''പത്താം വിവാഹവാര്‍ഷികം'', ''അഞ്ചാം ചരമവാര്‍ഷികം'' എന്നെല്ലാം പത്രങ്ങളില്‍ വ്യാപകമായി എഴുതിക്കാണുന്നു. അഭ്യസ്തവിദ്യരുടെ പ്രസംഗങ്ങളിലും ഇങ്ങനെയൊക്കെ കേള്‍ക്കാറുണ്ട്. പത്രവായനക്കാരും വിദ്യാര്‍ഥികളും ഇവയൊക്കെ ശരിയാണ് എന്നു കരുതി പ്രയോഗിക്കുന്നു. ഈ വിധം ഉറച്ചുപോയ രണ്ടു വികലരൂപങ്ങളാണ് പത്താം വിവാഹവാര്‍ഷികവും, അഞ്ചാം ചരമവാര്‍ഷികവും.
പത്താം വിവാഹവാര്‍ഷികത്തിന് പത്താമത്തെ വിവാഹത്തിന്റെ വാര്‍ഷികം എന്ന സൂചനവരാം. വിവക്ഷിതം അതാണെങ്കില്‍ ആ വാക്യം ശരിയുമാണ്. അതല്ല ഉദ്ദിഷ്ടമെങ്കില്‍ വിവാഹത്തിന്റെ പത്താം വാര്‍ഷികം എന്നെഴുതണം. അഞ്ചാം ചരമവാര്‍ഷികം എന്നെഴുതുമ്പോഴും ഇതേ തെറ്റുതന്നെ സംഭവിക്കുന്നു. ചരമത്തിന്റെ അഞ്ചാം വാര്‍ഷികം എന്നായാല്‍ വാക്യവും പൊരുളും ശുദ്ധമാകും.
'പത്താം വിവാഹവാര്‍ഷികം', അഞ്ചാം ചരമവാര്‍ഷികം' എന്നിവ ഒരുതരം പ്രയോഗദോഷമാണ്. ഇതിന് അഭവന്മതയോഗം (അഭവത് + മത + യോഗം) എന്നു പറയുന്നു.* ആഗ്രഹിച്ചതരം ചേര്‍ച്ച സംഭവിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ദോഷമാണത്. സമാസത്തിലൂടെ സ്വതന്ത്രത നഷ്ടപ്പെട്ട പദത്തിന് വിശേഷണം നേരിട്ടു സ്വീകരിക്കാനാവില്ല. വിവാഹം എന്ന പദം സമാസത്തിലൂടെ വാര്‍ഷികത്തിനു കീഴ്‌പ്പെട്ടുപോയി. അതുകൊണ്ട് പത്താം എന്ന വിശേഷണം വിവാഹത്തോടു ചേരില്ല. അങ്ങനെയെങ്കില്‍ വിവാഹത്തിന്റെ പത്താംവാര്‍ഷികം, ചരമത്തിന്റെ അഞ്ചാം വാര്‍ഷികം എന്നൊക്കെ എഴുതുന്നതാണ് ആശയവ്യക്തതയ്ക്കു നല്ലത്.
വാല്‍ക്കഷണം
അഗ്നിരക്ഷാനിലയം അഗ്നിയെ രക്ഷിക്കുന്ന നിലയം. അഗ്നിയെ ശമിപ്പിക്കുന്ന നിലയമാണത്. അതിനുള്ള പദം അഗ്നിശമനനിലയം എന്നാണ്. (വട്ടപ്പറമ്പില്‍ പീതാംബരന്‍).
* രാമചന്ദ്രന്‍നായര്‍, പന്മന, നല്ല ഭാഷ, ഡി.സി. ബുക്‌സ്, കോട്ടയം, 2014, പുറം - 182.