ജനുവരി 8
ദനഹാക്കാലം ഒന്നാം ഞായര്‍
പുറ 3:1-12 ഏശ 44:28-45:4
2 തിമോ 3:10-15 ലൂക്കാ 4:16-22
ചോദ്യം: സര്‍വേശ്വരന്‍ എന്തിനു നിന്നെ സൃഷ്ടിച്ചു?
ഉത്തരം: തന്നെ അറിഞ്ഞ്, സ്‌നേഹിച്ച്, തന്റെ വിശുദ്ധപ്രമാണങ്ങള്‍ കാത്തുകൊണ്ട്, തന്നെ ശുശ്രൂഷിച്ച്, നിത്യമായി രക്ഷപ്പെടുത്താന്‍ എന്നെ സൃഷ്ടിച്ചു.
ക്രിസ്തീയ വേദോപദേശ സംക്ഷേപത്തില്‍ പഠിപ്പിക്കുന്ന ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ ഉദ്ദേശ്യമാണിത്.
ഈ ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ ശിശുവിനും ഒരു ദൗത്യമുണ്ട്. അത് ദൈവത്തിനായി ജീവിക്കുക, ദൈവത്തിലേക്ക് എത്തുക എന്നതാണ്! ചിലര്‍ക്കാകട്ടെ, ദൈവത്തിലേക്ക് തന്നെത്തന്നെ നയിക്കുന്നതിനൊപ്പം തന്റെ സഹോദരരെയും അവിടുന്നില്‍ എത്തിക്കാനുള്ള നേതൃത്വത്തിന്റെ ദൗത്യവുംകൂടി നല്‍കപ്പെട്ടിരിക്കുന്നു.
ഒന്നാം വായന ഓര്‍മിപ്പിക്കുന്നത് മോശയുടെ ദൗത്യമാണ് (പുറ. 3:1-12). ഈജിപ്തില്‍ അടിമകളായിരിക്കുന്ന ഇസ്രായേല്‍ജനത്തിന്റെ നിലവിളി കേള്‍ക്കുകയും (3:9), ക്ലേശങ്ങള്‍ കാണുകയും (3:7) ചെയ്യുന്ന ദൈവം, അവരെ മോചിപ്പിക്കുക എന്ന വലിയ ദൗത്യം മോശയെ ഏല്പിക്കുന്നു (3:9,10).
എന്തിനുവേണ്ടിയാണ് ഇസ്രായേല്‍മക്കളെ ദൈവം മോചിപ്പിക്കുന്നത്? കാരണം, അവര്‍ ദൈവത്തിന്റെ ജനമായിരുന്നു. ''നീ എന്റെ ജനമായ ഇസ്രായേല്‍മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം'' (3:10). ഇതൊക്കെ ചെയ്യാന്‍ 'ഞാനാരാണ്' എന്നതാണ് അപ്പോള്‍ ദൈവത്തോടുള്ള മോശയുടെ ചോദ്യം (3:11). രണ്ടുത്തരങ്ങളാണ് ഈ ചോദ്യത്തിനു മറുപടിയായി ദൈവം നല്‍കുന്നത്: ''ഞാന്‍ നിന്നോടു കൂടെയുണ്ടായിരിക്കും'' (3:12). ദൈവം കൂടെയുള്ളവനാണ് മോശ! സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരിലും ദൈവത്തിന്റെ അംശമുണ്ട് എന്നത് നമ്മുടെ വിശ്വാസമാണ്. വിശ്വാസത്തില്‍ മാത്രം അത് ഒതുങ്ങിപ്പോകുമ്പോളാണ് മോശയെപ്പോലെ 'താനാരാണ്' എന്നന്വേഷിച്ചു നടക്കുന്നവനായി ചിലരെയെങ്കിലും നാം കാണുന്നത്. തന്റെ ഉള്ളിലുള്ള ദൈവാംശത്തിന്റെ വെളിച്ചത്തില്‍ ഈ ലോകത്തില്‍ വ്യാപരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
ദൈവത്തിന്റെ രണ്ടാമത്തെ വാചകം ക്രിസ്തീയജീവിതത്തിന്റെ 'അയയ്ക്കപ്പെടുക' എന്ന അടിസ്ഥാനപ്രമാണത്തെ ഓര്‍മിപ്പിക്കുന്നു. ''ഞാനാണ് നിന്നെ അയയ്ക്കുന്നത്...'' (3:12). ദൈവാംശമായി ജീവിക്കുന്നവന്‍ അതേ ദൈവാംശവുമായി ജീവിക്കുന്ന സഹോദരനെ തിരിച്ചറിയുന്നതും അവനോടൊത്തു ദൈവത്തെ അന്വേഷിക്കുന്നതുമാണ് ക്രിസ്തീയദൗത്യം (ാശശൈീി). മോശ അയയ്ക്കപ്പെടുന്നതും ദൈവാംശവുമായി ജീവിക്കുന്ന സ്വന്തം സഹോദരരുടെ അടുത്തേക്കാണ്. അതില്‍ ഇസ്രായേല്‍ക്കാര്‍ മാത്രമല്ല, ഈജിപ്തുകാരും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ദൈവാംശം ഉള്ളിലുള്ളവരാണെന്ന് അഭിമാനിക്കുമ്പോളും പ്രയോഗികജീവിതത്തില്‍ അതു യാഥാര്‍ഥ്യമാക്കാത്തവര്‍ക്ക് ദൈവമഹത്ത്വത്തിലേക്കു പ്രവേശിക്കാനാവില്ല. അവര്‍ ഉള്ളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വെളിച്ചമുണ്ടായിരിക്കേ, തിന്മയുടെയും താന്‍പോരിമയുടെയും പ്രവര്‍ത്തനങ്ങളുമായി ലോകത്തിന്റെ സമാധാനം നശിപ്പിക്കുന്നു. ഈജിപ്തുകാരും ഇസ്രായേല്‍ക്കാരും തമ്മിലുള്ള വ്യത്യാസത്തെ ഇങ്ങനെ വ്യാഖ്യാനിക്കാം. ഇരുകൂട്ടരിലുമുള്ള ദൈവാംശത്തെ പുനര്‍ജീവിപ്പിച്ച് ദൈവികസ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് ദൈവത്താല്‍ അയയ്ക്കപ്പെടുന്ന എല്ലാ മോശമാരുടെയും ദൗത്യം.
ഇതേ ആശയംതന്നെയാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായനയിലും മുഴങ്ങിക്കേള്‍ക്കുന്നത് (ഏശ. 44:28-45,4). ദൈവമാണ് കര്‍ത്താവെന്നും ദൈവമല്ലാതെ മറ്റൊരു കര്‍ത്താവില്ലെന്നും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്നും ജനം അറിയണം. ഇനി, ''നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും'' (45:5). ദൈവാംശവുമായി ജീവിക്കുന്ന മനുഷ്യനെ അത് ബോധ്യപ്പെടുത്തി രക്ഷയുടെ പാതയിലേക്കു തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്വംകൂടി ദൈവം ഏറ്റെടുത്തിരിക്കുന്നു. ദൈവമക്കളാണെന്നു പറയുകയും അതനുസരിച്ചു ജീവിക്കാതിരിക്കുകയും ചെയ്യുന്നവരുടെ വിശ്വാസത്തെയും പ്രവൃത്തിയെയും ഒന്നാക്കുക എന്നതാണ് അയയ്ക്കപ്പെടുന്നവരുടെ ദൗത്യം (45:6).
മോശയും ഏശയ്യായും മറ്റ്അയയ്ക്കപ്പെട്ടവരുമെല്ലാം ദൈവാംശം ഉള്ളവരും ദൈവാംശംതന്നെയുള്ള സ്വന്തം സഹോദരരെ തേടിയിറങ്ങാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമാണെങ്കില്‍, ദൈവംതന്നെയായ ഈശോയാകട്ടെ ദൈവാംശമുള്ള തന്റെ സഹോദരരെത്തേടി, മനുഷ്യനായി, ഭൂമിയില്‍ ജനിക്കുന്നു. അവന്റെ ലക്ഷ്യം നേരത്തേ പറഞ്ഞതുതന്നെ, പക്ഷേ, ചെറിയൊരു മാറ്റമുണ്ട്, ഇതുവരെ ദൈവം മനുഷ്യരെയാണ് തന്റെ ദൗത്യവുമായി അയച്ചതെങ്കില്‍, ഇവിടെ ദൈവം തന്നെത്തന്നെ അയയ്ക്കുന്നു (ലൂക്കാ 4:16-22മ).
ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഏശയ്യാപ്രവാചകനാണ് (ഏശ. 61:1). ഏശയ്യാ തന്റെ ജീവിതകാലത്ത് പ്രവചനങ്ങളിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും കര്‍ത്താവിന്റെ ആത്മാവിന്റെ ശക്തി തെളിയിച്ചെങ്കില്‍, ദൈവമായ ഈശോമിശിഹാ സ്വന്തം ശരീരത്തിലൂടെയാണ് ആത്മാവിന്റെ ശക്തി തെളിയിച്ചത്. അത് അവിടത്തെ മരണവും ഉത്ഥാനവുംവഴി പാപരഹിതമായ ഒരു പുതിയ മനുഷ്യനു ജന്മം നല്‍കിക്കൊണ്ടാണ്. പുതിയ മനുഷ്യന്റെ ജനനത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം മാത്രമാണ് ക്രിസ്മസ്. ഈശോയുടെ ദൗത്യം മനുഷ്യന്റെ പാപം മോചിച്ച്, അവനെ പിശാചിന്റെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, ദൈവത്തിന്റെ മഹത്ത്വത്തിലേക്കു അവനെ പ്രവേശിപ്പിക്കുക എന്നതാണ്. അതു കൃത്യമായി ദൈവം നടത്തുകതന്നെ ചെയ്യും (ലൂക്കാ 4:21; ഏശയ്യാ 45:5).
ദൈവത്തിന്റെ ദൗത്യവുമായി ഭൂമിയില്‍ ജനിക്കുന്നവരെല്ലാം ജീവിതത്തില്‍ പീഡനവും തിരസ്‌കാരവും ഏറ്റുവാങ്ങേണ്ടിവരും. കാരണം, സത്യദൈവത്തെ അംഗീകരിക്കുന്നതോ ആരാധിക്കുന്നതോ ലോകത്തിന്റെ ക്രമത്തോടു ചേര്‍ന്നുനില്‍ക്കുന്ന കാര്യങ്ങളല്ല. യഥാര്‍ഥദൈവാനുഭവം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം അതിനെ തിരസ്‌കരിക്കാനും തമസ്‌ക രിക്കാനും ശ്രമിക്കുന്ന സാത്താന്റെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. ഇപ്രകാരം ഉണ്ടാകാവുന്ന പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗമാണ് പൗലോസ് ശ്ലീഹായുടെ ലേഖനം നല്‍കുന്നത് (2 തിമോ. 3:10-15). ''നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുളളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമായി നില്‍ക്കുക'' (3:14). തിമോത്തിയോസ് കാര്യങ്ങള്‍ പഠിച്ചത് പൗലോസില്‍നിന്നാണെന്നു വ്യക്തമാണല്ലോ. പൗലോസ് വിശ്വാസത്തിലേക്ക് എങ്ങനെ വന്നുവെന്നും അതിനു മുമ്പും പിമ്പുമുള്ള അവന്റെ സ്വഭാവം എന്തായിരുന്നുവെന്നും നമുക്കു പരിചിതവുമാണ്. അതേ തീക്ഷ്ണതയോടെ ദൗത്യനിര്‍വഹണത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി.