അയയ്ക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ''നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും'' (നിയമാ. 18:13-18). മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ പരിശ്രമത്തിന്റെ ചരിത്രമാണ് രക്ഷാകരചരിത്രം. 
ദൈവംകൂടെയുള്ള ഒരു ഗുരുവായിമാത്രം തന്നെക്കാണുന്ന നിക്കോദേമോസിനോട്, താന്‍ ദൈവത്തില്‍നിന്നു വന്നവന്‍തന്നെയാണെന്ന് ഈശോ ഓര്‍മിപ്പിക്കുന്നു. ഈ ചിന്തയാണ് ഇന്നത്തെ സുവിശേഷത്തിന്റെ കേന്ദ്രബിന്ദു (യോഹ. 3:14-21). നിക്കോദേമോസ് ഇസ്രായേലിലെ അറിവുള്ള ഒരു മനുഷ്യനായിരുന്നു, ഗുരുവായിരുന്നു. എന്നിട്ടും വിശുദ്ധഗ്രന്ഥത്തിലൂടെ ലഭിക്കുന്ന വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഈശോയെ മനസ്സിലാക്കാന്‍ അവനു കഴിഞ്ഞില്ല (3:10). മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ സര്‍പ്പത്തെ, മനുഷ്യപുത്രനോടും അവന്റെ ലക്ഷ്യത്തോടും ഉപമിച്ച് ഈശോ നിക്കോദേമോസിന് സൂചനകള്‍ നല്‍കുന്നു.
മനുഷ്യപുത്രനില്‍ വിശ്വസിക്കുന്ന ഒരാളും നശിച്ചുപോകാതെയിരിക്കാനും നിത്യജീവന്‍ പ്രാപിക്കാനും വേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (3:16). അതായത്, ദൈവം തന്നെത്തന്നെ സ്‌നേഹിക്കുന്നതുപോലെ ലോകത്തെയും സ്‌നേഹിച്ചു. ലോകം അതിന്റെ വളര്‍ച്ചയില്‍ ദൈവവുമായി സഹകരിക്കുകയോ, അവിടുത്തെ കല്പനകള്‍ പാലിക്കുകയോ ചെയ്തില്ല എന്ന സത്യം നിലനില്‍ക്കെത്തന്നെ, ലോകത്തിന്റെ അനുസരണമില്ലാത്ത സ്വഭാവം ദൈവം പരിഗണിച്ചില്ല; മറിച്ച്, രക്ഷ ആവശ്യമുള്ളവരായും എന്നാല്‍, സ്വയമേവ അതിനു സാധിക്കാത്തവരായും ദൈവം നമ്മെ കണ്ടു (3:16). തന്റെ പുത്രനെ നല്‍കുക എന്നുവച്ചാല്‍, ദൈവം തന്നെത്തന്നെയാണു നല്‍കുന്നതെന്നു സാരം. 
ലോകത്തെ രക്ഷിക്കണമെന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യമെങ്കിലും രക്ഷ സ്വീകരിക്കേണ്ടവര്‍ അതിനെ തള്ളിക്കളയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമാണ് ശിക്ഷാവിധി (3:16).  ഈശോമിശിഹാ ദൈവത്തില്‍നിന്നു വന്നവനാണെന്നും അവനാണു രക്ഷകനെന്നും വിശ്വസിക്കാത്തവര്‍ പ്രകാശമായ ദൈവത്തില്‍നിന്നകലുകയും അന്ധകാരത്തിന്റെ അടിമത്തത്തിലേക്കു പോകുകയും ചെയ്യുന്നു (3:19). അവന്‍ നിത്യനാശത്തിലേക്കാണു പോകുന്നത്. 
ദൈവത്തില്‍ വിശ്വസിക്കുകയും അവന്‍ അയച്ച ഈശോമിശിഹായെ നാഥനും രക്ഷകനുമായി അംഗീകരിക്കുകയും ചെയ്യുകയെന്നത് ഏറ്റവും പ്രയാസകരമായ കാര്യമൊന്നുമല്ല. പക്ഷേ, ആ തീരുമാനത്തിലേക്കെത്തുമ്പോള്‍ ഓരോരുത്തരും ഏറ്റെടുക്കുന്ന സത്യത്തിന്റെ ശുശ്രൂഷ പ്രധാനമാണ്. അസത്യത്തിന്റെ മാര്‍ഗത്തിലൂടെ ഇനിയും നമുക്കു നടക്കാനാവില്ല; അന്ധകാരത്തിന്റെ ശക്തികളുമായുള്ള സഖ്യം നാം ഉപേക്ഷിച്ചേ മതിയാവൂ. കാരണം, നമ്മുടെ ജീവിതം ദൈവൈക്യത്തിലാണു തുടരുന്നത് (3:21). ഇപ്രകാരം,  പ്രകാശമായ ദൈവത്തോടുള്ള നിരന്തരബന്ധത്തില്‍ ആയിരിക്കുന്ന ഒരു വ്യക്തി സ്വയം പ്രകാശിക്കുന്നു. സത്യദൈവമായ അവിടുത്തോടു ചേര്‍ന്നിരിക്കുന്ന വ്യക്തിയും സത്യമായി മാറുന്നു. അങ്ങനെ ദൈവവുമായുള്ള ഐക്യം മനുഷ്യനു സാധ്യമാകുന്നു. 
ദൈവൈക്യത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് ഹെബ്രായലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു (ഹെബ്രാ. 6:9-15). താത്കാലികമായ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ദൈവവിശ്വാസത്തിന് ആഴം ഉണ്ടാകുകയില്ല. അതുതന്നെയുമല്ല, അങ്ങനെയുള്ള നേട്ടങ്ങള്‍ കിട്ടാതെവരുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസം നഷ്ടമാകാനും സാധ്യതയുണ്ട്. അതിനാല്‍ യഥാര്‍ഥത്തിലുള്ള ദൈവവിശ്വാസത്തോടെ നഷ്ടത്തിലും ലാഭത്തിലും വേദനയിലും സന്തോഷത്തിലും ദൈവതിരുമനസ്സ് തിരിച്ചറിഞ്ഞു ജീവിക്കാന്‍ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)