•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

ദേവാങ്കണം

നന്തരം സന്ധ്യയായി. ഉഷസ്സായി. 
പൂര്‍വാഹ്നവെയില്‍ വീഴുംമുമ്പേ അരുവാമൊഴിയില്‍ സംഭവിച്ചത് മറ്റൊരദ്ഭുതം. അധികാരികളോ കാവല്‍ഭടന്മാരോ അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല. അതു തടയാന്‍ അവര്‍ക്കായതുമില്ല.
പാണ്ടിക്കും തിരുവിതാംകൂറിനുമിടയിലുള്ള ഒരു ചൗക്ക (ചെക്ക് പോസ്റ്റ്) സ്ഥലമായിരുന്നു അരുവാമൊഴി. പാണ്ടിയില്‍നിന്നു തിരുവിതാംകൂറിലേക്കും തിരിച്ചുമുള്ള ഗതാഗതത്തിന് ഏകമാര്‍ഗവും അനേകായിരം ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ ഒരങ്ങാടിസ്ഥലവുമായിരുന്നു. കൂടാതെ, വടക്കുംകുളം, തിരുനല്‍വേലി, തൂത്തുക്കുടി, മണപ്പാട് തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിരുന്നവരുടെ താവളസ്ഥലമായിരുന്നു അരുവാമൊഴി.
അരുവാമൊഴിക്ക് രാത്രിയില്‍ ഉറക്കമില്ല. ആയിരക്കണക്കിനു യാത്രക്കാരും കച്ചവടക്കാരുമായി അരുവാമൊഴി ചൗക്കയും പരിസരവും രാപകല്‍ ജനനിബിഡം.
ആ നിബിഡതയിലേക്കാണ് ദേവസഹായത്തിനെ അരുവാമൊഴിയില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തുന്നു എന്ന വാര്‍ത്തയെത്തിയത്.
കമ്പക്കെട്ടുപോലെ വാര്‍ത്ത പടര്‍ന്നു. ജനങ്ങള്‍ കൂട്ടംകൂട്ടമായി ദേവസഹായത്തെ കാണാനെത്തി. അവര്‍ കാവല്‍ക്കാരെ വകവച്ചില്ല.
എല്ലാ വിലക്കുകളും ലംഘിച്ച് അവര്‍ ദേവസഹായത്തെ കണ്ടു. സംസാരിച്ചു. അദ്ദേഹമനുഭവിക്കുന്ന കഷ്ടതകള്‍ കണ്ടു വിസ്മയിച്ചു. വിലപിച്ചു.
 ഒരു സാധാരണമനുഷ്യന് ഇത്ര കൊടിയ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ചു. ജനങ്ങള്‍ വേദസാക്ഷി എന്ന നിലയില്‍ അദ്ദേഹത്ത വണങ്ങി. നമസ്‌കരിച്ചു. ജനങ്ങള്‍ അവനില്‍ വിശ്വസിച്ചു. 
ദിനംപ്രതി സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ ദേവസഹായത്തോടു ഭയഭക്തിബഹുമാനത്തോടെ പെരുമാറി. 
പലവിധ രോഗങ്ങളാല്‍ വലയുന്നവര്‍ സുഖപ്പെടുന്നതും ചഞ്ചലചിത്തര്‍ സമാധാനചിത്തരായി മടങ്ങുന്നതുംകണ്ട് ദേവസഹായത്തെ സൂക്ഷിച്ചിരുന്ന ഭടന്മാര്‍പോലും അനുകമ്പാലുക്കളായി ഭവിച്ചു.
പുണ്യപുരുഷനെ കാണുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഭക്ഷണപാനീയങ്ങള്‍ കൊടുക്കാനും എത്തിച്ചേരുന്ന ആളുകളെ ഭടന്മാര്‍ തടഞ്ഞില്ല.
ദേവസഹായത്തിന്റെ ഖ്യാതി അയല്‍നാടുകളിലേക്കും പരന്നു. തിരുവിതാംകൂറിലെവിടെയും ദേവസഹായത്തിനു ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധന്റെ പരിവേഷം വന്നുചേര്‍ന്നു.
സ്ഥലം അധികാരികള്‍ക്കും ബ്രാഹ്‌മണര്‍ക്കും ദേവസഹായം കണ്ണിലെ കരടായി മാറുകയായിരുന്നു. അവരെ ഏറ്റവും അലോസരപ്പെടുത്തിയത് ക്രിസ്തുമതം സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ്. 
എങ്ങനെയും നീലകണ്ഠനെ വകവരുത്തിയേ ഒക്കൂ. അതിന് ഏതു മാര്‍ഗം സ്വീകരിക്കേണ്ടി വന്നാലും തരക്കേടില്ല. അല്ലെങ്കില്‍ നമ്മുടെ മതത്തിന്റെ മഹിമയെക്കുറിച്ചും നമ്മുടെ ദേവീദേവന്മാരുടെ ശക്തിയെക്കുറിച്ചും ജ്ഞാനമില്ലാത്ത നമ്മുടെ ആളുകളൊക്കെ അവന്റെ നീചമതം സ്വീകരിക്കും. തിരുവിതാംകൂറാകെ സത്യവേദക്കാരെക്കൊണ്ടു നിറയും. നമ്മുടെ നാട്ടില്‍ മുട്ടിനുമുട്ടിനു പള്ളികളുയരും. നമ്മുടെ ക്ഷേത്രങ്ങള്‍ ക്ഷയിക്കും. അങ്ങനെവന്നാല്‍ നമ്മുടെ ദേവന്മാര്‍ക്കും നമുക്കും നാട്ടിലെന്തുവില? ആരു നമ്മെ ബഹുമാനിക്കും? ആരു നമ്മെ ഭയക്കും?''
ബ്രാഹ്‌മണമുഖ്യന്‍ പറയുന്നതു സത്യമാണെന്ന് ഏവര്‍ക്കും ബോധ്യമുണ്ട്. ഒരാള്‍ ചോദിച്ചു:
''എങ്ങനെ നീലകണ്ഠനെ വകവരുത്തും?''
''ഏതു വിധേനയും.''
''ശരിതന്നെ. പക്ഷേ, അതേതുവിധത്തില്‍?''
അതിനൊരുത്തരം ആര്‍ക്കും പെട്ടെന്നു സാധ്യമായില്ല. ഏറെനേരം ആലോചിച്ചിട്ടും ഒരു തീര്‍പ്പിലെത്താന്‍ അധികാരികള്‍ക്കോ ബ്രാഹ്‌മണര്‍ക്കോ കഴിഞ്ഞില്ല.
''രാപകല്‍ ഭേദമില്ലാതെ സന്ദര്‍ശകരുണ്ട് നീലകണ്ഠന്. കൂടാതെ കാവല്‍ഭടന്മാരും. മുന്‍പിന്നാലോചിക്കാതെ എന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ നമ്മള്‍ പിടിക്കപ്പെടും. അങ്ങനെവന്നാല്‍ നമ്മള്‍ രാജകോപത്തിനിരയാകും. മഹാരാജാവ് ബ്രാഹ്‌മണഭക്തനാണെന്നുള്ളതൊക്കെ ശരിതന്നെ. പക്ഷേ, കോപിഷ്ഠനായ മഹാരാജാവിന്റെ ഉടവാളിന് ബ്രാഹ്ണനെന്നോ ക്ഷത്രിയനെന്നോ ഭേദമുണ്ടാവില്ല.''
''വേറെന്താണൊരു മാര്‍ഗം?'' 
''ഒരിക്കല്‍ക്കൂടി മഹാരാജാവിനെ ശരണം പ്രാപിക്കുക. ശരിയാംവിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്നിട്ടും നീലകണ്ഠന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ എങ്ങനെയും നമ്മളവനെ വകവരുത്തും. അതിനുള്ള ശിക്ഷ തൂക്കുമരമെങ്കില്‍ തൂക്കുമരം. ഗളച്ഛേദമെങ്കില്‍ ഗളച്ഛേദം...''
അതുതന്നെയാണു കരണീയമെന്നു ഭൂരിപക്ഷത്തിനും തോന്നി. പിറ്റേന്നുതന്നെ അവര്‍ മഹാരാജാവിനെ മുഖം കാണിച്ചു. അതിയായ സങ്കടമഭിനയിച്ചുണര്‍ത്തിച്ചു:
''അല്ലയോ മഹാരാജന്‍, നീലകണ്ഠന്‍ അവന്റെയടുത്തു വരുന്ന ജനങ്ങളെയെല്ലാം തെറ്റിദ്ധരിപ്പിച്ച് അപകടത്തിലാക്കുകയാണ്. നമ്മുടെ ജനങ്ങള്‍ക്ക് അവന്റെ വേലത്തരങ്ങളൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. ഏതോ മന്ത്രമുച്ചരിച്ച് അവന്‍ രോഗികളെ സുഖപ്പെടുത്തുന്നു. അവന്റെ അടുത്തുകൊണ്ടുവന്ന ഒരു മൃതശരീരം ജീവന്‍വച്ച് എഴുന്നേറ്റ് കരഞ്ഞുകൊണ്ടോടിപോലും. എല്ലാം കെട്ടുകഥകളാണ്. എന്നിട്ടും നമ്മുടെയാളുകള്‍ അതെല്ലാം വിശ്വസിച്ച് ക്രിസ്തുമതത്തില്‍ ചേരുകയാണ്.''
''എപ്പോഴുമെന്നപോലെ അവന്‍ മഹാരാജാവിനെയും ബ്രാഹ്‌മണരെയും ശപിക്കുന്നു. നമ്മുടെ ദേവീദേവന്മാരെ നിന്ദിക്കുന്നു.''
''നാം അവനെ വിലങ്ങു തറച്ച് കാരാഗൃഹത്തില്‍ പാര്‍പ്പിച്ചു. എരുമപ്പുറത്തു കയറ്റി അടിച്ചും ഇടിച്ചു നാടെങ്ങും കൊണ്ടുനടന്ന് അപമാനിച്ചു. കരിഞ്ചൂരമുള്ളുകൊണ്ട് ദേഹമാസകലം അടിച്ചുകീറി അരച്ച മുളക് മുറിവുകളികളില്‍ പൂശി. പൊള്ളുന്ന വെയിലില്‍ പാറപ്പുറത്തുകൊണ്ടിരുത്തി. ഒടുവില്‍ ആഹാരമോ വെള്ളമോ കൊടുക്കാതെ തടവില്‍ പാര്‍പ്പിച്ചു. എന്നിട്ടും അവന്‍ മരണപ്പെടാതെ കല്ലുപോലിരിക്കണമെങ്കില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹംകൊണ്ടല്ലാതെ എങ്ങനെ സാധിക്കും.''
''ഈ സൂത്രങ്ങളൊന്നും ജനങ്ങളറിയുന്നില്ല. അവര്‍ വിചാരിക്കുന്നത് നീലകണ്ഠനില്‍ മറ്റേതോ ദൈവത്തിന്റെ ശക്തിയുണ്ടെന്നാണ്. ആ ശക്തികൊണ്ടാണത്രേ രണ്ടുവട്ടം മഹാരാജാവു തന്നെ അവനെ വധിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെപോയത്.''
''അതുകൊണ്ട് നീലകണ്ഠനെ ഇപ്പോള്‍ത്തന്നെ വധിച്ചില്ലെങ്കില്‍ അവന്റെ നീചമതം നാട്ടില്‍ മുഴുവന്‍ വ്യാപിക്കുകയും ബ്രാഹ്‌മണശക്തിയും നമ്മുടെ ദേവന്മാരും ഹിന്ദുമതവും ഈ നാട്ടില്‍ നാമാവശേഷമായിത്തീരുകയും ചെയ്യും. അങ്ങനെ വന്നാല്‍ നമ്മള്‍ ജീവനോടെയിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?''
ബ്രാഹ്‌മണരുടെ സങ്കടകരമായ വാക്കുകള്‍ മഹാരാജാവിനെ സ്പര്‍ശിച്ചു. നീലകണ്ഠന്റെ മതപരിവര്‍ത്തനമല്ല ഇപ്പോഴത്തെ പ്രശ്‌നം. അവന്റെ ഹൈന്ദവനിഷേധപ്രവര്‍ത്തനങ്ങളാണ്.
അവന്‍ ഹിന്ദുമതത്തെ ആക്ഷേപിക്കുന്നു. ബ്രാഹ്‌മണപ്രഭൃതികളെ നിന്ദിക്കുന്നു. നമ്മുടെ ദേവീദേവന്മാരെയും നമ്മുടെ രാജാധികാരത്തെയും വെല്ലുവിളിക്കുന്നു.
മഹാരാജാവില്‍ അതിയായ കോപം ജന്യമായി. ഇനിയും നീലകണ്ഠനെ ഈ വിധത്തില്‍ തുടരാനനുവദിച്ചുകൂടാ. ഒരര്‍ത്ഥത്തില്‍ അവന്‍ ചെയ്യുന്നത് രാജ്യദ്രോഹവും രാജദ്രോഹവുമാണ്. രാജ്യദ്രോഹികള്‍ക്കുള്ള ശിക്ഷ വധശിക്ഷയാണ്.
''നീലകണ്ഠനെ ജനങ്ങളറിയാതെ കാറ്റാടിമലയില്‍കൊണ്ടുചെന്ന് വെടിവച്ചുകൊല്ലുക. ഇത് രാജകല്പന.'' 
മഹാരാജാവ് കല്പിച്ചു. കല്പന ഒരോലയില്‍ കുറിച്ച് രാജമുദ്രചാര്‍ത്തി ബ്രാഹ്‌മണരെ ഏല്പിക്കുകയും ചെയ്തു.
രാജകല്പനയില്‍ ബ്രാഹ്‌മണര്‍ അകമഴിഞ്ഞ് ആഹ്ലാദിച്ചു. അവര്‍ മഹാരാജാവിനെ പ്രകീര്‍ത്തിച്ചു. അവിടുന്നാണ് പ്രജാക്ഷേമതത്പരനായ മഹാരാജാവ് എന്നഭിനന്ദിച്ച് അനുഗ്രഹിച്ചു മടങ്ങി.
ബ്രാഹ്‌മണരും അധികാരികളും അരുവാമൊഴിയിലേക്കാണു പോയത്. രണ്ടുമൂന്നു ദിവസത്തേക്ക് രാജകല്പന രഹസ്യമാക്കി വയ്ക്കാനവര്‍ തീരുമാനിച്ചു. കാരണം, നീലകണ്ഠനെ വെടിവച്ചു കൊല്ലാനുള്ള സാമഗ്രികള്‍ ശേഖരിക്കേണ്ടതുണ്ട്. തോക്ക് ഉന്നം പിഴയ്ക്കാതെ പ്രയോഗിക്കാനറിയാവുന്ന പടയാളികളെ രാജപാളയത്തില്‍നിന്നു തന്നെ കണ്ടെത്തേണ്ടതുണ്ട്. എല്ലാം പരമരഹസ്യമായിത്തന്നെ വേണംതാനും.
കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ ജനങ്ങള്‍ സംഘടിക്കും. അതൊരു മതവൈരത്തിനു കാരണമായേക്കും. അത് ഒരുപക്ഷേ, ഒരു വര്‍ഗീയകലാപത്തിനു വെടിമരുന്നാകാനും മതി. ആയതിനാല്‍, രാജകല്പന പുറത്താരുമറിഞ്ഞില്ല. 
ദേവസഹായത്തെ കാണാന്‍ നിര്‍ബാധം ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ദേവസഹായം വന്നവരോടൊക്കെ സന്തോഷത്തോടെ സംസാരിച്ചു. അവരെ അനുഗ്രഹിച്ചു.
പക്ഷേ, എന്തുകൊണ്ടോ ദേവസഹായത്തിന്റെ മനസ്സിനെ ഒരു കലക്കം ബാധിച്ചിരുന്നു. ആത്മാവില്‍ അകാരണമായി ചില വ്യസനങ്ങള്‍ നിറയുന്നു. മുറിവുകള്‍ വേദനിക്കാന്‍ തുടങ്ങി. പ്രഹരമേല്ക്കാതെതന്നെ ചിലതു പൊട്ടിയൊഴുകി. വിയര്‍പ്പ് പൊടിഞ്ഞു. 
അനിവാര്യമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് ദേവസഹായം അകക്കണ്ണാല്‍ അറിഞ്ഞു. 
നേരം സന്ധ്യയോടടുത്തിരുന്നു. അധികാരികളുടെ നിര്‍ദേശപ്രകാരമായിരിക്കണം, പടയാളികള്‍ പൂവരശുമരത്തില്‍നിന്ന് കെട്ടുകളഴിച്ച് ദേവസഹായത്തിനെ മരച്ചുവട്ടിലിരുത്തി കുടിക്കാന്‍ കൊടുത്തു.
ദേവസഹായം ആവോളം കുടിച്ചു. ഭക്ഷിക്കാനുള്ളത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഒന്നും കഴിച്ചില്ല. മരച്ചുവട്ടില്‍ പ്രകൃതി ദേവസഹായത്തിനെന്നവണ്ണം കരിയിലവിരിപ്പൊരുക്കിയിരുന്നു. അദ്ദേഹം കൈകാലുകളിലെ വിലങ്ങുകളോടെ കരിയില വിരിപ്പില്‍ കിടന്നു.
ആകാശം കറുത്ത മേഘങ്ങളാല്‍ ആവൃതമായിരുന്നു. വെളിച്ചത്തിന്റെ പൊട്ടുകള്‍ എങ്ങുമില്ല. രാത്രിക്ക് ഒരു ശ്മശാനമൂകതയുടെ ഗന്ധമുണ്ടായിരുന്നു. 
രാത്രി സന്ദര്‍ശകരെ തടഞ്ഞുനിറുത്തി തനിക്കു വിശ്രമിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നു എന്ന് ദേവസഹായത്തിനു ബോധ്യമായി. കാവല്‍ക്കാരുടെ ദീനാനുകമ്പയില്‍ അദ്ദേഹം കൃതജ്ഞതയുള്ളവനാകുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇപ്പോള്‍ കാറ്റിന്റെ മൂളക്കം കേള്‍ക്കാം. ഉഷ്ണമൊഴിവായ കാറ്റാണ്. ദൂരെ മുളങ്കാടുകള്‍ ഞരങ്ങുന്നതു കാറ്റിലാകാം...
അശാന്തമായിരുന്നു ദേവസഹായത്തിന്റെ മനസ്സ്. കാരണമേതുമില്ലാതെ ഹൃദയം ഒരു താപമനുഭവിക്കുന്നു. ശരീരവും അങ്ങനെതന്നെ. ദേവസഹായം കണ്ണുകള്‍ പൂട്ടി. കന്യാമറിയത്തെ ധ്യാനിച്ചു. 
ഒരു തുള്ളി മഴ ദേവസഹായത്തിന്റെ നെറ്റിയില്‍ വീണു. പിന്നെയത് പലതായി. പെരുമഴയായി...
ദേവസഹായം കിടന്നപാടേ കിടന്നു. മിന്നലോ മുഴക്കമോ ഇല്ലാതെ ഒരു കനിവുപോലെ മഴ ദേവസഹായത്തിനുമേല്‍ പെയ്തുകൊണ്ടിരുന്നു. ഒരു സങ്കീര്‍ത്തനാലാപനംപോലെയായിരുന്നു മഴ.
ദേവസഹായത്തിന്റെ കണ്ണുകളില്‍ മഴ നിറഞ്ഞു. മഴ ദേവസഹായത്തെ കുളിപ്പിച്ചു. തണുപ്പിച്ചു. മുറിവുകള്‍ കഴുകി. എത്രനേരം മഴ പൊഴിഞ്ഞു? ഒന്നോ രണ്ടോ വിനാഴികനേരം. പിന്നെ തോര്‍ന്നു.
ഒരു ശീതക്കാറ്റ് മേടിറങ്ങി വന്നു. കാറ്റ് ദേവസഹായത്തെ തോര്‍ത്തിത്തുടങ്ങി. ദേവസഹായത്തിന്റെ മരച്ചില്ലകളില്‍ ഇലകളില്ലാത്തതിനാല്‍ ഇപ്പോള്‍ മരം പെയ്യുന്നില്ല.
ദേവസഹായം കണ്ണുകള്‍ വിടര്‍ത്തി. ആകാശത്ത് മഴമേഘങ്ങളില്ല. അതു ശുഭ്രമായികണ്ടു.
തന്റെ കണ്ണുകള്‍ക്കു മുകളില്‍ തെളിഞ്ഞ ആകാശത്ത് അഞ്ചു നക്ഷത്രങ്ങള്‍...
നക്ഷത്രവെണ്മയായിരുന്നില്ല അഞ്ചിനും. അഞ്ചു നക്ഷത്രങ്ങള്‍ക്കും രക്തച്ചുവപ്പായിരുന്നു. ചുവന്ന നക്ഷത്രങ്ങള്‍...
ദേവസഹായത്തിന്റെ ശരീരത്തില്‍ അഞ്ചിടത്തായി വേദനയനുഭവപ്പെടാന്‍ തുടങ്ങി. അഞ്ചിടത്തും വ്രണങ്ങള്‍ പൊട്ടി. രക്തം പൊടിഞ്ഞു. ഒഴുകി.
പിന്നെയെപ്പോഴോ നക്ഷത്രങ്ങള്‍ സാവധാനം മാഞ്ഞുപോയി. 
 
(തുടരും)
 
Login log record inserted successfully!