•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

മഴനിലാവ്

കഥാസാരം:
ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്ക് ദൂരെയുള്ള ഒരു എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടി. അച്ഛന്‍ നാരായണന്‍നമ്പൂതിരിയോടൊപ്പം ട്രെയിനില്‍ ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, ഒരു സ്റ്റേഷനില്‍ വെള്ളം വാങ്ങിക്കാനിറങ്ങിയ അച്ഛന്‍ തിരികെ ട്രെയിനില്‍ കയറിയില്ല. പരിഭ്രാന്തയായ ഇന്ദുവിനെ എതിര്‍വശത്തിരുന്ന യുവാവ് സമാധാനിപ്പിച്ചു. അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷനിലായിരുന്നു ഇന്ദുവിനും ഇറങ്ങേണ്ടത്. സുരക്ഷിതമായി താന്‍ സ്‌കൂളിലെത്തിക്കാം എന്നു പറഞ്ഞ് അയാള്‍ ആശ്വസിപ്പിച്ചു. 
     (തുടര്‍ന്നു വായിക്കുക)
ട്രെയിന്‍ നിറുത്തിയതും അഭിഷേക് ഇറങ്ങി.
തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ ഇന്ദുലേഖ. തെല്ലു ചമ്മലോടെ നില്‍ക്കുകയാണവള്‍.
''പേടി മാറിയോ?'' ഒരു പുഞ്ചിരിയോടെ അഭിഷേക് ചോദിച്ചു. ഇന്ദു മിണ്ടിയില്ല. 
അവള്‍ നാലുപാടും നോക്കി. അച്ഛനെ എവിടെയും കാണാനില്ല.
''ഞാന്‍ കൊണ്ടാക്കണോ സ്‌കൂളില്‍?''
അഭിഷേക് ആരാഞ്ഞു.
''അച്ഛനെ കണ്ടില്ലല്ലോ.''
''അച്ഛനങ്ങെത്തിക്കൊള്ളും. ട്രെയിന്‍ മിസായെങ്കില്‍ ബസിനു വന്നോളും.''
ഇന്ദു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
''ടീച്ചറിനെന്നെ വിശ്വസിക്കാം. എന്റെകൂടെ പോന്നോളൂ. ഞാന്‍ കൊണ്ടാക്കാം.''
അതുപറഞ്ഞിട്ട് അഭിഷേക് നടന്നു. പിന്നാലെ ഇന്ദുവും. അച്ഛന്‍ പ്ലാറ്റ്‌ഫോമിലെവിടെയെങ്കിലുമുണ്ടോയെന്ന് അവളുടെ കണ്ണുകള്‍ പരതുകയായിരുന്നു. കണ്ടില്ല.
സ്റ്റേഷനു പുറത്തിറങ്ങിയിട്ട് അഭിഷേക് ഇന്ദുവിനെ നോക്കി പറഞ്ഞു:
''ഇവിടുന്ന് നാലു കിലോമീറ്ററുണ്ട് സ്‌കൂളിലേക്ക്. നമുക്കൊരോട്ടോയില്‍ പോകാം.''
''അങ്ങോട്ടു ബസില്ലേ? എന്നെ ബസില്‍ കേറ്റി വിട്ടാല്‍ മതി.''
''എന്റെകൂടെ പോരാന്‍ പേടിയാണോ?''
''അതുകൊണ്ടല്ല. വെറുതെ ബുദ്ധിമുട്ടിപ്പിക്കണ്ടല്ലോന്നു കരുതിയാ.''
 ''അതു സാരമില്ല.''
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ അഭിഷേക് ഒരു ഓട്ടോ കൈകാട്ടി വിളിച്ചു. ഓട്ടോ വന്നുനിന്നതും അയാള്‍ പറഞ്ഞു:
''കേറിക്കോ.''
മടിച്ചാണെങ്കിലും ഇന്ദു കയറി. പിന്നാലെ അഭിഷേകും.
ഓട്ടോ പായുമ്പോള്‍ ഇന്ദു ഓര്‍ക്കുകയായിരുന്നു. അച്ഛനെന്തുപറ്റി? വല്ല അപകടവും പറ്റിയോ? അതോ വെള്ളം വാങ്ങി വന്നപ്പോഴേക്കും ട്രെയിന്‍ വിട്ടുപോയോ? അച്ഛന്‍ വന്നില്ലെങ്കില്‍ താനെന്തു ചെയ്യും? താമസസൗകര്യം ശരിയായില്ലെങ്കില്‍ ഈ രാത്രി എവിടെ തങ്ങും? ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു.
കണ്ടിട്ട് അഭിഷേക് മാന്യനാണെന്നു തോന്നുന്നു. എന്നാലും വിശ്വസിക്കാന്‍ പറ്റില്ല. നന്നായി അഭിനയിക്കുന്ന തെമ്മാടികളുമുണ്ടല്ലോ ധാരാളം. 
ഓട്ടോയില്‍ അടുത്തിരിക്കുമ്പോള്‍ അഭിഷേക് ഇന്ദുവിനോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
വിദ്യാധരന്‍ മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ എന്ന ബോര്‍ഡ് കണ്ടപ്പോഴാണ് ഇന്ദുവിന്റെ മനസ്സിലെ തീ അണഞ്ഞത്.
സ്‌കൂള്‍ഗേറ്റിനരികില്‍ ഓട്ടോ നിന്നു. അഭിഷേക് ഇറങ്ങി. പിന്നാലെ ഇന്ദുലേഖയും.
''ദാ... കാണുന്നതാ സ്‌കൂള്‍.'' അഭിഷേക് കൈചൂണ്ടി.
''താങ്ക്‌സ്.'' ഇന്ദു പുഞ്ചിരിച്ചു.
അവള്‍ സ്‌കൂള്‍കോമ്പൗണ്ടിലേക്കു നടക്കാനൊരുങ്ങിയപ്പോള്‍ അഭിഷേക് പറഞ്ഞു:
''ഞാന്‍ പേരു ചോദിക്കാന്‍ വിട്ടുപോയി.''
''ഇന്ദു. ഇന്ദുലേഖ.''
''ഒ.കെ. വിഷ് യു ഓള്‍ ദ ബെസ്റ്റ്.''
അതുപറഞ്ഞിട്ട് അഭിഷേക് ഓട്ടോയില്‍ കയറി വന്ന വഴിയേ തിരിച്ചുപോയി.
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് ഇന്ദു ചുറ്റുംനോക്കി. മനോഹരമായ സ്ഥലം. സ്‌കൂള്‍മുറ്റത്ത് കുറെ കുട്ടികള്‍ ഓടിനടപ്പുണ്ട്.  ഒരു കുട്ടിയോട് ഹെഡ്മാസ്റ്ററുടെ റൂം തിരക്കിയിട്ട് നേരേ അങ്ങോട്ടു നടന്നു. 
ഇന്ദു കയറിച്ചെല്ലുമ്പോള്‍ ഹെഡ്മിസ്ട്രസ് സുജാത സീറ്റിലുണ്ടായിരുന്നു. ഇന്ദുവിനെ കണ്ടതും അവര്‍ ഹൃദ്യമായി ചിരിച്ചു.
''ഇന്ദുലേഖ. അല്ലേ?''
''അതേ.''
''ഇരിക്ക്.''
അഭിമുഖമായി സീറ്റിലിരുന്നിട്ട് അവള്‍ ബാഗുതുറന്ന് നിയമന ഉത്തരവ് എടുത്തു നീട്ടി.
''അച്ഛന് ട്രെയിന്‍ മിസായി അല്ലേ?''
ഹെഡ്മിസ്ട്രസിന്റെ ചോദ്യം കേട്ട് ഇന്ദു അതിശയത്തോടെ നോക്കി.
''ഞാനെങ്ങനെ അറിഞ്ഞെന്നാവും?''
''അച്ഛന്‍ ഫോണ്‍ ചെയ്‌തോ?''
''ഇല്ല.''
''പിന്നെ?''
''അതുപിന്നെപ്പറയാം. ടീച്ചറു വിഷമിക്കണ്ട. അച്ഛനിങ്ങെത്തിക്കോളും.''
ഇന്ദു തെല്ല് ആശ്വാസത്തോടെ നോക്കിയിരിക്കുമ്പോള്‍ ഹെഡ്മിസ്ട്രസ് ചോദിച്ചു:
''മുമ്പ് എവിടെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ?''
''ഒരു അണ്‍ എയ്ഡസ് സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്ക്വായിരുന്നു. അപ്പഴാ ഈ ജോലി കിട്ടിയത്.''
''ഇവിടെ താമസസൗകര്യം?''
''ഒന്നും അന്വേഷിച്ചില്ല. അച്ഛന്‍ വന്നിട്ട് നോക്കാമെന്നു വിചാരിക്ക്വാ.''
''എന്തായാലും ടീച്ചേഴ്‌സ് റൂമില്‍ പോയി ടീച്ചേഴ്‌സിനെയൊക്കെ ഒന്നു പരിചയപെടാം. അപ്പോഴേക്കും അച്ഛനിങ്ങെത്തും.''
സുജാതറ്റീച്ചര്‍ ഇന്ദുവിനെയുംകൂട്ടി സ്റ്റാഫ് റൂമിലേക്കു നടന്നു. രണ്ട് അധ്യാപികമാര്‍മാത്രമേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ ക്ലാസ് റൂമിലായിരുന്നു.
ഇന്ദുവിനെ ഹെഡ്മിസ്ട്രസ് അവര്‍ക്കു പരിചയപ്പെടുത്തി. അവര്‍ ഇന്ദുവിനോട് പേരും വീടും നാടുമൊക്കെ ചോദിച്ചു. 
''റ്റീച്ചറിവിടെ സംസാരിച്ചിരിക്ക്. അപ്പോഴേക്കും അച്ഛനിങ്ങെത്തും.''
ഇന്ദുവിനെ സ്റ്റാഫ് റൂമിലിരുത്തിയിട്ട് ഹെഡ്മിസ്ട്രസ് അവരുടെ റൂമിലേക്കു തിരിച്ചുപോയി.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ദുവിന്റെ മൊബൈല്‍ ശബ്ദിച്ചു. എടുത്തുനോക്കിയപ്പോള്‍ വീട്ടില്‍നിന്നാണ്. അച്ഛന് ട്രെയിന്‍ മിസായി എന്ന സത്യം തല്‍ക്കാലം പറയേണ്ടെന്നു വിചാരിച്ചാണ് അവള്‍ ഫോണ്‍ കാതോടു ചേര്‍ത്തത്. സീതാലക്ഷ്മിയായിരുന്നു അങ്ങേത്തലയ്ക്കല്‍.
''ചേച്ചി സ്‌കൂളില്‍ എത്തിയോ?''
''എത്തി മോളേ. ജോയിന്‍ ചെയ്തു.''
''അച്ഛന്‍ കൂടെയുണ്ടോ?''
ആ ചോദ്യത്തില്‍ പന്തികേടു തോന്നിയപ്പോള്‍ ഇന്ദു ചോദിച്ചു.
''എന്താ അങ്ങനെ ചോദിച്ചേ?''
''അച്ഛന് ട്രെയിന്‍ മിസായി അല്ലേ?''
''അച്ഛന്‍ വീട്ടിലെത്തിയോ?''
''ഇല്ല. ആശുപത്രീലാ. വെള്ളമെടുക്കാന്‍ പോയപ്പം അച്ഛന്‍ പ്ലാറ്റ്‌ഫോമില്‍ തലകറങ്ങി വീണു ചേച്ചി. ആരോ ആശുപത്രീലാക്കി. ആശുപത്രിക്കാര് വീട്ടിലേക്കു വിളിച്ചു. പേടിക്കാനൊന്നുമില്ലെന്നാ പറഞ്ഞേ. ഞാനിപ്പം ആശുപത്രീലേക്കു പോകാന്‍ തുടങ്ങ്വാ.'' ഒറ്റശ്വാസത്തില്‍ അവള്‍ പറഞ്ഞു.
റ്റീച്ചേഴ്‌സിനോടു കാര്യം പറഞ്ഞിട്ട് സ്റ്റാഫ് റൂമില്‍നിന്നെണീറ്റ് ഇന്ദു ഹെഡ്മിസ്ട്രസിന്റെ റൂമിലേക്കു ചെന്നു. സംഭവം കേട്ടപ്പോള്‍ ഹെഡ്മിസ്ട്രസിനും സങ്കടമായി.
''താമസിക്കാന്‍ ഒരു സ്ഥലമില്ലാത്തതാ പ്രശ്‌നം.'' ഇന്ദു പ്രതീക്ഷയോടെ ഹെഡ്മിസ്ട്രസിനെ നോക്കി.
''ഇവിടടുത്ത് കുറെ ജോലിക്കാര് ഒരു വീട് വാടകയ്‌ക്കെടുത്തു താമസിക്കുന്നുണ്ട്. ഈ സ്‌കൂളിലെ ടീച്ചേഴ്‌സുമുണ്ട്. ഇന്ദുവിന് അവിടെ കൂടാം.''
''ഉം.'' ഇന്ദു തലയാട്ടി.
''ങ്ഹാ പിന്നെ, മാനേജരെ പോയി  ഒന്നു കണ്ടിട്ടുപോരെ. ഇവിടടുത്താ വീട്. പ്യൂണിനെ കൂട്ടി വിടാം.'
''ഉം.''
ബാഗ് ഹെഡ്മിസ്ട്രസിന്റെ മുറിയില്‍ വച്ചിട്ട് അവള്‍ പ്യൂണ്‍ അനിലിനൊപ്പം വെളിയിലേക്കിറങ്ങി.
മാനേജര്‍ ആനന്ദന്‍സാറിനെ അവള്‍ നേരത്തേ കണ്ടിട്ടുണ്ട്. ഇന്റര്‍വ്യൂ ചെയ്യാന്‍ അയാളും ഉണ്ടായിരുന്നു.
''മാനേജര്‍ സാറിനെ റ്റീച്ചര്‍ നേരത്തേ കണ്ടിട്ടുണ്ടോ?'' നടക്കുന്നവഴി അനില്‍ ചോദിച്ചു. 
''ഇന്റര്‍വ്യൂവിനു വന്നപ്പം കണ്ടിരുന്നു.''
''ആളു ചൂടനാ. ഇഷ്ടപ്പെടാത്തതെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ മുഖത്തുനോക്കി ചീത്തവിളിക്കും. സ്‌കൂളിലെല്ലാവര്‍ക്കും പേടിയാ. റ്റീച്ചറു നോക്കീം കണ്ടും നിന്നോണം.''
അതുകേട്ടപ്പോള്‍ അവള്‍ക്ക് ആധിയായി. 
വീടു ചൂണ്ടിക്കാണിച്ചിട്ട് അനില്‍ തിരിച്ചുപോയി. 
പിടയുന്ന ഹൃദയത്തോടെ ഇന്ദു ഗേറ്റ് കടന്നു മുറ്റത്തേക്കു പ്രവേശിച്ചു. മനോഹമായ വലിയ ബംഗ്ലാവ്. പുറത്താരെയും കണ്ടില്ല. കോളിങ്‌ബെല്ലില്‍ വിരലമര്‍ത്തിയിട്ട് കാത്തുനിന്നു. തെല്ലു കഴിഞ്ഞപ്പോള്‍ പൂമുഖവാതില്‍ തുറക്കപ്പെട്ടു. 
മുമ്പില്‍ പ്രത്യക്ഷപ്പെട്ട ആളെ കണ്ടതും ഇന്ദു അതിശയത്തോടെ നോക്കിനിന്നുപോയി.               (തുടരും)
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)