•  9 May 2024
  •  ദീപം 57
  •  നാളം 9
വചനനാളം

മനുഷ്യരക്ഷയുടെ പെട്ടകം

ഓഗസ്റ്റ്  28 കൈത്താക്കാലം ആറാം ഞായര്‍
ഉത്പ 8 : 1-11  ഉത്തമഗീതം 6 : 1-4
വെളി 21 : 9-14 യോഹ 6 : 16-24

ചനപ്രഘോഷണത്തിന്റെ ഫലം പൂര്‍ണതോതില്‍ അനുഭവിക്കുന്നത് സഭയാണ്. ദൈവവചനത്തിന്റെ സാന്നിധ്യത്തിന്റെ ഫലവും, പ്രസ്തുത സാന്നിധ്യം ജനത്തിനുണ്ടാക്കുന്ന അനുഗ്രഹങ്ങളുടെ ഫലവും അനുഭവപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും സഭയില്‍ത്തന്നെയാണ്. കാരണം, സഭ മിശിഹായുടെ ശരീരവും നാമോരോരുത്തരും അതിലെ അംഗങ്ങളുമാണ്. ഈ വിഷയത്തെക്കുറിച്ചാണ് കൈത്താക്കാലം ആറാം ഞായറാഴ്ചത്തെ വായനകള്‍ നമ്മോടു സംവദിക്കുന്നത്.
സഭയുടെ ദൈവികമാനുഷികതലങ്ങള്‍
സഭ, മിശിഹായുടെ ശരീരമെന്ന നിലയില്‍, മിശിഹായുടെ വചനത്തെ ഭക്ഷണമാക്കുന്നവളാണ്. അതേവചനം, ഇന്നു മാംസമാക്കപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും സഭയിലാണ്. മിശിഹായോടുള്ള ഈ ബന്ധത്തില്‍ സഭയുടെ ദൈവികതലം വെളിവാക്കപ്പെടുന്നു.
അതുപോലെതന്നെ ഈശോയിലുള്ള വിശ്വാസത്തില്‍ മാമ്മോദീസാ സ്വീകരിച്ച്   സഭയില്‍ അംഗങ്ങളായിരിക്കുന്ന ദൈവജനവുമുണ്ട്. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, 'നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്' (1 കോറി. 12:27). അതിനാല്‍ സഭയെ മനുഷ്യരുടെ കൂട്ടമായി മാത്രമോ, ദൈവജനം മാത്രമായോ, മിശിഹായുടെ ശരീരം മാത്രമായോ ചുരുക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. 'ഞങ്ങളാണ് സഭ, ഞങ്ങള്‍ പറയുന്നതുപോലെ കേള്‍ക്കണം' എന്നാക്രോശിക്കുന്ന കുറെ സഭാമക്കളുടെ വാദവും, 'തങ്ങളാണ് സഭ' എന്നു ചിലപ്പോഴെങ്കിലും ചിന്തിച്ചുപോകുന്ന സഭാധികാരികളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ചിന്തയും ഒരുപോലെ തെറ്റാണ്. സഭയുടെ അധികാരികളും അതിലെ മനുഷ്യനിര്‍മിതങ്ങളായ എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഇല്ലാതായേക്കാം. എന്നാല്‍, ദൈവപുത്രനായ ഈശോമിശിഹായുടെ ശരീരമെന്ന നിലയില്‍ നിത്യതയിലുള്ള സഭയുടെ അസ്തിത്വം ഇല്ലാതാകില്ല. നാമോരോരുത്തരുമാകട്ടെ തായ്ത്തണ്ടായ സഭയോടു ചേര്‍ന്നുനിന്ന് അവളില്‍നിന്ന് ആവശ്യകമായ പോഷകങ്ങള്‍ സ്വീകരിക്കുകയും പരസ്പരം വളര്‍ത്തുകയും ചെയ്യുന്നു.
ഭൗതികമായി നമുക്കു കാണാന്‍ സാധിക്കുന്ന, സഭയിലെ വലിയ സ്ഥാപനങ്ങളെയും  അതു നടത്തിക്കൊണ്ടുപോകുന്നവരുടെ ഭരണചാതുര്യത്തെയുമൊക്കെ സഭയുടെ ഉള്ളും ഉള്ളടക്കവുമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ വിശ്വാസികളുടെ ആത്മീയവളര്‍ച്ച ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയുമായി വിലയിരുത്തുന്നു. ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ സഭയില്‍നിന്നകന്നുപോകുന്ന, വിശ്വാസം ഇല്ലാതാകുന്ന പ്രവണത കൂടുതലാണ്. സഭയെന്നാല്‍ ഈ സ്ഥാപനങ്ങളല്ല എന്നും, അത് മിശിഹായുടെ ശരീരമാണെന്നും, ആ ശരീരത്തോടു ചേര്‍ക്കപ്പെട്ടവരാണ് നമ്മള്‍ എന്നുമുള്ള ബോധ്യം വളര്‍ന്നുവരേണ്ടിയിരിക്കുന്നു.
നോഹയുടെ പെട്ടകം - പുതിയ ഉടമ്പടിയിലെ സഭ
ഇന്നത്തെ ആദ്യവായന നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ളതാണ് (ഉത്പ 8:1-11). ജലപ്രളയത്തിനു മുമ്പായി ദൈവം നോഹയോട് പെട്ടകം നിര്‍മ്മിക്കാനാവശ്യപ്പെട്ടു. ആ പെട്ടകം പ്രളയകാലത്ത് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനമായി മാറി. പ്രളയത്തിനുശേഷം നോഹ പെട്ടകം തുറന്ന് ജീവജാലങ്ങളെ പെറ്റുപെരുകാനായി പുറത്തേക്കു വിടുന്നു.
നോഹയുടെ പെട്ടകം സഭയുടെ പ്രതീകമാണ്. സഭ മനുഷ്യരക്ഷയുടെ പെട്ടകമാണ്. ഈ ലോകത്തിന്റെ പ്രളയങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന മനുഷ്യര്‍ക്ക് അഭയം നല്‍കുന്നതിനുള്ള, രക്ഷ നേടുന്നതിനുള്ള ബൃഹത്തായ സംവിധാനമാണ് സഭ. സഭയാകുന്ന പെട്ടകം എല്ലാത്തരത്തിലുമുള്ള ആളുകളെയും സ്വീകരിക്കുന്നു. വഴി തെറ്റിപ്പോയവരെ വിശുദ്ധീകരിച്ച് ഉള്ളിലേക്കു സ്വീകരിക്കുന്നു. നല്ല മനുഷ്യര്‍ക്ക് കൂടുതല്‍ വിശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളൊരുക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ ദൈവമനുഷ്യസമാഗമത്തിന്റെ അള്‍ത്താരയിലെത്തിക്കുന്നു. അങ്ങനെ സഭ മനുഷ്യരക്ഷയുടെ മാധ്യമവും മനുഷ്യരക്ഷ നടക്കുന്ന സംവിധാനവുമായി മാറുന്നു.
ഈശോയുടെ ഉദ്യാനം സഭ
അതിതീക്ഷ്ണമായി പ്രണയിക്കുന്ന കാമുകീകാമുകന്മാരുടെ ഭാഷയില്‍ ദൈവമനുഷ്യബന്ധത്തെ ചിത്രീകരിക്കുന്ന പുസ്തകമാണ് ഉത്തമഗീതം. ഈശോയും സഭയുമായുള്ള ബന്ധത്തെ അതില്‍ ദര്‍ശിക്കാനാവും. ദൈവത്തിന്റെ ഉദ്യാനമാണ് സഭ. ദൈവത്തിന്റെ മക്കളായ നമ്മെ വിശുദ്ധിയുടെ കവചംകൊണ്ട് സംരക്ഷിച്ചുനിറുത്തുന്ന ഉദ്യാനം (ഉത്തമഗീതം 6:2). സഭയില്‍ പ്രസരിക്കുന്ന വിശുദ്ധിയുടെ പരിമളം ദൈവത്തെ സന്തോഷിപ്പിക്കുന്നു. വിശുദ്ധിയുടെ പരിമളം പരത്തുന്ന തന്റെ ജനത്തെ സന്ദര്‍ശിക്കാന്‍ അവന്‍ തന്റെ ഉദ്യാനത്തിലേക്കിറങ്ങുന്നു.
'ഞാനെന്റെ പ്രിയന്റേതാണ്' (6,3മ) എന്ന നിരന്തരബോധ്യം വിശുദ്ധിയുടെ പരിമളത്തോടെ എന്നും ജീവിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നു. 'എന്റെ പ്രിയന്‍ എന്റേതും' (6,3യ) എന്ന വിശ്വാസം അത്യുന്നതന്റെ സംരക്ഷണയിലാണ് താന്‍ എന്ന ആശ്വാസത്തില്‍ ഈ ലോകത്തില്‍ തുടരാന്‍ അവളെ പ്രാപ്തയാക്കുന്നു. സഭയുടെ മാഹാത്മ്യം ആട്ടിന്‍പറ്റത്തിന്റെ ഓമനത്തത്തോടും ആശ്രയത്വത്തോടും പൂവുകളിലെ രാജ്ഞിയായ ലില്ലിപ്പൂവിന്റെ നൈര്‍മല്യത്തോടും ചേര്‍ത്തുവച്ചിരിക്കുന്നു. 'സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിലാണ്' മിശിഹായെ സ്തുതിക്കുന്നതെന്ന് വി. കുര്‍ബാനയില്‍ മദ്ബഹായുടെ വിരി തുറക്കുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയില്‍ നാം അനുസ്മരിക്കുന്നുണ്ടല്ലോ.
സഭ - ജീവന്റെ അപ്പത്തിലേക്ക് എത്തിക്കുന്ന വഞ്ചി
യോഹന്നാന്റെ സുവിശേഷത്തില്‍നിന്നുള്ള ഇന്നത്തെ വായനയില്‍ (യോഹ 6:16-24) പരാമര്‍ശിക്കപ്പെടുന്ന സഭ ഈ ലോകത്തിന്റെ ക്ഷോഭങ്ങളില്‍നിന്നു സംരക്ഷിച്ച്, ജീവന്റെ അപ്പമാകുന്ന ഈശോമിശിഹായിലേക്കു തന്റെ മക്കളെ എത്തിക്കുന്ന വഞ്ചിയാണ്. കടലിനക്കരെ കഫര്‍ണാമിലേക്ക് ശിഷ്യന്മാര്‍  പുറപ്പെടുന്നത് ജീവന്റെ അപ്പത്തെ തിരിച്ചറിയുന്നതിനാണ് (യോഹ 6:25-29).
ഒരേസമയം മനുഷ്യരുടെയും ദൈവത്തിന്റെയുമായി സഭയെ മനസ്സിലാക്കാന്‍  കഴിയുന്ന മറ്റൊരു സാദൃശ്യമില്ല. ലോകജീവിതത്തിന്റെ ക്ഷോഭങ്ങളിലൂടെ, അന്ധകാരശക്തികളുടെ പേടിപ്പെടുത്തുന്ന പ്രബലതയില്‍ സഭ തന്റെ മക്കളെയുമായി, ജീവന്റെ അപ്പമാകുന്ന പ്രിയനെയും തേടി സ്വര്‍ഗരാജ്യമാകുന്ന അക്കരയ്ക്കു യാത്ര ചെയ്യുകയാണ്. തന്റെ പ്രിയതമയെയും കാത്ത്, തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനിറങ്ങിയവന്‍ അവളെ സമീപിക്കുന്നു. തന്റെ സംരക്ഷകനെ തിരിച്ചറിയാന്‍ സഭയാകുന്ന വഞ്ചിക്കു കഴിയുന്നുണ്ട്. അതുകൊണ്ടാണല്ലോ അവന്‍ കയറിയ നിമിഷംതന്നെ ആ വഞ്ചി അവര്‍ ലക്ഷ്യംവച്ച കരയ്ക്കടുക്കുന്നത് (6:21യ).
എന്നാല്‍, വഞ്ചിക്കുള്ളിലെ  ചില യാത്രക്കാര്‍ക്ക് അവനെ തിരിച്ചറിയാനാവുന്നില്ല. അവര്‍ ഭയപ്പെടുന്നു, വിറയ്ക്കുന്നു, കോപിക്കുന്നു, ആക്രോശിക്കുന്നു. സഭയുടെ ആധികാരികത തള്ളിപ്പറയുന്നു. മാനുഷികമായ സകല കോലാഹലങ്ങളും കാട്ടിക്കൂട്ടുന്നു. ഈശോയെ വഞ്ചിയില്‍ പ്രവേശിപ്പിക്കണമെന്ന് അവര്‍ക്കാഗ്രഹമില്ല. മറിച്ച്, തങ്ങളുടെ കാര്യം നേടണമെന്നു മാത്രം ആഗ്രഹിക്കുന്നു. ഈശോയെ വഞ്ചിയില്‍ കയറ്റണമെന്ന് ആഗ്രഹിക്കുന്നവരെ അവര്‍ ബഹളം വച്ച് സമ്മര്‍ദമുപയോഗിച്ച് മാറ്റിനിറുത്തുന്നു.
സഭയുടെ ഭാവി - സ്വര്‍ഗീയജറൂസലേം
വെളിപാടിന്റെ പുസ്തകത്തില്‍നിന്നുള്ള ലേഖനഭാഗം (വെളി 21:9-14) സഭയുടെ ഭാവിമഹത്ത്വം വര്‍ണിക്കുന്നു. ദൈവം യോഹന്നാനോടു പറയുന്നത്, 'കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചുതരാം' എന്നാണ് (21:9). എന്നാല്‍, കാണിച്ചുകൊടുക്കുന്നതാകട്ടെ 'സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്ന വിശുദ്ധനഗരമായ ജറൂസലേമിനെ'യും (21:10). കുഞ്ഞാടിന്റെ മണവാട്ടി ഒരു വ്യക്തിയല്ല, ഒരു നഗരമാണ്, ഒരു സമൂഹമാണ്. പഴയ ഉടമ്പടിയിലെ ദൈവത്തിന്റെ നഗരമായ ജറൂസലേം പുതിയ ഉടമ്പടിയില്‍ മഹത്ത്വീകരിക്കപ്പെട്ട സഭയായി മാറുന്നു.
സഭയിലെ അംഗങ്ങളെന്നനിലയില്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കാം. 1. സഭ ഈശോയുടെ ശരീരമാണ്. അതിനാല്‍, അവള്‍ പൂര്‍ണമായും ആധ്യാത്മികവും സ്വര്‍ഗീയവുമാണ്. 2. സഭയാകുന്ന മിശിഹായുടെ ശരീരം നിര്‍മിക്കപ്പെടുന്നത് വിശ്വാസികളിലാണ്. ഒരേസമയം സഭയില്‍നിന്നു പോഷകങ്ങള്‍ സ്വീകരിക്കുന്നവരും സഭയിലേക്കു പോഷകങ്ങള്‍ നല്‍കുന്നവരുമാണ് നമ്മള്‍ എന്നു മറക്കാതിരിക്കാം.

Login log record inserted successfully!