•  5 Dec 2024
  •  ദീപം 57
  •  നാളം 39
ശ്രേഷ്ഠമലയാളം

വേഗത്തട

''ഈരാറ്റുപേട്ട - മുട്ടം റോഡിലെ  പാണ്ടിയാമാവ്  വളവില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുമരാമത്തു വകുപ്പ് വേഗത്തടകള്‍ സ്ഥാപിച്ചു'' (മലയാളമനോരമ). വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കലാണ് വേഗത്തടകളുടെ പ്രയോജനം. സ്പീഡ് ബ്രേക്കര്‍(Speed braker) ന്റെ മലയാള പരിഭാഷ എന്ന നിലയിലാണ് പത്രത്തില്‍ വേഗത്തട എന്നു പ്രയോഗിച്ചത്.
വേഗം എന്ന സംസ്‌കൃതവും തട എന്ന മലയാളവും പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാണ് 'വേഗത്തട'യെ നിര്‍മിച്ചത്. വേഗം+തട, സന്ധിയില്‍ വേഗത്തട എന്നാകുന്നു. അനുസ്വാരലോപവും തകാരദ്വിത്വവും സംഭവിക്കുന്നു എന്നതാണ് സന്ധിയുടെ യുക്തി. തടയുക എന്ന ക്രിയയുടെ നാമരൂപമാണ് തട. വ്യത്യസ്തഭാഷാപദങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ സങ്കരപദമായി വേഗത്തടയെ കണക്കാക്കാം.
ഇത്തരത്തില്‍ അന്യഭാഷയിലെ സമസ്തപദങ്ങള്‍ പരിഭാഷപ്പെടുത്തി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് ആദാനപരിഭാഷ (Loan Translation) എന്നു പറയുന്നു. അങ്ങനെ നിര്‍മിച്ചെടുത്ത  ഒരു സമസ്തപദമാണ് വേഗത്തട. പരിഭാഷപ്പെടുത്തുന്ന പദങ്ങളില്‍ ഏതെങ്കിലും ഒന്ന് അന്യഭാഷാപദമാണെങ്കില്‍, കലര്‍പ്പുണ്ടാകും. വ്യത്യസ്തഭാഷാപദങ്ങള്‍ കലരുന്ന പ്രവണതയാണ് ആദാനമിശ്രിതം* (Loan blend). അതായത്, ആദാനപദത്തോടൊപ്പം ആദാനപരിവൃത്തിയും ചേര്‍ന്നുവരുന്നു. പരമ്പരാഗതവ്യാകരണം ഇത്തരം മിശ്രിതവാക്കുകളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, സന്ദര്‍ഭനിഷ്ഠമായി നിര്‍മിച്ചെടുക്കുന്ന വാക്കുകള്‍ പ്രചരിച്ചുകഴിഞ്ഞാല്‍പ്പിന്നെ നിയമം ചെയ്ത് സാധുവാക്കുകയാണു വേണ്ടത്. അക്കാര്യത്തില്‍ കുറച്ചുകൂടി ഉദാരമായ സമീപനമാണ് ഭാഷാശാസ്ത്രത്തിന്റേത്. അന്യഭാഷാപദങ്ങള്‍ നിരന്തരം കടന്നു കയറുന്ന ഏതൊരു ഭാഷയിലും ഇത്തരം നിര്‍മ്മിതികള്‍ അനിവാര്യമാകുന്നു. ആവശ്യനിര്‍വ്വഹണത്തെ അവഗണിച്ചുകൊണ്ട് ഒരു ഭാഷയ്ക്കും മുന്നേറാനാവുകയില്ലല്ലോ. 'വേഗത്തട' എന്ന പ്രയോഗം ആദാനപരിഭാഷയ്ക്കും ആദാനമിശ്രിതത്തിനും മികച്ച ഉദാഹരണമാണ്. നിയമത്തിന്റെ കാര്‍ക്കശ്യത്തെക്കാള്‍ പ്രയോജനപരതയ്ക്കാണല്ലോ മാധ്യമപ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കുന്നത്.
* നമ്പൂതിരി, ഇ.വി.എന്‍., ഭാഷാവിജ്ഞാനീയം, പൂര്‍ണപബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2002, പുറം- 101, 102.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)