ഓഗസ്റ്റ് 7 കൈത്താക്കാലം മൂന്നാം ഞായര്‍
റൂത്ത് 1 : 6 - 18 പ്രഭാ 33 : 7- 13
റോമാ 12 : 3 - 8 ലൂക്കാ 10 : 38 - 42
ഈശോയിലുള്ള വിശ്വാസം. വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പിന്റെ ഫലമാണ്. വിവേകവും തിരിച്ചറിവുമുള്ള, സത്യത്തിലേക്കു കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിയാകാന്‍ കഴിയൂ. യഥാകാലം ഫലം നല്‍കുന്ന വിശ്വാസത്തിന്റെ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ചാണ് കൈത്താക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച സഭാമാതാവ് നമ്മോടു സംസാരിക്കുന്നത്.
ക്രിസ്തീയജീവിതം ഒരു തിരഞ്ഞെടുപ്പാണ്. സത്യദൈവമായ ഈശോമിശിഹായെ നാഥനും ജീവനുമായി അംഗീകരിക്കുക എന്ന തിരഞ്ഞെടുപ്പ്. നന്മയുടെയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അടിസ്ഥാനവും പൂര്‍ത്തീകരണവുമായ പരി. ത്രിത്വത്തെ അംഗീകരിക്കുന്ന തിരഞ്ഞെടുപ്പ്. കൈത്താക്കാലത്തില്‍ സുവിശേഷപ്രഘോഷണത്തിന്റെ ഫലപ്രാപ്തിയെ നോക്കിയിരിക്കുന്ന ദൈവപിതാവിനെ സന്തോഷിപ്പിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലമാകട്ടെ ദൈവം നമുക്കു തരുന്ന നിത്യജീവനാണ്. ജീവിതത്തില്‍ ക്രിസ്തുമാര്‍ഗത്തിലേക്കുള്ള വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്താന്‍ സഭാമാതാവ് എല്ലാവരെയും ക്ഷണിക്കുന്നു.
യഹൂദവംശജയല്ലാത്ത റൂത്ത് എന്ന മൊവാബ്യസ്ത്രീയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ആദ്യവായനയുടെ പ്രതിപാദ്യം (റൂത്ത് 1,6-18). മൊവാബില്‍നിന്നു തിരികെ ബത്‌ലഹേമിലേക്കു പോകാനൊരുങ്ങുന്ന നവോമി മരുമക്കളോട് തന്റെകൂടെ വരാതെ അവരവവരുടെ കുടുംബങ്ങളിലേക്കു മടങ്ങാനാവശ്യപ്പെടുന്നു. മരുമക്കളുടെ നന്മ ആഗ്രഹിക്കുന്ന, സ്‌നേഹം നിറഞ്ഞ അമ്മായിയമ്മ! ഓര്‍ഫാ എന്ന മരുമകള്‍ അമ്മയോട് യാത്രപറഞ്ഞു പോകുന്നുണ്ടെങ്കിലും, റൂത്ത് 'അവളെ പിരിയാതെ നിന്നു' (1:14).
നവോമി റൂത്തിനെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും റൂത്ത് തന്റെ ശക്തമായ തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്നു. നവോമി പറയുന്ന മറുപടി (1:16) ക്രിസ്തീയ ജീവിതതിരഞ്ഞെടുപ്പിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഓര്‍മിപ്പിക്കുന്നു. ആ വാക്കുകള്‍ക്കുള്ള ഉറപ്പും ആഴവും അത്യന്തം ചിന്തനീയമാണ്.
മ. ''അമ്മ പോകുന്നിടത്ത് ഞാനും വരും'' - അമ്മ പോകുന്നിടം ബത്‌ലഹേമാണെന്നു റൂത്തിനറിയാം. വിജാതീയരുടെ നാട്ടില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ നാട്ടിലേക്കുള്ള തിരിച്ചുകയറലാണത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തില്‍പ്പെട്ട നവോമിയുടെ, തന്റെ അമ്മായിയമ്മയുടെ, സ്‌നേഹവും കാരുണ്യവും റൂത്ത് എന്ന വിജാതീയമൊവാബ്യസ്ത്രീയെ ഇസ്രായേലിന്റെ ദൈവത്തെക്കുറിച്ചറിയാന്‍ സഹായിച്ചു. നവോമി തന്റെ മരുമക്കളോട് ഇത്രയധികം കരുതല്‍ കാണിച്ചെങ്കില്‍ അതിന്റെ കാരണം അവര്‍ വിശ്വസിക്കുന്ന ദൈവത്തോടുള്ള ബന്ധമാണെന്ന് റൂത്ത് മനസ്സിലാക്കുന്നു. നവോമിയുടെ വിശ്വാസത്തിന്റെ പ്രായോഗികസമീപനങ്ങള്‍ റൂത്തിനെ അമ്മായിയമ്മയുടെ ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. നവോമി എന്ന അമ്മായിയമ്മ റൂത്തിന്റെ അമ്മയായി മാറുന്നു, ജീവിതത്തിലും വിശ്വാസത്തിലും! നമ്മുടെ എത്ര അമ്മായിയമ്മമാരുടെ ജീവിതം മരുമക്കളെ രക്ഷയിലേക്കും ദൈവത്തിലേക്കും നയിക്കുന്നുണ്ട്?
യ. ''അമ്മ വസിക്കുന്നിടത്ത് ഞാനും വസിക്കും'' - അമ്മ വസിക്കുന്നിടം ഭവനമാണ്. നവോമി വസിക്കുന്നിടത്ത് ഭവനത്തിന്റെ നന്മകളുണ്ടാകുമെന്ന് റൂത്തിനറിയാം. അതു വിട്ടിട്ടു പോയാല്‍ എവിടെനിന്നു സമാധാനം ലഭിക്കും? നമ്മുടെ കാലഘട്ടത്തിലെ പല തിരഞ്ഞെടുപ്പുകളും യഥാര്‍ത്ഥ സമാധാനം കണ്ടുപിടിക്കാനാകാതെ 'അക്കരപ്പച്ച' എന്ന പഴഞ്ചൊല്ലിലെപ്പോലെയുള്ള തിരഞ്ഞെടുപ്പുകളാണ്. കുടുംബബന്ധങ്ങളെയും ഭാര്യാഭര്‍ത്തൃബന്ധങ്ങളെയും തകര്‍ക്കുന്ന പിശാചിന്റെ ആയുധമാണത്. സമാധാനവും സന്തോഷവുമൊക്കെ എവിടെ കിട്ടുമെന്നന്വേഷിച്ച് ജീവിതം ഇല്ലാതാക്കേണ്ടിവരുന്ന യുവതികളും പെണ്‍കുട്ടികളും ഉദാഹരണങ്ങളായി നമ്മുടെ മുന്നില്‍ നില്ക്കുന്നു. റൂത്തിന്റെ ഉറച്ച തീരുമാനം അവളെ യഥാര്‍ത്ഥ സമാധാനത്തിന്റെ പക്ഷം പിടിക്കാന്‍ സഹായിക്കുന്നു.
ര. ''അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാര്‍ ആയിരിക്കും''- വിശ്വാസത്തിലേക്കു പ്രവേശിക്കുന്നവരെല്ലാം സഹോദരരാണ്. ഈ സഹോദരബന്ധം ദൈവത്തോടും പരസ്പരവും ആത്മാര്‍ത്ഥമായി ബന്ധപ്പെടാന്‍ നമ്മെ സഹായിക്കുന്നു. ബോവാസ് റൂത്തിന് ആനുകൂല്യങ്ങള്‍ നല്കുമ്പോള്‍ അദ്ദേഹത്തോട് അവള്‍ ചോദിക്കുന്നുണ്ട്: ''അന്യനാട്ടുകാരിയായ എന്നോടു കരുണ തോന്നാന്‍ ഞാന്‍ അങ്ങേക്ക് എന്തു നന്മ ചെയ്തു?'' (2:10). 'ഭര്‍ത്താവിന്റെ മരണശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തത്... എനിക്കറിയാം' (2:11) എന്നായിരുന്നു ബോവാസിന്റെ മറുപടി. നിസ്സാരമെന്നു കരുതാവുന്ന റൂത്തിന്റെ ഈ തിരഞ്ഞെടുപ്പിന് ദൈവം കാത്തുവച്ച ഫലം ബോവാസിനെപ്പോലെയുള്ള ബന്ധുക്കളെയായിരുന്നു.
റ. ''അമ്മയുടെ ദൈവം എന്റെ ദൈവമായിരിക്കും.'' വിജാതീയയായ മരുമകളെ സ്വന്തം ദൈവത്തിലേക്ക് അടുപ്പിക്കുന്നതിന് മനഃപൂര്‍വമുള്ള മതമാറ്റശ്രമം നടത്തിയ അമ്മയല്ല നവോമി. പകരം തന്റെ പിതാക്കന്മാരുടെ ദൈവത്തിലുള്ള വിശ്വാസം തന്റെ കുടുംബത്തില്‍ അവള്‍ ജീവിച്ചുകാണിച്ചുകൊടുത്തു. ഭര്‍ത്താവും ആണ്‍മക്കളും മരിച്ചെങ്കിലും അവള്‍ പിടിച്ചുനിന്നു. തന്റെകൂടെ നില്‍ക്കണമെന്ന് മരുമക്കളോട് അവള്‍ ശഠിച്ചില്ല. മറിച്ച്, തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങള്‍പോലെ അവരുടെ ജീവിതത്തിലും ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകരുത് എന്നു തീരുമാനിച്ച് അവരെ തങ്ങളുടെ കുടുംബങ്ങളിലേക്കു നിര്‍ബന്ധിച്ചയയ്ക്കുന്നു. ദൈവഭക്തിയും അതിദൃഢമായ വിശ്വാസവും ആര്‍ജവത്വവും കൈമുതലായുള്ള ഒരമ്മയ്ക്കു മാത്രമെടുക്കാന്‍ കഴിയുന്ന തീരുമാനം. ഇത്രയധികം നന്മകളുള്ള അമ്മയുടെ ദൈവമാണ് ശരിയെന്ന് റൂത്ത് തീരുമാനിക്കുന്നു. അമ്മായിയമ്മമാരും ഭാവിയില്‍ അമ്മായിയമ്മമാരാകാന്‍ പോകുന്ന മരുമക്കളും ശ്രദ്ധിക്കുന്നത് നല്ലതാണ്. നവോമിയെപ്പോലെ ഒരു അമ്മയായാല്‍ എല്ലാ മരുമക്കളും റൂത്തിനെപ്പോലെയാകും.
പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായന (പ്രഭാ. 33:7-13) കര്‍ത്താവിന്റെ നിശ്ചയമനുസരിച്ച് നടക്കുന്ന കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. എല്ലാക്കാര്യങ്ങളും അവിടുത്തെ നിശ്ചയമനുസരിച്ചാണ് നടക്കുന്നതെന്നും അതിനാല്‍ വിവേകപൂര്‍വമായ തീരുമാനം കര്‍ത്താവിനോടു ചേര്‍ന്നുനില്ക്കുന്നതാണെന്നുമുള്ള ഉപദേശം നമുക്കു ലഭിക്കുന്നു. ''കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്ക് അനര്‍ത്ഥം സംഭവിക്കുകയില്ല'' (പ്രഭാ 33:1). കര്‍ത്താവിന്റെ ശക്തിയും മനുഷ്യനോടുള്ള കരുണയും മനസ്സിലാക്കുന്നവന്‍ അവസാനനിമിഷമെങ്കിലും വിവേകത്തോടെ ആ തിരഞ്ഞെടുപ്പ് നടത്തുന്നു. ''ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്'' (പ്രഭാ. 33:16). അതിനാല്‍, അവസാനനിമിഷം, 'കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി' (33:17) എന്നു പറയത്തക്കവിധത്തില്‍ കര്‍ത്താവ് മാറ്റങ്ങള്‍ വരുത്തുന്നു.
ലൂക്കായുടെ സുവിശേഷമാകട്ടെ (ലൂക്കാ 10:38-42) ക്രിസ്തുമാര്‍ഗം തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനനിലപാടുകള്‍ പ്രഖ്യാപിക്കുന്നു. ആ തിരഞ്ഞെടുപ്പ് തികച്ചും ഭൗതികമായതും ആവര്‍ത്തനവിരസവും ആഴമില്ലാത്തതുമായ ലോകജീവിതത്തിലേക്കുള്ള ക്ഷണമല്ല. മറിച്ച്, കര്‍ത്താവിനെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും നടത്തുന്ന സുവിശേഷശുശ്രൂഷയാണ്. ലോകത്തിന്റെ ശുശ്രൂഷകള്‍ ശരീരത്തിനു മാത്രം സംതൃപ്തി നല്‍കുമ്പോള്‍ കര്‍ത്താവിന്റെ ശുശ്രൂഷ ആത്മീയോന്നമനവും ലോകത്തില്‍ കര്‍ത്താവിന്റെ ശുശ്രൂഷകരെന്നനിലയില്‍ ധൈര്യപൂര്‍വം ജീവിക്കാനുള്ള ശക്തിയും പ്രചോദനവും നല്‍കുന്നു. മനുഷ്യനില്‍നിന്ന് എടുക്കപ്പെടാതെ, ഇല്ലാതാക്കപ്പെടാതെ അവനെ എന്നും താങ്ങിനിര്‍ത്തുന്നത് ദൈവത്തിന്റെ കരുണയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം. ലോകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുക എന്നുവച്ചാല്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതിരിക്കുക എന്നുതന്നെയാണര്‍ത്ഥം. അപ്പോള്‍ നാം ചോദിച്ചേക്കാം, ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഭക്ഷണം വേണ്ടേ, വസ്ത്രം ധരിക്കേണ്ടേ, മക്കളെ വളര്‍ത്തേണ്ടേ, ഇതിനൊക്കെയായി ജോലി ചെയ്യേണ്ടേ എന്നൊക്കെ? ഇതൊക്കെ വേണം, പക്ഷേ, ഇക്കാര്യങ്ങള്‍ക്കു മാത്രമായി ജീവിതത്തെ ഒതുക്കുമ്പോള്‍ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം കൊടുക്കാതിരുന്നാല്‍ അതുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കും. കുട്ടികളെ ദൈവവിശ്വാസത്തിലും സ്‌നേഹം, കരുണ, പരസ്പരസഹായം തുടങ്ങിയ പുണ്യത്തിലും വളര്‍ത്താതിരുന്നാല്‍ ഇന്നത്തെ ലോകത്തിന്റെ തന്ത്രങ്ങളോടു പൊരുതിനില്ക്കാന്‍ അവര്‍ക്കാകാതെ വന്നേക്കാം.
വിവേകത്തോടെ ക്രിസ്തീയവിശ്വാസത്തെ തിരഞ്ഞെടുക്കുന്നതാണ് ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന തിരഞ്ഞെടുപ്പെന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു (റോമാ. 12:3-8). ഈശോയിലുള്ള നവജീവിതമാണ് ആ തിരഞ്ഞെടുപ്പ്. ''നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന'' (12:1).
ഫലാഗമകാലത്ത് യഥാര്‍ത്ഥ ഫലങ്ങള്‍ പുറപ്പെടുവിക്കണമെങ്കില്‍ വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പ് ആവശ്യമാണ്. സത്യദൈവമായ ഈശോമിശിഹായെ തിരഞ്ഞെടുക്കലാണത്. ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നതും മനുഷ്യന്റെ അവസാനപ്രതീക്ഷയുമായ നിത്യജീവനാകുന്ന ഫലം നേടണമെങ്കില്‍ നാം ഈശോയെത്തന്നെ തിരഞ്ഞെടുക്കണം.