•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

യൗസേപ്പിന്റെ ക്രിസ്മസ്

ഡിസംബര്‍ 18   മംഗളവാര്‍ത്തക്കാലം  നാലാം ഞായര്‍
ഉത്പ 24 : 50-67  1 സാമൂ 1 : 1 - 18
എഫേ  5 : 5 - 21  മത്താ 1 : 18 - 24

ക്രിസ്മസ് യാഥാര്‍ഥ്യമാകുന്നത് നിരവധി വ്യക്തികളുടെ ജീവിതത്തിലൂടെയാണ്. രക്ഷാകരപദ്ധതിയുടെ ഉപഭോക്താവ് മനുഷ്യനാണ് എന്നതുമാത്രമല്ല, ദൈവം മനുഷ്യരിലൂടെഅതു യാഥാര്‍ഥ്യമാക്കുന്നു എന്നതും വി. ഗ്രന്ഥം വെളിപ്പെടുത്തുന്നു. രക്ഷാകരചരിത്രത്തിലെ അദ്ഭുതജനനങ്ങള്‍ പ്രധാനമായും വീക്ഷിക്കപ്പെടുന്നത് അതിനു കാരണഭൂതരാകുന്ന സ്ത്രീകളുടെ പശ്ചാത്തലത്തിലാണ്. അമ്മയെന്ന പുണ്യം രക്ഷാകരപദ്ധതിയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അവള്‍ക്കൊപ്പം, സൃഷ്ടികര്‍മത്തില്‍ പങ്കുകാരാകുന്ന പുരുഷന്മാരെയും ഈ രക്ഷാകരപദ്ധതിയില്‍ ഓര്‍മിക്കപ്പെടേണ്ടവരായി വി. ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നു. മംഗളവാര്‍ത്തക്കാലത്തിന്റെ നാലാം ഞായറാഴ്ചത്തെ വായനകള്‍ അപ്രകാരം ചില ചിന്തകള്‍ പങ്കുവയ്ക്കുന്നു; പ്രത്യേകിച്ച്, സുവിശേഷം.
ഇസഹാക്കിന് വധുവിനെ അന്വേഷിച്ചുപോകുന്ന അബ്രാഹത്തിന്റെ ഭൃത്യന്റെ അനുഭവമാണ് ഒന്നാം വായന (ഉത്പ. 24:50-67). ദൈവത്തിന്റെ പദ്ധതിയിലാണ് താന്‍ പങ്കാളിയാകുന്നതെന്നറിയാതെ തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്ന ഭ്യത്യന്‍! അബ്രാഹത്തിന്റെ വാക്കു കേള്‍ക്കുന്നതിലും യാത്ര പോകുന്നതിലും പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിലും അവളുടെ കുടുംബാംഗങ്ങളോടു സംസാരിക്കുന്നതിലും അവളെ ഇസഹാക്കിന്റെ അടുത്തെത്തിക്കുന്നതിലും ആ ഭൃത്യന്‍ കാണിക്കുന്ന ആത്മാര്‍ഥതയും തന്മയത്വവും ശ്രദ്ധാര്‍ഹമാണ്. യജമാനന്റെ വലിയ സമ്പത്തുമായി സഞ്ചരിക്കുമ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്നതിലല്ല, അതിനെ പൂര്‍ണമായും ഉപയോഗിച്ച് അബ്രാഹത്തിന് സന്തോഷം എത്തിക്കുന്നതിലാണ് അയാളുടെ ശ്രദ്ധ.
ഈ സംഭവങ്ങളില്‍നിന്ന് അവന്‍ അനുഭവിക്കുന്ന ദൈവികസാന്നിധ്യം വ്യക്തിപരമായി ദൈവത്തെ സ്വീകരിക്കുന്നതിലേക്ക് അവനെ എത്തിക്കുന്നു. 'എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ' എന്നാണ് തന്റെ ആദ്യപ്രാര്‍ഥനയില്‍ അവന്‍ ദൈവത്തെ വിളിക്കുന്നത് (24:12,27, 42,48). എന്നാല്‍, ഒരു ഭൃത്യന്റെ വാക്കുകള്‍ക്ക് റബേക്കായുടെ അപ്പനും സഹോദരനും വലിയ വില കൊടുക്കുന്നതു കണ്ടപ്പോള്‍ (24:52) അവനുണ്ടായ മാറ്റം വലുതാണ്. അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അദ്ഭുതത്തെ തിരിച്ചറിയുന്ന ഭൃത്യന്‍, ആ ദൈവം ഇനി തന്റെയും ദൈവമാണെന്ന് അംഗീകരിക്കുന്നു (24:56).
ഗര്‍ഭം ധരിക്കുന്നതും പരിപാലിക്കുന്നതും വേദന സഹിച്ചു പ്രസവിക്കുന്നതുമെല്ലാം സ്ത്രീകളാണ്. അവരോടൊപ്പം ഓരോ പുരുഷനും ഏറ്റെടുക്കേണ്ട സൃഷ്ടിയുടെ ചില ഭാരങ്ങളുണ്ട്.  നല്ല കുഞ്ഞുങ്ങളുടെ ജനനത്തിനായി കുടുംബത്തെ, പ്രത്യേകിച്ച് ഭാര്യയെ ഒരുക്കുകകയും അവളെ കരുതുകയും ചെയ്യുക പ്രധാനമാണ്. ദൈവികപദ്ധതിയില്‍ ഉള്‍ച്ചേര്‍ന്ന് നിശ്ശബ്ദമായി പ്രവര്‍ത്തിക്കുകയെന്നതാണ് പലപ്പോഴും അവന്റെ കര്‍ത്തവ്യം.
രണ്ടാം വായനയില്‍ കാണുന്ന, ഹന്നായുടെ ഭര്‍ത്താവായ എല്ക്കാനയും വ്യത്യസ്തനല്ല (1 സാമു. 1:1-18). കുട്ടികളില്ലാതിരുന്ന തന്റെ ഭാര്യ ഹന്നായെ എല്ക്കാന കൂടുതല്‍ സ്‌നേഹിച്ചിരുന്നു (1,5) സപത്‌നി പെനീന്നാ അവളെ വേദനിപ്പിച്ചപ്പോഴൊക്കെയും എല്ക്കാന അവളെ ആശ്വസിപ്പിച്ചിരുന്നു (1:8). ഭര്‍ത്താവ് ഭാര്യയെ ഭരിക്കേണ്ടവനോ അവളുടെ ഉടമയോ അല്ല, മറിച്ച്, ഒരുമയുള്ള ജീവിതത്തിലൂടെ തങ്ങള്‍ ഇരുവരും അധ്വാനിച്ച് ഉരുവാക്കേണ്ട കുടുംബമെന്ന സഭയുടെ അമരക്കാരാണവര്‍.
ദൈവഹിതത്തിന്റെ പൂര്‍ത്തിക്കായി മറിയത്തെ പൂര്‍ണമനസ്സോടെ ഭാര്യയായി സ്വീകരിക്കുകയും അവളെയും അവളുടെ ഉദരത്തിലുള്ള ശിശുവിനെയും  സംരക്ഷിക്കുകയും ചെയ്തു വി. യൗസേപ്പ് (മത്തായി 1:18-25). പിതാവായ ദൈവത്തിന്റെ ഭൂമിയിലെ സ്ഥാനമാണ് യൗസേപ്പിനു നല്കപ്പെടുന്നത് (1,21). ദൈവം അരൂപിയും അദൃശ്യനുമായതിനാല്‍, മനുഷ്യനാകുന്ന തന്റെ പുത്രന് മനുഷ്യനായ  ഒരു പിതാവുതന്നെ വേണം. ഇസ്രായേല്‍ജനത്തിന് പിതാക്കന്മാരായി അബ്രാഹവും ഇസഹാക്കും യാക്കോബും മാറിയെങ്കില്‍, രക്ഷയുടെ പൂര്‍ത്തീകരണത്തിന്റെ മദ്ധ്യസ്ഥന് പിതാവായി യൗസേപ്പു മാറുന്നു.
യൗസേപ്പ് നീതിമാനാകുന്നത് ദൈവത്തിന്റെ ഹിതം തിരിച്ചറിയുമ്പോഴല്ല. തന്റെ ജീവിതത്തിലുടനീളം അവന്‍ നീതിമാനായിരുന്നു. അതുകൊണ്ടാണ് തന്റെ പുത്രന്റെ വളര്‍ത്തുപിതാവായി ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്തത് (1:19). മറിയത്തിന്റെ അഭിമാനത്തെ, ദൈവത്തിന്റെ അരുളപ്പാടു ലഭിക്കുന്നതിനു മുമ്പേ യൗസേപ്പ് അംഗീകരിച്ചിരുന്നു.
മാനുഷികനീതിക്കപ്പുറം ഉയരേണ്ട ദൈവികനീതിയുടെ  ചിന്തയാണ് യൗസേപ്പിന്. ''നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ. 5,20). വിവാഹപൂര്‍വമായി ഗര്‍ഭം ധരിച്ച മറിയത്തെ, ദൃശ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, സമൂഹത്തിന്റെ വിധിത്തീര്‍പ്പിനു വിട്ടുകൊടുക്കുക എന്നതാണ് ഇവിടെ മാനുഷികനീതി. അവളുടെ സാഹചര്യം തിരിച്ചറിഞ്ഞ്, അവളെ മനസ്സിലാക്കി ശരിയുടെ പാതയിലേക്കു കൈപിടിച്ചുനയിക്കുന്ന കരുണയുടെ പ്രകാശനമാണ് ദൈവികനീതി. പാപത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെയും (യോഹ. 8:1-11) സക്കേവൂസിനെയും (ലൂക്കാ 19:1-10) തന്നെ തള്ളിപ്പറയുന്ന പത്രോസിനെയും (മത്താ 26, 69-75) ഒറ്റിക്കൊടുക്കുന്ന യൂദാസിനെയും (മത്താ. 26,50) കരുണയുടെ കണ്ണുകള്‍കൊണ്ട് നോക്കുന്നതാണ് ദൈവികനീതിയുടെ മാതൃക.
സഹോദരന്റെ അയല്‍ക്കാരന്റെ അവസ്ഥയും സാഹചര്യവും എന്തുകൊണ്ട് അവന്‍/അവള്‍ അങ്ങനെ  പെരുമാറുന്നുവെന്നു മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നവന്‍ മാനുഷികനീതിയെ അതിലംഘിച്ച് ദൈവികനീതി പ്രവര്‍ത്തിക്കും. ഈശോയുടെ വളര്‍ത്തുപിതാവായ യൗസേപ്പിനെ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരാളായി സുവിശേഷത്തില്‍ നാം ദര്‍ശിക്കുന്നു.
കരുണയുടെ കണ്ണുകളോടെ മറിയത്തിന്റെ അവസ്ഥയെ മനസ്സിലാക്കുന്നവന്‍ ദൈവത്തിന്റെ അരുളപ്പാടോടെ തന്റെ തീരുമാനംതന്നെയാണ് ശരിയെന്നുറപ്പിക്കുന്നു. ജീവിതത്തിന്റെ കഠിനവും വ്യത്യസ്തവുമായ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ യൗസേപ്പായിരിക്കണം നമ്മുടെ മാതൃക. മറ്റുള്ളവരെ കുറ്റംവിധിച്ച് തള്ളിക്കളയാനുള്ള പ്രതികാരചിന്തയില്‍ പ്രണയക്കൊലകളും മറ്റു തര്‍ക്കവിതര്‍ക്കങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ദൈവികനീതിയുടെ ഉത്തമമാതൃകയായ യൗസേപ്പ് നമുക്കു മാതൃകയാകട്ടെ.
നീതിമാനായ യൗസേപ്പിനുണ്ടായിരുന്ന അടിസ്ഥാനലോകവീക്ഷണം, ദൈവികനീതിയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്ന ശീലം നമുക്കുണ്ടായിരിക്കണം എന്നതാണ് പൗലോസ്ശ്ലീഹാ നമ്മോടാവശ്യപ്പെടുന്നത് (എഫേ. 5:5-21). ''കര്‍ത്താവിന് പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍'' (5,10-17). കര്‍ത്താവിനെ പ്രകാശമായി കാണുന്ന യോഹന്നാനെപ്പോലെ (യോഹ. 1,9) പൗലോസും ചിന്തിക്കുന്നുണ്ട്. കര്‍ത്താവാകുന്ന പ്രകാശത്തിന്റെ ഫലം  'സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്' (5,9). അതിനാല്‍, ''പ്രകാശത്തിന്റെ മക്കളെപ്പോലെ പ്രവര്‍ത്തിക്കുവിന്‍'' (5,9).
ദൈവത്തിന്റെ ഹിതം വെളിപ്പെടുമ്പോള്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കുന്ന മറിയവും അവിടുത്തെ ദര്‍ശനം ലഭിക്കുന്നതിനുമുമ്പേ ദൈവനീതിയെക്കുറിച്ചു വ്യക്തമായ ധാരണയുള്ള യൗസേപ്പും കൂടിച്ചേരുന്നതാണ് ക്രിസ്മസിന്റെ പ്രകാശത്തിന്റെ ഭവനം.

 

Login log record inserted successfully!