•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

അക്കത്തിലൊതുങ്ങാത്ത അക്ഷരങ്ങള്‍

ലയാളത്തില്‍ അക്ഷരങ്ങള്‍ എത്ര?  ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്! ''നീയൈമ്പതെഴുത്തിനും അകാരംതന്നെ മുറ്റും'' എന്നു രാമചരിതത്തിലും ''വര്‍ണ്ണങ്കളാവൊ അകാരാദികള്‍ അറുപത്തിമൂന്റ്'' എന്നു കൗടിലീയത്തിലും ''അറിനീ അക്ഷരമമ്പത്തൊന്നില്‍ അകാരം ഞാന്‍ എന്നു ഭാഷാഭഗവദ്ഗീതയിലും ''അമ്പത്തൊന്നക്ഷരാളീ...'' എന്നു ഭാഷാനൈഷധം ചമ്പുവിലും പ്രസ്താവിച്ചു കാണുന്നു. റവ. ജോര്‍ജ് മാത്തന്‍ 48 എന്നും ഏ.ആര്‍. രാജരാജവര്‍മ്മ 53 എന്നും കണക്കാക്കിയിരുന്നു. ആധുനികവൈയാകരണന്മാര്‍ക്ക് 49 ആണ് അക്ഷരങ്ങളുടെ എണ്ണം. അക്ഷരസംഖ്യ എത്ര എന്ന ചോദ്യത്തില്‍നിന്ന് ഏവ എന്നതിലേക്കു കടക്കുമ്പോള്‍ പ്രയാസം ഏറിവരുന്നു. അക്ഷരസംഖ്യ 51 എന്നു ശഠിക്കുന്നവര്‍ സംസ്‌കൃതത്തിലെ അക്ഷരമാലയെയാണു മനസ്സില്‍ കണ്ടത് എന്നു തോന്നുന്നു! 
സംസ്‌കൃത അക്ഷരമാലയില്‍ സ്വരങ്ങളുടെ കൂട്ടത്തിലാണ് അം, അഃ എന്നിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്‌കൃത അക്ഷരമാലയുടെ പാത പിന്തുടര്‍ന്ന മലയാളവും അം, അഃ യെ സ്വരങ്ങളായിത്തന്നെ നിലനിര്‍ത്തി. ഇവ സ്വരങ്ങളല്ലെന്ന് കേരളപാണിനിമുതല്‍ ഇ.വി.എന്‍. നമ്പൂതിരിവരെയുള്ള വൈയാകരണന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. എന്നിട്ടും അം, അഃ യുടെ കാര്യത്തില്‍ പലരും മൗനം അവലംബിക്കുന്നു! യഥാര്‍ത്ഥത്തില്‍ ഇവ രണ്ടും സ്വരങ്ങളും അക്ഷരങ്ങളും അല്ല. അനുസ്വാര(ം)മെന്നും വിസര്‍ഗ്ഗ(ഃ)മെന്നും വിളിപ്പേരുകളുള്ള ഇവ വ്യഞ്ജനാംശങ്ങളാണ്. അക്ഷരരൂപത്തില്‍ വ്യഞ്ജനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നു. അനുസ്വാരം മകാരത്തിന്റെ മറ്റൊരു ലിപിയും വിസര്‍ഗ്ഗം നാദിയായ ഹകാരത്തിന്റെ അവസ്ഥാന്തരവുമാകുന്നു. അപ്പോള്‍ സ്വരങ്ങള്‍ അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിങ്ങനെ പതിമ്മൂന്ന്. ഇത്രയും സ്വരങ്ങളാണ് മലയാളത്തിന്റെ അടിസ്ഥാനവര്‍ണങ്ങള്‍.
അം, അഃ എന്നിവയെ സ്വരങ്ങളുടെ കൂട്ടത്തില്‍ നിലനിര്‍ത്തുന്നതിന്റെ പിന്നില്‍ വേറേ കാരണങ്ങള്‍ ഉണ്ടാകാം. എഴുത്തിലും ഉച്ചാരണത്തിലും സ്വരങ്ങളുടെ പിന്‍നിലയാണല്ലോ അനുസ്വാരവും വിസര്‍ഗ്ഗവും വര്‍ത്തിക്കുന്നത്. ഉദാഹരണമായി, മ്+അ+ം=മം; ര്+ആ+മ്+ഃ = രാമഃ. ഇങ്ങനെ 13 സ്വരത്തിന്റെയും പിന്നിലായി അനുസ്വാരവും വിസര്‍ഗ്ഗവും വരാം. ഓലയില്‍ ം, ഃ എന്നീ അടയാളങ്ങള്‍ ഒറ്റയ്ക്കു നില്‍ക്കുന്ന അസ്വാഭാവികത ഒഴിവാക്കാനാകണം, അക്ഷരമാലയിലെ ആദ്യവര്‍ണ്ണങ്ങളെ ദൃഷ്ടാന്തമാക്കി അം, അഃ എന്നു വരച്ചിട്ടത്. എന്നാല്‍, ഇതു മനസ്സിലാക്കാതെ അനുസ്വാരത്തെയും വിസര്‍ഗ്ഗത്തെയും സംസ്‌കൃതത്തിലെപ്പോലെ, മലയാളത്തിലും സ്വരങ്ങളായി കണക്കാക്കി എണ്ണത്തില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. തന്നെയുമല്ല, അക്ഷരങ്ങള്‍ ഒരേ സംവര്‍ഗത്തില്‍ ആവര്‍ത്തിക്കുന്നത് യുക്തിഭംഗമായി ആരും കണക്കാക്കിയതുമില്ല?
വസ്തുതകള്‍ ഇങ്ങനെയായിരിക്കേ, സ്വരങ്ങളുടെ ഗണത്തില്‍നിന്ന് നവവൈയാകരണന്മാര്‍ അടര്‍ത്തിമാറ്റിയ അനുസ്വാരത്തെയും വിസര്‍ഗ്ഗത്തെയും സ്വരാക്ഷരങ്ങളുടെ ഭാഗമായി നിലനിര്‍ത്തുന്നതിന്റെ പിന്നില്‍ ഒരുപായവും പറയാനില്ല. ഇത്തരം കാര്യങ്ങളില്‍ പാരമ്പര്യനിലപാടുകളല്ല, ഭാഷാശാസ്ത്രയുക്തികളാണ് പരിഗണിക്കേണ്ടത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചു 'ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശകവിദഗ്ധസമിതി' ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്നു പ്രതീക്ഷിക്കുന്നു. വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ അഭിപ്രായഭേദമില്ല എന്നത് ആശ്വാസപ്രദമാണ്. 25 വര്‍ഗ്ഗാക്ഷരങ്ങളും 11 ഇതരവ്യഞ്ജനങ്ങളും ചേര്‍ന്ന 36 എന്ന സംഖ്യ ഏവര്‍ക്കും സ്വീകാര്യമാണല്ലോ. അങ്ങനെയങ്കില്‍ അക്ഷരസംഖ്യ 49 ല്‍ത്തന്നെ ഉറപ്പിക്കണം. അതോടെ എല്ലാ ആശങ്കകളും താനേ ഇല്ലാതായിക്കൊള്ളും. ''മാറ്റുവിന്‍ ചട്ടങ്ങളേ സ്വയ,മല്ലെങ്കില്‍/ മാറ്റുമതുകളീനിങ്ങളെത്താന്‍'' എന്ന കവിവാക്യവും ഓര്‍മിക്കാം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)