•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

വെള്ളമുണ്ട്, കരമുണ്ട്

രിക്കല്‍ ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും പദ്മതീര്‍ഥക്കരയില്‍വച്ചു കാണാനിടയായത്രേ! അപ്പോള്‍ അതുവഴി കാതില്‍ ഓല ധരിച്ച ഒരു യുവതി തോഴിയോടൊപ്പം താളിയും കൈയിലേന്തി പദ്മതീര്‍ഥത്തില്‍ കുളിക്കാനെത്തി. ഇവരെ കണ്ടമാത്രയില്‍ കാതിലോല എന്ന് ഉണ്ണായിയും അതിനു മറുപടിയായി നല്ലതാളി എന്നു നമ്പ്യാരും പറഞ്ഞതായി ഒരു ഐതിഹ്യമുണ്ട്. കാതിലോല, നല്ലതാളി എന്നീ പ്രയോഗങ്ങളിലുള്ള സന്ധിവ്യതിയാനമാണ് ഇവിടത്തെ നര്‍മഹേതു.
കാതിലോല എന്ന സമസ്ത പദത്തെ കാതില്‍ + ഓല എന്നും കാ + അതിലോല എന്നും പിരിച്ചെഴുതാം. 'കാതിലോല'യ്ക്ക് കാതില്‍ അണിയുന്ന ഒരു തരം ആഭരണം എന്നാണര്‍ഥം. 'കാ അതിലോല'യ്ക്ക് ആകട്ടെ, ഏവള്‍ ആണ് സുന്ദരി എന്നര്‍ത്ഥം വരും (കിം എന്ന ശബ്ദത്തിന്റെ സ്ത്രീലിംഗരൂപമാണ് കാ) നല്ല താളിയെ നല്ലത് ആളി എന്നു പിരിച്ചെഴുതുമ്പോള്‍ തോഴിയാണ് സുന്ദരി എന്ന വിവക്ഷിതം വന്നു ചേരുന്നു. കാതിലോല, നല്ലതാളി എന്നീ പ്രയോഗങ്ങളിലെ സന്ധിവികാരമാണ് ദ്വ്യര്‍ത്ഥസൂചന നല്‍കിയതെന്നു വ്യക്തം.
ഒരു പദത്തില്‍ ഒരിടത്തു സന്ധിയുള്ളതായി കണക്കാക്കിയാല്‍ ഒരര്‍ഥവും മറ്റൊരിടത്തു സന്ധിയുള്ളതായി ഗണിച്ചാല്‍ മറ്റൊരര്‍ഥവും കല്പിക്കാവുന്നതാണ്. അത്തരത്തില്‍ പിരിച്ചെഴുതി സന്ധി നിര്‍ണയിക്കാവുന്ന രണ്ടു രൂപങ്ങളാണ് വെള്ളമുണ്ട്, കരമുണ്ട് എന്നിവ. വെള്ളമുണ്ടിനെ, വെള്ള + മുണ്ട് എന്നു പിരിച്ചെഴുതിയാല്‍ വെളുത്തമുണ്ട് എന്നും വെള്ളം + ഉണ്ട് എന്നു പിരിച്ചെഴുതിയാല്‍ വെള്ളം ഉണ്ട് എന്നും അര്‍ഥം ധരിക്കണം. വെളുത്തമുണ്ട് വെള്ളമുണ്ട് എന്നിടത്ത് സംഹിതയും വെള്ളം  ഉണ്ട് വെള്ളമുണ്ട് എന്നിടത്ത് അനുസ്വാരലോപവും സംഭവിക്കുന്നു എന്നതത്രേ അവ  തമ്മിലുള്ള ഭേദം. കരമുണ്ടിനെ, കര + മുണ്ട് എന്നു വിഭജിച്ചാല്‍ കരയുള്ള മുണ്ട് എന്നും കരം + ഉണ്ട് എന്നു പിരിച്ചാല്‍ കൈയുണ്ട് എന്നും വിവക്ഷിതങ്ങള്‍ വന്നുചേരും. 'നമ്പിയാരെന്നു ചോദിച്ചൂ നമ്പിയാരെന്നു ചൊല്ലിനേന്‍' എന്ന കവിമൊഴിയുടെ സ്വാരസ്യവും പിരിച്ചെഴുത്തില്‍നിന്നാണല്ലോ വ്യക്തമാകുന്നത്.
താളി: ചിലയിനം സസ്യങ്ങളുടെ ഇല, തണ്ട് തുടങ്ങിയവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്, എണ്ണമയം കളയുന്നതിന് ഉപയോഗിക്കുന്നു.

 

Login log record inserted successfully!