•  5 Dec 2024
  •  ദീപം 57
  •  നാളം 39
ശ്രേഷ്ഠമലയാളം

ചികിത്സപ്പിഴ

സ്ഥാനത്തും അസ്ഥാനത്തും ആ കാരം പ്രയോഗിക്കുന്നത് മലയാളികളുടെ സ്വഭാവസവിശേഷതയായി കണക്കാക്കാമെന്നു തോന്നുന്നു. വഞ്ചനക്കുറ്റം മതിയാകുന്നിടത്ത് ''വഞ്ചനാക്കുറ്റം'' എന്നെഴുതുന്നത് സര്‍വ്വസാധാരണമായിട്ടുണ്ട്. പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു പിന്നിലെ അടിസ്ഥാനതത്ത്വങ്ങള്‍ അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള തെറ്റുകള്‍ വന്നുപോകുന്നത്. ''പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധം.'' ഈയിടെ ഒരു പ്രമുഖദിനപത്രത്തില്‍ വന്ന വാര്‍ത്തയാണിത്. ഇതിലെ ചികിത്സാപ്പിഴവ് എന്ന പദത്തിലെ  പൂര്‍വപദം ചികിത്സാ എന്നല്ല; ചികിത്സ എന്നാണ്. അത് ആദ്യം മനസ്സിലാക്കണം. ചികിത്സ എന്ന ഹ്രസ്വാന്തത്തോടാണ് 'പിഴവ്' എന്ന ഉത്തരപദം ചേരുന്നത്. അവ രണ്ടും വിശേഷണവിശേഷ്യങ്ങള്‍ ആയതിനാല്‍ 'പിഴവ്' എന്നതിലെ പ കാരം ഇരട്ടിക്കും. അപ്പോള്‍ ശരിയായ സമാസരൂപം 'ചികിത്സപ്പിഴവ്' എന്നാകുന്നു.
'പിഴവ്' എന്ന പദത്തെക്കുറിച്ചുള്ള പണ്ഡിതമതം എന്താണെന്നു നോക്കാം. ''പിഴ എന്നു മതിയാകുന്നിടത്ത് പിഴവ് എന്നു പ്രയോഗിക്കുന്നത് ഭാഷാസാമഗ്രിയുടെ ദുര്‍വ്യയം മാത്രം. വൃത്തപൂര്‍ത്തിക്ക് അനുപേക്ഷണീയമെങ്കില്‍മാത്രം പിഴവ് ആകാം. പിഴ മതിയാകുമെങ്കില്‍  'പിഴവ്' അനാവശ്യംതന്നെ.* 'വല്ലാതെ ഞാന്‍ ചെയ്ത പിഴ യെല്ലാം സഹിക്ക നീ' എന്നാണല്ലോ കീചകവധം ആട്ടക്കഥാകാരന്റെ മതവും. 'പിഴവ്' എന്നതിലെപ്പോലെ 'ദയവ്' എന്നതിലെ വകാരവും അധികപ്പറ്റാണ്. ''വ് എന്ന കൃതികൃത്ത്പ്രത്യയം ചേര്‍ക്കാതെതന്നെ പിഴ ശരിയായ അര്‍ഥത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടെന്ന് പി. ദാമോദരന്‍നായരും നിരീക്ഷിച്ചിട്ടുണ്ട്.* അങ്ങനെയെങ്കില്‍ 'ചികിത്സപ്പിഴ ആരോപിച്ച് പ്രതിഷേധം' എന്നാക്കിയാല്‍ വാക്യവും പൊരുളും മലയാളത്തിന്റെ രീതിക്ക് ഇണങ്ങും. രണ്ടു വര്‍ണങ്ങള്‍ കുറയുമ്പോഴുള്ള സ്ഥലലാഭം പത്രക്കാരെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലല്ലോ!
*പ്രബോധചന്ദ്രന്‍ നായര്‍, ഡോ. വി.ആര്‍., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 78.
*ദാമോദരന്‍നായര്‍ പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2013, പുറം - 406.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)