•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

സ്വര്‍ഗം നമ്മുടെ ലക്ഷ്യം

സെപ്റ്റംബര്‍ 4  കൈത്താക്കാലം ഏഴാം ഞായര്‍
ഉത്പ 6 : 13-22ജറെ 32 : 36-41
യാക്കോ 4 : 1-10  മത്താ 6 : 19-24

ദൈവവചനപ്രഘോഷണത്തിന്റെ ആത്യന്തികഫലം സ്വര്‍ഗരാജ്യമാണെന്ന് നേരത്തേ കണ്ടുകഴിഞ്ഞു. വചനവിത്ത് ഭൂമിയില്‍ വിതയ്ക്കപ്പെടുന്നത് നല്ല ഫലം കൊയ്യുന്നതിനാണ്. ആ ഫലം ഈ ലോകത്തില്‍ത്തന്നെ ദൃശ്യമാണെങ്കിലും പൂര്‍ണതയില്‍ അനുഭവിക്കുന്നത് സ്വര്‍ഗരാജ്യത്തിലാണ്. ദൈവം വാഗ്ദാനം ചെയ്യുകയും (പഴയ ഉടമ്പടി) ഈശോമിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്ന (പുതിയ ഉടമ്പടി) സ്വര്‍ഗരാജ്യത്തിലേക്കുള്ള (ഉടമ്പടിയുടെ പൂര്‍ത്തീകരണം) വഴികളും തെളിവുകളുമാണ് ഇന്നത്തെ വായനകളിലൂടെ സഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്കുന്നത്.
ജലപ്രളയത്തിനുമുമ്പായി നോഹയോട് പെട്ടകം നിര്‍മിക്കാന്‍ ആവശ്യപ്പെടുന്ന ദൈവത്തെയാണ് ഒന്നാം വായനയില്‍ നാം കാണുന്നത് (ഉത്പ. 6:13-22). ഭൂമിയില്‍ അധര്‍മം നിറഞ്ഞിരിക്കുന്നതിനാല്‍ അതിനെ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു(6:13). പക്ഷേ, നീതിമാനായി ജീവിക്കുന്ന നോഹയെയും അദ്ദേഹത്തിന്റെ  കുടുംബത്തെയും, ഭൂമിയിലെ ജീവജാലങ്ങളുടെ തുടര്‍ച്ചയ്ക്കായി എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തിനെയും സംരക്ഷിക്കുവാന്‍ ദൈവം തീരുമാനിക്കുന്നു (6:18-19). അതു നോഹയുമായി ദൈവം ഉണ്ടാക്കുന്ന ഉടമ്പടി പ്രകാരമാണ്. ഈ ഉടമ്പടിക്കുള്ള പ്രത്യേകത പരസ്പരസമ്മതപ്രകാരമുള്ള ഉടമ്പടിയല്ല ഇത് എന്നതാണ്. മറ്റുള്ളവര്‍ പാപത്തില്‍ മുഴുകി ജീവിച്ചപ്പോള്‍ നോഹ ദൈവത്തിന്റെ വചനമനുസരിച്ചു മാത്രം നടന്ന് പാപത്തെ ഒഴിവാക്കി ജീവിച്ചു.
അതുകൊണ്ട്, ദൈവംതന്നെ മുന്‍കൈയെടുത്ത് നോഹയുമായി ഉടമ്പടി സ്ഥാപിക്കുന്നു. 'നോഹ ദൈവം കല്പിച്ച പ്രകാരം പ്രവര്‍ത്തിച്ചു' (6:22). ഉടമ്പടിയുടെ നിര്‍ദേശങ്ങള്‍ നോഹയും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത്, ജനാധിപത്യപരമായി വോട്ടിനിട്ട് എടുത്ത തീരുമാനങ്ങളല്ല; ദൈവത്തിന്റെ കല്പനകളാണ്. ദൈവത്തിന്റെ ഈ ഉടമ്പടി ഏകപക്ഷീയമാണെങ്കിലും തന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്നു നോഹയ്ക്കറിയാം. ആ ഉടമ്പടി പാലിച്ചാല്‍ തന്റെ ജീവന്‍ നിലനില്‍ക്കുമെന്നത് നോഹയുടെ ബോധ്യമാണ്.
ഇത് സഭയുടെ ഒരു രഹസ്യംകൂടിയാണ്. ദൈവവും മനുഷ്യനുമായുള്ള പുതിയ ഉടമ്പടി അനുദിനം ആഘോഷിക്കുന്നത് സഭയിലാണ്. ഈ ഉടമ്പടിയും ദൈവവും മനുഷ്യനും ഒരുമിച്ചിരുന്ന്, ചര്‍ച്ച ചെയ്തു തീരുമാനങ്ങളാക്കുന്ന നിര്‍ദേശങ്ങളല്ല. തികച്ചും ഏകപക്ഷീയമാണെങ്കിലും ദൈവത്തിനു മനുഷ്യനോടുള്ള കരുതലിന്റെ കല്പനയാണത്. ''ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍''- ദൈവം നല്‍കുന്ന വലിയ കാരുണ്യത്തിന്റെ ഉടമ്പടി; ദിവ്യകാരുണ്യം! ഈ ഉടമ്പടിയെ സജീവമാക്കുന്നത് സഭയിലെ ദൈവസാന്നിധ്യമാണ്; പരികര്‍മം ചെയ്യപ്പെടുന്നതും സഭയിലാണ്. അതിനാല്‍, സഭ തന്റെ മക്കളെ അനുദിനം ക്ഷണിക്കുകയാണ്; ഏകപക്ഷീയമായ ഉടമ്പടിയാണെന്നു പറഞ്ഞു തള്ളിക്കളയാതെ, ദൈവത്തിന്റെ കരുണയുടെ അടയാളമായി അതിനെ സ്വീകരിക്കാന്‍.
ജെറമിയായുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായനയിലും (ജെറ. 32:36-41). ദൈവം ജനവുമായി ഏര്‍പ്പെടുന്ന ഉടമ്പടിയെക്കുറിച്ചാണ് പ്രതിപാദ്യം. ഇസ്രായേല്‍ ജനം പാപം ചെയ്ത് ദൈവത്തില്‍നിന്ന് അകലുന്നുണ്ടെങ്കിലും, കാരുണ്യം തോന്നി അവരെ വീണ്ടെടുക്കുന്ന ദൈവത്തിന്റെ ഉടമ്പടിയെപ്പറ്റിയാണ് ഇവിടെയും പ്രതിപാദ്യം. ഇവിടെയും ഉടമ്പടി ഏകപക്ഷീയമാണ്. ഈ ഉടമ്പടിയും ദൈവകരുണയുടെയും ക്ഷമയുടെയും പക്ഷംപിടിക്കുന്ന ഉടമ്പടിയാണ്. അതിനാല്‍ത്തന്നെ, ആ ഉടമ്പടിയില്‍ പങ്കുകാരാകാന്‍ കഴിയുന്നതു വലിയ ഭാഗ്യമാണ്. 'അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും' (32:38) എന്ന് ആവര്‍ത്തിച്ചുകൊണ്ട് ദൈവം തന്റെ ജനവുമായുള്ള ബന്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഈശോമിശിഹായുടെ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഇക്കാര്യം ഉറക്കെ പ്രഘോഷിക്കപ്പെടുന്നു: ''അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്കി'' (യോഹ. 17:6യ). പഴയ ഉടമ്പടിയില്‍ മാത്രമല്ല, ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കുന്ന പുതിയ ഉടമ്പടിയിലും 'നാം ദൈവത്തിന്റേതാണെന്ന്' പിതാവും പുത്രനും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ദൈവവുമായുള്ള ഉടമ്പടിയില്‍ ഏര്‍പ്പെട്ടവര്‍ക്കു വസിക്കാനായി ദൈവം ഒരു ദേശത്തെ തയ്യാറാക്കുന്നു. ''പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി ഞാന്‍ അവരെ ഈ ദേശത്ത് നട്ടുവളര്‍ത്തും''(32:41യ).ഇസ്രായേല്‍ജനവുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ ദൈവം അവര്‍ക്കു കാനാന്‍ദേശം നല്കി. പുതിയ ഉടമ്പടിയില്‍ ഈശോമിശിഹായില്‍ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിക്കുന്നവര്‍ക്കു ദൈവം ഒരുക്കിയിരിക്കുന്ന ദേശമാണ് സഭ. രക്ഷയുടെ പൂര്‍ത്തീകരണമായ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതുവരെ സഭയിലാണ് നാം വസിക്കുന്നത്. കാലദേശാതിവര്‍ത്തിയായി, ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ഈശോമിശിഹായുടെ സഭ എല്ലാവരെയും ഉള്‍ക്കൊള്ളുന്നു, സംരക്ഷിക്കുന്നു, ദൈവത്തിലേക്കു നയിക്കുന്നു. മാമ്മോദീസായില്‍ വിശ്വാസം സ്വീകരിച്ചു പ്രഖ്യാപിക്കുകയും, ആ വിശ്വാസത്തില്‍ വളരുകയും അതേ വിശ്വാസത്തില്‍ മരിക്കുകയും ചെയ്യുന്നതു സഭയിലാണ്. ദൃഷ്ടികള്‍ക്കു ഗോചരമല്ലാത്ത സഭയുടെ ഐക്യവും നാമിവിടെ ഓര്‍ക്കണം. തികച്ചും ആത്മീയമായ സഹനസഭയും സമരസഭയും വിജയസഭയും ഉള്‍ക്കൊള്ളുന്ന സഭ. ദൈവത്താല്‍ പൂര്‍ണമായും നിയന്ത്രിക്കപ്പെടുന്ന ദൈവത്തിന്റെ സഭയിലാണ് ഇന്നു നാം ജീവിക്കുന്നത്. ഏതു ക്രിസ്ത്യാനിയുടെയും അഭിമാനത്തെ ഉണര്‍ത്തുന്ന കേവലം ഭൗതികപ്രതിഭാസം മാത്രമാകരുത് ഇത്. മറിച്ച്, നമ്മുടെ ആത്മീയാഗ്നിയെ ഉണര്‍ത്തി, ഉജ്വലിപ്പിക്കുന്ന കൃപയുടെ ശക്തികൂടിയായി ഇതു മാറണം.
ഈശോയില്‍  വിശ്വസിച്ച്, മാമ്മോദീസാ സ്വീകരിച്ച് സഭയില്‍ അംഗങ്ങളാകുന്നവര്‍ യഥാര്‍ത്ഥഫലമായ സ്വര്‍ഗരാജ്യത്തിലേക്കടുക്കാന്‍ പെട്ടെന്നുള്ള ഒരുക്കമായി ചെയ്യേണ്ടത് എന്തെന്നാണ് വി. യാക്കോബ് തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നത് (യാക്കോ. 4:1-10). യാക്കോബ് ശ്ലീഹാ ഒരു ഒരുക്കത്തെ നമ്മില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനോടു ബന്ധപ്പെടുത്തിയാണു പറയുന്നത്. ''നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു'' (4:5). അതായത്, നമ്മെ ജീവിപ്പിക്കുന്ന ആത്മാവ് ദൈവത്തിന്റേതാണ്. ദൈവം അതിനെ നമ്മുടെയുള്ളില്‍ നിക്ഷേപിക്കുകയാണ്. ഈ ആത്മാവിനെ കേടുകൂടാതെ തിരികെ ലഭിക്കാന്‍ ദൈവം അസൂയയോടെ അഭിലഷിക്കുന്നു. എന്നുവെച്ചാല്‍ നമ്മെ  രക്ഷിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹം വര്‍ണിക്കാനാവാത്തവിധം വലുതാണന്നു സാരം.
ഉള്ളിലുള്ള ദൈവാത്മാവിനോട് ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം ദൈവത്തിന്റെ ശത്രുവായ ലോകത്തോടും അതുമായി ബന്ധപ്പെട്ട ലോകസാഹചര്യങ്ങളോടും കൂട്ടുകൂടുക എന്നതാണ്. ''ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?'' (4:4). ദൈവം മുന്നോട്ടുവയ്ക്കുന്ന ക്ഷമയുടെയും കാരുണ്യത്തിന്റെയുമായ ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ  മാറിനില്ക്കുമെന്ന പ്രഖ്യാപനമാണ് ലോകത്തോടുള്ള മൈത്രി.
ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയുടെ ആത്യന്തികലക്ഷ്യം മനുഷ്യനെ ദൈവത്തിലേക്കുയര്‍ത്തുക എന്നതാണ്. സഭയില്‍ ഈശോ സ്ഥാപിച്ചിരിക്കുന്ന കൂദാശകള്‍, പ്രത്യേകമായി വി. കുര്‍ബാനയും വി. കുമ്പസാരവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തില്‍ നമ്മെ ഒരുക്കുന്ന കൃപയുടെ അവസരങ്ങളാണ്. ഇതു തിരിച്ചറിഞ്ഞ് സ്വര്‍ഗരാജ്യത്തെ സ്വപ്നംകണ്ട് ഒരുക്കത്തോടെ ജീവിക്കാന്‍ ഈശോ ആഹ്വാനം ചെയ്യുന്നു (മത്താ. 6: 19-24). ശാശ്വതമായ സമാധാനം തരാത്ത ഭൂമിയിലെ നിക്ഷേപങ്ങള്‍ അസ്ഥിരമാണെന്ന തിരിച്ചറിവില്‍നിന്നുകൊണ്ട് ആത്മീയമായ നേട്ടങ്ങള്‍ സ്വന്തമാക്കണമെന്ന് ഈശോ ഓര്‍മിപ്പിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)