അട്ടക്കുളങ്ങര എന്ന സ്ഥലനാമത്തിന് വനിതാജയിലിന്റെ പേരില്‍ കുപ്രശസ്തി കൈവന്നിട്ടുണ്ട്. സരിത, സ്വപ്ന തുടങ്ങിയ വി.ഐ.പി. കുറ്റവാളികളാണ് അട്ടക്കുളങ്ങരയ്ക്ക് കുപ്രശസ്തി നേടിക്കൊടുത്തത്. അവര്‍മൂലം അട്ടക്കുളങ്ങര കേരളജനതയ്‌ക്കൊന്നാകെ പരിചിതമായി. മാധ്യമപ്രവര്‍ത്തകര്‍ പ്രശസ്തിക്ക് ആക്കം കൂട്ടുകയും ചെയ്തു. അട്ടക്കുളങ്ങര വനിതാ ജയില്‍ എന്നതിലുപരി ആ സ്ഥലനാമത്തിന്റെ നിരുക്തിയും പൊരുളുമാണ് ഈ കുറിപ്പിനു വിഷയം.
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലനാമമാണ് അട്ടക്കുളങ്ങര. അട്ടക്കുളങ്ങര എന്ന സംജ്ഞാനാമത്തെ അട്ടം+കുളം+കര എന്നു പിരിച്ചെടുക്കാം. ഇവിടെ പൂര്‍വപദം 'അട്ട' എന്നല്ല അട്ടം എന്നാണെന്നു മനസ്സിലാക്കുക. ശത്രുക്കളുടെ വരവു കാണുന്നതിനും അവരെ തടയുന്നതിനും ഉണ്ടാക്കിയിരുന്ന കാവല്‍മാടമാണ് അട്ടം (കൊത്തളം). കൂടാതെ, മേല്‍ത്തട്ട്, തട്ടിന്‍പുറം മേട തുടങ്ങിയ വിവക്ഷിതങ്ങളും അട്ടത്തിനുണ്ട്. ദ്രാവിഡത്തില്‍നിന്നു സംസ്‌കൃതം കടംകൊണ്ട പദമായിരിക്കാം അട്ടം എന്നൊരഭിപ്രായമുണ്ട്*. അതെന്തായാലും നാനാര്‍ത്ഥവാചിയായ ഒരു പദമാണ് അട്ടം. അനേകം അട്ടങ്ങള്‍, കൊട്ടാരങ്ങള്‍ മുതലായവ ഉള്ള സ്ഥലം അട്ടസ്ഥലിയാകും. അവിടെയും പൂര്‍വപദം 'അട്ട'യല്ല; അട്ടം ആണ്. വിശേഷണമായ അട്ടയ്ക്ക് ഉയര്‍ന്ന എന്നും നാമമായ അട്ടയ്ക്ക് ഒരു ചെറിയ ഇഴജന്തു എന്നും അര്‍ത്ഥം.
അട്ടം+കുളം, സന്ധി ചെയ്യുമ്പോള്‍ അട്ടക്കുളം എന്നാകുന്നു. (അനുസ്വാരലോപം കകാരദ്വിത്വം) കുളം + കരയാണ് സന്ധിയില്‍ കുളങ്ങരയാകുന്നത്. (അട്ടം + കുളം = അട്ടക്കുളം; കുളം + കര = കുളങ്ങര). ''കുളം + കര = കുളങ്ങര. മ് + ക = ങ് + ക = ങ്ങ. പരസവര്‍ണ്ണനവും പൂര്‍വസവര്‍ണനവും (സവര്‍ണനം എന്ന അധ്യായം നോക്കുക) പ്രവര്‍ത്തിക്കുന്നു. കണ്ഠ്യഖരം ഓഷ്ഠ്യാനുനാസികത്തെ ആദ്യം സ്വവര്‍ഗ്ഗാനുനാസികമാക്കുന്നു. ങ് പിന്നീട് ക കാരത്തെ അനുസാനികാതിപ്രസരംകൊണ്ട് ങ ആക്കി''** അങ്ങനെ കുളം + കര, കുളക്കരയാവാതെ കുളങ്ങരയാകുന്നു. അട്ടം + കുളം + കര സമാസിക്കുമ്പോള്‍ അട്ടക്കുളങ്ങരയാകുമെന്നു ചുരുക്കം.
* കുഞ്ഞന്‍പിള്ള, ശൂരനാട്ട്, എഡിറ്റര്‍, മലയാള മഹാനിഘണ്ടു, വാല്യം 1, കേരളസര്‍വകലാശാല പ്രസിദ്ധീകരണം, തിരുവനന്തപുരം, 2016, പുറം - 190.
** ലത, വി. നായര്‍, സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-370