•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

മഴനിലാവ്

കഥാസാരം:   ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. ജോയിന്‍ ചെയ്യാന്‍ ട്രെയിനില്‍ പോകുമ്പോള്‍ യാദൃച്ഛികമായി അഭിഷേക് എന്ന യുവാവിനെ പരിചയപ്പെട്ടു. ഇന്ദുവിന്റെ സ്‌കൂള്‍മാനേജരുടെ മകനായിരുന്നു അഭിഷേക്. പിന്നീട് അവര്‍ നല്ല സൗഹൃദത്തിലായി. ഇതില്‍ അസൂയ പൂണ്ട സ്‌നേഹലതറ്റീച്ചര്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്നു മാനേജരെ തെറ്റിദ്ധരിപ്പിച്ചു. സാഹചര്യത്തെളിവുകള്‍ നിരത്തിയപ്പോള്‍ അതു സത്യമാണെന്ന് മാനേജര്‍ക്കും തോന്നി. ഇന്ദുവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ഇന്ദു അഭിഷേകിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. അന്വേഷിച്ചപ്പോള്‍ അയാള്‍ അമേരിക്കയില്‍ സഹോദരനെ സന്ദര്‍ശിക്കാന്‍ പോയി എന്നറിഞ്ഞു. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് കണ്ണീരോടെ ഇന്ദു വീട്ടിലേക്കു മടങ്ങി. (തുടര്‍ന്നു വായിക്കുക)
 
ട്രെയിനിലിരിക്കുമ്പോള്‍ ഇന്ദുലേഖയുടെ മനസ്സുനിറയെ ആകുലതയുടെ അഗ്നിനാളങ്ങളായിരുന്നു. ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ അച്ഛനതു താങ്ങാനുള്ള കരുത്തുണ്ടാവില്ല. തത്കാലം എന്തെങ്കിലും നുണ പറഞ്ഞു പിടിച്ചുനില്‍ക്കാം.
വീട്ടിലെത്തിയപ്പോള്‍ മണി മൂന്നര. ചേച്ചി നടന്നുവരുന്നത് ദൂരെനിന്നേ പാര്‍വതി കണ്ടു. അവള്‍ ഓടി ഇന്ദുവിന്റെ അടുത്തെത്തി, കൈയില്‍ നിന്നു ബാഗു വാങ്ങി.
പൂമുഖത്തേക്കു കയറിയപ്പോള്‍ ദേവകി വെളിയിലേക്ക് ഇറങ്ങിവന്നിരുന്നു.
''എന്തേ മോളേ ഇപ്പ വന്നേ? സ്‌കൂളില്‍ പഠിത്തമില്ലേ?''
''കുറച്ചുദിവസം അവധിയെടുത്തു അമ്മേ. അച്ഛന്റെ കിടപ്പുകണ്ടിട്ട് പോയതല്ലേ. കുറച്ചു ദിവസം അച്ഛന്റെ അടുത്തു നില്‍ക്കണമെന്നു തോന്നി ലീവെടുത്തുപോന്നതാ.''
''അതെന്തിനാ ലീവെടുത്തേ? ഇവിടെ ഞങ്ങളൊക്കെയില്ലേ അച്ഛനെ നോക്കാന്‍.''
''നിക്കണംന്നു തോന്നി, പോന്നു. അത്രേയുള്ളൂ.''
അവള്‍ നേരേ അച്ഛന്റെ മുറിയിലേക്കു നടന്നു. പാതിമയക്കത്തിലായിരുന്ന നാരായണന്‍ നമ്പൂതിരിയെ അവള്‍ വിളിച്ചുണര്‍ത്തി.
''ന്റെ മോളു വന്നോ? ഇന്ന് ചൊവ്വാഴ്ചയല്ലേ? എന്തേ ഇന്ന്? സ്‌കൂളില്ലേ?''
അമ്മയോടു പറഞ്ഞതുതന്നെ അവള്‍ ആവര്‍ത്തിച്ചു. 
''ന്റെ മോള്‍ക്ക് എന്നോട് ഇത്രേം സ്‌നേഹമുണ്ടെന്നു വിചാരിച്ചില്ലാട്ടോ.'' അതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ പൊട്ടിയൊഴുകി. ജോലി നഷ്ടപ്പെട്ട കാര്യം അച്ഛന്‍ ഒരിക്കലും അറിയാതിരിക്കട്ടെ.
''എന്റെ മോള്‍ക്കു ജോലി കൊടുത്തതിന് എന്നും ഞാന്‍ ഗുരുവായൂരപ്പനോടു നന്ദി പറയുന്നുണ്ട്. ഒരു വഴിപാട് നേര്‍ന്നിട്ടുണ്ട്. അതു നിറവേറ്റണം ട്ടോ.'' 
''ഉം.'' അവള്‍ തലയാട്ടി.
''ശമ്പളം കിട്ടാന്‍ തുടങ്ങിയോ?''
''ഇല്ല. കുറെ വൈകുമെന്നു പറഞ്ഞു.''
''കടം തന്നോര് ശല്യം ചെയ്‌തോണ്ടിരിക്ക്വാ. ഞാന്‍ മരിച്ചുപോയാല്‍ കാശു കിട്ടുമോന്ന് അവര്‍ക്കു പേടിയാ. ഞാന്‍ പറഞ്ഞു ഞാന്‍ മരിച്ചാലും എന്റെ മോള് കടം വീട്ടുമെന്ന്. എന്നാലും വിശ്വാസം വന്നിട്ടില്ല ചിലര്‍ക്കൊക്കെ. ശമ്പളം കിട്ടിയാല്‍ ആദ്യം അവരുടെ കടം തീര്‍ക്കണം മോളെ. ഒരുപാട് വൈകില്ലായിരിക്കും അല്ലേ?''
''ഉം.''
''സീതയ്ക്ക് അവിടെ എന്തെങ്കിലുമൊരു ജോലി തരപ്പെടുത്താന്‍ പറ്റ്വോ മോളെ? ഇവിടെ വെറുതെ നില്‍ക്ക്വല്ലേ? നിനക്കവിടെ ഒരു കൂട്ടുമാവും.''
''നോക്കാം അച്ഛാ.''
കൂടുതല്‍ സംസാരിക്കാനവസരം കൊടുക്കാതെ അവള്‍ എണീറ്റ് അടുത്ത മുറിയിലേക്കു നടന്നു. വേഷം മാറിയിട്ട് നേരേ അടുക്കളയിലേക്കു ചെന്നു. ദേവകി ഭക്ഷണം വിളമ്പുകയായിരുന്നു. നല്ല വിശപ്പുണ്ട്. കൈ കഴുകിയിട്ട് അവള്‍ ഡൈനിംഗ് റൂമിലെ കസേരയില്‍ വന്നിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സീതയും ശ്രീക്കുട്ടിയും നന്ദിനിയും അടുത്തുവന്നിരുന്ന് സ്‌കൂളിലെ വിശേഷങ്ങള്‍ തിരക്കി.
''ഇവിടെല്ലാരും പറയും ചേച്ചി ഭാഗ്യവതിയാണ്. ഇക്കാലത്ത് ഒരു സര്‍ക്കാര്‍ജോലി കിട്ടുകാന്നു പറഞ്ഞാല്‍ ലോട്ടറിയടിക്കുന്നപോലല്ലേ!''
ഇന്ദു മിണ്ടിയില്ല. ഭക്ഷണം കഴിച്ചിട്ട് എണീറ്റു. നേരേ കിടപ്പുമുറിയിലേക്കു പോയി കട്ടിലിലേക്കു ചാഞ്ഞു. ഒന്നുറക്കെ കരയണമെന്ന് അവള്‍ക്കുതോന്നി. മനസ്സിലെ വേദന കണ്ണീരിലൂടെയെങ്കിലും ഒന്ന്  ഒഴുകിപ്പോയിരുന്നെങ്കില്‍!
എത്ര ദിവസം നുണ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ പറ്റും? ഏറിയാല്‍ ഒരാഴ്ച. അതു കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍ സംശയം തോന്നില്ലേ എല്ലാവര്‍ക്കും. അച്ഛന്റെ സ്വപ്നങ്ങളും മോഹങ്ങളും പൂവണിയില്ലെന്നറിയുമ്പോള്‍...! എന്തൊരു ഭാഗ്യദോഷിയാണു താന്‍. ഓരോന്നോര്‍ത്തു കിടന്ന് അവള്‍ ഉറക്കത്തിലേക്കു വീണു.
        *       *    *
~ഒരാഴ്ച പിന്നിട്ടു. ഇന്ദു മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പുകളൊന്നും നടത്തുന്നില്ലെന്നു കണ്ടപ്പോള്‍ നാരായണന്‍നമ്പൂതിരി ചോദിച്ചു:
''ലീവു തീര്‍ന്നില്ലേ മോളേ? മടങ്ങിപ്പോകണ്ടേ?'
''അച്ഛനെ ഈ നിലേലിട്ടിട്ട് പോകാന്‍ മനസ്സു വരണില്ല.''
''എന്റെ കാര്യോര്‍ത്ത് മോള് വിഷമിക്കണ്ട. ലീവെടുത്തു വെറുതെ ശമ്പളം കളയണ്ട. ചെല്ല്, ചെന്ന് ജോലി ചെയ്യ്. മോടെ ശമ്പളംകൊണ്ടു വേണം ഇനി ഈ കുടുംബം മുമ്പോട്ടു പോകാന്‍.''
ഇന്ദു ധര്‍മസങ്കടത്തിലായി. എങ്ങോട്ടു പോകും? ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല. പഴയ പത്രങ്ങള്‍ മുറിയുടെ ഒരു കോണില്‍ അടുക്കിവച്ചിരിക്കുന്നത് അവളുടെ കണ്ണില്‍പ്പെട്ടു. ഇന്ദു അതെടുത്ത് ഓരോന്നും മറിച്ചുനോക്കി. അധ്യാപകരുടെ വേക്കന്‍സി ഏതെങ്കിലും സ്‌കൂളില്‍ ഉണ്ടോ എന്നാണ് കണ്ണുകള്‍ പരതിയത്. 
പെട്ടെന്ന് ഒരു പരസ്യം അവളുട കണ്ണില്‍ ഉടക്കി: വൃദ്ധദമ്പതികളെ നോക്കാനും ഗൃഹജോലി ചെയ്യാനും സന്നദ്ധയായ യുവതിയെ ആവശ്യമുണ്ട്. മാസം 20000 രൂപ ശമ്പളം. ഭക്ഷണവും താമസവും സൗജന്യം.
ഇന്ദു ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു. വീടിനു വെളിയിലിറങ്ങിയിട്ട് അവള്‍ അപ്പോള്‍ത്തന്നെ ആ നമ്പരില്‍ വിളിച്ചു.
തിരുവല്ലയിലുള്ള ഒരു ക്രിസ്ത്യാനിക്കുടുംബമാണ്. പ്രായം ചെന്ന ദമ്പതികള്‍. മക്കളെല്ലാം അമേരിക്കയിലാണ്. ഒപ്പം താമസിച്ച് ഭക്ഷണമുണ്ടാക്കിക്കൊടുത്തും സമയാസമയം മരുന്നെടുത്തുകൊടുത്തും അവരെ പരിചരിക്കണം.
ഇന്ദു ആലോചിച്ചു. പോകണോ? തത്കാലം വീട്ടില്‍നിന്നു മാറി നിന്നേ പറ്റൂ. വീട്ടിലേക്കു പണവും അത്യാവശ്യമാണ്. പോകാം. സ്‌കൂളിലേക്കാണെന്നു പറഞ്ഞു നേരേ അങ്ങോട്ടു പോകാം. വീട്ടുജോലി ചെയ്താണെങ്കിലും കുറെ പണം ഉണ്ടാക്കണം. കുടുംബം നോക്കാന്‍ വേറാരുണ്ട്? പിറ്റേന്നു വരാമെന്നു പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
അടുത്തദിവസം അവള്‍ പോകാന്‍ റെഡിയായി. അച്ഛനോടു യാത്ര ചോദിക്കുമ്പോള്‍ മനസ്സില്‍ കുറ്റബോധമായിരുന്നു.
''ശമ്പളം എത്രയും വേഗം ശരിയാക്കിത്തരാന്‍ മാനേജരോടു പറയണം കേട്ടോ മോളെ! കടം മേടിച്ചു മടുത്തു.'' സ്‌കൂളിലേക്കു മടങ്ങുകയാണെന്നാണ് അച്ഛന്‍ ധരിച്ചിരിക്കുന്നത്. 
''ഉം.''
''എന്നാ വൈകണ്ട. പുറപ്പെട്ടോ.''
ഇന്ദു ബാഗുമായി പടിയിറങ്ങി. അവളുടെ മിഴികള്‍ നിറഞ്ഞൊഴുകിയത് ആരും കണ്ടില്ല. നഗരത്തിലെ ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയിട്ട് അവള്‍ നേരേ തിരുവല്ലയ്ക്കുള്ള ബസില്‍ കയറി. ബസിലിരിക്കുമ്പോള്‍ ആലോചിച്ചു. സീതാലക്ഷ്മിക്കു വല്ല സംശയവും തോന്നി സ്‌കൂളിലേക്കെങ്ങാനും വിളിച്ചാല്‍ കള്ളി വെളിച്ചത്താവില്ലേ? സാവകാശം സീതയോടു സത്യം തുറന്നുപറയണം. അവള്‍ക്ക് തന്നെ മനസ്സിലാക്കാനുള്ള കഴിവുണ്ട്.
തിരുവല്ല ടൗണില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെയാണ് വീട്. വഴി കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിരുന്നതിനാല്‍ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ആനന്ദ് വില്ല എന്ന് ഗേറ്റില്‍ മലയാളത്തില്‍ ബോര്‍ഡ് വച്ചിട്ടുണ്ടായിരുന്നു.
വലിയ ഗേറ്റ് തള്ളിത്തുറന്ന് ഇന്ദു സാവകാശം വീട്ടിലേക്കു നടന്നു. പെട്ടെന്ന് ഒരു നായ കുരച്ചുകൊണ്ട് അവളുടെ നേരേ ചാടി. ഇന്ദു ഭയന്ന് പിന്നോട്ടോടി റോഡിലിറങ്ങി. നായയുടെ കുര കേട്ടിട്ടാവണം ഒരു വൃദ്ധന്‍ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. ഇന്ദുവിനെ കണ്ടതും അയാള്‍ നായയെ അടുത്തേക്കു വിളിച്ചു.
ഇന്ദു സാവധാനം വീണ്ടും ഗേറ്റ് കടന്നു വീട്ടിലേക്കു നടന്നടുത്തു. ഗൃഹനാഥന്‍ സിറ്റൗട്ടില്‍ നില്പുണ്ടായിരുന്നു. ഇന്ദു പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം അവളെ അകത്തേക്കു വിളിച്ചു.
വലിയ വീടാണ്. മനോഹരമായ സജ്ജീകരണങ്ങള്‍. എല്ലാ ഫോറിന്‍ മയം.
''തനിച്ചാണോ വന്നത്?''
അച്ഛന്റെ രോഗാവസ്ഥ അവള്‍ വിശദീകരിച്ചു. അഞ്ചു പെണ്‍മക്കളില്‍ മൂത്ത അംഗമാണെന്നു കേട്ടപ്പോള്‍ വൃദ്ധന്‍ സഹതാപത്തോടെ നോക്കി. സ്‌കൂളില്‍ ജോലികിട്ടിയതും പിരിച്ചു വിട്ടതും മിണ്ടിയതേയില്ല. 
''അതിപ്പോ ഒരു നമ്പൂരിക്കുട്ടി ഇവിടെ ജോലിക്കു നിന്നാ ശരിയാക്വോ? ഇറച്ചീം മീനുമൊക്കെ വയ്ക്കണ വീടാ.'' വൃദ്ധന്‍ സംശയം പ്രകടിപ്പിച്ചു.
''ഒക്കെ ഞാന്‍ പഠിച്ചോളാം. തിരിച്ചുപോകാന്‍ പറയരുത്.'' ഇന്ദു കെഞ്ചി.
''ഇവിടെ ഞാനും എന്റെ ഭാര്യേം മാത്രേയുള്ളൂ. എന്റെ പേര് ചാണ്ടിക്കുഞ്ഞ്. ഭാര്യ ത്രേസ്യാ. മക്കള് നാലുപേരാ. നാലും അമേരിക്കേലാ.''
ചാണ്ടിക്കുഞ്ഞ് കുടുംബചരിത്രം വിശദീകരിച്ചു.
''ഇവിടെ ഒരുപാട് പേര് ജോലിക്കുനിന്നതാ. ഒന്നോ രണ്ടോ മാസം നിന്നിട്ട് കാശും വാങ്ങി സ്ഥലം വിടും. പിന്നെ കാണില്ല. ഒന്നിനും ജോലി ചെയ്യാന്‍ കഴിയില്ല. കാശുമാത്രം മതി. പറയുന്ന ജോലിയെല്ലാം കൃത്യായിട്ടു ചെയ്യാമെങ്കില്‍ ഇവിടെ നിന്നോ. അല്ലെങ്കില്‍ പൊയ്‌ക്കോ.''
''എല്ലാ ജോലീം ചെയ്യാം.''
''പാചകമൊക്കെ അറിയ്വോ?''
''ഉം.''
''നമ്പൂരിക്കുട്ടികളൊക്കെ ഇപ്പം വീട്ടുജോലിക്കു പോകാനും തുടങ്ങിയോ. കാലം പോയ പോക്കേ! ങ്ഹാ... ആ ഡൈനിംഗ് റൂമിലിരുന്നോ. ത്രേസ്യാ പുറത്തേക്കു പോയതാ. അവളു വന്നിട്ട് അവള്‍ക്കിഷ്ടപ്പെട്ടാ ഇവിടെ നിറുത്തും. ഇല്ലെങ്കില്‍ പറഞ്ഞുവിടും. വീട്ടുജോലിക്കാരെയൊക്കെ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നത് അവളാ.''
ചാണ്ടിക്കുഞ്ഞ് ഇന്ദുവിനെ ഡൈനിങ് റൂമിലെ കസേരയില്‍ കൊണ്ടുപോയി ഇരുത്തി. 
(തുടരും)
Login log record inserted successfully!