•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

എന്നോടു ചേര്‍ന്നിരുന്നാല്‍ നിങ്ങള്‍ അനുഗൃഹീതരാകും

ജൂലൈ  31 കൈത്താക്കാലം  രണ്ടാം ഞായര്‍

നിയ 28 : 1 - 14 പ്രഭാ 10 : 19-25
റോമാ 11 : 17 - 24യോഹ 15 : 1 - 8

ദൈവമക്കളാണെങ്കില്‍ ദൈവത്തോടൊത്തുള്ള ജീവിതം നയിക്കുകതന്നെ വേണം. ക്രിസ്ത്യാനിയാണെന്നു പറയുകയും ക്രിസ്തുവിനടുത്ത ജീവിതം നയിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവജനം എന്ന് എങ്ങനെയാണ് അവകാശപ്പെടാനാകുന്നത്?

നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്ത്വപ്പെടുന്നു (യോഹ 15:8). വചനവിത്തിന്റെ വളര്‍ച്ചയെ താത്പര്യത്തോടെ വീക്ഷിക്കുന്ന ദൈവപിതാവ് അവ നല്‍കുന്ന ഫലത്തില്‍ സന്തോഷിക്കുന്നു. വചനമാകുന്ന വിത്തിന്റെ ഫലത്തെ കാത്തിരിക്കുന്ന കൈത്താക്കാലത്ത് ഫലം നന്നായി പുറപ്പെടുവിക്കാനുള്ള ഉത്തമമാര്‍ഗങ്ങളെക്കുറിച്ച് സഭാമാതാവ് ഇന്നു നമ്മോടു സംസാരിക്കുന്നു.
ഫലം പുറപ്പെടുവിക്കാനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ദൈവത്തോടു ചേര്‍ന്നിരിക്കുക എന്നതാണ്. ആ സഹവസിക്കലിനെ സൂചിപ്പിക്കാന്‍ ഇന്നത്തെ വായനയില്‍ വ്യത്യസ്താശയങ്ങള്‍ ഉപയോഗിക്കുന്നു എന്നു മാത്രം.
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ (28:1-14) ഫലം പുറപ്പെടുവിക്കുക എന്ന ആശയത്തെ അനുഗൃഹീതമാക്കുക എന്ന വാക്കുകൊണ്ടാണ് സൂചിപ്പിക്കുന്നത്. അനുഗൃഹീതനായി ധാരാളം ഫലം പുറപ്പെടുവിക്കുന്നതിന് നിയമം നിര്‍ദേശിക്കുന്ന മാര്‍ഗം ദൈവവചനം ശ്രവിക്കുക എന്നതാണ്. ''അവിടത്തെ വചനം ശ്രവിച്ചാല്‍, അവിടന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും'' (28:2). വചനം ശ്രവിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് തുടര്‍ന്നുപറയുന്നത്. കൂടുതലും ഭൗതിമായ നേട്ടങ്ങളുടെ പട്ടികയാണത്. എന്നാല്‍, തികച്ചും ആത്മീയമായ, ദൈവത്തിന്റെ ജനമാകുക എന്ന ആശയത്തെയും വചനഭാഗം എടുത്തുപറയുന്നുണ്ട്. അവിടത്തെ കല്പനകള്‍ പാലിച്ച്, അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ്... നിന്നെ തന്റെ വിശുദ്ധജനമായി ഉയര്‍ത്തും'' (28:9). അതേ, വചനം ശ്രവിക്കുന്നവര്‍ മാത്രമാകാതെ അത് അനുവര്‍ത്തിക്കുന്നവരാകുമ്പോള്‍ ദൈവത്തിന്റെ സ്വന്തമായി മാറുകയാണു നാം.
വചനം ശ്രവിക്കുന്നവരില്‍നിന്നു വചനം പാലിക്കുന്നവരാകുമ്പോള്‍ ലഭിക്കുന്ന ഫലം /അനുഗ്രഹം ദൈവത്തിന്റെ വിശുദ്ധജനമായി മാറുന്നു എന്നതാണ്. അനുഗ്രഹവും (28:6) അഭിവൃദ്ധിയും (28:14) ദൈവവചനം ശ്രവിക്കുന്നതിന്റെ അനന്തരഫലങ്ങളായി നിയമം ചൂണ്ടിക്കാണിച്ചിട്ട്, അതിനപ്പുറം നില്‍ക്കുന്ന ദൈവത്തിന്റെ കല്പനകള്‍ പാലിക്കുകവഴി ഇസ്രായേല്‍ജനത്തിനു ലഭിക്കുന്ന ദൈവജനം എന്ന അംഗീകാരവും നിയമപുസ്തകം എടുത്തുപറയുന്നു. വചനം ശ്രവിച്ചാല്‍ ലഭിക്കുന്ന ഭൗതികാനുഗ്രഹങ്ങളുടെ പട്ടികയില്‍നിന്ന് വചനം പാലിച്ചാല്‍ ലഭിക്കുന്ന ദൈവജനം എന്ന പദവിയിലേക്ക് ഇസ്രായേല്‍ജനം വളരേണ്ടതുണ്ട്. യഥാര്‍ത്ഥഫലം പുറപ്പെടുവിക്കുകയെന്നത് ദൈവജനമായി മാറുക എന്നതാണ്.
ഫലം പുറപ്പെടുവിക്കാനുള്ള രണ്ടാമത്തെ മാര്‍ഗം കര്‍ത്താവിനോടുള്ള ഭക്തിയാണ് എന്ന്  പ്രഭാഷകന്റെ വചനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു (രണ്ടാം വായന പ്രഭാ. 10:19-25). ദൈവഭക്തന്‍ പ്രഭുവിനെക്കാള്‍, ന്യായാധിപനെക്കാള്‍, ഭരണാധികാരിയെക്കാള്‍ ശ്രേഷ്ഠനെന്നു വചനം അംഗീകരിക്കുന്നു. മനുഷ്യനെ ബഹുമാനം അര്‍ഹിക്കുന്നവന്‍ എന്നും അര്‍ഹിക്കുന്നില്ലാത്തവന്‍ എന്നും പ്രഭാഷകന്‍ തരംതിരിക്കുന്നതുതന്നെ കര്‍ത്താവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. കര്‍ത്താവിനോടു ഭക്തിയുള്ളവന്‍ ബഹുമാനം അര്‍ഹിക്കുന്നു; കര്‍ത്താവിനോടു ഭക്തിയില്ലാത്തവന്‍ ബഹുമാനം അര്‍ഹിക്കുന്നുമില്ല (പ്രഭാ 10:19).
ഫലം പുറപ്പെടുവിക്കാനുള്ള മൂന്നാമത്തെ മാര്‍ഗം 'കര്‍ത്താവില്‍ വസിക്കുക' എന്നതാണ് (സുവിശേഷം യോഹ. 15:1-8). ''നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും'' (15:4), ''ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു'' (15:5).
ഫലം പ്രാപിക്കാനുള്ള മൂന്നു മാര്‍ഗങ്ങളും - ദൈവവചനം ശ്രവിച്ച് അവ പാലിക്കുക (ഒന്നാം വായന); കര്‍ത്താവിനോടു ഭക്തിയുള്ളവരാകുക (രണ്ടാം വായന); കര്‍ത്താവില്‍ വസിക്കുക (സുവിശേഷം)- യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് ദൈവത്തോട് ഒന്നായിനില്ക്കാതെ അസ്തിത്വമില്ല എന്ന യാഥാര്‍ത്ഥ്യമാണ്.
''നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവു മഹത്ത്വപ്പെടുന്നു'' (യോഹ 15:8). ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ആഴവും അര്‍ത്ഥവും എന്താണെന്ന് ഈശോ പറയുന്നു. മനുഷ്യന്‍ തന്നോടൊത്ത് ആയിരിക്കണമെന്നും തന്നില്‍നിന്നു ശക്തിയും അനുഗ്രഹങ്ങളും സ്വീകരിച്ച് നിരന്തരം തന്റെ മക്കള്‍ എന്ന നിലയില്‍ ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യര്‍ ദൈവത്തോടൊത്തായിരിക്കുമ്പോള്‍, ധാരാളം ഫലം പുറപ്പെടുവിക്കുമ്പോള്‍ ദൈവത്തിനുതന്നെയാണ് മഹത്ത്വമുണ്ടാകുന്നത്. മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്ന ദൈവസങ്കല്പത്തെ ഈശോ ഇവിടെ കീഴ്‌മേല്‍ മറിക്കുന്നു.
ദൈവത്തില്‍ വസിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതുപോലെതന്നെ ദൈവത്തില്‍ വസിക്കാത്തവന്റെ കാര്യം കഷ്ടമായിരിക്കും എന്നും വചനഭാഗം ഓര്‍മിപ്പിക്കുന്നു: ''എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു'' (യോഹ. 15:6). ദൈവത്തോടു ചേര്‍ന്നിരിക്കേണ്ടവന്‍ അങ്ങനെ ചെയ്യാതെ അകലാന്‍ തുടങ്ങുമ്പോള്‍ സ്വാഭാവികമായും ദൈവത്തില്‍നിന്ന് അവനു നിരന്തരം ലഭിച്ചുകൊണ്ടിരുന്ന പോഷണങ്ങള്‍ ലഭിക്കാതെവരും. അത് അവന്റെ നാശത്തിലേക്കു നയിക്കും.
ലേഖനത്തിലാകട്ടെ, (റോമാ. 11:17-24) വിശ്വാസത്താല്‍ ദൈവത്തോടു ചേര്‍ക്കപ്പെട്ട ജനതയ്ക്കു ലഭിച്ചിരിക്കുന്ന വലിയ അവസരത്തെക്കുറിച്ചും ആ അവസരം ഉപയോഗിക്കാതെപോയാല്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന വലിയ നഷ്ടത്തെക്കുറിച്ചും പൗലോസ് റോമാക്കാരെ ഓര്‍മിപ്പിക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ജനത്തിനാണ് രക്ഷയുടെ മുഖ്യപങ്ക് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, അവര്‍ മിശിഹായെ തിരസ്‌കരിച്ചപ്പോള്‍ ദൈവത്തോടു ചേര്‍ന്നിരിക്കാനുള്ള അവസരമാണു നിഷേധിച്ചത്. പക്ഷേ, ഇസ്രായേലിനപ്പുറം വിജാതീരെയും തന്റേതാക്കിയ പിതാവ്, ഈശോയില്‍ വിശ്വസിക്കുന്ന എല്ലാവരെയും തന്നോടു ചേര്‍ത്തുനിറുത്തുന്നു. അതില്‍ വിജാതീയരും സ്വജാതീയരും എന്നൊന്നില്ല, എല്ലാവരും ദൈവമക്കള്‍തന്നെ.
ദൈവമക്കളാണെങ്കില്‍ ദൈവത്തോടൊത്തുള്ള ജീവിതം നയിക്കുകതന്നെ വേണം. ക്രിസ്ത്യാനിയാണെന്നു പറയുകയും ക്രിസ്തുവിനടുത്ത ജീവിതം നയിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവജനം എന്ന് എങ്ങനെയാണ് അവകാശപ്പെടാനാകുന്നത്?
ഇന്നത്തെ ലോകത്തിന്റെ പുതിയ ക്രമങ്ങളില്‍ ക്രിസ്ത്യാനിയാണെന്നു പറയുകമാത്രം ചെയ്യുകയും ആ പേര് ഒരുപക്ഷേ, നല്‍കുന്ന ഭൗതികമായ ചെറിയ സുരക്ഷിതത്വത്തിന്റെ ധവളിമയില്‍ മയങ്ങുകയും ചെയ്യുന്നവര്‍ക്കുള്ള  ശക്തമായ താക്കീതാണ് പൗലോസിന്റെ വാക്കുകള്‍: ''നീ ആ ശാഖകളെക്കാള്‍ വലിയവനാണെന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേര് നിന്നെ താങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക''(റോമാ. 11:18).
മാമ്മോദീസാവഴി സഭാശരീരത്തോടു ചേരുന്നവരെല്ലാം സഭയാകുന്ന ശരീരത്തിന്റെ അവയവങ്ങളാണെന്നും ആ ശരീരത്തില്‍നിന്നുള്ള പോഷണങ്ങള്‍കൊണ്ടാണ് ജീവിക്കുന്നതെന്നും മനസ്സിലാക്കണം. വിഘടനവാദവും ദുര്‍വാശി നിറഞ്ഞ പ്രവര്‍ത്തനങ്ങളും സഭയില്‍ നടത്തുന്നവര്‍ തങ്ങളെത്തന്നെ സഭാശരീരത്തില്‍നിന്നു വെട്ടിമാറ്റുകയാണു ചെയ്യുന്നത്. ഈശോയുടെ ശരീരമാകുന്ന സഭയുടെ അവയവങ്ങളായി നമ്മെത്തന്നെ ചേര്‍ത്തുവച്ച് അവന്റെ ശരീരരക്തങ്ങള്‍ നമുക്കു ജീവന്‍ നല്കുന്ന പോഷകങ്ങളാകട്ടെ.

 

Login log record inserted successfully!