ജനുവരി 29 ദനഹാക്കാലം നാലാം ഞായര്‍
സംഖ്യ 11:23-35 ഏശ 46:5-13
ഹെബ്രാ 7:23-28 യോഹ 2:1-11
മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ കേന്ദ്രബിന്ദു ദൈവപുത്രനായ ഈശോമിശിഹായാണ്. അവന്റെ ജനനവും പരസ്യജീവിതവും പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും ദൈവത്തിന്റെ വലതുഭാഗത്തുള്ള തുടര്‍ജീവിതവും അടയാളപ്പെടുത്തുന്ന രക്ഷയുടെ വഴിയാണ് മനുഷ്യന്റെ നിത്യരക്ഷയുടെ നിദാനം. ഇക്കാര്യം സഭാമാതാവ് വീണ്ടും നമ്മളെ ഓര്‍മിപ്പിക്കുകയാണ് ഇന്നത്തെ വായനകളിലൂടെ.
മനുഷ്യന്റെ രക്ഷയുടെ കേന്ദ്രഭാഗം പാപങ്ങളുടെ മോചനമാണ്. പാപമോചനത്തിലൂടെ ദൈവത്തിന്റെ മഹത്ത്വത്തിലേക്ക്, നിത്യജീവനിലേക്ക് തിരികെപ്രവേശിക്കുന്ന അവസ്ഥ. പഴയനിയമത്തില്‍, പാപപരിഹാരത്തിനായി വിവിധ ബലികള്‍ അര്‍പ്പിച്ചിരുന്നു. ജെറുസലേം ദൈവാലയത്തിന്റെ പ്രധാന ഉദ്ദേശ്യംതന്നെ പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കുക എന്നതായിരുന്നു. അതിനായി പുരോഹിതന്മാരും നിയമിക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍, പാപവും അതിന്റെ മോചനവും ദൈവചിന്തയുടെ ഭാഗംതന്നെയാണ്. പാപം മനുഷ്യനെ ദൈവത്തില്‍നിന്നകറ്റുമെന്നും ഉത്തമമനസ്താപവും വീണ്ടും പാപം ചെയ്യുകില്ലെന്നുള്ള തീരുമാനവും യഥാര്‍ഥ പ്രായശ്ചിത്തവുംവഴി ദൈവത്തിലേക്കു തിരികെയെത്തുകയും ചെയ്യാം എന്നുള്ളതും ആത്മരക്ഷയുമായി ബന്ധപ്പെട്ട മനുഷ്യന്റെ തിരിച്ചറിവുകളാണ്.
പക്ഷേ, മനുഷ്യന്‍ നടത്തുന്ന പാപപരിഹാരബലികള്‍ അതില്‍ത്തന്നെ പൂര്‍ണമല്ലായിരുന്നു. കാരണം, തെറ്റു ചെയ്യുന്നത് ഒരുവന്‍, അതിനു പരിഹാരം അനുഷ്ഠിക്കുന്നത് പുരോഹിതന്‍, ബലിവസ്തുവായിത്തീരുന്നത് ഒരു വസ്തുവോ മൃഗമോ പക്ഷിയോ! അതു നിയമത്താല്‍ നിര്‍മിക്കപ്പെട്ട സംവിധാനമായിരുന്നു. ഈ രീതിക്ക് ഈശോമിശിഹാ വരുത്തുന്ന മാറ്റമാണ് ഇന്നത്തെ ലേഖനത്തിന്റെ (ഹെബ്രാ. 7:23-28) പ്രതിപാദ്യം. ഈശോമിശിഹാ 'തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു' (7:27). ഈ ബലിയോടെ ഇനി പാപപരിഹാരത്തിനായി മറ്റൊരു ബലിയുടെ ആവശ്യകതയില്ല. കാരണം, ഈശോയുടെ ഈ ബലി എന്നേക്കുമുള്ളതാണ്, നിത്യനൂതനവുമാണ്.
എന്നേക്കുമുള്ളതാണെന്നു (ലലേൃിമഹ) പറയുമ്പോള്‍ അത് ദൈവത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട സത്യമാണ്. നിത്യനായുള്ളവന്‍ ദൈവം മാത്രമാണ്. അതുകൊണ്ട്, ബലി നിത്യമാണെന്നു പറയുമ്പോള്‍ ദൈവംതന്നെയാണ് ഈ ബലി അര്‍പ്പിക്കുന്നതെന്നു വ്യക്തമാകുന്നു. നിത്യനൂതനമായ (ലലേൃിമഹ ിലം) ബലി എന്ന പ്രയോഗം ദൈവത്തിന്റെ അനന്തസാധ്യതകളെ സൂചിപ്പിക്കുന്നു. ഈശോയുടെ ബലിതന്നെയായ പരിശുദ്ധ കുര്‍ബാന എപ്പോഴൊക്കെ, എവിടെയൊക്കെ അര്‍പ്പിക്കപ്പെട്ടാലും ദൈവത്തിന്റെ അനന്തതയില്‍ അത് ആവര്‍ത്തിക്കപ്പെടാത്ത ഈശോയുടെ ബലിതന്നെയാണ്. തലേദിവസം നാം അര്‍പ്പിച്ച ബലിയുടെ ആവര്‍ത്തനമല്ലത്, അതേ ബലിതന്നെയാണ്.
ഈശോമിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിച്ച് ഒരേസമയം ബലിയര്‍പ്പകനും ബലിവസ്തുവുമായി മാറുന്നു. ഈശോയുടെ ഈ ബലിക്ക് ആത്മീയവും ഭൗമികവുമായി ആവശ്യമായതെല്ലാം ദൈവം തന്റെ നിത്യതയില്‍ സാധിച്ചു നല്‍കുന്നു. കാനായിലെ വിവാഹവിരുന്നില്‍ (യോഹ. 2: 1-11) കുറവുവരുന്ന വീഞ്ഞ് ഉത്പാദിപ്പിക്കാനാവശ്യമായ അധ്വാനം അവിടുന്ന് തന്റെ നിത്യതയില്‍ ചെയ്തുതീര്‍ക്കുന്നുണ്ട് എന്ന വ്യാഖ്യാനം, ഈശോ തന്റെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യുന്നതെങ്ങനെയെന്നു വെളിവാക്കുന്നു. ഈശോയുടെ ഓരോ അദ്ഭുതവും ആയാസരഹിതമായ പ്രവൃത്തികളല്ല. ഒറ്റ നോട്ടത്തില്‍, ഒറ്റ വാക്കില്‍ ഈശോ അദ്ഭുതങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവയ്‌ക്കെല്ലാം ആവശ്യകമായ അധ്വാനം അവന്‍ തന്റെ നിത്യതയില്‍ ചെയ്തുതീര്‍ത്തിട്ടുണ്ടാകും.
ഇതൊക്കെ ഇങ്ങനെതന്നെയാണ് എന്നതിന് എന്തു തെളിവാണുള്ളത്? ദൈവത്തിന്റെ അപരിമേയമായ ശക്തിയെക്കുറിച്ചും അവിടുത്തെ അനന്തസാധ്യതകളെക്കുറിച്ചുമുള്ള ശക്തമായ തെളിവുകള്‍ നല്‍കുന്നത് പഴയ ഉടമ്പടിയുടെ ഗ്രന്ഥമാണ്. ഇന്നത്തെ രണ്ടു പഴയ ഉടമ്പടി വായനകളും (സംഖ്യ 11:23-35; ഏശ. 46:5-13) ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. കടലില്‍നിന്നുള്ള കാറ്റില്‍ കാടപ്പക്ഷികളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നവനാണ് ദൈവം (സംഖ്യ 11:31-35). അതുകൊണ്ടു രക്ഷിക്കാനാവാത്തവിധം കര്‍ത്താവിന്റെ കരങ്ങള്‍ കുറുകിപ്പോയിട്ടില്ല (സംഖ്യ 11:23) എന്ന് ജനം, പ്രത്യേകിച്ച് ജനത്തിന്റെ തലവനായ മോശ, ഓര്‍ത്തിരിക്കണമായിരുന്നു.
ഒരു നിമിഷം അവിടുത്തെ കൂടെനിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്ന ജനം, അടുത്ത നിമിഷം, പലപ്പോഴും അവരുടെ ഭൗതികാഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍, ദൈവത്തെ തള്ളിപ്പറയുന്നു, കുറ്റപ്പെടുത്തുന്നു. അത് മനുഷ്യന്റെ അഹന്തയാണ്. അതിനാല്‍, ദൈവം ഇസ്രായേല്‍ജനത്തെ ഓര്‍മപ്പെടുത്തുന്നു ''പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍'' (ഏശ. 46:9 മ). പഴയകാര്യങ്ങള്‍ ദൈവത്തിന്റെ സാമീപ്യത്തെയും കരുതലിനെയും സംരക്ഷണത്തെയും ജനത്തെ ഓര്‍മിപ്പിക്കണം. ''ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍തന്നെ ദൈവം. എന്നെപ്പോലെ മറ്റാരുമില്ല'' (ഏശ. 46:9). ദൈവം സ്വയം പ്രശംസ നടത്തുന്ന ഒരു പൊങ്ങച്ചക്കാരനാണെന്നു വിചാരിക്കരുത്. മറിച്ച്, സകല സൃഷ്ടികള്‍ക്കും, പ്രത്യേകിച്ച് മനുഷ്യന് ആവശ്യമായതും അതിലപ്പുറവും നല്‍കാന്‍ കഴിവുള്ളവനാണ് താന്‍ എന്ന കാര്യം സൃഷ്ടികളുടെ അറിവിലേക്കായി അവിടുന്ന് പ്രഖ്യാപിക്കുകയാണ്. ഇതു മനസ്സിലാക്കി, ആ ദൈവത്തോടു ചേര്‍ന്നുനിന്നാല്‍ രക്ഷയുടെ അനുഭവം നമുക്കുമുണ്ടാകും.