സമസ്തപദങ്ങളുടെ പരിണാമയുക്തി കണ്ടെത്തുക ചിലപ്പോള്‍ ശ്രമകരമാകാം. ഭാഷാപരിണാമവഴികളില്‍ സംഭവിക്കുന്ന രൂപമാറ്റമാണ് അതിലൊരു കാരണം. പ്രാചീന കൃതിപരിചയം മൂലാംശത്തെ തിരിച്ചറിയാന്‍ സഹായിക്കും. ആഗമികരീതിയിലുള്ള ഭാഷാപഠനത്തിന്റെ ധര്‍മവും അതാണല്ലോ. പദയോഗങ്ങളില്‍ വന്നുചേരുന്ന തെറ്റുകള്‍ ഒഴിവാകാന്‍ നിഷ്പത്തിക്രമം അറിഞ്ഞിരിക്കേണ്ടതുണ്ട്.
തന്നത്താന്‍ എന്ന സമസ്തപദത്തെ 'തന്നെത്താന്‍', 'തന്നത്താനേ', 'തന്നതാന്‍', 'തന്നെതാന്‍' എന്നെല്ലാം പലതരത്തില്‍ എഴുതിക്കാണുന്നു. ഇവയെല്ലാം ശരിയെന്ന മട്ടിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വക്തൃപുരുഷന്‍ ആരോടാണ് സംസാരിക്കുന്നത്? ശ്രോതാവായ അയാള്‍ മധ്യമപുരുഷനെ കുറിക്കുന്നു. നീ, താന്‍ എന്നിവ ഉദാഹരണം. താന്‍ എന്ന മധ്യമപുരുഷസര്‍വ്വനാമത്തിന്റെ പൂര്‍വരൂപം തന്‍ എന്നാണ്. തന്‍ എന്നതിനോട് പ്രതിഗ്രാഹികാവിഭക്തിപ്രത്യയമായ എ ചേരുമ്പോള്‍ രൂപം തന്നെ(തന്‍+എ) എന്നാകുന്നു. ''പരമായി വരുന്നത് ഒരു സ്വരമാണെങ്കില്‍ ആദ്യവര്‍ണം ഇരട്ടിക്കും''* എന്നാണല്ലോ നിയമം. ''നീ, താന്‍, ദീര്‍ഘിച്ചു വന്നതാം'' (കാരിക 52)** എന്നു കേരളപാണിനി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് നീ, താന്‍ എന്നിവയോട് വിഭക്തിപ്രത്യയങ്ങള്‍ ചേരുമ്പോള്‍ പ്രകൃതി യഥാക്രമം നിന്‍, തന്‍ എന്നാകുമെന്നു ചുരുക്കം.
''തന്നത്താന്‍ (തന്നെ+താന്‍) സമാസിക്കുമ്പോള്‍ ഉത്തരപദത്തിന്റെ ആദിവര്‍ണത്തിന് ദ്വിത്വവും പൂര്‍വപദാന്ത്യമായ എകാരത്തിന് ലോപവും വരും. താന്‍ എന്ന സര്‍വ്വനാമത്തിന്റെ പ്രതിഗ്രാഹികാരൂപമാണ് തന്നെ. അതിന് നിന്നെ അല്ലെങ്കില്‍ നിങ്ങളെ എന്നര്‍ത്ഥം. അവ്യയമായും പ്രയോഗമുണ്ട്. അപ്പോള്‍ തനിച്ച്, താനേ അതേ എന്ന അര്‍ത്ഥങ്ങള്‍ വരും. 'തന്നത്താനേ' അറിയണം എന്നതിനെക്കാള്‍ ശുദ്ധി തന്നത്താന്‍ അറിയണം എന്നതിനാണ്''*** എന്ന് പി. ദാമോദരന്‍ നായര്‍ നിരീക്ഷിക്കുന്നു. 'തന്നത്താനറിഞ്ഞില്ലെങ്കില്‍ പിന്നെത്താനറിയും' എന്ന പഴമൊഴി പ്രസിദ്ധമാണല്ലോ.
* ചന്ദ്രശേഖരന്‍ നായര്‍, സി.കെ., അടിസ്ഥാനവ്യാകരണം (ഉത്തരഭാഗം), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1996, പുറം - 106.
** രാജരാജവര്‍മ്മ ഏ.ആര്‍. കേരളപാണിനീയം, സായാഹ്നാ ഫൗണ്ടേഷന്‍, തിരുവനന്തപുരം, 2017, പുറം - 52.
*** ദാമോദരന്‍ നായര്‍, പി., അപശബ്ദബോധിനി, എന്‍.ബി.എസ്, കോട്ടയം, 1982, പുറം - 264.