•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

നല്ല ഫലങ്ങള്‍ ദൈവത്തില്‍നിന്നുമാത്രം

ഓഗസ്റ്റ്  21 കൈത്താക്കാലം അഞ്ചാം ഞായര്‍
ലേവ്യ 16 : 20-28  ഏശ 14 : 1-15
യൂദാ 1 : 8-13 ലൂക്കാ 11 : 14-26

കൈത്താക്കാലത്തിന്റെ അഞ്ചാം ഞായറാഴ്ച ദൈവത്തിന്റെ അപരിമേയശക്തിയെക്കുറിച്ചും, ആ ശക്തിയില്‍ അഭയം തേടാത്തവര്‍ക്കു പിശാച് ഉണ്ടാക്കുന്ന നാശത്തെക്കുറിച്ചും സഭ ധ്യാനിക്കുന്നു. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ദൈവത്തോടു ചേര്‍ന്നിരിക്കുന്നവരാണെന്നും പിശാചിന് ഇടംകൊടുക്കുന്നവര്‍ സ്വനാശത്തിലേക്കു പതിക്കുന്നുവെന്നും സംശയലേശമെന്യേ വചനം പഠിപ്പിക്കുന്നു. പാപമില്ലാത്ത മനുഷ്യനില്ല. എന്നാല്‍, പാപത്തെ നിഹനിക്കുന്ന ദൈവത്തിന്റെ കരുണയില്‍ മനുഷ്യന്‍ അഭയംതേടുമ്പോള്‍ പാപം പരിഹരിക്കപ്പെടും.
ഒന്നാംവായന പാപപരിഹാരബലിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തില്‍നിന്നുള്ളതാണ് (ലേവ്യ. 16:20-28). ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന സാഹചര്യം പാപത്തിന്റേതാണ്. പാപം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയാണെന്ന് അവനറിയാം. മാനുഷികമായ തലത്തില്‍ പാപത്തിലേക്കുള്ള ചായ്‌വ് കൂടുതലാണുതാനും! അപ്പോള്‍, മനുഷ്യന് എന്താണു ചെയ്യാന്‍ കഴിയുക? പാപങ്ങള്‍ക്ക് ആരു പരിഹാരം ചെയ്യും? പാപത്തില്‍ വീണ് ദൈവത്തില്‍നിന്നകന്നിരിക്കുന്ന മനുഷ്യനു തന്റെതന്നെ പാപത്തിനു പരിഹാരം ചെയ്യാന്‍ കഴിയുമോ? ഇല്ല. പാപം ദൈവത്തിന്റെ പരിശുദ്ധിയില്‍നിന്നുള്ള മനുഷ്യന്റെ അകല്‍ച്ചയാണ്. അതുകൊണ്ടുതന്നെ ആ വിശുദ്ധിയിലേക്ക് മനുഷ്യന് തന്നെത്തന്നെ അടുപ്പിക്കാനാവില്ല. പാപം മനുഷ്യന്റെ ദൈവച്ഛായ നഷ്ടമാക്കുന്നതാണ്. നഷ്ടപ്പെട്ട ദൈവച്ഛായ കൃത്രിമമായി നിര്‍മിക്കാന്‍ മനുഷ്യനു കഴിയുകയില്ല. അതിന് ദൈവത്തിന്റെ സഹായംതന്നെ വേണം. അതിനാലാണ്, ദൈവം രക്ഷകനെ വാഗ്ദാനം ചെയ്യുന്നതും ഈശോമിശിഹാ നമുക്കുവേണ്ടി രക്ഷകനാകുന്നതും. സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഈശോമിശിഹാ മനുഷ്യന്റെ പാപപരിഹാരത്തിനായുള്ള ബലിയര്‍പ്പിക്കുന്നതുവരെ, മനുഷ്യന്‍ പാപപരിഹാരത്തിന്റെ മറ്റു മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. ദൈവത്താല്‍ നിര്‍ദേശിക്കപ്പെട്ട ഒരു വഴിയാണ് പാപപരിഹാരബലി. കുഞ്ഞാടിന്റെ രക്തംകൊണ്ട് പ്രതീകാത്മകമായി മനുഷ്യന്റെ പാപത്തിനുള്ള പരിഹാരം ചെയ്യുക. ''അഹറോന്‍... തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം'' (16:24). പ്രതീകങ്ങളെ നശിപ്പിച്ച് ഈശോതന്നെ പാപത്തിനുള്ള ബലിയായി.
തിന്മയുടെയും ദൈവനിഷേധത്തിന്റെയും പ്രതീകമായ ബാബിലോണ്‍ രാജാവിന്റെ ദുരവസ്ഥയെക്കുറിച്ച് ഏശയ്യാപ്രവാചകന്‍ രണ്ടാംവായനയില്‍ സംസാരിക്കുന്നു (ഏശ. 14:1-15). മര്‍ദകന്‍, ഔദ്ധത്യമുള്ളവന്‍, കോപിക്കുന്നവന്‍, ജനതകളെ പ്രഹരിക്കുന്നവന്‍, പ്രതാപി. ദൈവത്തെക്കാള്‍ ഉയരത്തില്‍ സിംഹാസനം സ്ഥാപിക്കുമെന്നും അത്യുന്നതനെപ്പോലെ താനും ആയിത്തീരുമെന്നും വീമ്പടിച്ചവനാണ് ബാബിലോണ്‍ രാജാവ്. ഇസ്രായേല്‍ തന്റെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാതെ തിന്മയിലേക്കു ചുവടുമാറ്റം നടത്തിയപ്പോള്‍, തിന്മയുടെ മൂര്‍ത്തീഭാവമായിരുന്ന ബാബിലോണ്‍ രാജാവിന് അവരെ അടിമകളാക്കാന്‍ ദൈവം അനുവദിച്ചു. നോക്കൂ! തിന്മ വലിയ തിന്മയോടു ചേര്‍ന്നുനില്ക്കുന്നു. ഇസ്രായേല്‍ജനത്തിന്റെയും ബാബിലോണ്‍ രാജാവിന്റെയും തിന്മ ഒന്നുതന്നെയായിരുന്നു: ദൈവത്തിനു നല്‍കേണ്ട പ്രഥമസ്ഥാനം നല്‍കിയില്ല! തന്നെത്തന്നെ അത്യുന്നതന്റെ സ്ഥാനത്തേക്കുയര്‍ത്തിയ ബാബിലോണ്‍ രാജാവും ദൈവത്തിനു പകരം  മറ്റു സൃഷ്ടവസ്തുക്കളില്‍ ആവാസം തേടിപ്പോകുന്ന ഇസ്രായേല്‍ജനവും ചെയ്ത തെറ്റ് ഗൗരവതരംതന്നെ.
പക്ഷേ, ഇസ്രായേലിന്റെമേല്‍ കാരുണ്യമുണ്ടാകും എന്നു പ്രവാചകന്‍വഴി ദൈവം വാക്കുകൊടുക്കുന്നു. അതിന് ഇസ്രായേല്‍ജനം വലിയ പാപപരിഹാരബലിയൊന്നും ചെയ്യേണ്ടതില്ല. കര്‍ത്താവിങ്കലേക്കു മനസ്സുതുറന്നാല്‍ മാത്രം മതി. ആ നിമിഷം 'കര്‍ത്താവിന് യാക്കോബിന്റെമേല്‍ കാരുണ്യമുണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും' (14:1). ഈ തിരിച്ചുവരവിന് ബാബിലോണ്‍ രാജാവ് തയ്യാറല്ലാതിരുന്നതിനാല്‍ അയാള്‍ 'പാതാളത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു' (14:15). ഈ തിരിച്ചറിവും അനുഭവസാക്ഷ്യവും നമ്മുടെ കണ്ണു തുറപ്പിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. ദൈവത്തിലേക്കുള്ള തുറവു മാത്രമാണ് നമ്മുടെ ജീവന്റെ അടിസ്ഥാനമെന്ന തിരിച്ചറിവുണ്ടായിരിക്കണം. പാപത്തില്‍ വീണാലും ദൈവത്തിന്റെ കാരുണ്യത്തിന്റെ തണല്‍ നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന ബോധ്യം ആ കാരുണ്യത്തിലൂടെ പാപമോചനം നേടാന്‍ നമ്മെ സഹായിക്കട്ടെ. തിരുസ്സഭയില്‍ വി. കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ച് നമ്മെ ദൈവത്തിന്റെ ഛായയിലേക്ക് എപ്പോഴും തിരികെ വിളിക്കുന്ന ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ!
തന്റെ ലേഖനത്തില്‍ യൂദാസ് 'വിശുദ്ധര്‍ക്ക് എന്നന്നേക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന്' വിശ്വാസികളോട് കര്‍ക്കശമായി ആവശ്യപ്പെടുന്നു (യൂദാ. 1:3)വിശ്വാസികളുടെയിടയില്‍ കയറിക്കൂടിയിരിക്കുന്ന ചില ദുഷ്ടമനുഷ്യര്‍, ''ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ ഈശോമിശിഹായെ തള്ളിപ്പറയുകയും ചെയ്യുന്നു (1:4). സഭയ്ക്കുള്ളിലെ തിന്മയുടെ ഈ ചാലകശക്തികളെ ദൈവം നിഗ്രഹിക്കുമെന്ന് യൂദാസ് ദൃഷ്ടാന്തങ്ങള്‍വഴി പഠിപ്പിക്കുന്നു (1:5-7). തുടര്‍ന്നുവരുന്ന ഇന്നത്തെ ലേഖനഭാഗം (യൂദാസ് 1:8-13), തിന്മയുടെ വക്താക്കളായ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശ്വാസികള്‍ എങ്ങനെ ഇവരോടു പ്രതികരിക്കണമെന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു. ഈ ദുഷ്ടര്‍ സ്വപ്നങ്ങളില്‍ നിമഗ്‌നരാണ്. അവര്‍ 'ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു' (1:8), 'തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളും ദുഷിക്കുന്നു' (1:10). വിശ്വാസികള്‍ക്കു ലഭിക്കുന്ന കൃപകൊണ്ടു നടത്തുന്ന വിവേചനമില്ലാതെ, വെറും ജന്മവാസനകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട് അവര്‍ തങ്ങളെത്തന്നെയും മറ്റുള്ളവരെയും മലിനരാക്കുന്നു. പക്ഷേ, ഇവരോടും ക്ഷമയോടെ പെരുമാറണമെന്ന് യൂദാസ് ഓര്‍മിപ്പിക്കുന്നു.
ദൈവാരാധനയുടെയും വിശ്വാസപ്രഖ്യാപനങ്ങളുടെയും കാര്യത്തില്‍  അറിവും പാരമ്പര്യവും വിവേകവും ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജന്മവാസനകൊണ്ട് ദൈവികകാര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. കുറച്ചുപേര്‍ ഒരുമിച്ചുകൂടി തങ്ങളാണു ശരി എന്നു പ്രഖ്യാപിച്ചാല്‍ തെറ്റു ശരിയാകില്ല എന്നതു പരമാര്‍ത്ഥമാണല്ലോ. യൂദാസിന്റെ ചിന്തകള്‍ എത്രമാത്രം കാലികപ്രസക്തിയുള്ളതാണെന്ന് ഇന്നത്തെ സാഹചര്യങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.
ജനങ്ങള്‍ക്കിടയില്‍ ഈശോയ്ക്കുള്ള അംഗീകാരത്തെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുന്ന കാര്യമാണ് ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള ഇന്നത്തെ വായന (ലൂക്കാ 11:14-26). യൂദാസിന്റെ ലേഖനത്തില്‍ കണ്ടതുപോലെ തിന്മയുടെ വക്താക്കളായ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ് ഈശോയ്‌ക്കെതിരേയും നാം കാണുന്നത്. ദൈവത്തിന്റെ അധികാരത്തെയും ആ അധികാരം ഉപയോഗിക്കുന്ന പുത്രനായ ഈശോമിശിഹായെയും തള്ളിപ്പറയുന്നു. മഹിമയണിഞ്ഞ ദൈവപുത്രനെ നിന്ദിക്കുന്നു. തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളെയും ദുഷിക്കുന്നു. അവരുടെ ഹൃദയത്തില്‍നിന്ന് നന്മയെ ഇല്ലായ്മ ചെയ്യാനുള്ള കുടിലതന്ത്രങ്ങള്‍ പുറത്തുവരുന്നു. പക്ഷേ, അവിടെയും ആത്യന്തികവിജയം നന്മയുടേതുതന്നെയാണ്. ദുഷ്ടതയ്ക്കും തിന്മയ്ക്കും അനുസരണക്കേടിനും ഇവയെ നിയന്ത്രിക്കുന്ന പൈശാചികശക്തികള്‍ക്കും എന്നന്നേക്കുമായി വിജയിക്കാനാവില്ല. ദൈവകരം അത്രമാത്രം ശക്തമാണ്.
ഒറ്റനോട്ടത്തില്‍ മനസ്സിലാകാത്ത കാര്യങ്ങള്‍ ഈശോ അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്നുണ്ട്. പിശാചിന് മറ്റൊരു പിശാചിനെ  പുറത്താക്കാനാവില്ല. അതുകൊണ്ടുതന്നെ ഈശോ പിശാചിനെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തികൊണ്ടാണെന്ന് ജനം മനസ്സിലാക്കണം.
നല്ല ഫലം പുറപ്പെടുവിക്കുന്നതിനുള്ള ഏറ്റവും പ്രധാന തടസ്സം പിശാചിന്റെ/പാപത്തിന്റെ/തിന്മയുടെ സാന്നിധ്യവും കുതന്ത്രങ്ങളുമാണ്. അവന്‍ നല്ലതിനെ ചീത്ത എന്നും ചീത്തയെ നല്ലതെന്നും പ്രചരിപ്പിക്കുന്നു. അനുസരണത്തെ എതിര്‍ക്കുന്നു. എതിര്‍ക്കുന്നതാണ് ഹീറോയിസം എന്നു പഠിപ്പിക്കും. തിന്മയോടു ചായ്‌വുള്ള മനസ്സില്‍ അവന്‍ വിഷം നിറയ്ക്കും. അതിനാല്‍, നമ്മെ പൂര്‍ണമായും ദൈവത്തോടു ചേര്‍ത്തുനിറുത്തണം. നമ്മിലൂടെ ധാരാളം നല്ല ഫലം ലോകത്തുണ്ടാകും. 

 

Login log record inserted successfully!