•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

അഗസ്ത്യായനം

രങ്ങള്‍ വീശി ആകാശത്തിന്റെ ഉയരങ്ങള്‍ കയറിവരികയാണ് സൂര്യന്‍. മുറിക്കകത്ത് കുറുകെ വച്ചുകെട്ടിയ മുളയില്‍ പിടിച്ചുനടക്കാന്‍ ശ്രമിക്കുകയായിരുന്ന കുഞ്ഞച്ചന്‍. സഹായത്തിന് തേവര്‍പറമ്പില്‍ കുഞ്ഞാഗസ്തിയുടെ മകന്‍ കുഞ്ഞുമുണ്ട്.
ദീര്‍ഘനാളത്തെ ചികിത്സകൊണ്ട് കുഞ്ഞച്ചനു തനിയെ എഴുന്നേറ്റിരിക്കാനും നില്ക്കാനും സാധിക്കുമെന്നുവന്നപ്പോള്‍ തനിയെ നടക്കാന്‍ പറ്റുമോ എന്നറിയാനുള്ള ഒരു ശ്രമമായിരുന്നു മുളകെട്ടി നടത്തം.
പക്ഷേ, അതു പരാജയമായിരുന്നു. ഏറെ പരിശ്രമിച്ചെങ്കിലും കുഞ്ഞച്ചനു തനിയെ നടക്കാന്‍ സാധിച്ചില്ല. എങ്കിലും കട്ടിലിനരുകില്‍ തനിയെ എഴുന്നേറ്റു നില്ക്കുവാന്‍ സാധിച്ചു.
''എത്രനാളായി ഒരു ദിവ്യബലി അര്‍പ്പിച്ചിട്ട്...'' കുഞ്ഞച്ചന്റെ മനസ്സ് പ്രക്ഷുബ്ധമായ കടല്‍പോലെ ഇളകി. പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും നിമിഷങ്ങളില്‍ സ്വയം ലയിച്ചിരിക്കുമ്പോള്‍ അന്തര്‍നേത്രങ്ങളില്‍ പരക്കുന്ന ദിവ്യപ്രകാശത്തില്‍ ഒരു ബലിപീഠം തെളിയുന്നു...
ആരോഗ്യം കുറച്ചൊക്കെ മെച്ചപ്പെട്ടപ്പോള്‍ കുര്‍ബാനയര്‍പ്പിക്കാനുള്ള ആഗ്രഹം കുഞ്ഞച്ചന്‍ പ്രകടിപ്പിച്ചു. അഭിവന്ദ്യനായ വയലില്‍ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞച്ചന്റെ മുറിയുടെ മുന്‍വശത്തെ ചെറിയ മുറിയില്‍ ഒരു താത്കാലികബലിപീഠം രൂപീകൃതമായി. വളരെ അടുത്തായിരുന്നെങ്കിലും അവിടംവരെ നടന്നുപോകുവാന്‍ കുഞ്ഞച്ചനു കഴിയുമായിരുന്നില്ല. കട്ടിലിനരുകിലെ മേശമേല്‍പ്പിടിച്ച് എഴുന്നേറ്റുനില്ക്കുന്ന കുഞ്ഞച്ചനെ കപ്യാര്‍ തിരുവസ്ത്രങ്ങളണിയിക്കും. പിന്നെ ഒരു കസേരയിലിരുത്തി രണ്ടുപേര്‍ ചേര്‍ന്ന് അള്‍ത്താരയ്ക്കടുത്തേക്ക് എടുത്തുകൊണ്ടുപോകും. അവിടെ യിരുന്നുകൊണ്ട് കുഞ്ഞച്ചന്‍ ദിവ്യബലി അര്‍പ്പിക്കും. 
ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ കുഞ്ഞച്ചന്‍ അലൗകികമായ ഒരാനന്ദം അനുഭവിക്കുന്നു. ദൈവം കുഞ്ഞച്ചനുമുകളില്‍ ആനന്ദത്തിന്റെ ഒരു മേഘം വിരിക്കുന്നു.
രഥത്തിന്റെ ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കും. പക്ഷേ, അച്ചുതണ്ട് കറങ്ങാറില്ല. കാറ്റിനൊപ്പം കാറ്റാടിയന്ത്രത്തിന്റെ ചിറകുകള്‍ ചലിക്കും. പക്ഷേ, കാറ്റാടിയന്ത്രം നീങ്ങുന്നില്ല. ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്നു. പക്ഷേ, അതിന്റെ കേന്ദ്രം ഉറച്ചിരിക്കുന്നു. അതുപോലെ കര്‍ത്താവിങ്കല്‍ കുഞ്ഞച്ചന്റെ മനസ്സും ഉറച്ചിരിക്കുന്നു.
എത്ര അവശനായിക്കിടക്കുമ്പോഴും കുഞ്ഞച്ചന്‍ സന്ദര്‍ശകരെ നിരാശരാക്കിയിരുന്നില്ല. എല്ലാവരെയും സ്‌നേഹത്തോടെ സ്വീകരിക്കും. തന്റെ ക്ഷേമമന്വേഷിച്ചുവരുന്ന ദളിത്മക്കളെയും മരുന്നു തേടിവരുന്ന രോഗികളെയും ഒരേപോലെ.
മരുന്നാവശ്യവുമായി വരുന്ന രോഗികള്‍ക്ക് തന്റെ തളര്‍ച്ച ബാധിക്കാത്ത കൈകൊണ്ട് മരുന്ന് എടുത്തുകൊടുക്കും. അതിന്റെ ഉപയോഗക്രമം പിശറന്‍ കാറ്റുപോലുള്ള തന്റെ ശബ്ദം കൊണേ്ടാ ആംഗ്യംകൊണേ്ടാ പറഞ്ഞുകൊടുക്കും. അവര്‍ക്കതു മനസ്സിലായില്ലെങ്കില്‍ തന്റെ ശുശ്രൂഷകരില്‍ ആരെക്കൊണെ്ടങ്കിലും അതു മനസ്സിലാക്കിക്കൊടുക്കും.
തട്ടും തടവുമില്ലാതെ സമയം ഒഴുകിക്കൊണ്ടിരുന്നു. ഒരു പ്രളയംപോലെ കാലവും. സമയകാലങ്ങളുടെ ഇരുകരങ്ങള്‍ക്കുമിടയില്‍ മനുഷ്യജീവിതം കൈക്കുടന്നയിലെ നിലാവുപോലെ...
ആരോഗ്യം അല്പമൊന്നു മെച്ചപ്പെട്ടപ്പോഴാണ് കുഞ്ഞച്ചന്റെ കണ്ണിന് അസുഖം പിടിപെട്ടത്. ശസ്ത്രക്രിയ വേണ്ടിവന്നു. കോട്ടയത്തെ ഒരു പ്രൈവറ്റാശുപത്രിയില്‍ അതു വിജയകരമായി പൂര്‍ത്തിയാക്കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ആശുപത്രി വിട്ടു. പക്ഷേ, കുഞ്ഞച്ചന്റെ കാഴ്ച കുറയുകയാണു ചെയ്തത്.
വായിക്കാന്‍ നിവൃത്തിയില്ലാതെവന്നതോടെ കുഞ്ഞച്ചന്‍ വായിച്ചിരുന്ന കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ ദീപികപ്പത്രമൊഴിച്ച് മറ്റെല്ലാം നിറുത്തി. 'ദീപിക' രാവിലെ തന്നെ കാണാന്‍ വരുന്ന ആളിനെക്കൊണ്ട് വായിപ്പിച്ചുകേള്‍ക്കും. വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനകള്‍ മനപ്പാഠമായിരുന്നതുകൊണ്ട് ബലിയര്‍പ്പണം മുടങ്ങിയിരുന്നില്ല. അതുമാത്രമായിരുന്നു കുഞ്ഞച്ചന്റെ ആശ്വാസം.
തനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ മുറിക്കു കുറുകെ കെട്ടിയിരുന്ന മുള അഴിച്ചുമാറ്റപ്പെട്ടു. 
എങ്കിലും കുഞ്ഞച്ചന്‍ പ്രത്യാശ കൈവിട്ടില്ല. പ്രത്യാശ സൂര്യനെപ്പോലെയാണ്. സൂര്യനു നേരേ നടക്കുമ്പോള്‍ നമ്മുടെ ഭാരത്തിന്റെ നിഴല്‍ നമ്മുടെ പിന്നിലാകുന്നു. മാനുകള്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ കുഞ്ഞച്ചന്‍ കര്‍ത്താവിനോടു ചേരുവാന്‍ കാംക്ഷിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ തന്റെ ശരീരപീഡകളെ കുഞ്ഞച്ചന്‍ ദൈവത്തിന്റെ ഒരു തൂവല്‍തലോടല്‍പോലെ അനുഭവിച്ചു.
കുഞ്ഞച്ചന്‍ കണ്ണുകളിറുക്കിയടച്ചു കിടക്കുകയായിരുന്നു. അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ഇരുട്ടും ഹൃദയത്തില്‍ ഓര്‍മ്മകളുടെ പ്രകാശവുമായിരുന്നു. അതങ്ങനെയാണ്. പുറംകണ്ണ് അടഞ്ഞിരിക്കുമ്പോള്‍ അകംകണ്ണ് കൂടുതല്‍ പ്രകാശമാനമാകും. തെളിഞ്ഞതും എന്നാല്‍, മഞ്ഞുപെയ്യുന്നതുപോലെ സ്‌നിഗ്ധവുമായ ഒരു പ്രകാശം.
അത് ഓര്‍മ്മകളുടേതാണ്.
കുഞ്ഞച്ചനപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ മേരീപുത്രന്റെ വലതുഭാഗത്തിരുന്നു പുഞ്ചിരിതൂകുന്ന ഒരു മനുഷ്യനെ കാണുന്നു. അയാള്‍ ചോദിക്കുന്നു:
''എന്നെ ഓര്‍മ്മയുണേ്ടാ കുഞ്ഞച്ചന്...?''
കുഞ്ഞച്ചനപ്പോള്‍ ചിതലരിച്ചു തുടങ്ങിയ ഓര്‍മ്മപ്പുസ്തകത്തിന്റെ ഏടുകള്‍ പരതുന്നു. ആദ്യകാഴ്ചയില്‍ത്തന്നെ ഒരു പരിചയം തോന്നിയിരുന്നു. ഒരു മഹായാനത്തിന്റെ ദശാസന്ധികളിലെവിടെയോവച്ച്... പക്ഷേ, അതെവിടെവച്ചാണ്...? എന്നാണ്...? കൃത്യമായി കുറിക്കാന്‍ കുഞ്ഞച്ചനു കഴിഞ്ഞില്ല. അയാള്‍ പറഞ്ഞു:
''ഞാനാണ് കുഞ്ഞച്ചാ, മാറാവ്യാധി പിടിപെട്ട് സ്‌കൂളിന്റെ താഴത്തെ നിലയില്‍...''
അപ്പോള്‍, കുഞ്ഞച്ചന്റെ ഓര്‍മ്മകള്‍ക്ക് എകരംപൊട്ടുന്നു. രാമപുരം പള്ളിമൈതാനത്തിന്റെ വടക്കേ അതിരില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ അടച്ചുറപ്പില്ലാത്ത താഴത്തെ നിലയില്‍ മാറാവ്യാധി പിടിപെട്ട ഒരു ഭിക്ഷക്കാരന്‍ വന്നുകിടക്കുന്നു. എല്ലാവര്‍ക്കും അന്യനായ ഒരനാഥന്‍. ദുര്‍ഗന്ധംകൊണ്ട് അയാളുടെ സമീപത്തേക്ക് അടുക്കുവാന്‍ കഴിയുമായിരുന്നില്ല.
ഒരു ക്രിസ്ത്യാനിയായിരുന്ന അയാള്‍ കുമ്പസാരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച വിവരം ആരോ വികാരി പുത്തന്‍പുരയ്ക്കലച്ചനെ അറിയിച്ചു.
വികാരിയച്ചന്‍ വിഷമവൃത്തത്തിലായി. പകര്‍ച്ചവ്യാധി പിടിപെട്ട ആളാണ്. അയാളിലെ വ്രണങ്ങള്‍ പഴുത്ത് ദുര്‍ഗന്ധം വമിക്കുന്നു. തള്ളാനും കൊള്ളാനുമാകാതെ വികാരിയച്ചന്‍ വിഷമിക്കുന്നു.
അപ്പോഴാണ് കുഞ്ഞച്ചന്‍ കടന്നുവരുന്നത്. കുഞ്ഞച്ചന്‍ പറഞ്ഞു: 
''സ്‌കൂളിന്റെ തട്ടിനടിയില്‍ കിടക്കുന്ന രോഗിയെ ഞാന്‍ കുമ്പസാരിപ്പിച്ചു കുര്‍ബാന കൊടുക്കാം. വികാരിയച്ചന്‍ അനുവദിക്കണം.''
പുത്തന്‍പുരയ്ക്കലച്ചന്‍ അദ്ഭുതത്തോടെ കുഞ്ഞച്ചനെ നോക്കി. അഭിഷിക്തനെപ്പോലെ ഒരാള്‍. മഹാമരുവുകള്‍ക്കപ്പുറത്ത് യോര്‍ദ്ദാനിലെ നീലജലാശയത്തില്‍ അല്പവസ്ത്രധാരിയായി നില്‍ക്കുന്നു. ആകാശം പിളരുകയും കേള്‍ക്കുമാറാകുകയും ചെയ്യുന്നു. ''ഇവന്‍ എന്റെ പ്രിയപുത്രന്‍.''
പുത്തന്‍പുരയ്ക്കലച്ചന്‍ കുഞ്ഞച്ചന് അനുവാദം കൊടുത്തു.
കാലത്തിന്റെ അതിരുകളില്‍നിന്ന് സഭാപ്രസംഗിയുടെ വാക്കുകളുടെ മുഴക്കം കേള്‍ക്കുന്നു.
''ആകാശത്തിനു കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാന്‍ മനസ്സുവച്ചു. ഇത് ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വലിയ കഷ്ടപ്പാടുതന്നെ.''
അയാളുടെ പ്രാണന്‍ കഷ്ടതകൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് കുഞ്ഞച്ചന്‍ കണ്ടു. അയാളുടെ ഹൃദയവും കരങ്ങളും ദുഃഖത്താല്‍ നിറഞ്ഞിരിക്കുന്നു. അയാളുടെ ജീവനും ആത്മാവും പാതാളത്തോട് അടുത്തിരിക്കുന്നു.
കടുത്ത ദുര്‍ഗന്ധത്തിനും ആര്‍ത്തു വട്ടംചുറ്റുന്ന ഈച്ചകള്‍ക്കും മദ്ധ്യേ വിലാപങ്ങള്‍ക്കും പശ്ചാത്താപത്തിനും നടുവില്‍ കുഞ്ഞച്ചന്‍ അയാളുടെ കുമ്പസാരം കേട്ടു. കര്‍ത്താവില്‍ പാപമോചനം നല്കി.
അതൊരു മാമ്മോദീസപോലെയായിരുന്നു; ഒരു രണ്ടാം ജ്ഞാനസ്‌നാനം. മരിച്ചവരുടെ കൂട്ടത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനെപ്പോലെ അയാള്‍ ഹൃദയത്തില്‍ വെടിപ്പുള്ളവനും പ്രകാശം നിറഞ്ഞവനുമായി.
സമുദ്രം രണ്ടായി പിളരുന്നതുപോലെ കുഞ്ഞച്ചന്റെ ഉപബോധമനസ്സില്‍നിന്ന് ഒരു ദൂരക്കാഴ്ച പിളര്‍ന്നുപോകുന്നു. 
കണ്ണുതുറക്കുമ്പോള്‍ കാണുന്നത് കുഴിക്കാടന്‍ വര്‍ക്കി ഉപദേശിയെയാണ്. ഉപദേശിയാണെങ്കിലും തന്റെ രോഗാവസ്ഥയില്‍ എപ്പോഴും കൂടെയുള്ള ആള്‍. അയാള്‍ ചോദിക്കുന്നു: 
''അച്ചനൊന്ന് കുളിക്കേണേ്ട...''
''നേരമെത്രയായി?'' കുഞ്ഞച്ചന്‍ ചോദിച്ചു.
കുഞ്ഞച്ചന്റെ പക്കല്‍ സമയമാപിനികള്‍ ഒന്നുമില്ലായിരുന്നു. ഒരു ടൈംപീസുള്ളത് മേശപ്പുറത്ത് കള്ളപ്പെട്ടുകിടക്കുകയാണ്. ചാഞ്ഞുതുടങ്ങിയ വെയില്‍ അളന്നുകുറിച്ച് ഉപദേശി പറഞ്ഞു:
''നാലുമണി കഴിഞ്ഞിട്ടുണ്ടാകും.''
ഒന്ന് മേലു കഴുകുന്നതു നന്നായിരിക്കുമെന്ന് കുഞ്ഞച്ചനു തോന്നി. ഒരു തണുപ്പ്. മനസ്സിനും ശരീരത്തിനും. കുഞ്ഞച്ചന്‍ സമ്മതം മൂളി.
കുളിപ്പിക്കാനായി കുഞ്ഞച്ചനെ എടുത്തുകൊണ്ടുപോയി കസേരയിലിരുത്തുമ്പോള്‍ ഉപദേശി മറ്റൊരു കാര്യമോര്‍ക്കുന്നു. കുറച്ചുനാള്‍ മുന്‍പാണത്.
ഒരുദിവസം കുഞ്ഞച്ചനെ കുളിപ്പിക്കാനായി വസ്ത്രം മാറ്റുമ്പോള്‍ കുഞ്ഞച്ചന്റെ പുറം മുഴുവന്‍ പാകിയ കട്ടില്‍കയറിന്റെ വടുക്കള്‍. കുഞ്ഞച്ചന്റെ കിടക്കപ്പായ മുഴുവന്‍ കീറിപ്പോയിരുന്നു.
''നമുക്കൊരു പായ വാങ്ങിച്ചാലോ കുഞ്ഞച്ചാ...''
''അതിനു കാശെവിടുന്നാ. ഒണേ്ടാന്നു നോക്കിക്കേ...''
ഉപദേശി കുഞ്ഞച്ചന്റെ കാശുപെട്ടി തുറന്നു നോക്കിയപ്പോള്‍ ഒരു പായയ്ക്കുള്ളതു പോയിട്ട് ഒരു കച്ചമുണ്ട് വാങ്ങാനുള്ളതു പോലുമില്ല.
''ഇത് തെകയത്തില്ല കുഞ്ഞച്ചാ.''
''എന്നാ പിന്നെ വാങ്ങാം. കാശൊണ്ടാകട്ടെ.''
ഉപദേശി മറുത്തൊന്നും പറഞ്ഞില്ല. പള്ളിക്കുതാഴെയുള്ള കടയില്‍ നിന്ന് ഒരു പായ വാങ്ങി കട്ടിലില്‍ വിരിച്ചു.
''കാശെവിടുന്നാ...?'' കുഞ്ഞച്ചന്‍ ആകാംക്ഷപ്പെട്ടു.
''പിന്നെ കൊടുത്താ മതി.''
''എന്റെ കൈയില്‍ കാശ് വരുമ്പോ മറക്കാതെ കൊടുക്കണം.''
''അങ്ങനെയാകട്ടെ.'' ഉപദേശി പറഞ്ഞു. ഉപദേശി മറ്റൊരു ഓര്‍മ്മയിലേക്കു വഴുതി.
ഒരിക്കല്‍ കുഞ്ഞച്ചന്‍ ഇരുപത്താറു രൂപ ഇരുപത്തഞ്ചു പൈസ തന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു:
''ഇത് ആഗസ്തിനോസ് പുണ്യാളന്റെ പെട്ടിയിലിട്ടേക്ക്.''
''കുഞ്ഞച്ചന്റെ കൈയില് കാശില്ലാത്തപ്പോ എന്തിനാ ഇത്രയും കാശ് നേര്‍ച്ചയിടുന്നത്...''
''അതേയ്, പള്ളിയുടെ തേങ്ങ അരച്ചുകൂട്ടാന്‍ ഞാനെടുക്കുന്നുണ്ട്. കാശ് കൊടുത്താ വാങ്ങിക്കുകേല. അതുകൊണ്ടാ പള്ളിയിലിട്ടേക്കാമെന്നു കരുതിയേ.''
കുഞ്ഞച്ചനങ്ങനെയായിരുന്നു. മറ്റുള്ളവരുടേതൊന്നും കുഞ്ഞച്ചന്‍ ആഗ്രഹിച്ചില്ല. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവച്ചിരുന്നുതാനും.
കുളിച്ചുവന്നപ്പോള്‍ കുഞ്ഞച്ചന് എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. കുശിക്കാരന്‍ വന്ന് എന്താ കഴിക്കാന്‍ വേണ്ടതെന്നു ചോദിച്ചപ്പോള്‍ ഒന്നും വേണെ്ടന്ന് കുഞ്ഞച്ചന്‍ ആംഗ്യം കാട്ടി.
കുഞ്ഞച്ചന്‍ കണ്ണുകളടച്ചു കിടന്നു. കുഞ്ഞച്ചന്റെ മനസ്സപ്പോള്‍ ദൈവത്തോടു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്റെ നിയോഗങ്ങള്‍ ഭൂമിയില്‍ എന്താണു ബാക്കിയുള്ളത്? ഒരു മനുഷ്യാത്മാവിനെ ഇങ്ങനെ അഗ്നിയിലിട്ട് ഉരുക്കുന്നതെന്തിന്? എന്നാണ് നിന്റെ ചിറകിന്‍ കീഴില്‍ എനിക്ക് അഭയം കിട്ടുക? പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ദുഃഖം, അതിരുകളില്ലാത്ത ഒരേകാന്തത ഞാന്‍ ഹൃദയത്തിലനുഭവിക്കുന്നു. എന്നാണ് നിന്റെ കരങ്ങളും ശബ്ദവും എന്നെത്തേടിവരിക...
''ഒഴുകുന്ന പുഴപോലെയാണ് കാലവും...''
കുഞ്ഞച്ചന്‍ കൂടുതല്‍ അവശനായിത്തീരുകയായിരുന്നു. ക്ഷീണം ഇരട്ടിച്ചു. രണ്ടു കാലുകളിലും നീരുവീര്‍ത്തു. കാഴ്ച നാമമാത്രമായി. ശബ്ദം നേര്‍ത്ത കാറ്റുപോലെയായി.
കുഞ്ഞച്ചനെ കൂടക്കൂടെ സന്ദര്‍ശിക്കുകയും ചികിത്സിക്കുകയും ചെയ്തിരുന്ന രാമപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞച്ചനെ ചക്കാമ്പുഴ ലോരത്തുഗിരി ആശുപത്രിയിലേക്കു മാറ്റി. പക്ഷേ, ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം കുഞ്ഞച്ചനെ രാമപുരത്തേക്കുതന്നെ കൊണ്ടുപോരുകയാണു ചെയ്തത്. 
പക്ഷേ, അധികനാള്‍ പള്ളിമുറിയില്‍ താമസിക്കുവാന്‍ സാഹചര്യങ്ങള്‍ കുഞ്ഞച്ചനെ അനുവദിച്ചിരുന്നില്ല. സദാനേരവും സഹായികളുടെ സാമീപ്യം വേണം. കൂടക്കൂടെ വസ്ത്രങ്ങള്‍ മാറ്റണം. കുറച്ചുമതിയെങ്കിലും ഭക്ഷണം ചൂടോടെ കൊടുക്കണം. രാത്രിയില്‍ ആരെങ്കിലുമൊക്കെ ഉറക്കമിളിച്ചിരുന്നു ശുശ്രൂഷിക്കണം. 
ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും വികാരി പുഞ്ചാക്കുന്നേലച്ചന്റെ താത്പര്യപ്രകാരം കുഞ്ഞച്ചനെ തേവര്‍പറമ്പില്‍ തറവാട്ടിലേക്കു കൊണ്ടുപോന്നു.
തേവര്‍പറമ്പില്‍ തറവാട്ടില്‍ വിശാലമായ ഒരു മുറിയാണ് കുഞ്ഞച്ചനുവേണ്ടി ഒരുക്കിയിരുന്നത്. സന്ദര്‍ശകരുടെ ആധിക്യമുള്ളപ്പോള്‍ അസൗകര്യമുണ്ടാകാതിരിക്കാന്‍വേണ്ടി മുറിയുടെ മധ്യത്തില്‍ ഒരു വിരിയിട്ട് രണ്ടായിത്തിരിച്ചിരുന്നു.
കുഞ്ഞച്ചന്റെ മൂത്ത ജ്യേഷ്ഠന്‍ പരേതനായ മത്തായിയുടെ മകന്റെ ഭാര്യയും കുടുംബനാഥയുമായ മറിയക്കുട്ടിയും അവരുടെ മക്കളും കുഞ്ഞച്ചനു വേണ്ട എല്ലാ ശുശ്രൂഷകളും ചെയ്യാന്‍ സദാ സന്നദ്ധരായിരുന്നു. കുശിനിക്കാരനായ കൊച്ചേപ്പും കുഞ്ഞച്ചനുവേണ്ടി അവരോടൊപ്പമുണ്ടായിരുന്നു.
പള്ളിമുറിയില്‍നിന്നു തേവര്‍പറമ്പിലേക്ക് അടര്‍ത്തിമാറ്റപ്പെട്ടത് കുഞ്ഞച്ചന് അനല്പമായ സങ്കടമുണ്ടാക്കി. എങ്കിലും കുഞ്ഞച്ചന്‍ പ്രത്യാശയുള്ളവനായി ഭവിച്ചു. കുഞ്ഞച്ചന്റെ പ്രത്യാശ കാറ്റില്‍ ഇളകുന്ന പുല്ലുപോലെയോ, തിരകള്‍ പരത്തുന്ന നുരപോലെയോ അഴിഞ്ഞുപോകുന്ന പുകപോലെയോ ആയിരുന്നില്ല. കര്‍ത്താവില്‍ അത് ഉടയാത്ത ശിലപോലെയായിരുന്നു. അല്ലെങ്കില്‍ത്തന്നെ എന്ത്? നിത്യനായവന്റെ മുന്‍പില്‍ ഒരു നാഴികമണിപോലെയല്ലയോ ജീവിതം.
പള്ളിമുറിയില്‍നിന്ന് വീട്ടിലെത്തി കുറെ നാളത്തേക്കു ക്ഷീണവും രോഗവും കുറയുന്നതായി തോന്നിയെങ്കിലും ജീവിതം അവസാനിക്കാറായി എന്ന് കുഞ്ഞച്ചനു ബോധ്യമുണ്ടായിരുന്നു. ആയതിനാല്‍ ഏതു നിമിഷവും സ്വര്‍ഗ്ഗത്തില്‍നിന്നുള്ള വിളി സ്വീകരിക്കുവാന്‍ കുഞ്ഞച്ചന്‍ സദാ സന്നദ്ധനായിരുന്നു.
അതുകൊണ്ടാണ് കുഞ്ഞച്ചന്‍ ജ്യേഷ്ഠത്തി മറിയക്കുട്ടിയെയും പി.റ്റി. അഗസ്റ്റിനെയും വിളിപ്പിച്ചത്. അവരുടെ പക്കല്‍ ഒരു അഞ്ഞൂറ് രൂപ ഏല്പിച്ചുകൊണ്ട് കുഞ്ഞച്ചന്‍ പറഞ്ഞു:
''ഇത് എന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഞാന്‍ സൂക്ഷിച്ചിരുന്നതാണ്. മറ്റു സമ്പാദ്യങ്ങളൊന്നും എനിക്കില്ല. എന്റെ മരണശേഷം ശ്രാദ്ധാടിയന്തിരങ്ങള്‍ ഒന്നും നടത്തേണ്ടതില്ല. എനിക്കുവേണ്ടി ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ മതി.''
അതൊരു വല്ലാത്ത നിമിഷമായിരുന്നു. ഒരു മരണമൊഴിപോലെ അതു കേള്‍വിക്കാരില്‍ വിങ്ങലുണ്ടാക്കി. സങ്കടവും പ്രാര്‍ത്ഥനയും ഉള്ളിലൊരുക്കി അവര്‍ പറഞ്ഞു.
''എല്ലാം കുഞ്ഞച്ചന്റെ ഇഷ്ടംപോലെ...''
കുഞ്ഞച്ചന്‍ കുറച്ചുകാലം മുന്‍പ് ഒരു വില്‍പത്രം എഴുതി വച്ചിരുന്നു. അതിന്റെരത്‌നച്ചുരുക്കം ഇപ്രകാരമായിരുന്നു: 
''സ്ഥാവരജംഗമവസ്തുക്കളായി എനിക്കൊന്നുമില്ല. മുറിയിലെ ഉപകരണങ്ങളെല്ലാം ബ. കോലത്തച്ചന്മാരുടെ വകയാണ്. എന്റെ കൈയില്‍നിന്ന് ഉപദേശിമാര്‍ക്കു ശമ്പളം കൊടുത്തവകയില്‍ നാനൂറ്റി അറുപത്തി നാലുരൂപ ആറണ മൂന്നു പൈസ എനിക്കു കിട്ടാനുണ്ട്. എനിക്ക് അഞ്ഞൂറു രൂപ തികയ്ക്കാന്‍ പറ്റാത്തപക്ഷം, എന്റെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ ഔസേപ്പ് മത്തായി ബാക്കികൂടി പള്ളിയില്‍ കൊടുത്ത് അഞ്ഞൂറു തികയ്ക്കണം. അതിന്റെ പലിശകൊണ്ട് ആണ്ടുതോറും എന്റെ മരണദിവസം പാട്ടുകുര്‍ബാനയും ഒപ്പീസും കഴിക്കണം.
''എന്റെ ശവസംസ്‌കാരം തികച്ചും അനാഡംബരമായിരിക്കണം. മൃതശരീരം വയ്ക്കുന്നതിനുള്ള പെട്ടി ഇരുപത്തഞ്ചുരൂപയില്‍ കൂടുതല്‍ വിലയുള്ളതാകരുത്. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയാറുമുതല്‍ ഞാന്‍ അവശക്കത്തോലിക്കരുടെ കൂടെയാണ് കഴിഞ്ഞുപോന്നിരുന്നത്. അതുകൊണ്ട് എന്നെയും അവരോടൊപ്പം സംസ്‌കരിക്കണം. എന്റെ മരണം പത്രദ്വാരാ പ്രസിദ്ധപ്പെടുത്തേണ്ടതില്ല.
''സദ്യ നടത്തിയുള്ള ശ്രാദ്ധം കഴിക്കേണ്ടതില്ല. പകരം ചെറിയ ഒപ്പീസ് കഴിഞ്ഞ് ജ്യേഷ്ഠന്മാരുടെ പിന്‍തുടര്‍ച്ചക്കാരില്‍ മൂത്തയാള്‍ തളികവച്ച് ശ്രാദ്ധത്തിന്റെ മന്ത്രാ കഴിച്ചാല്‍ മതി. അന്നേദിവസം കുടുംബാംഗങ്ങളും സൗകര്യപ്പെടുന്ന അവശക്കത്തോലിക്കരും കുമ്പസാരിച്ചു കുര്‍ബാന കൈക്കൊള്ളണം.''
ചേട്ടത്തിയെയും അഗസ്റ്റിനെയും തന്റെ മരണാനന്തരകാര്യങ്ങളെല്ലാം ഭരമേല്പിച്ചപ്പോള്‍ തന്റെ മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ കുഞ്ഞച്ചനു തോന്നി. ഇപ്പോള്‍ ആശങ്കകളൊന്നുമില്ല. ഒരപ്പൂപ്പന്‍താടിപോലെയാണ് ഹൃദയം. അതു സ്വര്‍ഗ്ഗത്തിലേക്കു പറക്കാന്‍ വെമ്പല്‍ കൂട്ടുന്നു.
രാവിലെ രാമപുരം പള്ളിയില്‍നിന്ന് കൊച്ചച്ചന്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന ദിവ്യകാരുണ്യം സ്വീകരിച്ചതോടെ കുഞ്ഞച്ചന് അലൗകികമായ ഒരു ശാന്തത അനുഭവവേദ്യമാകുന്നു.
ത്രികാലങ്ങളുടെ അതിരുകളില്‍ എവിടെനിന്നോ കുഞ്ഞച്ചന്‍ ശാന്തിയുടെ ഒരു സംഗീതം കേള്‍ക്കുന്നു. ഒരു സ്വര്‍ഗ്ഗസംഗീതത്തിന്റെ മഞ്ഞുതുള്ളികള്‍ കുഞ്ഞച്ചനുമേല്‍ വര്‍ഷിക്കപ്പെടുന്നു.

 

Login log record inserted successfully!