•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

ഹന്ന ഹാപ്പിയാണ്

''എന്റെ കണ്ണുകളുടെ വൈകല്യം കണ്ടു ''പ്രേതം'' എന്നുവരെ വിളിച്ചു പരിഹസിച്ച സഹപാഠികള്‍ എനിക്കുണ്ടായിരുന്നു. സ്‌കൂളിലും മറ്റിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍, സങ്കടപ്പെട്ട, കരഞ്ഞ നാളുകള്‍...
എല്ലാവരും കളിയാക്കുമ്പോള്‍, ഞാന്‍ ദൈവത്തിന്റെ വ്യത്യസ്തമായ സൃഷ്ടിയെന്നു ചിന്തിക്കാനും വിശ്വസിക്കാനുമായിരുന്നു ഇഷ്ടം. എന്റെ ഇല്ലായ്മകളും സങ്കടങ്ങളുമറിഞ്ഞ് എല്ലാം ഒരുക്കിത്തന്ന ദൈവം, എന്നില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു.''അത്യപൂര്‍വ നേത്രരോഗമായ മൈക്രോഫ്തല്‍മിയ ജന്മനാ ബാധിച്ച ഹന്ന ആലിസ് സൈമണ്‍ എന്ന പത്തൊമ്പതുകാരിയുടേതാണ് ഈ വാക്കുകള്‍. കണ്ണിലെ ഇരുട്ടില്‍നിന്ന് ആത്മവിശ്വാസത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും ചുറ്റുമുള്ളവരുടെ കരുതലിന്റെയും ബലത്തില്‍ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിച്ചും, അതിലേക്കു പറന്നുയര്‍ന്നും അതിശയിപ്പിക്കുന്ന ഉയരങ്ങള്‍ സ്വന്തമാക്കിയതിന്റെ അതുല്യനേട്ടമാണ് ഈ മിടുക്കിയെ വ്യത്യസ്തയാക്കുന്നത്.  
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500 ല്‍ 496 മാര്‍ക്കു നേടി ഭിന്നശേഷിവിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്ക്; അമേരിക്കയിലെ പ്രസിദ്ധമായ നോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ സൈക്കോളജി ബിരുദപഠനത്തിന് അവസരം; തീര്‍ന്നില്ല; സ്‌കൂള്‍ പഠനകാലത്തുതന്നെ വെല്‍ക്കം ഹോം എന്ന പേരില്‍ കഥാസമാഹാരം പ്രസിദ്ധീകരിച്ചു. പാട്ടുകള്‍ കമ്പോസു ചെയ്തും പാടിയും മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ നടത്തിയും ഹന്ന തനിക്കും മറ്റുള്ളവര്‍ക്കും പ്രചോദനത്തിന്റെ പുതുവെളിച്ചമാവുന്നു. ജന്മനായുള്ള അന്ധതയെ അതിജീവിച്ച് അകക്കണ്ണിന്റെ വെളിച്ചത്തിലാണ് ഈ മിടുക്കി വലിയ നേട്ടങ്ങളിലേക്കു ചുവടുവച്ചതെന്നു കൂടി അറിയുക.
മാതാപിതാക്കള്‍ വെളിച്ചം
പെരുമ്പാവൂരിനടുത്തു വെങ്ങോല സ്വദേശിയായ സൈമണ്‍ മാത്യുവിന്റെയും ലിജ സൈമണിന്റെയും മൂത്തമകളാണു ഹന്ന. സ്വകാര്യ കമ്പനിയില്‍ ലീഗല്‍ അഡൈ്വസറായ സൈമണ്‍, ജോലിയുടെയും മകളുടെ പഠനത്തിന്റെയും സൗകര്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി കൊച്ചി കലൂരിലാണു താമസം.
ജന്മനാ ഉണ്ടായൊരു പരിമിതിമൂലം വളരാനുള്ള അവളുടെ അവകാശത്തെയും ആഗ്രഹത്തെയും പ്രചോദിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായതാണ് ഹന്നയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
കാഴ്ചപരിമിതിയുള്ള ഹന്നയെ സ്പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. മറ്റു കുട്ടികള്‍ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതുപോലെ തങ്ങളുടെ ഹന്നയും വളരണമെന്ന് അവര്‍ ആഗ്രഹിച്ചു. മകളുടെ പഠനവും വായനയും എളുപ്പമാക്കാന്‍ അധ്യാപികകൂടിയായ അമ്മ ലിജ ബ്രെയില്‍ ലിപി പഠിച്ചെടുത്തു. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലായിരുന്നു അഞ്ചാം ക്ലാസുവരെ ഹന്നയുടെ പഠനം. ബ്രെയില്‍ ലിപിയില്‍ ഹന്ന പഠനം എളുപ്പമാക്കി.
ആറുമുതല്‍ പന്ത്രണ്ടുവരെ കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളില്‍. ഒമ്പതാം ക്ലാസിലെത്തിയതോടെ കംപ്യൂട്ടറിന്റെയും ആപ്പുകളുടെയും സഹായത്തോടെ പഠനം കൂടുതല്‍ കാര്യക്ഷമമായി. സൈമണും ലിജയും സഹോദരങ്ങളായ ഏഴാം ക്ലാസുകാരന്‍ ഹാനോക്കും ഒന്നാം ക്ലാസുകാരന്‍ ഡാനിയേലും ഹന്നയ്ക്കു പൂര്‍ണപിന്തുണ നല്‍കി. ഒപ്പം, അമ്മയെപ്പോലെ സ്നേഹിക്കുന്ന അധ്യാപകരും, സ്വന്തമെന്നപോലെ ചേര്‍ന്നുനില്‍ക്കുന്ന കൂട്ടുകാരും.  
സൈക്കോളജി എന്ന സ്വപ്‌നം
സൈക്കോളജിയില്‍ മികച്ച സര്‍വകലാശാലയില്‍ ഉപരിപഠനം നടത്താനും സൈക്കോളജിസ്റ്റാവാനുമുള്ള വലിയ ആഗ്രഹമാണ് ഹന്നയ്ക്കുള്ളത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും സാധിക്കണമെന്നതാണു സൈക്കോളജിസ്റ്റാവാനുള്ള ആഗ്രഹത്തിലേക്കു കൈപിടിച്ചത്. ഹ്യുമാനിറ്റീസായിരുന്നു പ്ലസ്ടുവിനു തിരഞ്ഞെടുത്തത്.
അമേരിക്കയിലെ നോട്ടര്‍ഡാം സര്‍വകലാശാലയില്‍ ഹന്ന സ്‌കോളര്‍ഷിപ്പോടെ ബിരുദപഠനം ആരംഭിച്ചുകഴിഞ്ഞു.
ദൈവത്തിനുവേണ്ടി ഇനിയും പാട്ടുകള്‍ എഴുതണം, പോസിറ്റീവ് എനര്‍ജി പകരുന്ന പുസ്തകങ്ങള്‍ എഴുതണം... ഹന്നയുടെ നല്ല സ്വപ്നങ്ങള്‍ക്ക് ഇന്നു പുതുചിറകുകള്‍.
വെല്‍ക്കം ഹോം
ഗ്രന്ഥകര്‍ത്താവാകാനുള്ള മോഹം ഇക്കഴിഞ്ഞ ജൂലൈയില്‍ ഹന്ന സാക്ഷാത്കരിച്ചു. 'വെല്‍ക്കം ഹോം' എന്ന പേരിലുള്ള ഹന്നയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വെല്‍ക്കം ഹോം, ദി സണ്‍സെറ്റ് ഗ്ലോറി, ദി സണ്‍ഷൈന്‍ ഗേള്‍, നേച്ചര്‍ ബീക്കണ്‍സ്, എമറാള്‍ഡ്, ലുക്ക് അപ് എന്നീ തലക്കെട്ടുകളില്‍ ഹന്ന എഴുതിയ ആറ് ഇംഗ്ലീഷ് ചെറുകഥകളുടെ സമാഹരമാണു പുസ്തകം. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിച്ച സമയത്തായിരുന്നു ഈ കഥകള്‍ എഴുതിയത്.  
ജീവിതത്തില്‍ വ്യത്യസ്തരായ ആറു പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാകുന്ന കഥകളില്‍ തന്റെ ജീവിതാനുഭവങ്ങളുടെയും അക്ഷരപ്പകര്‍ച്ചയുണ്ടെന്നു ഹന്ന.
ഹന്നയുടെ അഭിരുചിയറിഞ്ഞു പാട്ടിലും വായനയിലും പ്രസംഗത്തിലുമെല്ലാം മികവുതെളിയിക്കാന്‍ മാതാപിതാക്കള്‍ അവസരമൊരുക്കി. അമ്മയില്‍നിന്നു തന്നെയാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ഹന്ന പഠിച്ചത്. പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും പിതാവ് പ്രചോദനമായി.
ഇതുവരെ പത്തോളം ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് ഈണമൊരുക്കി പാടി. ജീസസ് ഈസ് മൈ സൈഡ്... എന്നാരംഭിക്കുന്ന ഭക്തിഗാനമാണ് ആദ്യം ഒരുക്കിയത്. ഹന്നയുടെതന്നെ യുട്യൂബ് ചാനലിലൂടെ ആ പാട്ടുകള്‍ കേട്ടത് അനേകായിരങ്ങളാണ്.
തന്റെ അതിജീവനവഴികള്‍ ഹൃദ്യമായി പൊതുവേദികളില്‍ പങ്കുവച്ചിട്ടുള്ള ഹന്ന അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ്. അനേകം കുട്ടികള്‍ക്ക് ഹന്നയുടെ വാക്കുകള്‍ പ്രചോദനമാകുന്നു. പഠനത്തിനൊപ്പം അനാഥാലയത്തിലെ കുട്ടികള്‍ക്കു സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൊടുക്കാനും ഹന്ന സമയം കണ്ടെത്തി.
പരിമിതികളില്‍നിന്നു വലിയ കുതിപ്പു നടത്തിയ ഹന്നയെക്കുറിച്ച് ഹന്നയ്ക്കുതന്നെ എന്താണു പറയാനുള്ളതെന്നു ചോദിച്ചാലോ. ഉത്തരം ഹന്ന പറയും:
''എന്റെ ജീവിതം എനിക്ക് അദ്ഭുതം.''

 

 

Login log record inserted successfully!