•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രാജകൊട്ടാരത്തിന്റെ മുകളിലുള്ള മട്ടുപ്പാവിലിരുന്ന് സത്യധര്‍മമഹാരാജാവും സീമന്തിനി രാജ്ഞിയും താഴെ പൂന്തോട്ടത്തില്‍ നടക്കുന്നതെല്ലാം കാണുകയായിരുന്നു. പ്രേമസ്വരൂപന്‍ അങ്ങോട്ടു കടന്നുചെല്ലുന്നതും തന്റെ മകള്‍ അവനെ സാകൂതം വീക്ഷിക്കുന്നതും എന്തോ ചോദിക്കുന്നതുമെല്ലാം രാജാവും രാജ്ഞിയും കണ്ടു. സംഗതി ഏറ്റിട്ടുണ്ടെന്നു തോന്നുന്നു. ഈ മന്ത്രി സോമദേവന്‍ ഒരു ബുദ്ധിമാന്‍തന്നെ. എന്നാല്‍, അയാള്‍ കൗശലക്കാരനുമാണ്. അതാണല്ലോ സ്വന്തം മകനെത്തന്നെ രാജകുമാരിയുടെ കാമുകനാക്കാന്‍ സന്നദ്ധനായത്. പക്ഷേ, പ്രേമസ്വരൂപന്‍ ആളെങ്ങനെയാണാവോ... ഇതിനുമുമ്പ് താനവനെക്കണ്ടിട്ടില്ല. അവനെപ്പറ്റിയൊന്നും മുമ്പെങ്ങും മന്ത്രി പറഞ്ഞിട്ടില്ല. ആളിനെക്കണ്ടിട്ടു സാധുവാണെന്നു തോന്നുന്നു.
''ഞാന്‍ കുമാരിയുടെ സമീപം പോകട്ടെ തിരുമനസ്സേ...''  പ്രേമസ്വരൂപന്‍ നേരത്തേ തന്നോടനുവാദം ചോദിച്ചു.
''പൊയ്‌ക്കൊള്ളൂ. പോയി എന്റെ പുത്രിയുമായി അല്പം സല്ലപിച്ചിട്ടു വരൂ.''
''ഓ, തിരുമനസ്സിന്റെ സന്മനസ്സിനു നന്ദി.'' വളരെ താഴ്മയായി, വിനീതനായി തന്നോടു പറഞ്ഞിട്ടാണു പോയത്. തന്റെ പുത്രിക്കിവന്‍ അനുരൂപനോ? രാജാവു  സ്വയം ചോദിച്ചു. അവനെ ഇഷ്ടമാണോ എന്നു തീരുമാനിക്കേണ്ടതു തന്റെ പുത്രിയാണ്. രണ്ടുമൂന്നുദിവസം കഴിഞ്ഞ് മന്ത്രി രാജാവിനെ മുഖം കാണിച്ചു.
''രാജരാജന്‍ സത്യധര്‍മരാജാവ് വിജയിച്ചാലും... തിരുവുള്ളക്കേടില്ലെങ്കില്‍ നാം ഒന്നു മുഖം കാണിക്കുകയാണ്.''
''വരൂ... മന്ത്രീ, എന്താണു വിശേഷങ്ങള്‍... രാജ്യത്തെ പ്രജകള്‍ക്കെല്ലാം സൗഖ്യംതന്നെയാണല്ലോ.''
''അതേ തിരുമനസ്സേ, അങ്ങയുടെ ഭരണനൈപുണ്യംകൊണ്ട് നമ്മുടെ പ്രജകള്‍ക്കെല്ലാം സൗഖ്യംതന്നെ.''
''നമ്മുടെ പ്രജകള്‍ക്കാര്‍ക്കും ഒന്നിനും ഒരു കുറവും വരാതെ മന്ത്രി ശ്രദ്ധിക്കണം.'' രാജാവു സോമദേവനെ പ്രത്യേകം ഓര്‍മപ്പെടുത്തി.
''ഞാന്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ടു തിരുമനസ്സേ. മാത്രമല്ല, വേഷപ്രച്ഛന്നനായി, ഒരു സാദാ പൗരനായി നാട്ടിലിറങ്ങി ഞാന്‍ കാര്യങ്ങള്‍ തിരക്കാറുണ്ട്. നമ്മുടെ പ്രജകള്‍ സന്തുഷ്ടരാണു തിരുമനസ്സേ. എല്ലാവരുടെയും മുഖത്തു സന്തോഷത്തിന്റെ കിരണങ്ങള്‍ കാണാനുണ്ട്.''
''മന്ത്രി ബുദ്ധിമാന്‍തന്നെ. സംശയമില്ല. വേഷം മാറി നാട്ടിലിറങ്ങി കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതു നല്ലതു തന്നെ. നമുക്കത് വളരെ ഇഷ്ടപ്പെട്ടു. ഇതിനു സമ്മാനമായി നാം സോമദേവന് ആയിരത്തൊന്നു പൊന്‍പണം തരുന്നുണ്ട്.'' സന്തുഷ്ടനായ രാജാവു പറഞ്ഞു.
''ഹൊ! നാം ധന്യനായി. അങ്ങയുടെ കരുണാകടാക്ഷത്തിനു ഞാനെങ്ങനെ നന്ദി പറയും!'' മന്ത്രി പ്രതിവചിച്ചു.
''ആരവിടെ?''
''അടിയന്‍.'' കുന്തവുമായി ഒരു സേവകന്‍ പ്രത്യക്ഷപ്പെട്ടു.
''ഇങ്ങു വരൂ.'' സേവകന്‍ രാജാവിന്റെ അടുത്തു ചെന്നു. അവന്റെ ചെവിയില്‍ രാജാവെന്തോ മന്ത്രിച്ചു.  
''ഉത്തരവു തിരുമനസ്സേ...'' സേവകന്‍ പോയി. നിമിഷങ്ങള്‍ക്കകം മറ്റൊരു ഭടന്‍ വെള്ളിത്താലത്തില്‍ പൊന്‍പണത്തിന്റെ കിഴിക്കെട്ടുമായെത്തി.
രാജാവു ചുവന്ന പട്ടില്‍ പൊതിഞ്ഞ ആയിരത്തൊന്നു സ്വര്‍ണനാണയങ്ങള്‍ മന്ത്രി സോമദേവനു സമ്മാനമായി നല്‍കി.
''എന്റെ ഉള്ളം കുളിരുന്നു തിരുമനസ്സെ... ഞാനീ സമ്മാനം സസന്തോഷം സ്വീകരിക്കുന്നു...'' സോമദേവന്‍ വിനയപുരസ്സരം സമ്മാനം സ്വീകരിച്ചു.
''മന്ത്രീ, നിങ്ങള്‍ ബുദ്ധിമാനായൊരു ഭരണകര്‍ത്താവാണ്. ഒരു രാജാവിന്റെ കൂടെനിന്നു  രാജ്യം ഭരിക്കേണ്ടതെങ്ങനെയെന്നു താങ്കള്‍ക്കു ശരിക്കറിയാം. നന്നായി വരൂ. ഇനിയും വളരെനാള്‍ നമ്മുടെ മന്ത്രിയായി നിന്ന് രാജഭരണത്തില്‍ പങ്കാളിയാകുവാന്‍ ആയുരാരോഗ്യസൗഖ്യം തരണേ എന്നു നമുക്കു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കാം.''
''ശരി തിരുമേനീ. ഒറ്റക്കെട്ടായിനിന്ന് നമുക്കീ രാജ്യം ഭരിക്കാം. ഈ മന്ദരരാജ്യം ഒരു സ്വര്‍ഗരാജ്യമാക്കണം നമുക്ക്...''
''മന്ത്രീ, ഈ വാക്കുകള്‍ ഒരു കുളിര്‍ക്കാറ്റുപോലെ നമ്മെ തഴുകുന്നു. നാടിന്റെ നന്മയ്ക്കായി, പ്രജകളുടെ ഉന്നമനത്തിനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം.''
സത്യധര്‍മരാജാവിന്റെയും മന്ത്രി സോമദേവന്റെയും സംസാരംകേട്ടുകൊണ്ടു നില്‍ക്കുകയായിരുന്നു സീമന്തിനി രാജ്ഞി.
''ഇന്നു നമുക്കൊരു വിശേഷപ്പെട്ട ദിവസമാണ്. നല്ലൊരു സദ്യ ഊട്ടുപുരയില്‍ ഒരുക്കീട്ടുണ്ട്. വരൂ നമുക്കും അതില്‍ പങ്കെടുക്കാം.'' രാജ്ഞി പറഞ്ഞു.
രാജാവും മന്ത്രിയും രാജ്ഞിയും ഊണുകഴിക്കാനായി പോയി. അതാ നമ്മുടെ പുത്രി സുഗന്ധി രാജകുമാരിയും തോഴിമാരും ഊണുകഴിക്കാനെത്തിയിരിക്കുന്നു.
രാജാവും രാജ്ഞിയും സന്തുഷ്ടരായി.
പ്രത്യേകമൊരുക്കിയ ഇരിപ്പിടങ്ങളില്‍ രാജാവും രാജ്ഞിയും പുത്രിസുഗന്ധിയും മറ്റൊരിരിപ്പിടത്തില്‍ മന്ത്രിയും ഉപവിഷ്ടരായി. അവരുടെ മുമ്പില്‍ ഒന്നാന്തരം കുത്തരിച്ചോറും നാനാതരം കറികളും പായസവും പപ്പടവും പഴവും നിരന്നു.
അമൃതിനു തുല്യമായ ആ ഭക്ഷണം അവര്‍ സ്വാദോടെ കഴിക്കാന്‍ തുടങ്ങി.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)