നിലത്തു പടരുന്ന ഒരുവക ചെറിയ മുള്‍ച്ചെടിയാണ് തൊട്ടാവാടി. തൊട്ടാലുടനെ ഇലകള്‍ അടഞ്ഞു കൂമ്പുന്നതിനാല്‍ തൊട്ടാവാടിക്ക് ഈ പേര്‍ സിദ്ധമായി. തീണ്ടാര്‍ മാഴി, തീണ്ടാവാടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അലംബുഷ, ഖരത്വക്ക്, ഖദിരി, ഗണ്ഡമാലിക, ലജ്ജാലു, സങ്കോചി, നമസ്‌കാരി, സഹസ്രാര്‍ദ്ധ മുതലായവ തൊട്ടാവാടിയുടെ പര്യായങ്ങളാണ്. ബ്രസീല്‍ ജന്മദേശമായ Fabaceac എന്ന കുടുംബത്തില്‍പ്പെട്ട ചെടിയാണ് തൊട്ടാവാടി. അതുകൊണ്ട് ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു. ശൈലി എന്ന നിലയിലും തൊട്ടാവാടി എന്ന പദം പ്രസിദ്ധമാണ്. എളുപ്പം ക്ഷീണിക്കുന്നവന്‍, വേഗം മുഷിയുന്നവന്‍, പെട്ടെന്നു വികാരം കൊള്ളുന്നവന്‍, ദുര്‍ബലഹൃദയമുള്ളവന്‍, വിപരീതാനുഭവങ്ങളെ സഹിക്കാന്‍ കഴിയാത്തവന്‍ തുടങ്ങിയ വിവക്ഷിതങ്ങള്‍ തൊട്ടാവാടി എന്ന ശൈലിക്കുണ്ട്. സ്ത്രീലിംഗവിവക്ഷിതത്തിലും ഇവയെല്ലാം പ്രയോഗിക്കാം.
തൊട്ടാല്‍ + വാടി, സന്ധി ചെയ്യുമ്പോള്‍ തൊട്ടാവാടി എന്നാകും. 'വകാരപൂര്‍വകമായ ല(ല്‍)കാരം സന്ധിയില്‍ ലോപിക്കാം'* എന്ന നിയമമനുസരിച്ചാണ് തൊട്ടാല്‍വാടി, തൊട്ടാവാടിയാകുന്നത്. തൊട്ടാല്‍ + വാടി = തൊട്ടാവാടി. കുരല്‍വള (കണ്ഠനാളം) കുരവളയാകുന്നതും ഇതേ നയമനുസരിച്ചുതന്നെ. വ്യഞ്ജനം പരമാകുമ്പോള്‍ പൂര്‍വപദാന്തവ്യഞ്ജനം ലോപിക്കുന്ന പ്രവണതയായി ഈ മാറ്റത്തെ കണക്കാക്കാം. വാമൊഴിയില്‍ സംഭവിക്കുന്ന വികാരം വരമൊഴിയിലെത്തുമ്പോള്‍ അതിനു മാനകത്വം കൈവരുന്നു. കടല്‍പ്പുറം കടപ്പുറമാകുന്നതിന്റെ പിന്നിലും മേല്‍പ്പറഞ്ഞ തത്ത്വമാണുള്ളത്. 2012 ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്‌ളെയ്‌സ് എന്ന ചിത്രത്തിനുവേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ, തൊട്ട് തൊട്ട് തൊട്ടുനോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ/ വിട്ട് വിട്ട് പോകാതെ എന്നും ചുറ്റിടാമോ നിന്നെ** എന്ന ഗാനത്തില്‍നിന്ന് തൊട്ടാവാടിയുടെ എഴുത്തുപാഠം മനസ്സിലാക്കാം.
*ലത, വി. നായര്‍, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, സമ്പാദനം, വാല്യം രണ്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 37.
**റഫീക്ക് അഹമ്മദ്, റഫീക്ക് അഹമ്മദിന്റെ ചലച്ചിത്രഗാനങ്ങള്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2019, പുറം -127.