•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്

ജനുവരി 22  ദനഹാക്കാലം  മൂന്നാം ഞായര്‍
സംഖ്യ 11:11-20  ഏശ 45:18-46:4
ഹെബ്രാ 4:1-10  യോഹ 1:29-34

ജനത്തിനും ദൈവത്തിനുമിടയില്‍ നില്‍ക്കുന്ന മോശയുടെ സങ്കടങ്ങളും, അവയ്ക്കു  ദൈവം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗവുമാണ് ഒന്നാം വായനയുടെ (സംഖ്യ 11:11-20) ഉള്ളടക്കം. തനിക്കു മഹത്ത്വം നല്‍കി, തന്റെ വഴിയിലൂടെ സഞ്ചരിക്കേണ്ട, തന്റെ പ്രിയപ്പെട്ട ജനം, വഴിതെറ്റി സഞ്ചരിക്കുന്നതുകാണുമ്പോള്‍ വിഷമമുണ്ടാകുന്ന സ്‌നേഹധനനായ പിതാവായ ദൈവം ഒരു വശത്ത്!  കരുണ അര്‍ഹിക്കുന്നവരും എന്നാല്‍, തറുതല മാത്രം കാണിക്കുന്നവരുമായ ദൈവത്തിന്റെ ജനം മറുവശത്ത്! വിപരീതസ്വഭാവമുള്ള ദൈവത്തിന്റെയും ദൈവജനത്തിന്റെയും മധ്യത്തില്‍ നില്‍ക്കുന്ന മോശയ്ക്കും ദേഷ്യം വരുന്നുണ്ട്. എന്തിനുവേണ്ടി ഈ പണി താന്‍ ചെയ്യണം എന്നതാണ് മോശയുടെ ആവലാതി. ഒരു മനുഷ്യനെന്ന നിലയില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന സാഹചര്യം, പ്രത്യേകിച്ചും ഒരു വശത്ത് സ്രഷ്ടാവായ ദൈവം ആകുമ്പോള്‍! 
മോശയുടെമേലുള്ള ചൈതന്യം ഒരു ജനത്തെ നയിക്കാന്‍മാത്രം പര്യാപ്തമായിരുന്നു. കാരണം, അത് ദൈവത്തിന്റെ ചൈതന്യമായിരുന്നു. മാനുഷികമായ കാരണങ്ങളാല്‍ അതുപോലും മോശയ്ക്കു നിരര്‍ഥകമായിത്തോന്നി. മോശയിലുള്ള ദൈവചൈതന്യത്തിന്റെ ഒരു ഭാഗം വഹിക്കുന്ന എഴുപതു പേരുകൂടി ഉണ്ടാകുന്നു. എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ? ജനം പതിവുപോലെ പരിതപിക്കുന്നവരായി തുടരുന്നു. ദൈവം ശിക്ഷിച്ചും ക്ഷമിച്ചും മടുക്കുകയും ചെയ്യുന്നു. ദൈവത്തെ അനുസരിക്കുകയും ജനത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഏതു നല്ല മനുഷ്യനും താങ്ങാന്‍ പറ്റാത്ത സാഹചര്യങ്ങളാണിവ. 
ദൈവംതന്നെയായ ഈശോമിശിഹായ്ക്കു മാത്രമാണ് ഇത്തരമൊരു സാഹചര്യത്തില്‍ ദൈവത്തിനും മനുഷ്യനുമിടയില്‍ നില്‍ക്കാനായത്. സുവിശേഷത്തില്‍ (യോഹ. 1:29-34) സ്‌നാപകയോഹന്നാന്‍ ഈശോയ്ക്കു കൊടുക്കുന്ന സാക്ഷ്യം, ലോകത്തിനും ദൈവത്തിനുമിടയില്‍ നില്‍ക്കുന്ന മോശയെപ്പോലെ, എന്നാല്‍ മോശയെക്കാള്‍ വലിയവനായ, ദൈവംതന്നെയായ ഈശോമിശിഹായുടെ ഈ ദൗത്യത്തെ ചൂണ്ടിക്കാട്ടുന്നു. ''ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'' (1:29). ദൈവം തന്റെ ജനത്തെ തന്നിലേക്കടുപ്പിക്കാനായി, അവരുടെ പാപപരിഹാരത്തിനായി, നിരവധി വ്യക്തികളെ മനുഷ്യരില്‍നിന്നു തിരഞ്ഞെടുത്തെങ്കിലും അവര്‍ക്കാര്‍ക്കും ആ ദൗത്യം സാധിക്കാനായില്ല. അതിനാല്‍  അവിടുന്ന് തന്റെ പുത്രനെത്തന്നെ അയയ്ക്കുന്നു. 
ദൈവം തന്റെ രക്ഷ മനുഷ്യനു സമ്മാനിക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു (ഏശ.  45:18). 'നിങ്ങള്‍ക്കു നര ബാധിക്കുമ്പോളും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും' (46:4).  ഈ രക്ഷ പലരീതികളില്‍ ഇസ്രായേലിന്റെ ജീവിതത്തില്‍ കാണുന്നുണ്ട്. അത് അവര്‍ അടിമത്തത്തില്‍നിന്നു പുറത്തെത്തുന്നതിലും യുദ്ധങ്ങളില്‍ വിജയിക്കുന്നതിലുമൊക്കെയാണ്. ഈ ഭൗതികസൂചനകളെല്ലാം ഈശോയില്‍ പൂര്‍ത്തിയാകുന്ന  നിത്യമായ രക്ഷയുടെ അടയാളങ്ങള്‍മാത്രം. 
ദൈവത്തിന്റെ രക്ഷയുടെ ദിവസത്തെ 'ഇന്ന്' (ീേറമ്യ) എന്ന സമയസൂചകത്തിലൂടെയും 'ദൈവം നല്‍കുന്ന വിശ്രമം' എന്ന അവസ്ഥാസൂചകത്തിലൂടെയും ഹെബ്രായലേഖനം മനോഹരമായി വിവരിക്കുന്നു (ഹെബ്രാ. 4:1-10). ദൈവം നിത്യനാണ്. 'ഇന്ന്' എന്നത് ദൈവത്തിന്റെ നിത്യതയെ സൂചിപ്പിക്കുന്നു. അവിടത്തേക്ക് ഇന്നുമാത്രമേയുള്ളൂ, ഇന്നലെയും നാളെയുമില്ല. അപ്രകാരം നോക്കുമ്പോള്‍ ദൈവം സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുന്നതും രക്ഷ നടത്തുന്നതും മനുഷ്യനെ തന്റെ മഹത്ത്വത്തിന്റെ വിശ്രമത്തിലേക്കു സ്വീകരിക്കുന്നതുമെല്ലാം ദൈവത്തിന്റെ അവസ്ഥയില്‍ 'ഇന്ന്' തന്നെയാണ്. മനുഷ്യരുടെ ദൃഷ്ടിയില്‍ ഇതെല്ലാം  കാലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സംഭവിക്കുന്നു: കാരണം, മനുഷ്യന്‍ നിത്യനല്ല, അവന് ഇന്നലെയും ഇന്നും നാളയെമുണ്ട്, സമയപരിമിതിയുണ്ട്, ജനനമുണ്ട്, മരണവും! എന്നാല്‍, മനുഷ്യനും നിത്യനാകാന്‍ കഴിയും, അതിനവന്‍ ദൈവത്തിന്റെ സ്വരം ശ്രവിച്ച് അവിടുത്തെ  നിത്യതയിലേക്കു പ്രവേശിക്കണം.  
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു നാം പൊതുവെ പറയാറുള്ളത് അവര്‍ 'നിത്യവിശ്രമം കൊള്ളുന്നു' എന്നാണ്. സൃഷ്ടികര്‍മത്തിനുശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചെന്ന വിശ്വാസം നിത്യവിശ്രമത്തിനു മാതൃകയാണ്. സൃഷ്ടിക്കുശേഷമുള്ള ദൈവത്തിന്റെ അവസ്ഥ ദൈവികമായ നിത്യവിശ്രമത്തിന്റേതാണ്. അവിടുത്തെ സ്വരം ശ്രവിച്ച്, ഹൃദയം കഠിനമാക്കാതെ, മാനസാന്തരപ്പെട്ട് ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. അങ്ങനെ 'ഇന്നും' 'നിത്യവിശ്രമവുമൊക്കെ' ദൈവത്തോടോത്തുള്ള നമ്മുടെ ജീവിതത്തിന്റെ, ദൈവമഹത്ത്വത്തിലുള്ള ജീവിതത്തിന്റെ, യഥാര്‍ഥ സൂചകങ്ങളായും മാറും. അതിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതും ഈശോമിശിഹാ ഈ ഭൂമിയിലേക്കു വന്നതും.

Login log record inserted successfully!