മലയാളത്തിന്റെ പദകോശത്തില്‍ മൂന്നുലക്ഷത്തില്‍പ്പരം വാക്കുകളുണ്ട്. ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ തുടങ്ങിയ യൂറോപ്യന്‍ ഭാഷകളിലും മൂന്നുലക്ഷത്തോളം വാക്കുകളേയുള്ളൂ. ഇംഗ്ലീഷിന് ഈ രംഗത്ത് അസന്ദിഗ്ദ്ധമായ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷിന്റെ പദകോശത്തില്‍ പത്തുലക്ഷത്തിലധികം വാക്കുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. അന്യഭാഷകളില്‍നിന്നു സങ്കോചമില്ലാതെയുള്ള ആദാനംമൂലമത്രേ ഇംഗ്ലീഷിന് അസാധാരണമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ഏതൊരു ഭാഷയിലെയും വാക്കുകളെ എണ്ണിത്തിട്ടപ്പെടുത്താം. എന്നാല്‍, വാക്യങ്ങളുടെ കാര്യം അങ്ങനെയല്ല. പരിമിതമായ വാക്കുകള്‍കൊണ്ട് കോടാനുകോടി വാക്യങ്ങള്‍ സൃഷ്ടിക്കാമെന്നതത്രേ ഭാഷയുടെ സര്‍ഗാത്മകത. വാക്യങ്ങളുടെ മൂലഭൂതങ്ങള്‍ വര്‍ണങ്ങള്‍കൊണ്ടു സൃഷ്ടിക്കപ്പെടുന്ന പദങ്ങളാണല്ലോ. പദങ്ങളുടെ നിരുക്തി കണ്ടെത്തേണ്ടത് എങ്ങനെ? മുഖത്തുനിന്നു പുറപ്പെടുന്ന സാര്‍ഥകശബ്ദമാണ് വാക്ക്. വചിക്കുന്നതും വചിക്കപ്പെടുന്നതും വാക്കാവും. സംസ്‌കൃതത്തില്‍ വാക് എന്നാണ് ധാതു. പദാന്തത്തിലും ദൃഢത്തിനു മുമ്പും ചവര്‍ഗത്തിനു കവര്‍ഗമാദേശം. അങ്ങനെ വാച് ണ്ണ വാക് ണ്ണ വാക്ക് എന്നാകുന്നു. മലയാളത്തില്‍ അന്ത്യവ്യഞ്ജനത്തിന് ദ്വിത്വവും സംവൃതോകാരവും ചേര്‍ത്ത് പ്രയോഗിക്കണം. വാക് ണ്ണ വാക്ക്. സമാസത്തിലല്ലാതെ വരുമ്പോള്‍ വാക്ക് എന്നുതന്നെയാണ് എഴുതേണ്ടത്. സംവൃതോകാരം ചേര്‍ത്തെഴുതുന്ന രീതി ഇന്നത്തെ മലയാളം ഉപേക്ഷിച്ചു. (വാക്-വാക്ക്).
പ്രശസ്തങ്ങളായ വാക്കുകളുള്ളവനാണ് വാഗ്മി. 'പ്രശസ്താ വാഗസ്യേതി വാഗ്മി'* എന്നു നിരുക്തി. വാക് + മയം = വാങ്മയം (മയ്ക്കു മുന്നിലെ കകാരം ങകാരമാകും.) വാക്+ ജാലം = വാഗ്ജാലം (ജയ്ക്കു മുന്നിലെ കകാരം ഗകാരമാകും.) വാക് + ഭടന്‍ = വാഗ്ഭടന്‍ (മൃദുക്കള്‍ക്കും ഘോഷങ്ങള്‍ക്കും മുമ്പിലുള്ള കകാരം ഗകാരമായിത്തീരും.)
വാക്+അര്‍ത്ഥം = വാഗര്‍ത്ഥം (സ്വരത്തിനു മുന്നിലെ ക കാരം ഗ കാരമാകും). വാക്കിന്റെ പര്യായമെന്ന നിലയില്‍ പദം പ്രയോഗത്തിലുണ്ട്. 'പദ്യതേ ഗമ്യതേ ജ്ഞായതേ അനേന ഇതി പദം'* എന്നു പദത്തിനു നിരുക്തി. ഇതിനാല്‍ അറിയുന്നതുകൊണ്ട് പദം എന്നര്‍ത്ഥം. (പദം = വാക്ക്).
* രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 201
** രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 138.