•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

പ്രാര്‍ത്ഥിക്കുന്നവന്‍ പ്രകാശിക്കും

സെപ്റ്റംബര്‍ 11  ഏലിയ-സ്ലീവ-മൂശെ   ഒന്നാം ഞായര്‍

പുറ 34 : 28-35   2 ദിന 5 : 11-14
1 കോറി 15 : 35-50  മര്‍ക്കോ 9 : 2-13

ഈശോയോടുള്ള ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യന്മാര്‍ നടത്തുന്ന സുവിശേഷപ്രഘോഷണത്തിന്റെ ഫലം സഭയുടെ നിര്‍മിതിയില്‍ ദര്‍ശിക്കത്തക്കവിധം ഉയിര്‍പ്പുകാലവും ശ്ലീഹാക്കാലവും കൈത്താക്കാലവും ആരാധനക്രമവത്സരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ശിരസ്സായ ഈശോമിശിഹായും അവയവങ്ങളായ നമ്മളുമാകുന്ന സഭ, തന്റെ ആത്യന്തികലക്ഷ്യമായ ദൈവത്തിലേക്ക്/ദൈവരാജ്യത്തിലേക്ക്/നിത്യജീവനിലേക്ക് നീങ്ങുകയാണ്. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനസമയം ശിരസ്സും രക്ഷകനും രക്ഷാകരപ്രവര്‍ത്തനങ്ങളുടെ കര്‍ത്താവുമായ ഈശോയുടെ സാന്നിധ്യം ഉണ്ടാകുമെന്നത് സഭയുടെ  ആഴമായ വിശ്വാസമാണ്. ഈശോയുടെ രണ്ടാമത്തെ ആഗമനസമയത്താണ് അന്ത്യവിധിയും നന്മ ചെയ്തവരുടെ സ്വര്‍ഗരാജ്യപ്രവേശനവുമെന്നു സഭ വിശ്വസിക്കുന്നു. ഈശോയുമായുള്ള ഈ മുഖാഭിമുഖത്തിന് സഭ തന്റെ മക്കളെ ഒരുക്കേണ്ടതുണ്ട്. ഈ ഒരുക്കത്തിന്റെ ആവശ്യമെന്തെന്നും എങ്ങനെ ഈ ഒരുക്കം നടത്തണമെന്നും സഭ തന്റെ മക്കളെ പഠിപ്പിക്കുന്ന ഭാഗങ്ങളാണ് ഏലിയാ-സ്ലീവാ-മൂശക്കാലത്ത് നാം വായിക്കുന്നത്.
ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളുടെ കേന്ദ്രബിന്ദു സ്ലീവായാണ്. സെപ്റ്റംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയാണ് ഇക്കാലത്തെ ഏറ്റവും പ്രധാന തിരുനാള്‍. രൂപാന്തരീകരണവേളയില്‍ മൂശയുടെയും ഏലിയായുടെയും മധ്യേ നിലകൊണ്ട മഹത്ത്വീകൃതനായ ഈശോയുടെ പ്രതീകമാണ് സ്ലീവാ. ദൈവപുത്രനായ ഈശോയുടെ ഭൂമിയിലെ ജീവിതം മാത്രമല്ല, ദൈവമാകുന്ന ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രന്‍തമ്പുരാന്റെ സാന്നിധ്യവും ഉത്ഥാനത്തിനുശേഷം പിതാവിന്റെ വലതുഭാഗത്തേക്ക് ആരോഹണം ചെയ്ത നമ്മുടെ സഹോദരനായ ഈശോമിശിഹായുടെ അസ്തിത്വവും വി. സ്ലീവായില്‍ ദര്‍ശിക്കുന്നു. അതുകൊണ്ടാണ്, 'ഏലിയാ-ഈശോ-മൂശെ' എന്നു പറയാതെ 'ഏലിയാ-സ്ലീവാ-മൂശെ' എന്ന് ഈ കാലത്തിനെ വിളിക്കുന്നത്.
മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് മാര്‍ത്തോമ്മാസ്ലീവാ വളരെ പ്രധാനപ്പെട്ടതാണ്. സീറോ-മലബാര്‍ ആരാധനക്രമത്തില്‍ ഉപയോഗിക്കുന്നതും മാര്‍ത്തോമ്മാസ്ലീവായാണ്. ക്രൂശിതനായ മിശിഹായുടെ രൂപമുള്ള കുരിശ് അഥവാ ക്രൂശിതരൂപം-മിശിഹായുടെ പാപപരിഹാര്‍ത്ഥമുള്ള കുരിശുമരണത്തെ പ്രത്യേകമാംവിധം അനുസ്മരിക്കുന്നു. എന്നാല്‍, ഈശോയുടെ കുരിശുമരണത്തില്‍ അവസാനിക്കുന്നതല്ല ദൈവത്തിന്റെ രക്ഷാകരപദ്ധതി. കുരിശില്‍ മരിച്ച് അടക്കപ്പെട്ട് ഉത്ഥാനം ചെയ്ത ഈശോയിലേക്കുള്ള വളര്‍ച്ചയാണ് നമ്മുടെ രക്ഷാകരപദ്ധതിയുടെ പ്രധാന ഭാഗം. അതിനാല്‍, ക്രൂശിതരൂപമില്ലാത്ത കുരിശ്, ക്രൂശിതനായ ഈശോയുടെ സ്മരണയും, ഉത്ഥിതനായ മിശിഹായുടെ സജീവസാന്നിധ്യവും ഓര്‍മിപ്പിക്കുന്നു. മാര്‍ത്തോമ്മാസ്ലീവായാകട്ടെ ഉത്ഥാനം ചെയ്ത ഈശോയുടെ സ്മരണയോടൊപ്പം പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സജീവസാന്നിധ്യം  നിലനിറുത്തി ആരാധനക്രമത്തെ സമ്പുഷ്ടമാക്കുന്നു. ആരാധനാക്രമാനുഷ്ഠാനത്തില്‍ മാര്‍ത്തോമ്മാസ്ലീവാ ഉപയോഗിക്കുമ്പോള്‍ 'എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു' എന്ന ഈശോയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു. കാരണം, മാര്‍ത്തോമ്മാസ്ലീവായെ  നോക്കുന്നവര്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സാന്നിധ്യമാണ് അനുഭവിക്കുന്നത്.
പ്രാര്‍ത്ഥിക്കുന്നവന്‍  പ്രകാശിക്കും
ഈശോയുടെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട വായനകളാണ് ഒന്നാം ഞായറാഴ്ച വിചിന്തനത്തിനായി സഭാമാതാവ് നമുക്കു നല്കുന്നത്. ദൈവവുമായി സംസാരിച്ചു പത്തു പ്രമാണങ്ങളടങ്ങിയ ഫലകങ്ങളും വഹിച്ചുകൊണ്ട് സീനായ് മലയില്‍നിന്നു താഴേക്കിറങ്ങിവരുമ്പോള്‍ മോശയുടെ മുഖം തേജോമയമായിരുന്നു എന്ന ചിന്തയാണ് ആദ്യവായന പങ്കുവയ്ക്കുന്നത് (പുറ. 34:28-35). ''നാല്പതു രാവും നാല്പതു പകലും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെ മോശ ദൈവത്തോടൊത്തു ചെലവഴിച്ചു. അത്രയധികം നാള്‍ ദൈവത്തോടൊത്തായിരുന്നതുകൊണ്ട് തന്റെ ശരീരഭാഷയ്ക്കുതന്നെ മാറ്റം വന്നത് മോശ അറിഞ്ഞിരുന്നില്ല (34-29യ). ഈ നാളുകളിലത്രയും ദൈവം മോശയോടും മോശ ദൈവത്തോടും സംസാരിക്കുകയായിരുന്നുവെന്ന് പല പ്രാവശ്യം വചനഭാഗം സൂചന നല്കുന്നുണ്ട് (34,29യ, 32യ, 34.35യ) അതായത്, ദൈവം തന്നോടു സംസാരിച്ചതിന്റെ, തനിക്കു ദൈവത്തോടു സംസാരിക്കാന്‍ കഴിഞ്ഞതിന്റെ അനുഭൂതിയിലായിരുന്നു മോശ.
ദൈവത്തോടുള്ള മനുഷ്യന്റെ സംഭാഷണമാണ് പ്രാര്‍ത്ഥന എന്ന നിര്‍വചനം മോശയും ദൈവവുമായുള്ള സംഭാഷണത്തോടു ചേര്‍ത്തുവച്ചാല്‍ മോശയും പ്രാര്‍ത്ഥനയിലായിരുന്നുവെന്നു നമുക്കു മനസ്സിലാക്കാം. ആ പ്രാര്‍ത്ഥനയുടെ പ്രകാശമായിരുന്നു മോശയുടെ മുഖത്തെ തേജസ്സിന്റെ കാരണം. ദൈവത്തിന്റെ തേജസ്സ്, ദൈവത്തോടൊപ്പം ആയിരിക്കുന്നവന്റെ തേജസ്സില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ടാണല്ലോ നല്ലൊരു ധ്യാനമൊക്കെ നടത്തി, കുമ്പസാരിച്ചു വരുന്നയാളിന്റെ മുഖത്തും ദൈവത്തിന്റെ പ്രകാശം നാം ദര്‍ശിക്കുന്നത്. അതേ, പ്രാര്‍ത്ഥിക്കുന്നവന്‍ പ്രകാശിക്കും, ദൈവമവനെ ജ്വലിപ്പിക്കും!
തേജസ്സുറ്റ ദൈവാലയം
സോളമന്‍ നിര്‍മിച്ച ദൈവാലയത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുപാടുന്ന ഗായകസംഘത്തിനൊപ്പം  എല്ലാവരുമൊരുമിച്ച് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിക്കുമ്പോള്‍ ദൈവാലയത്തില്‍ വന്നുനിറയുന്ന  കര്‍ത്താവിന്റെ തേജസ്സിനെക്കുറിച്ചാണ് രണ്ടാം വായന (2 ദിന. 5,11-14). 
'ദൈവാലത്തില്‍ കര്‍ത്താവിന്റെ തേജസ്സ് നിറഞ്ഞുനിന്നതിനാല്‍' അവിടത്തെ സാന്നിധ്യം പ്രകടമായവിധത്തില്‍ ജനത്തിനു ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. വി. ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിലും ദൈവാലയത്തില്‍ നിറഞ്ഞിരുന്ന ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.  ''...അവിടത്തെ വസ്ത്രാഞ്ചലം ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്നു'' (ഏശ. 6:1)  ''അവിടത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടത്തെ തേജസ്സുകൊണ്ട് പ്രകാശിച്ചു'' (എസ. 43:2). കര്‍ത്താവിന്റെ മഹനീയവും ഭീതിജനകവുമായ സാന്നിധ്യത്തെ വര്‍ണിക്കാനുള്ള മാനുഷികവാക്കുകളായി മാറുകയാണ് മേഘവും വസ്ത്രാഞ്ചലവും പെരുവെള്ളത്തിന്റെ ഇരമ്പലുമെല്ലാം. ജറൂസലേം ദൈവാലയത്തില്‍ കര്‍ത്താവിന്റെ മഹനീയസാന്നിധ്യം ഉണ്ടായിരുന്നു. അതു ജനത്തിന് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു.
പ്രകാശിക്കുന്ന  പ്രിയപുത്രന്‍
ദൈവത്തിന്റെ ചൈതന്യം നിറഞ്ഞ ഈശോയെ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ ദര്‍ശിക്കാന്‍ ശിഷ്യന്മാര്‍ക്കു ലഭിച്ച അവസരമാണ് രൂപാന്തരീകരണം (മര്‍ക്കോ. 9:2-13). മോശയില്‍ ദൈവത്തിന്റെ തേജസ്സു പ്രകാശിച്ചതുപോലെ,  ദൈവാലയത്തില്‍ പ്രവാചകന്മാര്‍ ദര്‍ശിക്കുന്നതുപോലെ ദൈവമഹത്ത്വം ഈശോയില്‍ ശിഷ്യന്മാര്‍ ദര്‍ശിക്കുന്നു. ദൈവത്തിന്റെ അവര്‍ണനീയവും തേജസ്സുറ്റതുമായ സാന്നിധ്യം ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം സംഭവിക്കുന്നതുപോലെ (പുറ. 34:30, 2 ദിന. 5:14)രൂപാന്തരീകരണത്തിലും ശിഷ്യന്മാര്‍ക്കു ഭയമുണ്ടാകുന്നു. കര്‍ത്താവിന്റെ മഹത്ത്വത്തിന്റെ സാന്നിധ്യം ഭീതിജനകമായി തോന്നാമെങ്കിലും അതനുഭവിക്കുന്ന ജനത്തിനും പ്രവാചകന്മാര്‍ക്കും ശിഷ്യന്മാര്‍ക്കും അതു മനസ്സുനിറയുന്ന അനുഭവമാണ്. അതുകൊണ്ടാണ്, ഭീതിജനകമെന്നും ഭയപ്പെടുത്തുന്നതെന്നും പറയുന്നുണ്ടെങ്കിലും അവര്‍ ഓടിപ്പോകാത്തതും ആ അനുഭവം നിരസിക്കാത്തതും. ആ ദൈവികാനുഭവത്തില്‍ ആയിരിക്കാനുള്ള വഴിതേടുകയാണ് ജനവും പ്രവാചകരും ശിഷ്യന്മാരും.'' ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്''(9:5).
പ്രകാശിക്കുന്ന ശരീരം
മോശയില്‍ കാണപ്പെട്ട ദൈവികപ്രകാശത്തെക്കുറിച്ചും ദൈവാലയത്തിലെ ദൈവികചൈതന്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് സഭ മനുഷ്യനു സംഭവിക്കാവുന്ന ദൈവികമായ മാറ്റത്തെക്കുറിച്ചുള്ള അവലോകത്തിന് പൗലോസ് ശ്ലീഹായുടെ വാക്കുകളെ ആശ്രയിക്കുന്നു      (1 കോറി. 15: 35-50). ഭൗതികശരീരങ്ങളുടെ തേജസ്സില്‍നിന്നു സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സിലേക്കു മാറ്റപ്പെടേണ്ടവരാണ് നാം. ഈശോയുടെ രൂപാന്തരീകരണം അവിടത്തെ ഉത്ഥാനശേഷമുള്ള മഹത്ത്വീകൃതമായ ശരീരത്തിന്റെ മുന്നാസ്വാദനമായിരുന്നു. ഈശോയുടേതുപോലുള്ള ഉത്ഥാനം മരണശേഷം നമുക്കും ഉണ്ടാകുമെന്നത് അവിടത്തെ വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ ഫലപ്രാപ്തിക്കായി നമുക്കൊരുങ്ങാം... പ്രാര്‍ത്ഥിക്കാം. 

Login log record inserted successfully!