•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

പ്രകാശമായ ഈശോയുടെ പിറവി

ഡിസംബര്‍ 25 പിറവിക്കാലം ഒന്നാം ഞായര്‍
ഏശ 7:10-16,9:1-3;6-7  മിക്ക 4:1-3, 5:2-5; 8-9
 ഗലാ  3:15-4:6  ലൂക്കാ 2:1-20

ക്ഷത്രവിളക്കുകളുടെയും പുല്‍ക്കൂടുകളുടെയും ദിനം! ക്രിസ്മസ് പാപ്പാമാരുടെയും കേക്കുകളുടെയും ദിനം! ഉണ്ണിയേശു ജനിച്ചതിന്റെ സന്തോഷം എല്ലാവരെയും പ്രകാശിപ്പിക്കുന്ന പുണ്യദിനം! അതേ, ക്രിസ്മസ് പ്രകാശത്തിന്റെ ഉത്സവമാണ്. ''എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു'' (യോഹ. 1:9). ദൈവവചനമായ ഈശോമിശിഹായായിരുന്നു ആ വെളിച്ചം (യോഹ. 1:1-4, 14). ''ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല'' (യോഹ. 1:5). ഈശോമിശിഹായാകുന്ന പ്രകാശത്തിന്റെ ശക്തിയാല്‍ നാമോരോരുത്തരും നമ്മുടെ ഭവനങ്ങളും പ്രകാശിക്കട്ടെ. ക്രിസ്മസ് ആശംസകള്‍!
സീറോ മലബാര്‍ ആരാധനക്രമത്തില്‍, മാര്‍ തെയദോറിന്റെ കൂദാശക്രമത്തിലെ മൂന്നാം പ്രണാമജപത്തില്‍ ഇപ്രകാരം നാം ചൊല്ലുന്നു: ''ലോകസൃഷ്ടിക്കു മുമ്പുതന്നെ അങ്ങയുടെ അനന്തമായ ജ്ഞാനത്താല്‍ ഒരുക്കപ്പെട്ടിരുന്ന മഹനീയവും വിസ്മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിന്റെ തികവില്‍ അവിടുന്നു തന്റെ കരങ്ങള്‍വഴി നിറവേറ്റുകയും പൂര്‍ത്തിയാക്കുകയും ചെയ്തു.'' മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ കാലത്തിന്റെ തികവിലുള്ള നിറവേറലാണ് ക്രിസ്മസ്. ആ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തിയാക്കലുകളാകട്ടെ, ഈശോയുടെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നമുക്കായി ദൈവം നേടിത്തരുന്ന അവിടുത്തെ മഹത്ത്വത്തിലേക്കുള്ള നമ്മുടെ തിരികെപ്രവേശനമാണ്.
ദൈവത്തിന്റെ രക്ഷാപദ്ധതി കാലത്തിന്റെ തികവില്‍ സംഭവിക്കുമെന്ന രണ്ടു പ്രവചനങ്ങളാണ് ഇന്നത്തെ ആദ്യ രണ്ടു വായനകള്‍. ഏശയ്യായുടെ പുസ്തകത്തില്‍നിന്നാണ് ഒന്നാം വായന (ഏശ. 7:10-16; 9, 1-3, 6-7). ഈശോയ്ക്കുമുമ്പ് (ബി.സി.) എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനാണ് ഏശയ്യാ. പ്രവാസകാലത്തും അതിനുശേഷവുമുള്ള ഇസ്രായേല്‍ജനത്തിന്റെ അവസ്ഥാന്തരങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ പ്രവാചകന്‍. ബാബിലോണ്‍ അടിമത്തത്തിലായിരുന്ന ജനത്തിന്റെ വിമോചനം അടുത്തിരിക്കുന്നുവെന്നും രക്ഷകനായി വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുടെ ആഗമനം ഉടനുണ്ടാകുമെന്നും ഏശയ്യാ പ്രവചിച്ചു. ഈ പ്രവചനങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ടതാണ് 'യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും' (7:14) എന്നത്.
അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ മോചനം നേടും എന്നതിന്റെ പ്രവചനം മാത്രമല്ല ഇത്. പാപത്തിന്റെ അടിമത്തത്തില്‍, ആത്മീയാന്ധകാരത്തില്‍ ആയിരിക്കുന്ന ജനത്തിന്റെ വിമോചനത്തിന്റെ കാഹളംകൂടിയാണത്. ''എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ജനതകളുടെ ഗലീലിയെ അവിടുന്നു മഹത്ത്വപൂര്‍ണമാക്കും. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു'' (9:1-2). ഇതു സംഭവിക്കുന്നത് അവസാനനാളുകളിലായിരിക്കുമെന്ന്  ഏശയ്യാ എടുത്തുപറയുന്നുണ്ട് (9:1 ര). കന്യകയില്‍നിന്നു ജനിക്കുന്ന ഇമ്മാനുവേലിന്റെ നാളുകളായിരിക്കും അടിമത്തത്തിന്റെ അവസാനനാളുകള്‍.
മിക്കായുടെ പ്രവചനവും അന്തിമനാളുകളെപ്പറ്റിത്തന്നെ! (മിക്കാ. 4:1-3; 5:2-5; 8-9). വരാനിരിക്കുന്ന മിശിഹായുടെ ജനനസ്ഥലം  മിക്കാ കൃത്യമായി പ്രവചിക്കുന്നുണ്ട്. ''ബത്‌ലഹേം - എഫ്രാത്ത, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ  ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും'' (5:20). 'മിശിഹാ ആദിമുതലേ ഉള്ളവനായിരുന്നു' (യോഹ. 1:1) എന്നു മിക്കാ  സാക്ഷ്യപ്പെടുത്തുന്നു. ''അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ ഉള്ളവനാണ്'' (5:2യ). മിശിഹാ ദൈവം തന്നെയാണെന്നും അവിടുത്തെ പ്രവൃത്തികള്‍ ഈ ഭൂമിയില്‍ ചെയ്യുമെന്നുമാണു പ്രവചനം.
അവസാനനാളുകളില്‍ വരാനിരിക്കുന്നവന്‍ (ഏശ. 9:1; മിക്കാ 4:1) സമാധാനരാജാവ് (ഏശ. 9:6; മിക്കാ 5:5), ദൈവശക്തിയാല്‍ നിറഞ്ഞവന്‍ (ഏശ. 9:6; മിക്കാ 5:4), ദൈവമഹത്ത്വത്തില്‍ ആയിരുന്നുകൊണ്ട് ജനത്തെ നയിക്കുന്നവന്‍ (ഏശ. 9:1 ര.7; മിക്കാ 5:4), എന്നിവയെല്ലാം ഏശയ്യായുടെയും മിക്കായുടെയും പ്രവചനഭാഗങ്ങളില്‍ പൊതുവായിക്കാണുന്ന മിശിഹായുടെ സ്വഭാവവിശേഷങ്ങളാണ്.
കാലത്തിന്റെ തികവില്‍, ഈ അവസാനനാളുകളില്‍, മറിയത്തിന്റെ ഉദരത്തില്‍ ദൈവത്തിന്റെ വചനം നിറവേറപ്പെടുന്നതാണ് ക്രിസ്മസ് (ലൂക്കാ 2:1-20). സമയത്തിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ അനുഭവക്കുറിപ്പുകളാണ് ചരിത്രമെങ്കില്‍ ഈശോയുടെ ജനനവും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതു തന്നെ. അവിടുത്തെ ജനനം കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ഒരു സമയത്തായിരുന്നു; ലോകമാസകലമുള്ള ജനതകളുടെ  പേര് എഴുതിച്ചേര്‍ക്കണമെന്ന് അഗസ്റ്റസ് സീസര്‍ കല്പന പുറപ്പെടുവിച്ചു സമയം (ലൂക്കാ 2:1). സ്ഥലം ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്. നസ്രത്തും ബത്‌ലഹേമുമൊക്കെ മിശിഹാസംഭവം ചരിത്രത്തിന്റെ ഭാഗമാണെന്ന് ഓര്‍മിപ്പിക്കുന്നു. ചരിത്രത്തിന്റെ അടയാളം അതില്‍ ജീവിക്കുന്നവരുടെ അവസ്ഥാന്തരങ്ങളെങ്കില്‍ അഗസ്റ്റസ് സീസറും ക്വിരിനീയൂസും  മറിയവും ജോസഫും ഈശോയും ആട്ടിടയന്മാരുമൊക്കെ ചരിത്രപുരുഷന്മാര്‍തെന്ന. മറിയവും ജോസഫും ഈശോയും ആട്ടിടയന്മാരുമൊക്കെ  റോമാചരി്രതത്തില്‍ അടയാളപ്പെടുത്തേണ്ടവര്‍ അല്ലായിരുന്നെങ്കിലും ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലില്‍ ഈ ചെറിയ മനുഷ്യരും വലിയവരാകുന്നു.
ദൈവം ചരിത്രത്തിലേക്കിറങ്ങുന്നു എന്നു പറയുന്നതിന് വലിയ അര്‍ഥമുണ്ട്. ചരിത്രമില്ലാത്ത, സമയമില്ലാത്ത, ഇന്നലെയും നാളെയുമില്ലാത്ത, ഇന്നു മാത്രമുള്ള 'ദൈവം മനുഷ്യനാകുന്നത് മനുഷ്യനെ ദൈവമാക്കുന്നതിനാണെന്ന്' സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു. (അത്തനേഷ്യസ് 298-373). ദൈവവചനത്തിന്റെ ആത്യന്തികലക്ഷ്യം മനുഷ്യനു സദ്വാര്‍ത്ത നല്‍കുകയെന്നതാണ്. ആ സദ്വാര്‍ത്ത നഷ്ടപ്പെട്ടുപോയ ദൈവസാദൃശ്യം മനുഷ്യനു തിരികെനല്‍കാന്‍ ദൈവം തന്നെ മനുഷ്യനാകുന്നു എന്നതാണ്. തിരികെ ദൈവസാദൃശ്യത്തിലെത്തുമ്പോള്‍ ദൈവമഹത്ത്വത്തില്‍ മനുഷ്യരെ പങ്കാളികളാക്കാന്‍ ദൈവം തിരുമനസ്സാകുന്നു. അതുകൊണ്ടുതന്നെ, മാലാഖാവൃന്ദത്തിന്റെ സ്തുതിപ്പിന് വലിയ അര്‍ഥമുണ്ട്. ''അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം'' (ലൂക്കാ 1:14). ദൈവത്തിന്റെ മഹത്ത്വത്തിലായിരിക്കുക എന്നതാണ് മനുഷ്യനു സമാധാനം ലഭിക്കാവുന്ന ഏകവഴി. അതിനുള്ള മാര്‍ഗമാണ് ഈശോമിശിഹാ. ദൈവമായിരുന്നുകൊണ്ടുതന്നെ തന്റെ മഹത്ത്വത്തിലേക്കു നമ്മെ ചേര്‍ത്തുപിടിക്കാന്‍ ഈശോമിശിഹാ മനുഷ്യനാകുന്നു.
സുവിശേഷത്തിന്റെ അവസാനഭാഗമാകട്ടെ, പൗലോസ് ശ്ലീഹാ എഴുതുന്നതുപോലെ (ഗലാ. 3:15-4,6) മിശിഹായെ ധരിച്ചിരിക്കുന്നവരുടെ അനുഭവമാണ് (ഗലാ. 3:27). മറിയം ഹൃദയത്തില്‍ സംഗ്രഹിക്കുന്നതും (ലൂക്കാ 1:19) ആട്ടിടയന്മാര്‍ കേട്ടറിഞ്ഞ് വിശ്വസിച്ചതും (ലൂക്കാ 1:20) മിശിഹാനുഭവമാണ്. ഇതുവരെ പഴയ ഉടമ്പടിയെ നേര്‍വഴി നയിച്ച നിയമസംഹിതകളായിരുന്നു ദൈവവിശ്വാസത്തിന്റെ അടിസ്ഥാനമായിരുന്നതെങ്കില്‍, ഇനിമുതല്‍ ഈശോമിശിഹായിലുള്ള വിശ്വാസമാണ് ദൈവവിശ്വാസത്തിന്റെയും സമൂഹജീവിതത്തിന്റെയും അടിസ്ഥാനം (ഗലാ. 3:24,25)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)