ഡിസംബര്‍ 11 മംഗളവാര്‍ത്തക്കാലം മൂന്നാം ഞായര്‍
ഉത്പ 18 : 1-10 ന്യായ 13 : 2 - 7 ; 24
എഫേ 3 : 1-13 ലൂക്കാ 1 : 57-66
മംഗളവാര്‍ത്തകളുടെ ദിവസങ്ങളാണ്! അബ്രാഹത്തിനും സാറായ്ക്കും ഇസഹാക്കും, മനോവയ്ക്കു സാംസണും ജനിക്കുമെന്നുള്ള സന്തോഷവാര്‍ത്തയും, സക്കറിയായ്ക്കും ഏലീശ്വായ്ക്കും യോഹന്നാന്‍ ജനിച്ചു എന്നുള്ള അറിയിപ്പും, ഈശോയിലുള്ള വിശ്വാസത്തില്‍ ''അകാലജാതനായ'' പൗലോസിന്റെ സന്തോഷവും മംഗളവാര്‍ത്തക്കാലത്തിന്റെ മൂന്നാം ഞായറാഴ്ചത്തെ സന്തോഷങ്ങളാണ്.
ഈ ജനനങ്ങളോരോന്നും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലില്‍ നടക്കുന്ന അദ്ഭുതജനനങ്ങളാണ്. അവിടുത്തെ രക്ഷാപദ്ധതി മനുഷ്യരുടെയിടയില്‍ നടപ്പാക്കുന്നതിനുള്ള കൃത്യമായ ആസൂത്രണം ഇവയ്ക്കു പിന്നിലുണ്ട്. രക്ഷകന്റെ പിറവിക്കായി ഒരു ജനത്തെ തയ്യാറാക്കുന്ന പ്രക്രിയയില്‍ അവന്റെ മാനുഷികരായ മുന്‍ഗാമികളായി മാറുന്നു, മംഗളവാര്‍ത്തകളായി ജനിക്കുന്നവരെല്ലാം.
അബ്രാഹത്തിനു സാറായില്‍ ഉണ്ടാകുന്ന പുത്രനുമായിട്ടാണ് ദൈവം ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോകുന്നത്. ആ ഉടമ്പടിയാകട്ടെ നിത്യമായ ഉടമ്പടിയായിരിക്കും (ഉത്പ. 17:19). ഈ വാഗ്ദാനത്തിന്റെ ആവര്‍ത്തനമാണ് ഇന്നത്തെ ആദ്യവായനയില്‍ നാം കാണുന്നത് (ഉത്പ. 18:1-10). വന്ധ്യയായ സാറായ്ക്ക് അടുത്ത വസന്തകാലത്തില്‍ ഒരു പുത്രന്‍ ജനിക്കുമെന്ന് ദൈവംതന്നെ വെളിപ്പെടുത്തുന്നു. അബ്രാഹത്തിനു പ്രത്യക്ഷനായത് ദൈവംതന്നെയെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (18:1). കര്‍ത്താവിനെ (ഹീൃറ) മൂന്നാളുകളായാണ് അബ്രാഹം ദര്‍ശിച്ചത്. ''ഞാനാകുന്നവന്‍'' (ക അങ ണഒഛ അങ) എന്ന് മോശയോടു പിന്നീട് (പുറ. 3:14) പേരു വെളിപ്പെടുത്തിയ ദൈവംതന്നെ അബ്രാഹത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. വന്ന അതിഥികളില്‍ ദര്‍ശിക്കുന്ന ദൈവികഭാവം അവരെ ആതിഥ്യമര്യാദയുടെ അപ്പുറം നില്ക്കുന്ന സ്‌നേഹത്തോടെ പരിചരിക്കാന്‍ അബ്രാഹത്തെ നിര്‍ബന്ധിക്കുന്നു.
മനുഷ്യരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രക്ഷാപദ്ധതിയുടെ തുടക്കമാണ് അബ്രാഹത്തിലൂടെ സംഭവിക്കുന്നത്. അപ്രകാരം ആരംഭിക്കുന്ന, ചരിത്രത്തില്‍ യാഥാര്‍ഥ്യമാകുന്ന രക്ഷാപദ്ധതിയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ് രണ്ടാം വായനയിലെ പ്രതിപാദ്യം (ന്യായാ. 13:2-7; 24). രക്ഷയിലേക്കുള്ള വളര്‍ച്ചയില്‍ ഇസ്രായേല്‍ജനം മാനുഷികമായ താളപ്പിഴകള്‍ സംഭവിച്ചു കാലിടറുമ്പോള്‍ അവരെ സംരക്ഷിക്കാനും രക്ഷയുടെ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനും നിയോഗിക്കപ്പെട്ടവരാണ് ന്യായാധിപന്മാര്‍. ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന് അനുയോജ്യമായതരത്തില്‍ ജീവിക്കാന്‍ കടപ്പെട്ടവരാണവര്‍. ദൈവം ആവശ്യപ്പെട്ട ജീവിതരീതി സാംസണ്‍ തുടര്‍ന്നില്ലെങ്കിലും (ന്യായാ. 16:4-19) അവനിലൂടെ നടത്താനുദ്ദേശിച്ച കാര്യങ്ങള്‍ (13:5) ദൈവം പൂര്‍ത്തിയാക്കുന്നതായി നാം കാണുന്നുണ്ട് (16:28-30).
മിശിഹായിലേക്കുള്ള വളര്‍ച്ചയുടെ അവസാനഘട്ടമാണ് സ്‌നാപകയോഹന്നാനില്‍ സംഭവിക്കുന്നത് (ലൂക്കാ. 1:57-66). ദൈവം എലിസബത്തിനോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അവളും ബന്ധുമിത്രാദികളും അയല്‍ക്കാരും കരുതുന്നു. എന്നാല്‍, അവളോടു മാത്രമല്ല, ദൈവം കാരുണ്യം കാണിക്കുന്നത്. തങ്ങളോട് ഓരോരുത്തരോടുമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ഫലമനുഭവിക്കാന്‍ പോകുന്ന സകലരിലേക്കും വ്യാപിക്കുന്ന കരുണയുടെ ആസ്വാദനംമാത്രമാണത്. ആദിമനുഷ്യര്‍ തുടങ്ങി ഇപ്പോള്‍ ജീവിക്കുന്നവര്‍വരെ പിന്‍പോട്ടും ഇനി ഈ ലോകത്തിലേക്കു ജനിക്കാനിരിക്കുന്നവരിലേക്കു മുന്‍പോട്ടും ഒഴുകിയിറങ്ങുന്ന നിത്യനായ ദൈവത്തിന്റെ നിരന്തരമായ കാരുണ്യമാണ് എലിസബത്തില്‍ നാം കാണേണ്ടത്. വലിയ രക്ഷാകരപദ്ധതിയുടെ പശ്ചാത്തലം മനസ്സിലാക്കാതെ ഒരു വ്യക്തിക്കു ലഭിച്ച അദ്ഭുതമായി യോഹന്നാന്റെ ജനനത്തെ ജനം ചുരുക്കിക്കളഞ്ഞു. വി. ഗ്രന്ഥത്തില്‍ കാണുന്ന നിരവധിയായ അദ്ഭുതജനനങ്ങളെയും അവയുടെ പിന്നിലെ ശക്തമായ വാഗ്ദാനത്തിന്റെ ഏകാന്തതയെയും കൂട്ടി വായിക്കാന്‍ യഹൂദജനത്തിനു കഴിഞ്ഞില്ല.
എന്നാല്‍, തലമുറകളിലൂടെ വളര്‍ന്നുവന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണവും അതിലെ കഥാപാത്രങ്ങളായ മനുഷ്യരെയും അവര്‍ക്കിടയിലുണ്ടാകുന്ന അദ്ഭുതസംഭവവികാസങ്ങളെയും ദൈവത്തിന്റെ രക്ഷാകരപദ്ധതിയെന്ന ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി വായിക്കാന്‍ കൃപ ലഭിച്ചിരിക്കുന്നത് നമുക്കാണ്. ആ ഒറ്റച്ചരടും രക്ഷാകരപദ്ധതിയും രണ്ടല്ല, ഒരു വ്യക്തിതന്നെയാണ്, അത് ഈശോമിശിഹായാണ്.
സന്തോഷകരമായ വര്‍ത്തമാനങ്ങളുടെ ദിനങ്ങളാണെങ്കിലും ഇന്നത്തെ മംഗളവാര്‍ത്തകളിലെ നായകരെല്ലാം രക്ഷയുടെ വഴിയിലേക്കു ചേര്‍ന്നിരിക്കുന്നത് തങ്ങളുടെ സഹനങ്ങളിലൂടെയാണ്. ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് സഹനവഴികളിലും രക്തസാക്ഷിത്വത്തിലുമാണെങ്കിലും അവയെ സ്വീകരിക്കാനുള്ള എളിമയും ധൈര്യവും ഉള്ളവരായിരുന്നു അദ്ഭുതജനനങ്ങള്‍. ഇസഹാക്ക് തന്റെ മക്കളിലൂടെ സഹനങ്ങള്‍ ഏറ്റെടുത്തെങ്കില്‍, സാംസണും യോഹന്നാനും തങ്ങളുടെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഇടമ്പടിയെ മുന്നോട്ടു നയിച്ചു.
'ഈ ശിശു ആരായിത്തീരും' (ലൂക്കാ. 1:65) എന്ന മലനാട്ടിലെ ആശ്ചര്യത്തിന് അടിസ്ഥാനമായി നില്ക്കുന്നത്, യോഹന്നാനുമുമ്പേ അദ്ഭുതകരമായി ജനിച്ചവരുടെ ജീവിതം പഴയ ഉടമ്പടിയുടെ താളുകളില്‍ ജനം വായിക്കുന്നതുകൊണ്ടാണ്. ഇസഹാക്കും സാമുവലും സാംസണുമൊക്കെ അദ്ഭുതകരമായി ജനിച്ചവരാണ്. അതിനാല്‍, യോഹന്നാന്റെ ജീവിതത്തിലും മരണത്തിലും പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നു മനസ്സിലാക്കാന്‍ ജനത്തിനു പ്രയാസമില്ല. വളരെ പ്രധാനമായ കാര്യങ്ങള്‍ ഇസ്രായേലില്‍ ഇനിയും സംഭവിക്കാനുണ്ടെന്നും അതിലെ നിര്‍ണായകമായ മുഹൂര്‍ത്തത്തിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്നും ജനത്തിനു മനസ്സിലാകുന്നുണ്ട്. പക്ഷേ, അത് തങ്ങള്‍ പ്രതീക്ഷിക്കുന്ന രക്ഷകനെ ചുറ്റിപ്പറ്റിയാണെന്ന് അവര്‍ക്കു തിരിച്ചറിയാനാവുന്നില്ല.
ഈശോമിശിഹായിലൂടെ ജന്മമെടുക്കുന്ന പുതിയ ഇസ്രായേലായ സഭയില്‍ അദ്ഭുതജനനങ്ങളുടെ പരമ്പര തന്നെ സംഭവിക്കുന്നതു നമുക്കു കാണാം. അതിന്റെ ഉത്തമോദാഹരണമാണ് 'അകാലജാത'നെന്ന് സ്വയം അവകാശപ്പെടുന്ന പൗലോസ് (എഫേ. 3:1-13). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിക്കുന്നവരെല്ലാം അദ്ഭുതകരമായി 'ആത്മാവിനാല്‍ വീണ്ടും ജനിക്കുന്ന'വരാണ് (3:3). ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ അതിന്റെ ആകത്തുകയില്‍ ദര്‍ശിക്കാനും ഉള്‍ക്കൊള്ളാനും നമുക്കനുഗ്രഹം ലഭിച്ചിരിക്കുന്നു. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടത്തെ നിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ് (3:11). കര്‍ത്താവിന്റെ നിത്യമായ ഉദ്ദേശ്യം നമ്മുടെ രക്ഷയാണെന്നു നമുക്കറിയാമല്ലോ.