•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

മറിയം നല്കിയ ദൈവത്തിന്റെ സമ്മാനം

ജനുവരി 1  പിറവിക്കാലം  രണ്ടാം ഞായര്‍
പുറ 2:1-10   ഏശ 49:1-6
2 തിമോ 2:16-26  ലൂക്കാ 2:21-35

മ്മുടെ ദൈവമായ കര്‍ത്താവ് മനുഷ്യരക്ഷയ്ക്കായി വിഭാവനം ചെയ്ത പദ്ധതിയില്‍, തന്റെ പുത്രനെ മനുഷ്യനായി ഈ ലോകത്തിലേക്ക് അയയ്ക്കുക എന്ന ഭാഗം മറിയത്തില്‍നിന്ന് ഈശോ ജനിച്ചതിലൂടെ നിറവേറി. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ഈ നിറവേറലാണ്  ക്രിസ്മസ്. എന്നാല്‍, ദൈവം മനുഷ്യനായി പിറന്നതുകൊണ്ടു മാത്രം പൂര്‍ത്തിയാകുന്നതല്ല മനുഷ്യന്റെ രക്ഷ. മനുഷ്യന്‍ ദൈവത്തില്‍നിന്നകന്നപ്പോള്‍ ദൈവം അനുഭവിച്ച വേദന മനുഷ്യന്റെ പശ്ചാത്താപത്തില്‍ പ്രകടമായാലേ ദൈവവുമായുള്ള അവന്റെ അനുരഞ്ജനം പൂര്‍ത്തിയാക്കി, ദൈവമഹത്ത്വത്തിലേക്കു തിരികയെത്താന്‍ മനുഷ്യനു കഴിയൂ.  ആ വേദനയുടെ  അളവ് മനുഷ്യനു മനസ്സിലാക്കാനോ പരിഹരിക്കാനോ കഴിയുന്നതിന്റെ അപ്പുറമാണ്. അതിനാല്‍, ദൈവംതന്നെ, തന്റെ പുത്രനെ മനുഷ്യനായി ലോകത്തിലേക്കയച്ച്, അവനിലൂടെ മനുഷ്യനുവേണ്ടി പരിഹാരം ചെയ്തു ദൈവമനുഷ്യബന്ധം പുനഃസ്ഥാപിക്കുന്നു. 
ക്രിസ്മസിനുശേഷം വരുന്ന ഞായറാഴ്ചകളില്‍, ഈശോയില്‍ പൂര്‍ത്തിയാകുന്ന മനുഷ്യരക്ഷയുടെ അടുത്ത തലത്തിലേക്ക്, ഈശോയുടെ ദൈവരാജ്യപ്രഘോഷണത്തിലേക്കും  കുരിശുമരണത്തിലേക്കും ഉത്ഥാനസന്തോഷത്തിലേക്കും സഭയുടെ ജനനത്തിലേക്കും ദൈവവചനം നമ്മെ നയിക്കുന്നു.   
ഇസ്രായേല്‍ജനത്തെ അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ ദൈവത്തിന്റെ ഉപകരണമായിത്തീര്‍ന്ന മോശയുടെ ജനനവും വളര്‍ച്ചയുമാണ് ഒന്നാം വായനയുടെ (പുറ. 2:1-10) ഉള്ളടക്കം. വലിയൊരു വംശഹത്യയുടെ വക്കിലായിരുന്നു ഇസ്രായേല്‍ ജനം. അടിമകളായി വന്നവരുടെ എണ്ണം വര്‍ധിച്ചു രാജ്യത്തിനു ഭീഷണിയായിത്തീരുമെന്ന് ഈജിപ്തുരാജാവ് കരുതി. അതുകൊണ്ട് അവരുടെ എണ്ണവും ശക്തിയും കുറയ്ക്കാന്‍ (പുറ. 1:9) ഇസ്രായേല്‍ക്കാര്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികളെ വധിക്കാന്‍ ഹെബ്രായസ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുന്ന സ്ത്രീകളോടു  രാജാവുതന്നെ കല്പിച്ചു (പുറ. 1:15). എന്നാല്‍, ദൈവഭയമുള്ളവരായതിനാല്‍  അവരതിനു തയ്യാറായില്ല (പുറ. 1:16). ഇസ്രായേല്‍ജനത്തിന്റെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നു. 
ഈ സാഹചര്യത്തിലാണ് മോശയുടെ ജനനം (പുറ. 2:2). കോമളനായ തന്റെ കുഞ്ഞിനും ജീവനു ഭീഷണിയുണ്ടെന്നു തിരിച്ചറിയുന്ന അവന്റെ അമ്മ, നല്ല  മനുഷ്യരാരെങ്കിലും അവനെ വളര്‍ത്തട്ടെ എന്നു കരുതി കരുതലോടെ ഉപേക്ഷിച്ചെങ്കിലും, കൃത്യമായ ദൈവിക പദ്ധതിയില്‍ അവന്‍ ഫറവോയുടെ പുത്രിയുടെ കൈകളിലെത്തുകയും, അവള്‍ അവനെ വളര്‍ത്താന്‍ അവന്റെ അമ്മയെ ത്തന്നെ ഏല്പിക്കുകയും ചെയ്യുന്നു. അവിശ്വസനീയമാണെന്നു തോന്നാമെങ്കിലും ദൈവത്തിന്റെ വലിയ പദ്ധതി നിറവേറ്റുന്നതിന് അവിടുന്ന് തന്റെ സൃഷ്ടികളായ മനുഷ്യരിലൂടെ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു നാം മനസ്സിലാക്കുന്ന വി. ഗ്രന്ഥത്തിലെ ഒരുദാഹരണം മാത്രമാണിത്.  നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോളും ദൈവത്തിന്റെ അനുഗ്രഹപ്രദമായ സാന്നിധ്യം നമ്മെ നടത്തിയ വഴികളെ ചേര്‍ത്തുവായിക്കാന്‍ ഇപ്രകാരമുള്ള വചനഭാഗങ്ങള്‍ നമ്മെ സഹായിക്കണം. 
പാപത്തിന്റെ അടിമത്തത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കാനായി വരുന്ന ഈശോമിശിഹായെയാണ്, '...എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്' (നിയമാ. 18:15), എന്ന മോശയുടെ വചനം സൂചിപ്പിക്കുന്നത്. അവന്റെയും ജനനം മോശയുടേതുപോലെ അസാധാരണത്വം നിറഞ്ഞതായിരുന്നല്ലോ. 
കര്‍ത്താവിന്റെ ദാസന്റെ സ്വഭാവവും ലക്ഷ്യങ്ങളും വര്‍ണിക്കുന്നതാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായന (ഏശ. 49:1-6). ഇസ്രായേലിനെ തന്റെ ദാസനായി ദൈവം അംഗീകരിക്കുന്നു.  എന്നാല്‍, ഇസ്രായേലിനെ യഥാര്‍ഥത്തില്‍ തന്റെ പക്കല്‍ ഒരുമിച്ചുകൂട്ടാനായി ദൈവം നിയമിക്കുന്ന ദാസന്‍ വരാനിരിക്കുന്നു. ''എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിനു ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും'' (49:6).  കര്‍ത്താവിന്റെ യഥാര്‍ഥ ദാസന്റെ ശുശ്രൂഷ ഇസ്രായേലില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. അത് ലോകത്തെ മുഴുവനായി ദൈവമഹത്ത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കുക എന്നതാണ്. അതിനു നിയോഗിക്കപ്പെട്ടിരിക്കുന്നത് ഈശോമിശിഹായാണ്. 
ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതും അവനെക്കുറിച്ചുള്ള പ്രാഥമികമായ സുവിശേഷപ്രവചനങ്ങളുമാണ് സുവിശേഷഭാഗത്തിന്റെ ഉള്ളടക്കം (ലൂക്കാ 2:21-35). നിയമമനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ശിശുവിനെ യഹൂദനായിത്തന്നെ വളര്‍ത്താന്‍ അവന്റെ മാതാപിതാക്കള്‍ തീരുമാനിക്കുന്നു (2:21-24). അതിനായി അവനെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു. അവനെയും പ്രതീക്ഷിച്ച് ദൈവാലയത്തില്‍ത്തന്നെയായിരുന്ന ദൈവത്തിന്റെ ഹിതമറിയുന്ന ചിലരെ നാം കാണുന്നു. ശിമയോന്റെയും അന്നയുടെയും പ്രവചനങ്ങള്‍ മറിയത്തിനും യൗസേപ്പിനും ആശ്ചര്യജനകമായിരുന്നിരിക്കണം. മറിയവും യൗസേപ്പും, കുറച്ചു നാളത്തേക്കെങ്കിലും, തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുമെന്നു വിചാരിച്ചിരുന്ന രഹസ്യം അവര്‍ക്കുംമുമ്പേ അറിയാവുന്നവര്‍ ഉണ്ടായിരുന്നു. 
ഇസ്രയേലിന്റെ രക്ഷകനായി വരാനിരിക്കുന്ന മിശിഹാതന്നെയാണ് തങ്ങള്‍ക്കു ജനിച്ചിരിക്കുന്ന ഈശോയെന്ന് ഓരോ നിമിഷവും മറിയത്തിനും യൗസേപ്പിനും ബോധ്യപ്പെടുകയാണ്. ഗബ്രിയേലിന്റെ വാക്കുകളിലും ഈശോയുടെ ജനനത്തിലുണ്ടായ സംഭവവികാസങ്ങളിലുമെല്ലാം അവര്‍ അനുഭവിക്കുന്ന ദൈവിക ഇടപെടലിനെ സാധൂകരിക്കുന്ന അനുഭവമാണ് ദൈവാലയത്തിലുമുണ്ടാകുന്നത്. രക്ഷകനെ കാത്തിരിക്കുന്ന ഇസ്രായേല്‍സമൂഹത്തിനു മറിയം നല്‍കുന്നത് ദൈവത്തിന്റെ ആ വലിയ സമ്മാനമാണ്. 
അതിന് അവള്‍ കൊടുക്കേണ്ട വില ജീവന്റെ വിലയാണ്. തന്റെ ജീവന്റെ ഭാഗമായ പുത്രന്റെ മൃതമായ ശരീരത്തെ തന്റെ മടിയില്‍ കിടത്തേണ്ടിവന്നപ്പോള്‍ അവള്‍ അനുഭവിച്ചത് ഹൃദയത്തിലൂടെ വാള്‍ തുളച്ചുകയറുമ്പോളുള്ള വേദനയാണ്, അഥവാ മരണവേദനയാണ്. അത് മനുഷ്യവംശത്തിനുവേണ്ടി മറിയം അനുഭവിക്കാനായി ദൈവം അനുവദിച്ചിരിക്കുന്നതാണ്. മനുഷ്യന്‍ അനുസരണക്കേടിനാല്‍ ദൈവത്തില്‍നിന്നകലുമ്പോള്‍ അവിടുത്തേക്കുണ്ടാകുന്നതും വേദനയാണ്. തന്നില്‍നിന്നകലുന്ന മനുഷ്യനെ നോക്കി നെടുവീര്‍പ്പിടുന്ന ദൈവം! ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ മറിയം സഹകരിക്കുന്നത് ഹൃദയത്തില്‍ തുളഞ്ഞുകയറുന്ന വാളിന്റെ നോവുമായാണ്. ആ നോവില്ലാതെ മനുഷ്യരക്ഷ പൂര്‍ത്തിയാക്കാനാവില്ല. 
ഇന്നത്തെ ലേഖനഭാഗത്ത് പൗലോസ് സൂചിപ്പിക്കുന്നതാണ് ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ പങ്കെടുക്കുന്ന എല്ലാ മനുഷ്യരുടെയും പൊതുവായ സ്വഭാവം (ലേഖനം 2 തിമോ. 2:16-26). ''കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനും ആയിരിക്കണം'' (2:24). മറിയത്തിന്റെയും യൗസേപ്പിന്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ശിമയോന്റെയും അന്നയുടെയുമൊക്കെ സ്വഭാവത്തിലെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയല്ലേ? അവര്‍ക്കാര്‍ക്കും അതുകൊണ്ടു നന്മയല്ലാതെ തിന്മ ഉണ്ടാകുന്നില്ല എന്നു നാം കാണുന്നുണ്ട്. രക്ഷയുടെ വഴിയില്‍ പ്രയാസങ്ങളും വേദനകളും തിരസ്‌കാരങ്ങളുമൊക്കെയാണെങ്കിലും ഇവരുടെയൊക്കെ പെരുമാറ്റങ്ങള്‍ നിരാശയുടേതോ സങ്കടത്തിന്റേതോ അല്ല. ഇല്ലായ്മയിലും വല്ലായ്മ അവര്‍ കാണിക്കുന്നില്ല. കാരണം, ഉള്ളില്‍ ജ്വലിക്കുന്ന സത്യപ്രകാശമായ ഈശോമിശിഹായുടെ വെളിച്ചത്തില്‍ അവര്‍ വഴിനടക്കുന്നു!

Login log record inserted successfully!