•  25 Apr 2024
  •  ദീപം 57
  •  നാളം 7
വര്‍ത്തമാനം

രാമായണവും ഇന്ത്യന്‍ സംസ്‌കാരവും

ത് കര്‍ക്കിടകമാസം. തോരാമഴയുടെ നാളുകള്‍. പഞ്ഞക്കര്‍ക്കിടകമെന്നു പഴമൊഴി. 
ഇതിനൊരു മറുവശംകൂടിയുണ്ട്. കര്‍ക്കിടകം രാമായണമാസമാണ്. രാമകഥയുടെ നിരന്തരാലാപനംകൊണ്ട് ഹൈന്ദവസഹോദരങ്ങളുടെ ഭവനങ്ങളാകെ പവിത്രമാകുന്ന കാലം.
ഹൈന്ദവഗൃഹങ്ങളില്‍ രാമായണം വായിക്കുന്ന പാരമ്പര്യം കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേയുണ്ട്. എന്നാല്‍, സംഘടിതരൂപത്തില്‍ രാമായണമാസം ആചരിക്കാന്‍ തുടങ്ങിയത് 1982 ല്‍ മാത്രമാണ്.
ആ വര്‍ഷം എറണാകുളത്തു ചേര്‍ന്ന വിശാലഹിന്ദുസമ്മേളനമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ചിന്മയാനന്ദസ്വാമികള്‍, ഡോ. കരണ്‍സിംഗ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അവിടെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ജൂണ്‍ ആറിന് എറണാകുളം ദക്ഷിണഭാരതഹിന്ദിപ്രചാരസഭാഹാളില്‍ ചേര്‍ന്ന വിശാലഹിന്ദുസമ്മേളന നിര്‍വ്വാഹകസമിതിയാണ് കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കാന്‍ തീരുമാനിച്ചത്.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അവരുടെ സാംസ്‌കാരികപ്രസ്ഥാനമായ പുരോഗമനകലാസാഹിത്യസംഘവും ഇതിനെതിരേ പരസ്യമായി രംഗത്തുവന്നു. 1930 കള്‍ മുതല്‍ രാമായണവും മഹാഭാരതവും ചുട്ടെരിക്കണം എന്നു നിലവിളിച്ചിരുന്ന ചില സാംസ്‌കാരികനായകരും രാഷ്ട്രീയബുദ്ധിജീവികളും കേരളത്തിലുണ്ടായിരുന്നു. അതു വീണ്ടും പല വേദികളില്‍നിന്നുയര്‍ന്നു.
രാമായണ മഹാഭാരതങ്ങള്‍ കേരളജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന വീക്ഷണഗതിയാണു സാധാരണക്കാരുടെ മനസ്സില്‍ ഉണര്‍ത്തിവിടുന്നതെന്നും അവയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകളെ തകര്‍ത്തു മുന്നേറിയാലേ കേരളജനതയ്ക്കു സ്വയം പരിഷ്‌കരിക്കാനും സാഹിത്യവും സംസ്‌കാരവും വികസിപ്പിച്ചെടുക്കാനും കഴിയുകയുള്ളൂ എന്നുമായിരുന്നു മാര്‍ക്‌സിസ്റ്റാചാര്യന്‍ ഇ.എം.എസിന്റെ നിലപാട്.
ഇതൊന്നും വകവയ്ക്കാതെ ഹിന്ദുമതവിശ്വാസികള്‍ രാമായണമാസാചരണവുമായി മുന്നോട്ടുതന്നെ പോയി. കുറെക്കഴിഞ്ഞപ്പോള്‍ ഇ.എം.എസ്. നിലപാടു തിരുത്തി. രാമായണംപോലെയുള്ളക്ലാസിക്കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്‌സിസ്റ്റുവിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിക്കുന്നതു പ്രാകൃതകമ്യൂണിസമാണെന്നും അദ്ദേഹം സിദ്ധാന്തിച്ചു! അതോടെ എതിര്‍പ്പുകള്‍ പതുക്കെപ്പതുക്കെ കെട്ടടങ്ങി.
1930 കളില്‍ ഇടതുപക്ഷചിന്താഗതി ശക്തിപ്പെട്ടുതുടങ്ങിയതോടെ കേരളത്തില്‍ മതവിരുദ്ധതയും നാസ്തികതയും കൂടുതല്‍ പ്രചാരം നേടി. വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ നല്ലൊരു പങ്ക് യൗവനത്തിളപ്പില്‍ ഈ പ്രവണതയുടെ വക്താക്കളും പ്രയോക്താക്കളുമായി മാറി. ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും മറിച്ചു നോക്കുകപോലും ചെയ്യാതെ അവയ്‌ക്കെതിരേ ആക്ഷേപം ചൊരിയുന്നതു പുരോഗമനത്തിന്റെയും ബൗദ്ധികജീവിതത്തിന്റെയും അടയാളങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. അതിനെതിരേ നിലപാടെടുക്കുന്നവരെ യാഥാസ്ഥിതികരെന്നും പുരോഗമനവിരുദ്ധരെന്നും മുദ്രയടിച്ചു.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീനാരായണഗുരു കേരളത്തിനു സമ്മാനിച്ച മഹാവാക്യത്തെ ജാതി വേണ്ട, മതം വേണ്ടാ, ദൈവം വേണ്ട മനുഷ്യന് എന്നവര്‍ വികലമാക്കി വിളിച്ചുകൂവി നടന്നു. ഈ ആത്മവിനാശകപ്രവണതയ്ക്ക് ഒരു പ്രത്യൗഷധമെന്ന നിലയില്‍ കൂടിയാണ് രാമായണമാസാചരണം നിലവില്‍ വന്നത്. ആദ്യകാലത്തെ എതിര്‍പ്പുകാരുടെ പിന്മുറക്കാരൊക്കെ ഇന്ന് ഈ വിശുദ്ധീകരണപ്രക്രിയയുടെ പങ്കാളികളാണെന്നത് കൗതുകകരം മാത്രമല്ല, ആശ്വാസകരം കൂടിയാണ്.
എന്താണ് രാമായണത്തിന്റെ പ്രസക്തി? അതു പ്രാചീനമായ ഒരു ഇതിഹാസം മാത്രമല്ല. ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും സാംസ്‌കാരികമഹത്ത്വത്തിന്റെ ആകരവും പ്രതീകവും കൂടിയാണത്. ആര്‍ഷസംസ്‌കാരത്തിന്റെ വേരുകള്‍ ആ ഇതിഹാസകഥയിലാണു കണെ്ടത്തേണ്ടത്. ഇന്ത്യന്‍ ജനതയുടെ ജീവിതവീക്ഷണത്തെയും മൂല്യബോധത്തെയും രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട്‌രാമായണമെന്ന സാംസ്‌കാരികഗംഗാപ്രവാഹം ആയിരത്താണ്ടുകളായി ഈ മണ്ണില്‍ ഒഴുകി പടര്‍ന്നുപോരുന്നു. ഇന്നും അതു തുടര്‍ന്നുകൊണേ്ടയിരിക്കുന്നു.
ശ്രീരാമന്‍ എന്ന ആദര്‍ശപുരുഷന്റെ ജീവിതകഥയാണ് രാമായണം. രാമന്റെ അയനം രാമായണം. അയനം സഞ്ചാരമാര്‍ഗ്ഗം. ഉത്തമപുരുഷനും മാതൃകാരാജാവുമാണ് രാമന്‍. അദ്ദേഹത്തിന്റെ ജീവിതം ഓരോ ഭാരതീയനും മാതൃക. രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ രാമന്‍ (നരപേഷു രാമഃ) എന്നൊരു പ്രശസ്തി ഭാരതത്തില്‍ പണ്ടുമുതലേ പ്രചാരത്തിലുണ്ട്.
മാതൃകാരാജാവു മാത്രമല്ല രാമന്‍. അദ്ദേഹം മാതൃകാ ഭര്‍ത്താവും പുത്രനും സഹോദരനും കൂടിയാണ്. അദ്ദേഹത്തെപ്പോലെയേ ഒരാള്‍ക്കു നല്ല ഭര്‍ത്താവായിരിക്കാന്‍ കഴിയൂ. അച്ഛനെ അനുസരിക്കുന്ന പുത്രനായിരിക്കാനാവൂ. സഹോദരങ്ങളെ സ്‌നേഹിക്കുന്ന സഹോദരനായിരിക്കാന്‍ കഴിയൂ. അതുപോലെതന്നെ സീതയും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനുമൊക്കെ. കൈകേയിയും കൗസല്യയും സുമിത്രയും മാതൃകാമാതാക്കള്‍. ദശരഥന്‍ മാതൃകാപിതാവും.
ശ്രീരാമന്‍ എന്നും സത്യത്തിന്റെ പക്ഷത്താണ്. പിതാവിന്റെ വാക്കുപാലിക്കാന്‍ രാജ്യം സഹോദരനു വിട്ടുകൊടുത്തു. പതിന്നാലു വര്‍ഷത്തെ വനവാസം സ്വീകരിച്ചു. അധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ രാവണനെ സംഹരിച്ചു. സീതയെ വീണെ്ടടുത്തു. പക്ഷേ, മറ്റൊരു നിര്‍ണായകഘട്ടത്തില്‍ ജനാഭിപ്രായം മാനിച്ചുകൊണ്ട് സീതയെ പരിത്യജിച്ചു. ശിഷ്ടജീവിതം മുഴുവന്‍ ധര്‍മ്മപത്‌നിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടു വിഭാര്യനായിക്കഴിഞ്ഞു. യജ്ഞപൂര്‍ത്തിക്കു ഭാര്യാസാന്നിധ്യം അനിവാര്യമാണെന്നുവന്നപ്പോള്‍ മറ്റൊരു സ്ത്രീയെ സ്വീകരിക്കാതെ സീതയുടെ കാഞ്ചനപ്രതിമയുണ്ടാക്കി പകരം വച്ചു!
ഒന്നാലോചിച്ചാല്‍ കോസലരാജ്യാധിപതിയായ ശ്രീരാമന്റെ ജീവിതം ഒരു നീണ്ട സ്വയംപീഡനത്തിന്റെ കഥയാണ്. അദ്ദേഹം എന്നും മറ്റുള്ളവരുടെ ഇഷ്ടം മാനിച്ചു. സ്വന്തം ഇഷ്ടങ്ങള്‍ പരിത്യജിച്ചു. നിരന്തരദുഃഖങ്ങളുടെ ഉലയില്‍ നീറിത്തെളിഞ്ഞ ഒരു പവിത്രജീവിതമായിരുന്നു ശ്രീരാമന്റേത്. അതുകൊണ്ടാണ് ആ ജീവിതകഥ എന്നും എല്ലാവര്‍ക്കും ആത്മവിശുദ്ധീകരണത്തിനുള്ള ഉപാധിയായി പരിണമിച്ചത്.
എന്നാണ് ശ്രീരാമനും സീതയുമൊക്കെ ജീവിച്ചിരുന്നത്? ത്രേതായുഗത്തില്‍ എന്നാണു മറുപടി. അതൊക്കെ കടങ്കഥപോലെയുള്ള കാലഗണന. പക്ഷേ, ഒന്നു തീര്‍ത്തു പറയാം: എന്നെങ്കിലും അങ്ങനെയൊരു മഹാരാജാവ് ഇവിടെ ജീവിക്കുകയും ജനരക്ഷ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. രാമായണകാവ്യകാരന്മാരുടെ ആഖ്യാനമനുസരിച്ച് അദ്ദേഹം ജീവിച്ചിരുന്നത് അയോധ്യയിലാണ്. കോസലരാജ്യത്തിന്റെ തലസ്ഥാനനഗരം. അയോധ്യയെ ചുറ്റിയൊഴുകുന്ന സരയൂനദിയിലാണദ്ദേഹം സമാധിയടഞ്ഞത്.
രാമായണം ആദികാവ്യം എന്നറിയപ്പെടുന്നു. അതെഴുതിയ വാല്മീകി മഹര്‍ഷി ആദികവിയും. വാല്മീകിയുടെ ജീവിതകാലം ബി.സി. മൂന്നാം നൂറ്റാണ്ടാണെന്നു ഗവേഷകന്മാര്‍ പറയുന്നു. ബി.സി.ആറാം നൂറ്റാണ്ടുമുതലേ രാമകഥ പ്രചാരത്തിലുണ്ടായിരുന്നത്രേ. അതൊരു സമഗ്ര ഇതിഹാസരചനയായി രൂപപ്പെടുത്തിയത് വാല്മീകിയാണ്. അതുവരെ അതൊക്കെ ഒരുകൂട്ടം കഥകള്‍ മാത്രമായിരുന്നു.
ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. വാല്മീകിരാമായണത്തില്‍ ശ്രീരാമന്‍ തുടങ്ങിയ കഥാപാത്രങ്ങളൊന്നും അവതാരപുരുഷന്മാരല്ല. അത്തരമൊരു മാറ്റം വരുന്നത് അദ്ധ്യാത്മരാമായണം മുതലാണെന്നു കരുതപ്പെടുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് അദ്ധ്യാത്മരാമായണത്തിന്റെ രചനയെന്നാണു പൊതുധാരണ. അതല്ല, പതിന്നാലാം നൂറ്റാണ്ടിലാണെന്നും വാദമുണ്ട്. അതെന്തായാലും അദ്ധ്യാത്മരാമായണത്തോടെ രാമായണകഥ ജനമനസ്സുകളില്‍ കുറെക്കൂടി ആഴത്തില്‍ പതിഞ്ഞു. രാമഭക്തിയും ശ്രീരാമാരാധനയും പ്രചാരത്തിലായി. വാല്മീകി പകര്‍ന്നുനല്കിയ രാജനീതിക്കും മാനവസാഹോദര്യത്തിനും കൂടുതല്‍ ദാര്‍ഢ്യം ലഭിച്ചു.
1982 ലാണ് രാമായണമാസാചരണത്തിനു തുടക്കമായത് എന്നു പറഞ്ഞല്ലോ. ആ വര്‍ഷത്തിനു മറ്റൊരു യാദൃച്ഛികതകൂടിയുണ്ട്. രാമായണത്തെക്കുറിച്ചുള്ള എക്കാലത്തെയും വിശിഷ്ടമായ പഠനഗ്രന്ഥം രാമകഥയുടെ ഉത്പത്തിയും വികാസവും തയ്യാറാക്കിയ ഫാദര്‍ കമില്‍ ബുല്‍ക്കെ നിര്യാതനായതും ആ വര്‍ഷമാണ്, ഓഗസ്റ്റ് 17 ന്. 
ഫാദര്‍ കമില്‍ ബുല്‍ക്കെ(1909-1982)യുടെ ജനനം ബല്‍ജിയത്തിലാണ്. സിവില്‍ എഞ്ചിനീയറിംഗില്‍ ലുറെയില്‍ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയശേഷം ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം 1935 ല്‍ ഇന്ത്യയിലെത്തി. 1941 ല്‍ വൈദികനായി. ഇന്ത്യയുടെ സംസ്‌കാരവും സാഹിത്യവും അദ്ദേഹത്തെ ആശ്ചര്യഭരിതനാക്കി. മഹത്തായ ഈ സംസ്‌കാരപാരമ്പര്യം വിസ്മരിച്ച് അഭ്യസ്തവിദ്യര്‍പോലും ഇംഗ്ലീഷ് സംസ്‌കാരത്തിനു പിന്നാലെ പോകുന്നത് അദ്ദേഹത്തിനു ശോചനീയമായിത്തോന്നി.
ഹിന്ദിഭാഷ ഔദ്യോഗികമായി പഠിച്ചു യോഗ്യത നേടിയ അദ്ദേഹം 1949 ല്‍ റാഞ്ചി സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഹിന്ദി വിഭാഗം മേധാവിയായി ഔദ്യോഗികജീവിതത്തില്‍ പ്രവേശിച്ചു. 'രാമകഥ ഉദ്ഭവവും വികാസവും' എന്ന വിഷയത്തില്‍ അലഹബാദ് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റു നേടി. അത്ര വിഷയത്തില്‍ത്തന്നെ വിപുലമായ ഗവേഷണപഠനം നടത്തി ഡി.ഫില്‍ കരസ്ഥമാക്കി. 1951 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ബൈബിള്‍ ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്തു. സുവിശേഷങ്ങളെ ആധാരമാക്കി 'മുക്തിദാതാ' എന്ന പേരില്‍ യേശുവിന്റെ ജീവിതകഥ തയ്യാറാക്കി. നാല്പതിനായിരത്തിലധികം വാക്കുകളുള്ള ഇംഗ്ലീഷ് - ഹിന്ദി - നിഘണ്ടുവും പ്രസിദ്ധീകരിച്ചു. ഇന്ന് ഹിന്ദി മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഈ നിഘണ്ടുവാണ്.
രാമകഥയുടെ മഹാപ്രപഞ്ചത്തിലേക്ക് അദ്ദേഹം കടന്നു ചെല്ലുന്നത് തുളസീദാസിന്റെ 'രാമചരിതമാനസ'ത്തിലൂടെയാണ്. യേശുവിന്റെ പ്രബോധനങ്ങളും രാമചരിതമാനസത്തിലെ നൈതികമൂല്യങ്ങളും താരതമ്യം ചെയ്യുന്ന ഒരു പഠനവും ബുല്‍ക്കെയുടേതായിട്ടുണ്ട്. 
ഇന്ത്യന്‍ ഭാഷകളിലും ചില ഏഷ്യന്‍ ഭാഷകളിലും പ്രചാരത്തിലുള്ള രാമകഥാപാഠങ്ങള്‍ മുഴുവന്‍ ശേഖരിച്ചു താരതമ്യം ചെയ്തു തയ്യാറാക്കിയ രാമകഥാപഠനം ഇതിഹാസമാനമുള്ള മഹത്തായ ഗവേഷണഗ്രന്ഥമാണ്. നാളിതുവരെ ഒരു ഇന്ത്യന്‍ പണ്ഡിതനും എത്തിച്ചേരാന്‍ കഴിയാത്ത മേഖലകളിലൂടെ ഈ ഈശോസഭാവൈദികന്‍ നടത്തിയ സാഹസികമായ അന്വേഷണയജ്ഞം ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ഉണ്ടായ എക്കാലത്തെയും മഹത്തായ രാമായണപഠനത്തിനു രൂപം നല്കി.
ഈ സംഭാവനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാഗവണ്മെന്റ് 1974 ല്‍ പത്മഭൂഷണ്‍ നല്കി ആദരിച്ചു. രാമായണത്തിന്റെ മഹത്ത്വം ഫാദര്‍ കമില്‍ ബുല്‍ക്കെയെപ്പോലെ മറ്റാരും ഇത്ര സമഗ്രമായി ഉള്‍ക്കൊള്ളുകയും ആവിഷ്‌കരിക്കുകയും ചെയ്തിട്ടില്ല.

 

Login log record inserted successfully!