•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

കുടുംബങ്ങളുടെ സ്‌നേഹിതന്‍

ജൂലൈ  3
ശ്ലീഹാക്കാലം അഞ്ചാം ഞായര്‍

റൂത്ത് 1 : 6-18  പ്രഭാ 6 : 8-17
1 കോറി 3 : 5 - 14 യോഹ 11 : 1 - 16

ശോ സ്‌നേഹിക്കുകയും ഈശോയെ സ്‌നേഹിക്കുകയും ചെയ്ത ഒരു നല്ല കുടുംബത്തിന്റെ കഥയാണ് ശ്ലീഹാക്കാലം അഞ്ചാം ഞായറിലെ സുവിശേഷഭാഗം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത് (യോഹ. 11:1-16). തങ്ങളുടെ ജീവിതത്തിന്റെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാന്‍ ഈശോ തങ്ങളുടെ കൂടെ വേണമെന്ന് അഭിലഷിച്ച ബഥാനിയാ ഗ്രാമത്തിലെ സഹോദരിമാരായ മര്‍ത്തായുടെയും മറിയത്തിന്റെയും അവരുടെ പ്രിയപ്പെട്ട  സഹോദരന്‍ ലാസറിന്റെയും കുടുംബത്തിന്റെ കഥയാണിത്. കുടുംബങ്ങളെ സ്‌നേഹിക്കുന്ന ഈശോയെയും കുടുംബങ്ങള്‍ സ്‌നേഹിക്കുന്ന ഈശോയെയും വരച്ചുകാട്ടിക്കൊണ്ട് എല്ലാ കുടുംബാംഗങ്ങളെയും  ഈശോയെ സ്‌നേഹിക്കുവാന്‍ ക്ഷണിക്കുകയാണ് യോഹന്നാന്‍ സുവിശേഷകന്‍.
ഈശോയോടുള്ള ഈ കുടുംബത്തിന്റെ ബന്ധം വ്യക്തമാക്കുന്നതാണ് മറിയത്തെക്കുറിച്ചുള്ള വിശേഷണം (11:2). രണ്ടു കാര്യങ്ങളാണ് മറിയം ചെയ്തതായി സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. 1.സുഗന്ധതൈലംകൊണ്ട് കര്‍ത്താവിനെ പൂശി. 2. തലമുടികൊണ്ട് അവള്‍ ഈശോയുടെ പാദം തുടച്ചു. യോഹ. 12:1-8 ല്‍ വിവരിച്ചിരിക്കുന്ന സംഭവത്തിന്റെ ഒരു മുന്‍പരാമര്‍ശമാണ് അനന്യവാക്യശൈലിയില്‍ (paranthesis)ശ്ലീഹാ ഇവിടെ നല്‍കിയിരിക്കുന്നത്. ഈശോയോടുള്ള ഈ കുടുംബത്തിന്റെ കടപ്പാടാണ് ഈ രണ്ടു പ്രവൃത്തികളിലൂടെ പറയുന്നത്. വിലപ്പിടിപ്പുള്ളതും ശുദ്ധവുമായ നാര്‍ദീന്‍ തൈലത്താലാണ് അവള്‍ കര്‍ത്താവിനെ അഭിഷേകം ചെയ്തത്.  മുന്നൂറോ നാനൂറോ വില വരുന്ന മുന്തിയ ഈ തൈലം രാജാക്കന്മാരെ അഭിഷേകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതാണ്. ഇത്രയും ദനാറ ഒരാളുടെ ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ കൂലിയുമാണ്. ഈശോയോടുള്ള സ്‌നേഹത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നതാണ് മേല്‍ത്തരം തൈലം. കലര്‍പ്പില്ലാത്ത ശുദ്ധിയുള്ള തൈലമാണിത്. തന്റെ മരണപ്പെട്ട സഹോദരനായ ലാസറിനെ മരണത്തില്‍നിന്നു ജീവനിലേക്കു തിരികെക്കൊണ്ടുവന്നതിന്റെ നന്ദിസൂചകവുമാണിത്. പാദം കഴുകിത്തുടയ്ക്കുന്നത് ഈശോയോടുള്ള വിധേയത്വവും സമര്‍പ്പണവുമാണ്.  
ഈശോ സ്‌നേഹിച്ചവനാണ് ലാസര്‍. അക്കാരണത്താലാണ് സഹോദരിമാര്‍ ലാസറിനെ 'ഈശോ സ്‌നേഹിക്കുന്നവന്‍' എന്നു പ്രത്യേകം പറയുന്നത്. ബഥാനിയായിലെ ഈ കുടുംബത്തോടുള്ള ഈശോയുടെ സ്‌നേഹം അവര്‍ക്ക് അനുഭവവേദ്യമായതിനാലാണ് അവര്‍ ഇപ്രകാരം മറ്റുള്ളവരോടു പറയുന്നത്. ഈശോയുടെ അനന്തവും ആഴമേറിയതുമായ സ്‌നേഹം ഒരാള്‍ക്ക് ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ് അതിനെക്കുറിച്ചു പങ്കുവയ്ക്കാനും സാധിക്കുന്നത്. ദൈവം സ്‌നേഹംതന്നെയാണ്. അവിടുന്ന് നിരന്തരം നമ്മെ സ്‌നേഹിക്കുന്നു. ''ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു'' (1 യോഹ. 4:16). പുത്രനായ ദൈവത്തെ ലാസറും കുടുംബവും സ്‌നേഹിച്ചിരുന്നു. അതിനാല്‍, അവര്‍ ദൈവത്തില്‍ വസിച്ചു. ഈശോ അവരെ സ്‌നേഹിച്ചു; അവരുടെ കുടുംബത്തില്‍ അവനെ ദൈവം സഹായിച്ചു (ലാസര്‍ = he whom God helps).
രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല (11:4). ഈശോയുടെ  ഈ വാക്കുകള്‍ ഒരു പ്രവചനമാണ്; ഒപ്പം ആശ്വാസവും. ലാസറിന്റെ ഇപ്പോഴത്തെ രോഗാവസ്ഥ മരണത്തില്‍ കലാശിക്കുകയില്ല എന്നല്ല ഈശോ പറയുന്നത്; മറിച്ച്, അയാള്‍ ജീവനിലേക്കു വരും എന്ന അര്‍ത്ഥത്തിലാണ്. അവന്‍ ഉറങ്ങുകയാണ് (11:11) എന്ന വാക്യം ആലങ്കാരികാര്‍ത്ഥത്തില്‍ ലാസറിന്റെ മരണത്തെയാണു സൂചിപ്പിക്കുന്നത്. അവനെ ഉണര്‍ത്താന്‍ പോകുന്നു (11:11) എന്ന വചനം ലാസറിന്റെ പുതിയ ജീവിതത്തിലേക്കുള്ള ഉണര്‍ത്തലിന്റെ സൂചനയാണ്. ഈശോയെ സ്‌നേഹിക്കുന്നവരുടെ ജീവിതത്തില്‍ രോഗങ്ങളും ദുരിതങ്ങളും ഒരു അവസാനമല്ല. മറിച്ച്, അതിനപ്പുറത്തുള്ള ജീവന്റെ പ്രതീക്ഷയുണ്ട്. സൗഖ്യത്തിന്റെയും നിത്യജീവന്റെയും പ്രത്യാശയും പ്രതീക്ഷയും. ''ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്‍കും. നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും'' (ജെറമിയ 30:17).
ബഥാനിയായിലെ കുടുംബത്തിലെ എല്ലാവരെയും ഈശോ സ്‌നേഹിച്ചു (11:5). മര്‍ത്തായും മറിയവും ലാസറുമെല്ലാം ഈശോയുടെ സ്‌നേഹം നുകര്‍ന്നവരാണെന്നു സുവിശേഷകന്‍ സമര്‍ത്ഥിക്കുന്നു. ഈശോ സ്‌നേഹിച്ചിരുന്ന ഈ കുടുംബത്തെ മറ്റെല്ലാവരും സ്‌നേഹിക്കുന്നുണ്ട്. ശിഷ്യന്മാരോടു സംസാരിക്കുമ്പോള്‍ ലാസറിനെക്കുറിച്ച് ഈശോ പറയുന്നത് 'നമ്മുടെ സ്‌നേഹിതന്‍' (our friend)എന്നാണ്. ഈശോയുടെ ജറൂസലേം യാത്രകളില്‍ ലാസറിന്റെ കുടുംബത്തിന്റെ സ്‌നേഹത്തിലും സൗഹൃദത്തിലും ശിഷ്യന്മാരും തീര്‍ച്ചയായും പങ്കുചേര്‍ന്നിട്ടുണ്ടാവണം. അങ്ങനെയാവണം ലാസര്‍ അവരുടെയുംകൂടെ സ്‌നേഹിതനാകുന്നത്. ഫിലോസ് (philos) എന്ന ഗ്രീക്കുവാക്ക് സൂചിപ്പിക്കുന്നത് ഉറ്റചങ്ങാതിയെ, സ്‌നേഹിക്കുന്ന സുഹൃത്തിനെ, പ്രിയപ്പെട്ടവനെ (close companion, loving friend, beloved) ഒക്കെയാണ്.
നമുക്ക് അവന്റെ അടുത്തേക്കു പോകാം (11:15). ശിഷ്യന്മാരോടുള്ള ഈശോയുടെ ഈ വാക്കുകള്‍ ലാസറിന്റെ കുടുംബത്തോടുള്ള അവിടുത്തെ സ്‌നേഹത്തെ കുറിക്കുന്നു. യഹൂദന്മാര്‍ ഈശോയെ കല്ലെറിയുമെന്ന ഭീഷണി നിലനില്ക്കുമ്പോഴും അതൊന്നും വകവയ്ക്കാതെ അതിനെ മറികടക്കുന്നവനാണ് ഈശോ. ശിഷ്യന്മാരുടെ ഭയത്തിനു മുമ്പില്‍ ഈശോ പതറുന്നില്ല. അവിടുത്തെ മനസ്സിലുള്ളത് ലാസറിനോടും കുടുംബത്തോടുമുള്ള കരുതലാണ്. അക്കാരണത്താലാണ് പ്രതിയോഗികളുടെ സ്ഥലമായ യൂദയായിലേക്കു നമുക്കു പോകാം എന്ന് ശിഷ്യന്മാരോടു പറയുന്നത്.
ഈശോയുടെ സ്‌നേഹം കൂടുതലായി പ്രതിഫലിക്കുന്നത് തുടര്‍ന്നുള്ള വചനഭാഗങ്ങളിലാണ്. യേശു കണ്ണീര്‍ പൊഴിച്ചു (11:35) എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്. സഹോദരന്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ വിലാപത്തിലുള്ള ഈശോയുടെ പങ്കുചേരലാണിത്. യേശു പൊഴിച്ച കണ്ണീര്‍ ലാസറിനോടുള്ള അവിടുത്തെ സ്‌നേഹത്തിന്റെ ആഴമാണു വ്യക്തമാക്കുന്നത്. ഒപ്പം, പിതാവായ ദൈവത്തിന്റെ പക്കലേക്കു ലാസറിനെ സമര്‍പ്പിക്കുന്നതുമാണ്.  ''തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു'' (ഹെബ്രാ. 5:7).
ഈശോ എന്നെയും എന്റെ കുടുംബാംഗങ്ങളെയും എന്നും കരുതലോടെ സ്‌നേഹിക്കുന്നുണ്ട്. ഇന്നത്തെ ചോദ്യമിതാണ്: ഞാനും എന്റെ കുടുംബാംഗങ്ങളും ഈശോയെ സ്‌നേഹിക്കുന്നുണ്ടോ? ജീവിതത്തിന്റെ സുഖദുഃഖങ്ങളൊക്കെ അവിടുത്തോടു പങ്കുവയ്ക്കുന്നുണ്ടോ? ബഥാനിയായിലെ കുടുംബം നമുക്കു മാതൃകയായിരിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)