വേഷത്തിലെന്നപോലെ ഭാഷയിലും പൊരുത്തവും പൊരുത്തക്കേടും ഉണ്ട്. രണ്ടുഭാഷയിലെ പദങ്ങള്‍ സമാസിച്ചാല്‍ എപ്പോഴും സുന്ദരമാകണമെന്നില്ല. സങ്കരപദങ്ങളെ ഭാഷയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കാനാവില്ലല്ലോ! എന്നാല്‍, അവയെ വിവേകപൂര്‍വം ഉപയോഗിക്കേണ്ടതുണ്ട്. കള്ളുഷാപ്പ്, ബ്രാണ്ടിക്കട എന്നിവ സങ്കരപദങ്ങളാണെങ്കിലും കണ്ടും കേട്ടും പഴകി സ്വീകരിക്കപ്പെട്ടവയാണ്. സങ്കരനിര്‍മിതികള്‍ ചിലയിടങ്ങളില്‍ അഭംഗിക്കും അനൗചിത്യത്തിനും കാരണമാകാം.
സ്‌നേഹപൂര്‍വം, വിവേകപൂര്‍വം എന്നീ സമസ്തപദങ്ങള്‍ സംസ്‌കൃതമാകയാല്‍ ചേര്‍ച്ചയില്‍ പൊരുത്തക്കേടില്ല. ഇതു മനസ്സില്‍ വച്ചുകൊണ്ട് തന്റേടപൂര്‍വം എന്നു പ്രയോഗിക്കുമ്പോള്‍ ചേര്‍ച്ചക്കുറവും അഭംഗിയും ഉണ്ടാകുന്നു. തന്റേടം തനിമലയാളപദമാണ്. അതിനോട് പൂര്‍വ്വം എന്ന സംസ്‌കൃതപദപ്രത്യയം(ൗെളളശഃ) ചേര്‍ത്തതാണ് അഭംഗിക്കു നിദാനം. തന്റേടത്തോടെ എന്നായാല്‍ നല്ല മലയാളമായി. താന്‍േപാരിമയോ സാമര്‍ത്ഥ്യമോ കഴിവോ ഒക്കെയാണല്ലോ തന്റേടം. തന്റേടമുള്ള ആളിനെ സ്ത്രീപുരുഷഭേദമെന്യേ തന്റേടി എന്നു പറയാം. ''തന്റേടം എന്ന തനി മലയാളപദത്തോടൊപ്പം പൂര്‍വം വേണോ? തന്റേടത്തോടെ എന്നാകുമല്ലോ''* എന്നുതന്നെയാണ് സി.വി. വാസുദേവഭട്ടതിരിയും വ്യക്തമാക്കിയിട്ടുള്ളത്.
സസ്‌നേഹം, സധൈര്യം, സവിനയം മുതലായവ സ എന്ന പൂര്‍വപ്രത്യയം (ുൃലളശഃ) ചേര്‍ന്ന രൂപങ്ങളാണ്. ഇതു കണ്ടിട്ട് 'സതന്റേടം' എന്നെഴുതിയാല്‍ എങ്ങനെയായിരിക്കും? ഇനി ചിലര്‍ ഇങ്ങനെയും വച്ചുകാച്ചില്ലെന്ന് ആരു കണ്ടു? പുരപ്രത്യയവും പരപ്രത്യയവും ഒരുമിച്ചു ചേര്‍ക്കുന്നതും ചിലര്‍ക്ക് ഹരമാണ്. 'സസ്‌നേഹപൂര്‍വം' (സ - സ്‌നേഹ - പൂര്‍വം) എന്നെഴുതിയില്ലെങ്കില്‍ സ്‌നേഹം കുറഞ്ഞുപോകുമെന്ന് അവര്‍ കരുതുന്നുണ്ടാവാം! ഒന്നുകില്‍ സ്‌നേഹപൂര്‍വം, അല്ലെങ്കില്‍ സസ്‌നേഹം - അതാണു ശരി. 'സസ്‌നേഹപൂര്‍വം' പ്രയോഗിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ശരിയുടെ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കുന്നു.
* വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഇംപ്രിന്റ്, കൊല്ലം. 1992, പുറം - 172.