ഓഗസ്റ്റ് 14 കൈത്താക്കാലം നാലാം ഞായര്‍
നിയ 6 : 1 - 9 എസെ 3 : 16- 21
2 തെസ 2 : 13 - 17 മത്താ 13 : 44 - 52
വചനത്തിന്റെ ഫലപ്രാപ്തിയെ ദൈവം കാത്തിരിക്കുന്ന കൈത്താക്കാലത്തിന്റെ നാലാമത്തെ ഞായറാഴ്ച വചനപ്രഘോഷണത്തിന്റെ ഫലം എന്താണെന്നുള്ള കൃത്യമായ സൂചനകളും നല്ല ഫലം പുറപ്പെടുവിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങളും സഭാമാതാവ് കൈത്താക്കാലം നാലാം ഞായറാഴ്ചത്തെ വായനകളിലൂടെ നമുക്കു നല്കുന്നു.
നല്ല ഫലം ഉണ്ടാകേണ്ടതിനു പാലിക്കേണ്ട ഒന്നാമത്തെ കാര്യത്തെക്കുറിച്ചാണ് ഒന്നാം വായന (നിയമാ. 6:1-9). ഇന്നും യഹൂദരുടെ ദൈവവിശ്വാസത്തിന്റെയും പ്രായോഗികജീവിതത്തിന്റെയും കേന്ദ്രബിന്ദുവായ കല്പനയാണത്. ''ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്'' (6:4). ദ ഷേമാ എന്നറിയപ്പെടുന്ന, യഹൂദജനത്തിന്റെ പ്രതിദിനവിശ്വാസപ്രഖ്യാപനമാണിത്. നാമൊക്കെ 'കര്‍ത്താവിന്റെ മാലാഖ' എന്ന പ്രാര്‍ത്ഥന ദിവസം മൂന്നു പ്രാവശ്യം ചൊല്ലുന്നതുപോലെ യഹൂദജനം ദിവസവും ഉച്ചത്തില്‍ ആവര്‍ത്തിക്കുന്ന വിശ്വാസപ്രഖ്യാപനം. ''ഷേമാ ഇസ്രായേല്‍' എന്ന ഹീബ്രുവാചകത്തിന് ''ഇസ്രായേലേ കേള്‍ക്കുക'' എന്നാണര്‍ത്ഥം. ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചുനില്ക്കാന്‍ ഇന്നും യഹൂദജനത്തെ പ്രാപ്തരാക്കുന്ന ദൈവത്തിന്റെ ഉറപ്പാണ് ഈ കല്പന നല്കുന്നത്.
ദൈവം മോശയ്ക്കു നല്‍കുകയും, മോശ ഇസ്രായേല്‍ജനത്തിനു കൈമാറുകയും ചെയ്ത കല്പനകളുടെ പട്ടികയില്‍ ആദ്യത്തേതാണിത്. ഈ കല്പന പറയുന്നതിനുമുമ്പ്, ദൈവത്തിന്റെ കല്പനകള്‍ ശ്രദ്ധാപൂര്‍വം അനുഷ്ഠിച്ചാല്‍ ജനത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ദൈവം സൂചന നല്‍കുന്നുണ്ട്. രണ്ടു കാര്യങ്ങളാണു കല്പന കാക്കുന്നതിന്റെ ഫലങ്ങള്‍: ദീര്‍ഘായുസ്സും (6:2), സന്താനപുഷ്ടിയും (6:3). ശരാശരി മനുഷ്യന്‍ ഏറ്റവും ആഗ്രഹിക്കുന്ന രണ്ടു ജീവിതസാഫല്യങ്ങളാണവ. ഈ ലോകത്തിലെ ജീവിതം കൂടുതല്‍ അനുഭവിക്കുന്നതിനു ദീര്‍ഘായുസ്സ് സഹായിക്കുന്നു. സന്താനപുഷ്ടിയാകട്ടെ, ഒരു മനുഷ്യന്റെ പിന്തുടര്‍ച്ച ഭൂമിയില്‍ ഉറപ്പാക്കുന്നു. ഭൗതികമായ ലോകജീവിതത്തെ സംബന്ധിച്ച് പ്രസ്തുത നേട്ടങ്ങള്‍ കരഗതമാകണമെങ്കില്‍ തികച്ചും ആധ്യാത്മികവും ലോകജീവിതവുമായി ബന്ധമില്ലാത്തതുമായ ദൈവികജീവിതത്തെ മനുഷ്യന്‍ ആഗ്രഹിക്കണം. ദൈവവുമായുള്ള ബന്ധം ശരിയായി നിലനിറുത്തിക്കൊണ്ടുമാത്രമേ ലോകജീവിതത്തിലെ സൗഭാഗ്യങ്ങളെ ശരിയായി ആസ്വദിക്കാനും സങ്കടങ്ങളെ അതിജീവിക്കാനും മനുഷ്യനു കഴിയൂ.
''നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരേയൊരു കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കണം'' (6:4-5). ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണോ ഇത്? ഒറ്റനോട്ടത്തില്‍ എളുപ്പമാണെന്നു തോന്നാം. എന്നാല്‍, ഈ കല്പന പ്രായോഗികജീവിതത്തില്‍ നടപ്പാക്കുമ്പോള്‍ മനുഷ്യന്‍ ചെയ്യേണ്ട ശൂന്യവത്കരണത്തിന്റെ ആഴം വലുതാണ്. എല്ലാം ഞാനുണ്ടാക്കി എന്ന ചിന്തയില്‍നിന്ന് ദൈവമാണ് എല്ലാത്തിന്റെയും സ്രഷ്ടാവെന്ന് ഞാന്‍ അംഗീകരിക്കണം. എനിക്കെല്ലാം സാധ്യമാണെന്ന അഹങ്കാരത്തില്‍നിന്ന് ദൈവത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന എളിമയിലേക്കു ഞാനിറങ്ങണം. വലിയൊരു സഹനവും ഇല്ലാതാകലും എളിമയും ഈ കല്പന ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഈ കല്പനയുടെ നടപ്പാക്കല്‍ മാത്രമാണ് മനുഷ്യന്റെ സ്വസ്ഥമായ, ഫലദായകമായ ജീവിതത്തിനടിസ്ഥാനം.
ദൈവത്തിന്റെ പ്രഥമവും പ്രധാനവുമായ സ്ഥാനത്തെക്കുറിച്ചു കല്പന നല്‍കപ്പെടുന്ന കാലത്തെ ജനം മാത്രം അറിഞ്ഞാല്‍ മതിയാകില്ല. മറിച്ച്, ജാഗരൂകതയോടെ (ഈ വചനങ്ങള്‍) നിങ്ങളുടെ മക്കളെ പഠിപ്പിക്കണം, അവയെപ്പറ്റി സംസാരിക്കണം (6:7), ഈ വചനങ്ങള്‍ കൈയില്‍ അടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം, വീടുകളില്‍ എഴുതണം (6:8). കൃത്യമായിപ്പറഞ്ഞാല്‍ ദൈവത്തെ സ്‌നേഹിക്കണം, ദൈവത്തെ അറിയണം, ദൈവത്തെക്കുറിച്ച് എഴുതണം. ജീവിതത്തിന്റെ സകല പ്രവൃത്തികളിലും ദൈവമുണ്ടായിരിക്കണം. ഇതാണ് ദൈവം ഇസ്രായേല്‍ജനത്തോടാവശ്യപ്പെടുന്നത്. ലോകത്തില്‍ സ്വസ്ഥത അനുഭവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതും ദൈവകേന്ദ്രീകൃതമായ ജീവിതമാണ്. നല്ല ഫലം പുറപ്പെടുവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുക എന്നതാണ്.
നല്ല ഫലം പുറപ്പെടുവിക്കുന്നതിന്, ദൈവത്താല്‍ മനുഷ്യരില്‍നിന്നു തിരഞ്ഞെടുക്കുന്നപ്പെടുന്നവരുടെ പങ്കിലേക്ക് രണ്ടാം വായന വിരല്‍ ചൂണ്ടുന്നു (എസ. 3: 16-21). 'ഇസ്രായേല്‍ ഭവനത്തിന്റെ' കാവല്‍ക്കാരനായിരിക്കുക എന്നതാണ് എസക്കിയേലിന്റെ ദൗത്യം (3:17). ദൈവം തന്റെ ജനത്തിനു സാന്ത്വനവും അനുഗ്രഹങ്ങളുമാണു നല്കുന്നതെങ്കില്‍ അവ പ്രവാചകന്‍ ജനത്തെ അറിയിക്കണം. ദൈവം ജനത്തിനു താക്കീതും ശാസനയും ശിക്ഷയുമാണു നല്കുന്നതെങ്കില്‍ അതും പ്രവാചകന്‍ ജനത്തെ അറിയിക്കണം. ജനത്തിന്റെ സന്തോഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ടവനല്ല പ്രവാചകന്‍; അവന്‍ ദൈവത്തിന്റെ സ്വരമാകേണ്ടവനാണ്. സഭയുടെ ഇന്നത്തെ അവസ്ഥയില്‍ ഈ നിരീക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. മിശിഹായുടെ സഭയില്‍ മിശിഹായുടെയും സഭയുടെയും സ്വരമാകേണ്ടവനാണ് വൈദികന്‍. സഭയ്‌ക്കോ ദൈവവചനത്തിനോ എതിരായി സംസാരിക്കാന്‍ വൈദികര്‍ക്ക് അധികാരമില്ല. ഈശോയുടെ, സഭയുടെ വാക്കുകള്‍ അതേപടി പാലിക്കുക എന്നതു മാത്രമാണ് വൈദികര്‍ ചെയ്യേണ്ടത്. അതിനപ്പുറമുള്ള എന്തും വൈദികര്‍ക്ക് അനുസരണക്കേടും അച്ചടക്കമില്ലായ്മയുമാണ്. ദൈവവചനവും സഭയുടെ പഠനങ്ങളും ശ്രദ്ധയോടെ ജനത്തിനു കൈമാറുന്ന പ്രവാചകനായ ഒരു വൈദികന്റെ ഇടവകയില്‍ വചനവിത്തിന്റെ ഫലങ്ങള്‍ ധാരാളമായുണ്ടാകും.
സുവിശേഷപ്രഘോഷണത്തിനുണ്ടാകേണ്ട യഥാര്‍ത്ഥഫലം എന്താണെന്നു മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള വായന (മത്താ. 13:44-52) സൂചിപ്പിക്കുന്നു. സ്വര്‍ഗരാജ്യത്തെ കണ്ടെത്തുക, അതില്‍ പ്രവേശിക്കുക എന്നതാണ് ആ ഫലം. ദൈവത്തിന്റെ വചനം പ്രഘോഷിക്കപ്പെടുന്നത് ലോകം മുഴുവനെയും സ്വര്‍ഗരാജ്യത്തിലേക്കു ക്ഷണിക്കുന്നതിനാണ്. ദൈവവചനമായ ഈശോമിശിഹായും നിത്യജീവനാകുന്ന പിതാവും ഒന്നുതന്നെയാണ്. അതായത്, വചനവും നിത്യജീവനും സ്വര്‍ഗരാജ്യവും ദൈവരാജ്യവും എല്ലാം ഒന്നുതന്നെ. മനുഷ്യനായി അവതരിച്ച വചനത്തെ ജീവിതത്തില്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആ മനുഷ്യന്‍ നിത്യജീവനില്‍ പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ, വചനത്തെ സ്വജീവിതത്തില്‍ സ്വീകരിക്കാന്‍ ആ വചനത്തെ തിരിച്ചറിയണം. അങ്ങനെ തിരിച്ചറിയുന്നവര്‍ സ്വയം ഇല്ലാതാക്കി ഭൗതികമായ നേട്ടങ്ങളും സമ്പത്തും ത്യജിച്ച് സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശിക്കണം.
സുവിശേഷപ്രഘോഷണത്തിന്റെ ആത്യന്തികഫലം സ്വര്‍ഗരാജ്യമാണെങ്കിലും സുവിശേഷപ്രഘോഷണംവഴിയുള്ള രക്ഷയുടെ ആദ്യഫലങ്ങള്‍ ഓരോ വിശ്വാസിയുമാണെന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു (തെസ 2:13). നാം നേരത്തേ കണ്ടതുപോലെ വചനത്തെ തിരിച്ചറിഞ്ഞു വചനമാകുന്ന ഈശോയില്‍ വിശ്വസിക്കുന്നവര്‍ നിത്യജീവനിലേക്കു പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. ''ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍'' (യോഹ 17:3). അങ്ങനെയെങ്കില്‍, വിശ്വാസം പ്രഖ്യാപിച്ച് മാമ്മോദീസാ സ്വീകരിച്ച എല്ലാവരും വചനവിത്തിന്റെ ഫലപ്രാപ്തിയുടെ അടയാളങ്ങളാണ്. ഈ തിരിച്ചറിവ് ദൈവജനത്തിനുണ്ടാകണമെന്ന് തിരുസ്സഭ ആഗ്രഹിക്കുന്നു. മാമ്മോദീസായിലൂടെ വിശ്വാസം സ്വീകരിച്ചവര്‍ രക്ഷയുടെ ഫലങ്ങള്‍തന്നെയാണെന്നു തിരിച്ചറിയുകയും രക്ഷയുടെ ആത്യന്തികഫലമായ നിത്യജീവനിലേക്ക്/ദൈവത്തിലേക്കുള്ള യാത്ര യഥോചിതം തുടരുകയും വേണം.