കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. ജോയിന്‍ ചെയ്യാന്‍ ട്രെയിനില്‍ പോകുമ്പോള്‍ യാദൃച്ഛികമായി അഭിഷേക് എന്ന യുവാവിനെ പരിചയപ്പെട്ടു. ഇന്ദുവിന്റെ സ്‌കൂള്‍മാനേജരുടെ മകനായിരുന്നു അഭിഷേക്. പിന്നീട് അവര്‍ നല്ല സൗഹൃദത്തിലായി. ഇതില്‍ അസൂയ പൂണ്ട സ്‌നേഹലതറ്റീച്ചര്‍ അഭിഷേകും ഇന്ദുവും തമ്മില്‍ പ്രണയമാണെന്ന് മാനേജരെ തെറ്റിധരിപ്പിച്ചു. കലിപൂണ്ട മാനേജര്‍ ഇന്ദുവിനെ വിളിച്ച് മേലില്‍ അഭിഷേകിനെ കാണുകയോ സംസാരിക്കുകയോ ചെയ്താല്‍ പിരിച്ചുവിടുമെന്നു മുന്നറിയിപ്പ് നല്‍കി. ഒരു ദിവസം ഇന്ദു അമ്പലത്തില്‍ പോയിട്ടു നടന്നുവരുമ്പോള്‍ അഭിഷേക് കാര്‍ നിര്‍ത്തി നിര്‍ബന്ധിച്ച് അവളെ കാറില്‍ കയറ്റി താമസസ്ഥലത്തു കൊണ്ടുവന്നിറക്കി. (തുടര്‍ന്നു വായിക്കുക)
അഭിഷേക് ഇന്ദുവിനെ കാറില്‍ താമസസ്ഥലത്തു കൊണ്ടിറക്കിയ വാര്‍ത്ത ആനന്ദന്റെ ചെവിയിലെത്തി. സ്‌നേഹലത ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അതറിയിക്കുമെന്ന് ഇന്ദുവിന് ഉറപ്പായിരുന്നു. എന്തുമാത്രം കള്ളം പറഞ്ഞു ഫലിപ്പിക്കുമെന്നതിലേ സംശയമുണ്ടായിരുന്നുള്ളൂ.
പിറ്റേന്ന് സ്‌കൂളില്‍ ചെന്നപ്പോള്‍ ഇന്ദുവിന്റെ കാര്‍യാത്രയായിരുന്നു അവിടെ സംസാരവിഷയം. അശ്വതിറ്റീച്ചര്‍ അടുത്തു വന്നിരുന്നു ചോദിച്ചു:
''ഞായറാഴ്ച അമ്പലത്തില്‍ പോയത് അഭിഷേകിനെ കാണാനായിരുന്നു, അല്ലേ?''
''അയ്യോ, അങ്ങനൊന്നുമില്ല റ്റീച്ചര്‍. യാദൃച്ഛികമായി കണ്ടപ്പോള്‍ കാറില്‍ കേറ്റിക്കൊണ്ടു പോന്നതാണ്. അഭിഷേകിന്റെ അമ്മയുമുണ്ടായിരുന്നു കൂടെ.'
''പക്ഷേ, അങ്ങനൊന്നുമല്ല ഇവിടെ ഫ്‌ളാഷായിരിക്കുന്നത്. ആനന്ദന്‍ സാര്‍ അറിഞ്ഞാല്‍ പണിപോകുമെന്നു മാത്രമല്ല, ചിലപ്പം കൊന്നുകളയും.''
ഇന്ദു വല്ലാതെ പരിഭ്രാന്തയായി. അവള്‍ എന്തു പറഞ്ഞിട്ടും സഹപ്രവര്‍ത്തകര്‍ വിശ്വസിച്ചില്ല. ഹെഡ്മിസ്ട്രസ് സുജാതയും അവളെ വിളിച്ചു വഴക്കുപറഞ്ഞു:
''റ്റീച്ചറിവിടെ വന്നത് പഠിപ്പിക്കാനാണോ അതോ പ്രേമിക്കാനാണോ?''
''അയ്യോ, അങ്ങനൊന്നും ഉണ്ടായില്ല റ്റീച്ചര്‍.''
സംഭവിച്ചതൊക്കെ അവള്‍ വിശദീകരിച്ചു.
''മാനേജര്‍ സാര്‍ എന്നെ വിളിച്ചു. ഉച്ചയ്ക്ക് അദ്ദേഹത്തെ ചെന്നു കാണണമെന്നു പറഞ്ഞു. ആളു വല്യ ചൂടിലാ. കിട്ടുന്നതു വാങ്ങിച്ചോണ്ടു പോരെ.''
സീറ്റില്‍ വന്നിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. അഭിഷേകിനെ ഒരു സഹോദരന്റെ സ്ഥാനത്തല്ലാതെ താന്‍ കണ്ടിട്ടേയില്ല. തന്നെ ഒരു സഹോദരിയെപ്പോലെയാണ് അദ്ദേഹവും കാണുന്നത്. ഇതെങ്ങനെ ആനന്ദന്‍സാറിനെ ബോധ്യപ്പെടുത്തും താന്‍?
ഉച്ചയ്ക്കുള്ള ഇടവേളയില്‍ അവള്‍ ആനന്ദന്റെ ബംഗ്ലാവിലേക്കു നടന്നു. എന്തും നേരിടാനുള്ള ശക്തി സംഭരിച്ചാണു പോയത്. പറയുന്ന ചീത്തയെല്ലാം നിശ്ശബ്ദമായി കേള്‍ക്കാം. ജോലി പോകാതിരിക്കാന്‍ കാലുപിടിക്കാം. തന്റെ നിലനില്പിന്റെ പ്രശ്‌നമാണല്ലോ.
ചെന്നു കയറിയതേ ആനന്ദന്‍ ഒരു കടലാസെടുത്ത് അവള്‍ക്കു നീട്ടി. ഇന്ദു അതു വാങ്ങി തുറന്നുനോക്കി. പിരിച്ചുവിട്ടുകൊണ്ടുള്ള മാനേജരുടെ ഉത്തരവ്. കാരണം സ്വഭാവദൂഷ്യം.
തലകറങ്ങുന്നതുപോലെ ഇന്ദുവിനു തോന്നി.
''ഇന്നുതന്നെ നാട്ടിലേക്കു മടങ്ങുന്നോ, അതോ രാവിലെയോ?''
ആനന്ദന്‍ ദേഷ്യത്തിലായിരുന്നു.
''സാര്‍ ഞാന്‍...''
''ഒന്നും പറയണ്ട. പല പ്രാവശ്യം ഞാന്‍ ക്ഷമിച്ചു. വാണിങ് തന്നു. ഇയാളു നന്നാവുമെന്നായിരുന്നു പ്രതീക്ഷ. പാലുതന്ന കൈക്കിട്ടുതന്നെ ഇയാളു കടിച്ചു. കടിച്ച പാമ്പിനെ അടിച്ചു കൊല്ലുകാ വേണ്ടത്. ഞാനതു ചെയ്യുന്നില്ല. ഇനി എന്തുപറഞ്ഞാലും ഇയാളെ ഇവിടെ തുടരാന്‍ ഞാനനുവദിക്കില്ല. സ്‌കൂളില്‍ ഒരൊറ്റ സ്റ്റാഫ്‌പോലും ഇയാളെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. അറിയാമോ?''
ഇന്ദു ദയനീയമായി നോക്കി. അവളുടെ കണ്ണുകള്‍ പൊട്ടി ഒഴുകുകയായിരുന്നു.
ആനന്ദന്‍ പോക്കറ്റില്‍നിന്ന് അഞ്ഞൂറിന്റെ കുറെ നോട്ടുകളെടുത്ത് അവളുടെ നേരേ നീട്ടിയിട്ടു പറഞ്ഞു:
''ഇതു വച്ചോ. ഇത്രയും കാലം ജോലി ചെയ്തതല്ലേ. വെറും കൈയോടെ പോകണ്ട.''
ഇന്ദു പണം വാങ്ങിയില്ല. പ്രതിമ കണക്കെ മരവിച്ചുനില്‍ക്കുകയായിരുന്നു.
''സാര്‍ ഞാനൊരു തെറ്റും...''
''നോ കമന്റ്. വിശദീകരണമൊന്നും ഇനി വേണ്ട. വേണമെങ്കില്‍ ഇതു വാങ്ങിച്ചോ. ഇല്ലെങ്കില്‍ വെറും കൈയോടെ പൊയ്‌ക്കോ. പിന്നെ തനിക്കു മാനക്കേടുണ്ടാകാതിരിക്കാന്‍ താന്‍ രാജി വച്ചിട്ടു പോയതാന്നു ഞാന്‍ പറഞ്ഞോളാം. ഈ കാശ് വേണോ?''
''വേണ്ട സാര്‍.''
''ശരി.'' പണം പോക്കറ്റിലിട്ടിട്ട് അയാള്‍ ഇന്ദുവിനെ പുറത്താക്കി വാതില്‍ ബന്ധിച്ചു. കുറച്ചുനേരം കണ്ണീരൊഴുക്കി അവള്‍ വരാന്തയില്‍നിന്നു. ആനന്ദന്‍ ഇറങ്ങിവരുമെന്നും തന്റെ കണ്ണീരു കണ്ട് മനസ്സലിവുതോന്നി ഉത്തരവ് തിരികെവാങ്ങി കീറിക്കളഞ്ഞ് ഒരു മുന്നറിയിപ്പുകൂടി തന്നു പറഞ്ഞയയ്ക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പ്രതീക്ഷ അസ്ഥാനത്തായി.
കൈയിലിരുന്ന കടലാസിലേക്ക് ഒന്നു നോക്കിയിട്ട് ഇന്ദു പടിയിറങ്ങി സാവധാനം നടന്നു. കാലുകള്‍ നീങ്ങുന്നില്ല. മനസ്സു നിറയെ ഇരുട്ടാണ്. ജോലിയില്ലാതെ വീട്ടിലേക്കു തിരിച്ചു ചെല്ലുന്നതെങ്ങനെ? വയ്യാതെ കിടക്കുന്ന അച്ഛന്‍. ശമ്പളം പ്രതീക്ഷിച്ചു കഴിയുന്ന അമ്മയും അനിയത്തിമാരും. പിരിച്ചു വിട്ടു എന്നു കേട്ടാല്‍ ഹൃദയംപൊട്ടി അച്ഛന്‍ മരിച്ചുപോകില്ലേ? ആനന്ദന്‍ സാറിനു മനസ്സലിവ് തോന്നി തിരികെവിളിച്ചിരുന്നെങ്കില്‍!
പിരിച്ചുവിട്ടു എന്നു കേട്ടപ്പോള്‍ സ്‌കൂളില്‍ അശ്വതിറ്റീച്ചര്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും സന്തോഷമായിരുന്നു. സ്‌നേഹലത തുള്ളിച്ചാടി നടക്കുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തലുകള്‍ അവളെ വേദനിപ്പിച്ചു.
''അഭിഷേകിനെ വിളിച്ചു കാര്യം പറ. അയാളു കാരണമല്ലേ ജോലി പോയത്.''
അശ്വതിയുടെ നിര്‍ദേശപ്രകാരം പുറത്തിറങ്ങി അവള്‍ അഭിഷേകിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ആള്‍ പരിധിക്കു പുറത്താണത്രേ. അകത്തേക്കു കയറി അവള്‍ നേരേ ഹെഡ്മിസ്ട്രസിന്റെ അടുത്തേക്കു ചെന്നു.
''എനിക്കെന്റെ കുട്ടികളോടൊന്നു യാത്ര പറയണം റ്റീച്ചര്‍.'' ശബ്ദം ഇടറിയിരുന്നു.
''ഉം.'' റ്റീച്ചര്‍ അനുമതി നല്‍കി.
ആറു ബിയിലെ ക്ലാസ് റ്റീച്ചറാണ് ഇന്ദു. കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. ഇന്ദു റ്റീച്ചറെ. ഒന്നരമാസത്തെ ബന്ധമേയുള്ളൂ. എങ്കിലും കുട്ടികളുടെ പ്രിയപ്പെട്ട റ്റീച്ചറായി മാറിയിരുന്നു ഇന്ദു.
കുട്ടികളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നെഞ്ചുപൊട്ടുന്നതുപോലെ തോന്നി അവള്‍ക്ക്. അവരെ പിരിയുന്ന കാര്യം ഓര്‍ക്കാനേ വയ്യ. എല്ലാ മുഖത്തേക്കും അവള്‍ മാറിമാറി നോക്കി. റ്റീച്ചറിന്റെ കണ്ണുനിറഞ്ഞ് ഒഴുകുന്നതു കണ്ടപ്പോള്‍ ഒരു കുട്ടി ചോദിച്ചു:
''റ്റീച്ചറെന്തിനാ കരയണേ?''
''ഞാന്‍ ഇനിമുതല്‍ നിങ്ങളെ പഠിപ്പിക്കാന്‍ ഉണ്ടാവില്ല.''
''റ്റീച്ചര്‍ എങ്ങോട്ടു പോക്വാ?''
''വേറൊരു സ്‌കൂളിലേക്കു സ്ഥലം മാറിപ്പോക്വാ.''
''റ്റീച്ചറു പോകണ്ട. റ്റീച്ചറു ഞങ്ങളെ പഠിപ്പിച്ചാ മതി.'
അഞ്ജലി അങ്ങനെ പറഞ്ഞപ്പോള്‍ സങ്കടം ഒതുക്കാന്‍ ഇന്ദു പാടുപെട്ടു.
''ഞാന്‍ പോയാലും എന്നേക്കാള്‍ നല്ല റ്റീച്ചറു നിങ്ങളെ പഠിപ്പിക്കാന്‍ വരും.''
പോകേണ്ടെന്ന് കുട്ടികള്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ ഇന്ദുവിന്റെ സങ്കടം ഇരട്ടിച്ചു.
''പോകാതിരിക്കാന്‍ പറ്റില്ല മക്കളേ. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ട്ടോ.''
കുട്ടികളുടെ മുഖത്തെ വിഷമവും സങ്കടവും അവള്‍ തിരിച്ചറിഞ്ഞു. ആ പീരിയഡ് ഒന്നും പഠിപ്പിച്ചില്ല അവള്‍. കുട്ടികളോട് ഓരോന്നു ചോദിച്ചും പറഞ്ഞുമിരുന്നു. ബെല്ലടിച്ചപ്പോള്‍ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
ഒറ്റയ്ക്കാണവള്‍ താമസസ്ഥലത്തേക്കു പോയത്. ചെന്നയുടനെ സാധനങ്ങളെല്ലാം പായ്ക്കു ചെയ്തു. രാത്രിയായപ്പോള്‍ എല്ലാ മുറിയിലും കയറി ഓരോരുത്തരോടും യാത്ര പറഞ്ഞു. സ്‌നേഹലതയോടും യാത്ര ചോദിച്ചു.
''എന്റെ ഭാഗത്തുനിന്ന് സ്‌നേഹലതയെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായെങ്കില്‍ ക്ഷമിക്കണം. ഇനി നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല. മനസ്സില്‍ എന്നെപ്പറ്റി മോശമായ ഒരു ചിത്രം സൂക്ഷിക്കരുത്.''
സ്‌നേഹലത മിണ്ടിയില്ല. കടന്നല്‍ കുത്തിയതുപോലെയായിരുന്നു അവളുടെ മുഖം.
കൂടുതലൊന്നും പറയാതെ ഇന്ദു തിരികെ റൂമിലേക്കു പോയി. വെളുപ്പിനുതന്നെ പുറപ്പെടണം. വീട്ടില്‍ ചെല്ലുമ്പോള്‍ എന്തു പറയും? അതിനാണൊരു ഉത്തരം കിട്ടാത്തത്.
ഇന്ദു ഒരിക്കല്‍ക്കൂടി അഭിഷേകിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ സ്വിച്ച് ഓഫ്.
രാത്രി പത്തുമണിയായപ്പോള്‍ ഇന്ദുവിന് ഒരു ഫോണ്‍ കോള്‍. അങ്ങേത്തലയ്ക്കല്‍ അശ്വതിറ്റീച്ചറാണ്.
''ഇന്ദു അറിഞ്ഞോ. അഭിഷേകും അമ്മയുംകൂടി അമേരിക്കയിലേക്കു പോയി, ഇന്നലെ വൈകിട്ട്. ബ്രദറിന്റെ അടുത്തേക്ക്. കുറച്ചുനാള് കഴിഞ്ഞേ വരൂന്നാ കേട്ടത്.''
ഇന്ദു തളര്‍ന്നുപോയി. അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. വെറുതെയല്ല, ഈ സമയത്ത് ആനന്ദന്‍സാര്‍ തന്നെ പിരിച്ചുവിട്ടത്. ഇനി ആരും തനിക്കായി, ശിപാര്‍ശ ചെയ്യാന്‍ വരില്ലെന്നയാള്‍ക്കറിയാം.
ഇന്ദുവിനെ സമാധാനിപ്പിച്ചിട്ട് അശ്വതി ഫോണ്‍ കട്ട് ചെയ്തു.
രാത്രി ഒട്ടും ഉറക്കം വന്നില്ല ഇന്ദുവിന്. വീട്ടിലേക്ക് എന്തു പറഞ്ഞു കയറിച്ചെല്ലുമെന്ന അങ്കലാപ്പായിരുന്നു മനസ്സില്‍. അച്ഛന് ഈ ഷോക്ക് താങ്ങാന്‍ പറ്റുമോ?
പുലര്‍ച്ചെ എണീറ്റ് ഇന്ദു പോകാന്‍ റെഡിയായി. ആറരയ്ക്കാണ് ആദ്യബസ്. അതിനു പുറപ്പെട്ടാല്‍ റെയില്‍വേസ്റ്റേഷന്റെ മുമ്പിലിറങ്ങാം. അവിടെനിന്നു ട്രെയിനില്‍ നേരേ നാട്ടിലേക്ക്.
ആറേകാലായപ്പോള്‍ അവള്‍ ബാഗുമെടുത്ത് ഇറങ്ങി. എല്ലാവരോടും യാത്ര പറയുമ്പോള്‍ കരയാതിരിക്കാന്‍ പണിപ്പെട്ടു. സ്‌നേഹലത ഒഴികെ എല്ലാവരും അവള്‍ക്കു റ്റാറ്റാ നല്‍കി. ഗേറ്റ് കടന്ന് ഇന്ദു ബസ്‌സ്റ്റോപ്പിലേക്കു നടന്നകലുന്നത് വാതില്‍ക്കല്‍ അവര്‍ നോക്കി നിന്നു.
(തുടരും)